ചെറുപ്പം മുതൽ വളർത്തുമൃഗങ്ങളെ കണ്ടും അറിഞ്ഞും ഇണങ്ങിയും പിണങ്ങിയും ഇഷ്‌ടപ്പെട്ടും നഷ്‌ടപ്പെട്ടും കടന്നുപോയ ഒരു പിടി ഓർമ്മകളുണ്ട്. പല കാലങ്ങളിലായി ആട്, പശു, പട്ടി, പൂച്ച, മുയൽ, പന്നി, കോഴി ഇവയെയൊക്കെ വീട്ടിൽ വളർത്തിയിരുന്നു. കോഴിയോട് വലിയ അടുപ്പമില്ലായിരുന്നു. ബാക്കിയുള്ളവയോടുള്ള അടുപ്പം അഗാധമായ ദു:ഖത്തിനേ ഇടയാക്കിയിട്ടുള്ളൂ. മൃഗങ്ങളുടെ വിധി എന്നും മനുഷ്യരാണല്ലോ നിർണ്ണയിക്കുന്നത്… പശുവിനും ആടിനും പാൽ തരുന്ന മൃഗങ്ങളെന്ന നിലയിൽ മുന്തിയ പരിഗണന കിട്ടിയിരുന്നു. എന്നാൽ പട്ടിയും പൂച്ചയും തീരെ പരിഗണന കിട്ടാത്ത മൃഗങ്ങളായിരുന്നു. അടി മുതൽ മരണ ശിക്ഷ വരെ എപ്പോ വേണമെങ്കിലും വിധിക്കുന്ന അവസ്ഥ. അയൽപക്കത്തെ കോഴിയെ പിടിച്ചു എന്ന പരാതിയിന്മേലാണ് എന്റെ ഓർമ്മയിലെ ആദ്യത്തെ പട്ടിയെ കൊന്നുകളഞ്ഞത്. കുഴി മാന്തിക്കിടക്കുന്നതും മുറ്റത്തുമുള്ളുന്നതുമെല്ലാം കനത്ത ശിക്ഷ കിട്ടുന്ന കാര്യങ്ങളായിരുന്നു. മാത്രമല്ല, പൂച്ചക്കുഞ്ഞുങ്ങളെ ആറ്റിലെറിയുക, ദൂരെ കൊണ്ടു കളയുക ഒക്കെ സാധാരണവുമായിരുന്നു. പട്ടിക്കും പൂച്ചയ്ക്കും എന്തെങ്കിലും അസുഖം വന്നാലും ചികിത്‌സിക്കില്ല. എത്രയും വേഗം ദയാവധം നടത്തുകയായിരുന്നു പതിവ്. ഇത് എന്റെ ബാല്യകാലത്തെ അതീവ ദു:ഖഭരിതമാക്കിയിരുന്നു. എന്നാൽ മുതിർന്നവരുടെ തീരുമാനങ്ങളിൽ ഇടപെടാനൊന്നും ആവുമായിരുന്നില്ല. പേപ്പട്ടിയുടെ കടിയേറ്റെന്ന സംശയത്തിന്റെ പേരിൽ കൊന്നു കളഞ്ഞ കണ്ടൻ എന്റെ ഏറ്റവുമടുത്ത കൂട്ടായിരുന്നു. അനേകം രാത്രികളിൽ പുതപ്പിനുള്ളിൽ കണ്ടന്റെ സാന്നിധ്യം സ്വപ്‌നം കണ്ട് ഞാൻ നിശ്ശബ്‌ദം കണ്ണീർ വാർത്തു. ഉറക്കെ കരഞ്ഞാൽ വഴക്കു കിട്ടും. വേറെ കാര്യമൊന്നുമില്ല. പേപ്പട്ടിശല്യം നാട്ടിലുണ്ടെന്നറിഞ്ഞാലുടൻ വളർത്തുനായയെ കൊന്നു കളഞ്ഞിരുന്നു. വാലാട്ടി നിൽക്കുന്ന പാവം ജീവിയെ കൊല്ലുന്ന കാഴ്‌ച  ഹൃദയ ഭേദകമായിരുന്നു. പട്ടിക്കും പൂച്ചക്കുമൊക്കെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുക എന്നത് ആരുടെയും ആലോചനയിലെങ്ങും ഇല്ല താനും. അതുകൊണ്ടു തന്നെ മൃഗങ്ങളെക്കുറിച്ചുള്ള ഓർമ്മയിലാകെ ദു:ഖത്തിന്റെ കാരിമേഘങ്ങളുണ്ട്.

പശു പാലും, പാലിലൂടെ അന്നവും തരുന്ന അഭിജാത ജന്മമാണല്ലോ! അതുകൊണ്ട് പശുവിനെ എല്ലാവരും മത്‌സരിച്ചു സ്‌നേഹിച്ചു. കൃത്യമായി പുല്ലും വെള്ളവും കൊടുത്തു. ചാണകം വാരിക്കളഞ്ഞും കുളിപ്പിച്ചും വട്ടൻ പെറുക്കിക്കൊടുത്തുംസന്തോഷിപ്പിച്ചു. പശുവിന്റെയും ആടിന്റെയും നവജാത ശിശുക്കളെ ഒരാഴ്‌ച രാത്രിയിൽ കൂട്ടിൽ കിടത്താറില്ല. വീട്ടിൽ പിള്ളേർക്കൊപ്പമാണ് കിടത്താറ്. ആർക്കൊപ്പം കിടത്തുമെന്നതിനെ ചൊല്ലി വഴക്ക് വരെ ഉണ്ടാവുമായിരുന്നു.

ഞങ്ങളുടെ ജൂലിപ്പശു അവസരം കിട്ടിയാൽ കുത്തുമായിരുന്നു. അവളെ ഒന്നു തൊടുന്നതു പോലും കിടക്കുമ്പോൾ മാത്രമായിരുന്നു. കറുത്ത നിറവും നെറ്റിയിൽ വെള്ളപ്പൊട്ടുമുള്ള ജൂലി അതി സുന്ദരിയായിരുന്നു. അവൾ വീട്ടിലേയ്ക്ക് ഒരുപാട് ഐശ്വര്യം കൊണ്ടുവരുമെന്നു പ്രവചിച്ചു കൊണ്ടാണ് മുക്കുളം മഠത്തിലെ മദർ കയറുമാറിയത്. അതെ ജൂലിപ്പശുവിനെ ഞങ്ങൾ വാങ്ങിയത് മുക്കുളം മഠത്തിൽ നിന്നുമായിരുന്നു. ചാച്ചനൊഴികെ മറ്റാർക്കും അവളെ അഴിക്കാനോ കറക്കാനോ പറ്റുമായിരുന്നില്ല. എങ്കിലും എല്ലാവരും ജൂലിയെ അളവറ്റു സ്‌നേഹിച്ചു. പക്ഷേ ദുർവ്വിധി എന്നല്ലാതെന്തു പറയാൻ, രണ്ടു പ്രസവം കഴിഞ്ഞതോടെ ജൂലി ഇട മച്ചി തിരിഞ്ഞു. മതിലക്ഷണം കാട്ടാഞ്ഞിട്ടും കൊണ്ടുപോയി കുത്തി വപ്പിച്ചു. പക്ഷേ ഒന്നും ഫലിച്ചില്ല! അറുക്കാൻ കൊടുക്കുക എന്ന സ്വാഭാവിക വിധിയിലേയ്ക്ക് ജൂലിയും എത്തിപ്പെട്ടു. സ്വിസ് ബ്രൗൺ ഇനത്തിൽ പെട്ട ആ വലിയ പശുവിനു വലിയ വില തന്നെ ചേർന്നു വന്നു. ജൂലിയെ അറുക്കാൻ കൊടുക്കുന്നതിൽ എല്ലാവർക്കും വലിയ സങ്കടമായിരുന്നു. പശുവിനു ചനക്കോള് ഉണ്ടാവാൻ അമ്മച്ചി നേർച്ച നേർന്നിരുന്നു. അതും ഫലിച്ചില്ല. പശുവിനെ കൊണ്ടുപോകുന്ന സമയം സ്‌കൂളിലാവുമെന്ന ആശ്വാസത്തിലായിരുന്നു ഞാൻ. പക്ഷേ മടങ്ങിവരും വഴിയിൽ ജൂലിയെ എനിക്കു നേർക്കുനേർ കാണേണ്ടി വന്നു. എന്നും കൊമ്പു കുലുക്കി പേടിപ്പിച്ചിരുന്ന ജൂലി അന്നു മാത്രം പരിചിത ഭാവത്തിൽ ….ഹും… എന്നു ചിനച്ചു. തന്നെ കൊല്ലാൻ കൊടുത്തു എന്നു ജൂലിക്ക് മനസ്സിലായിരുന്നോ…?? അവൾ കണ്ണിൽ നിന്നു മറയും വരെ നോക്കി നിന്നു ഞാനേറെ നേരം കരഞ്ഞു.

അതൊരു ചിങ്ങമാസം ഒന്നാം തീയതി ബുധനാഴ്‌ച ആയിരുന്നു. വീട്ടിലെത്തിയപ്പോൾ അമ്മച്ചി ചാച്ചനെ പഴിക്കുകയാണ്. ‘ഇന്നു ആണ്ടു പിറപ്പ് ഒന്നാം തീയതി ആയിക്കോണ്ട് പശൂനെ കൊണ്ടുപോയത് തീരെ ശരിയായില്ല. അല്ലേലും ഈ ചാച്ചനിങ്ങനെയാ… അവൻ പറഞ്ഞു ബുധനാഴ്ച വരുമെന്ന്. ചാച്ചൻ ഒന്നുമാലോചിക്കാതെ സമ്മതിച്ചു!’ ആരോപണം ശക്‌തമാണ്. ചാച്ചനും വിട്ടു കൊടുക്കുന്നില്ല. ‘പിന്നെ പശു മച്ചി തിരിഞ്ഞത് എന്റെ കൊഴപ്പം കൊണ്ടല്ലേ! എന്നാപ്പിന്നെ നിനക്ക് നേരത്തെ പറയാമ്മേലാരുന്നോ…?’. മൂത്തവരാരൊക്കെയോ അഭിപ്രായം പറയുന്നുണ്ട്.. ഞാൻ വെറുതെ പറമ്പിലൂടെ ഇറങ്ങി നടന്നു.

ശനിയാഴ്‌ച വീട്ടിൽ ഇറച്ചി വാങ്ങിച്ചു . എല്ലാവരും കഴിച്ചു. നല്ല രുചിയുള്ള ഇറച്ചി. അഭിപ്രായവും പറഞ്ഞു. പെട്ടന്നു ചാച്ച പറഞ്ഞു. ‘അതേ നമ്മുടെ ജൂലിപ്പശൂന്റെ ഇറച്ചിയായിരുന്നു’. ങേ ..? എല്ലാവരും ഒരുമിച്ച് ചോദിച്ചു. ചാച്ച തുടർന്നു . ‘ഞാൻ ബാക്കി പൈസ വാങ്ങാൻ ചെന്നതാ. അതിനെ ഇന്നാ വെട്ടീത്. വേറൊന്നിനേം വെട്ടിമില്ല. ഞാനേതായാലും രണ്ടു കിലോ ഇറച്ചീം മേടിച്ചു. നല്ല ഇറച്ചിയാണെന്ന് ഉറപ്പുണ്ടല്ലോ!’. പെട്ടന്ന് അമ്മച്ചി മൂക്കു പിഴിഞ്ഞു കരഞ്ഞു, ‘ഇതറിഞ്ഞാൽ ഞാനതു കഴിക്കില്ലായിരുന്നു… നിങ്ങളെന്തൊരു ദുഷ്‌ടനാ’. ചാച്ചന്റെ ക്രൂരകൃത്യങ്ങളുടെ പട്ടികയിൽ അമ്മച്ചി ഈ സംഭവം എഴുതിച്ചേർത്തു.

പിന്നീടു വാങ്ങിയത് മോളിപ്പശുവിനെയാണ്. അകാലത്തിൽ കൂട്ടിൽ ചത്തുവീണ മോളിയെ പാമ്പുകടിച്ചതാണെന്നു മൃഗ ഡോക്റ്റർ പറഞ്ഞു. നാട്ടുകാരാരോ തോലുരിഞ്ഞെടുത്തിട്ടു വലിയ കുഴി കുത്തി ശരീരം മറവു ചെയ്‌തു. ജൂലിപ്പശുവിന്റെ ഇറച്ചി തിന്ന പാപത്തിന്റെ ഫലമാണു മോളിപ്പശുവിന്റെ അപമൃത്യു എന്നും അതിനാൽ പശുവളർത്തലിലുണ്ടായ നഷ്‌ടങ്ങളുടെ കാരണക്കാരൻ ചാച്ചനൊരാളാണെന്നും അമ്മച്ചി വിധിയെഴുതി. ഏതായാലും പിന്നീട് ദീർഘകാലം വീട്ടിൽ പശുവളർത്ത് ഉണ്ടായിരുന്നില്ല.

ആടുകളുടെ കാര്യത്തിലും ഏതാണ്ടിതു പോലൊക്കെയായിരുന്നു, വളർത്തലും വിൽക്കലുമൊക്കെ…

വലുതായതിനു ശേഷം വീട്ടിൽ വരുകയും എട്ടുവർഷത്തോളം  ജീവിക്കുകയും ചെയ്‌ത പൂച്ചയായിരുന്നു പീലു. ബാലരമയിലെ പീലു കടുവയായിരുന്നു പേരിനു പ്രചോദനമായത്. ഒടുക്കം വാർദ്ധക്യ സഹജമായ രോഗങ്ങളാൽ പീലു മരിച്ചപ്പോൾ അവളുടെ ഒരു കുഞ്ഞു പോലും അവശേഷിച്ചില്ല. കുഞ്ഞുങ്ങളെയെല്ലാം കൊച്ചിലെ തന്നെ പല രീതിയിൽ ഒഴിവാക്കിയിരുന്നല്ലോ…!

വാടക വീടുകളിൽ കഴിയുന്ന എനിക്ക് എല്ലാ കാലത്തും വളർത്താൻ കഴിഞ്ഞ ഒരേ ഒരു ജീവിയും പൂച്ചയാണ്. എവിടെ ചെന്നാലും പരിസരത്തു നിന്നും ഏതെങ്കിലും പൂച്ച അതിഥിയായി വന്നെത്തും പിന്നീടു വീട്ടിലെ ആളാവും. ചിലപ്പോൾ പ്രസവിച്ച് കുത്തിനെ തരും . എന്നാൽ ഞാൻ വളരെ ആഗ്രഹിച്ചു കൊണ്ടുവന്ന് വളർത്തിയ കരിമ്പൂച്ചയുടെ അകാലമൃത്യു ഇന്നും നോവുന്ന ഓർമ്മയാണ്. എല്ലാ പ്രതിരോധ കുത്തിവയ്പ്പുകളും കൊടുത്ത് ആരോഗ്യവതിയായി കൊണ്ടു നടന്നിരുന്നതാണ്. പക്ഷേ അടുത്ത പറമ്പിലെ ആൾമറയില്ലാത്ത കിണറ്റിൽ വീണ് അജ്ഞാതയായി മരിക്കാനായിരുന്നു വിധി. ഏതാണ്ട് ഒരാഴ്‌ച പൂച്ച വെള്ളം കുടിച്ചു കഴിഞ്ഞാണ് അവർ ജഡം പുറത്തെടുത്തത്. ലക്ഷണങ്ങൾ വച്ച് ആ ദുരന്തത്തിന്റെ ഇര എന്റെ പൂച്ചയാണെന്നു ഞാൻ തിരിച്ചറിഞ്ഞു.

തിരുവനന്തപുരത്തു വന്ന ശേഷവും പ്രദേശത്തെ പൊതു പൂച്ചകളുടെ സങ്കേതമായി മാറിഎന്റെ വീട് . ഞാൻ താമസം മാറുമ്പോഴും അവർ അവരുടെ സ്വദേശത്തു തുടർന്നു.

ധനുവച്ചപുരത്തെ കൂട്ടുകാർ

ഇവിടെ വന്നപ്പോഴും ആദ്യം കൂട്ടിനു വന്നത് ഒരു ചക്കിപ്പൂച്ചയാണ്. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവൾ മൂന്നു കുഞ്ഞുങ്ങളെക്കൂടി കൊണ്ടുവന്നു വീട്ടിൽ താമസമായി. കുഞ്ഞുങ്ങൾ മുതിർന്നതേ  അവരെ ഇവിടാക്കി പൂച്ച  പോയി. കുട്ടികളിൽ ഒരാൾ ഇവിടെ നിന്നു. രണ്ടു പേർ പുറപ്പെട്ടു പോയി. ആ സുന്ദരിക്ക് എല്ലാ കുത്തിവയ്പ്പുകളും കൊടുത്തു മിടുക്കിയാക്കി. മെല്ലെ മെല്ലെ ഒരു സുന്ദരൻ കാമുകനും വന്നു ചേർന്നു. ഇതിനിടയിൽ എന്റെ പട്ടി ജനിഫർ വളർന്നു വലുതാവുന്നുമുണ്ടായിരുന്നു. ഇവിടുത്തേതല്ലാത്ത കാമുകനെ അവർ ഓടിച്ചു കിണറ്റിൽ ചാടിച്ചതായിരുന്നു കഴിഞ്ഞ മെയ് മാസത്തിലെ വലിയ സംഭവം. മഴക്കുറവു മൂലം കിണറ്റിൽ വെള്ളം കുറവായിരുന്നു. കിണറിന്റെ ആഴങ്ങളിൽ അള്ളിപ്പിടിച്ചിരുന്ന അവനെ രക്ഷപെടുത്തിയത് ആളെ ഇറക്കിയാണ്. കഴുത്തിൽ കുടുക്കിട്ട് വലിച്ചു പുറത്തിട്ട അവനെ കയറൂരി വിട്ടപ്പോൾ ഞാൻ കരുതി ഇനിയൊരിക്കലും അവനീവഴി വരില്ലാന്ന്. പക്ഷേ ആത്‌മാർത്ഥ പ്രണയത്തിന്റെ ജ്വലിക്കുന്ന പ്രതീകമായ അവൻ പിറ്റേന്നു ഉച്ച മുതൽ തിരിച്ചെത്തുകയും പ്രതികാരം പോലെ കിണറിനു മുകളിലെ ഇരുമ്പു വലയിൽ കാമുകിയോടൊപ്പം നിർല്ലജ്ജം നിർഭയം ശയിക്കയും ചെയ്‌തു. ഈ ദാമ്പത്യവല്ലരിയിലെ മൂന്നു മക്കളും ചേർന്ന് അഞ്ചു പേരടങ്ങുന്ന പൂച്ചക്കുടുംബം ഈ വീടിന്റെ ഭാഗമായി കഴിയുന്നു. പൂച്ചകൾക്കും ദിവ്യാനുരാഗമുണ്ടെന്നും ഏക പങ്കാളിയുമായി ദീർഘകാലം കഴിയുമെന്നും ഇവർ തെളിയിക്കുന്നു.

ഇതിനിടെയാണ് സ്റ്റോറു മുറിയുടെ അരികിൽ കരിമ്പൂച്ച വന്നു പെറ്റു കിടന്നത്. ഈ ലോക്ക് ഡൗൺ കാലത്ത് അവൾ മറ്റൊരു സ്‌നേഹഗീത രചിക്കുന്നത് ഞാൻ കണ്ടു കൊണ്ടിരിക്കുന്നു. അവളുടെ രണ്ടു കൊച്ചുങ്ങളിൽ ഒരാളെ കാണാതായത് തീർച്ചയായും അലഞ്ഞു നടക്കുന്ന തെമ്മാടികളായ കണ്ടന്മാരുടെ വായിൽ അകപ്പെട്ട് ആവും…! കാരണം, കാവലിരിക്കാൻ അവളുടെ കണവനെ ഇവിടെങ്ങും കണ്ടിട്ടില്ല. എന്നാൽ സ്വന്തം കുഞ്ഞിനെ നഷ്‌ടപ്പെട്ട ആ അമ്മ എങ്ങനെയോ അനാഥയായിപ്പോയ മരപ്പെട്ടി കുഞ്ഞിനെ പാലൂട്ടി വളർത്തുന്ന കാഴ്‌ച കാണേണ്ടതാണ്. മനുഷ്യർക്ക് മൃഗങ്ങളിൽ നിന്നും പഠിക്കാനേറെ പാഠങ്ങളുണ്ട്. നന്മ തിന്മകളുടെ ഈ സംഘർഷം മനുഷ്യരിൽ മാത്രമല്ല. കൊച്ചു പൂച്ചകളെ കൊന്നു തിന്നുന്ന കണ്ടൻ പൂച്ചകളും മരപ്പട്ടിക്കുഞ്ഞിനെ സ്‌നേഹിച്ച് സംരക്ഷിച്ച് മുലയൂട്ടി വളർത്തുന്ന തള്ളപ്പൂച്ചയും പ്രകൃതി തന്നെ ജീവികളിൽ നിറച്ചു വച്ചിട്ടുള്ള ക്രൂരത്തിന്റെയും സ്‌നേഹത്തിന്റെയും ദൃഷ്‌ടാന്തമല്ലാതെ മറ്റെന്താണ്…?!

8 Comments
 1. suresh kumar G 5 days ago

  നാട്ടിൻ പുറത്തെ കൂട്ടുകാർ … ഓർമ്മ മനോഹരമായി …

  • Author
   ബെറ്റിമോൾ 4 days ago

   ആ കൂട്ടുകാരുടെ ഓർമ്മകൾക്ക് ..

 2. രഞ്ജിത്ത് .ആർ .വി 5 days ago

  നല്ല കോട്ടയം ശൈലി. Mam ന്റെ രചന നന്നായിട്ടുണ്ട്.

  • Author
   ബെറ്റിമോൾ 4 days ago

   നന്ദി.. സ്നേഹം

 3. John Panakkal 5 days ago

  നായകൾ നമ്മെ ഭ്രാന്തമായി സ്നേഹിക്കും.
  പക്ഷേ, അമിതമായ ലാളനയും സമയവും തിരിച്ചാവശ്യപ്പെടും.
  പൂച്ചകൾ നമ്മുടെ കൈയ്യിൽ നിന്ന് ആഗ്രഹിക്കുന്നത് കിടക്കാൻ മഴ നനയാത്ത ഇടവും അൽപ്പം ആഹാരവും പറ്റുമെങ്കിൽ കുഞ്ഞു ലാളനകൾ മാത്രം.
  അതും നമുക്ക് താത്പര്യമുണ്ടെങ്കിൽ മാത്രം.

  അമിത ബാധ്യത ഇല്ലാത്ത ബന്ധങ്ങൾ ആഗ്രഹിക്കുന്നവർ പൂച്ചകളെ വളർത്തുക.
  പൂച്ചകൾ നമ്മളിലെങ്കിലും ജീവിക്കും.
  Coz, cats are self sufficient and self reliant.
  They don’t need you to complete their life..

 4. Vijay Nambiar 4 days ago

  This article really ignited the old memories. There used to be a pet at most homes… Now pets are mostly a matter of prestige with imported and/or expensive pets, which only few can afford. With lives moving in to ‘apartments’, restrictions on pets too….

 5. ആന്‍സി ഐസക് 4 days ago

  പൊന്‍കുന്നം വര്‍ക്കിയുടെ ശബ്ദിക്കുന്ന കലപ്പ യിലെ കണ്ണനെ ഓര്‍മ്മിപ്പിക്കുന്ന ജൂലി….വായനക്കാരുടെ മനസിലും ഓര്‍മ്മ കള്‍ തിരയടിക്കുന്ന എഴുത്ത് …..അഭിനന്ദനങ്ങള്‍ ബെറ്റീ ….

  • Author
   ബെറ്റിമോൾ 1 day ago

   നന്ദി … സ്നേഹം .

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account