പൊന്നുവേട്ടന്റെ മരണം തികച്ചും ആകസ്മികമായിരുന്നു. ഒരു നാൾ കാറ്റുപിടിച്ച വൻമരം പോലെ ആ അതികായൻ വീണു.
കുഴിയിലേക്കെടുക്കുമ്പോളും ആരും ഒരിറ്റ് കണ്ണുനീർ വീഴ്ത്തുകയുണ്ടായില്ല. പൊന്നുവേട്ടൻ വളർത്തിയ നായ മാത്രം മോങ്ങിക്കൊണ്ടിരുന്നു..
ജീവിച്ചിരുന്നപ്പോളും പൊന്നുവേട്ടന് വില്ലന്റെ പരിവേഷമാണുണ്ടായിരുന്നത്. മരണശേഷം അതിന് കുറച്ചു കൂടി പൊലിമയേറുകയാണുണ്ടായത്.
അതിന് കാരണമുണ്ട്;
ഒരു ദിവസം പാതിരാത്രി മൂത്രശങ്ക തീർക്കാൻ തെക്കേ മുറ്റത്തേക്കിറങ്ങിയ പൊന്നുവേട്ടന്റെ മകനാണ് അത് ആദ്യം കണ്ടത്.. അച്ഛന്റെ കുഴിമാടത്തിനരികിൽ ഒരു രൂപം..
പിന്നെ പലരും പലയിടത്തുമായി പൊന്നുവേട്ടനെ കണ്ടു.. പലപ്പോളും പൊന്നുവേട്ടൻ വളർത്തിയ നായയും കൂട്ടുണ്ടായിരുന്നു..
സത്രീകൾ മാത്രമുള്ള വീടിന്റെ വാതിലിൽ പാതിരാത്രി പൊന്നുവേട്ടൻ മുട്ടിവിളിച്ചു. അങ്ങനെ ജീവിച്ചിരുന്നപ്പോളേക്കാൾ ഭീകരനായി പൊന്നുവേട്ടൻ വിലസി.
ചെത്തുകാരനായിരുന്നു പൊന്നുവേട്ടൻ. കറുത്തിരുണ്ട് ഒത്ത ഉയരമുള്ള ബലിഷ്ഠകായൻ. കിട്ടാവുന്നതിലധികം ചീത്തപ്പേര് കൈമുതലായുള്ള ആളായിരുന്നു അദ്ദേഹം.
ഇടവഴികളിലൂടെ , ‘കത്തിപ്പുട്ടിലും’ അരയിൽ കെട്ടി ‘ടൊക്’ ‘ടൊക്’ എന്ന് താളത്തിൽ ശബ്ദമുണ്ടാക്കി നെഞ്ചുവിരിച്ചൊരു നടത്തമുണ്ട്. ചിലപ്പോൾ ഇടവഴിയിലെ വേലികളെ ഉമ്മവെച്ച് ഉച്ചത്തിൽ പാട്ടും പാടിയാകുംപോക്ക്. അന്ന് പൊന്നുവേട്ടന്റെ വീട്ടിൽ നിന്നും ഭാര്യയുടെയും മക്കളുടെയും കൂട്ടക്കരച്ചിലുയരും.
അച്ഛൻ അമ്മയോട് പറയുന്നത് കേട്ടിട്ടുണ്ട്, ‘അവന്റെ നിഴലു വീണാ പെണ്ണ് പെഴച്ചൂന്ന് കൂട്ടിക്കോ’. എന്റച്ഛന് മാത്രമല്ല നാട്ടിലെ ഒരു മാതിരി ഭർത്താക്കന്മാർക്കെല്ലാം പൊന്നുവേട്ടനെ പേടിയായിരുന്നു.
ഒരിക്കൽ ആ ഭീകരന്റെ മുന്നിൽ പെട്ടു പോയിട്ടുണ്ട്. ഇവഴിയിൽ വെച്ച് അവിചാരിതമായി മുന്നിൽപ്പെടുകയായിരുന്നു..
അടുത്തെത്തിയപ്പോൾ;
”ആരാദ്… നളിനീടെ ചെക്കനല്ലേ നീയ്യ് “. അമ്മേടെ പേര് ചേർത്തു പറഞ്ഞത് എനിക്കത്ര രസിച്ചില്ല. ‘അല്ല സുകുമാരന്റെ ചെക്കനാന്ന്’ പറയാനാണ് തലയുയർത്തിയത്.
‘ഹാവൂ… എന്തൊരു ചിരി..! ഇത്രയും രസംള്ള ചിരി വേറെ കണ്ടിട്ടില്ല. അപ്പോളേക്കും ജനൽ വഴി തല നീട്ടി അമ്മ വിളിച്ചു. കേറിച്ചെന്നപാടെ മണ്ടക്കൊരു കിഴുക്കു തന്നു.
” നിനക്കു കൂട്ടുകൂടാൻ പറ്റിയൊരാള്..”
‘ഹാവൂ.. എന്തൊരു വേദന…’
അതിന് ഞാനൊന്നും മിണ്ടിയില്ലല്ലോ… എന്നിട്ടാണ്..!
ഞാൻ കണ്ടിട്ടുണ്ട്;
പൊന്നുവേട്ടൻ നടന്നു വരുന്ന ‘ടൊക്’, ‘ടൊക്’ ശബ്ദം ഇടവഴിയുടെ അറ്റത്തു കേട്ടു തുടങ്ങുമ്പോൾ അമ്മ ഒരു വെപ്രാളത്തോടെ ചൂലുമായി പുറം അടിച്ചുവാരാൻ ഇറങ്ങുന്നത് കാണാം. പൊന്നുവേട്ടൻ അടുത്തെത്തുമ്പോൾ അതുവരെയില്ലാത്ത ഒരു ചുമ അമ്മക്കുണ്ടാവും. അതല്ലെങ്കിൽ, തെങ്ങിൻ ചുവട്ടിൽ പാത്രം കഴുകിക്കൊണ്ടിരിക്കുന്ന അമ്മയുടെ കയ്യിൽ നിന്നും പാത്രം ‘കലപിലാന്ന് ‘ താഴെ വീഴും.. അതുകേട്ട് പൊന്നുവേട്ടൻ തിരിഞ്ഞു നിന്ന് അമ്മയോട് കുശലം ചോദിക്കും..
“എന്താ നളിനീ.. വീട്ടുപണി ഇനീം ഒരുങ്ങീല്ലേ..”
അമ്മ: ഓ…
എന്നിട്ട് നാലുപാടും ഒന്ന് പാളിനോക്കും, ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോന്ന്. തുടർന്ന് ചുണ്ടത്ത് വിരിഞ്ഞ ചെറുചിരിയോടെ അകത്തേക്ക് കയറുന്ന അമ്മയുടെ മുഖത്തെ പഞ്ചാരപ്പായസം കുടിച്ച ഭാവം ഞാൻ കണ്ടിട്ടുണ്ട്.
‘ഇനീം..കിഴുക്കിയാ ഞാൻ അച്ഛനോടെല്ലാം പറയും തീർച്ച..’
അതിരാവിലെ ഇടവഴിയിലൂടെയുള്ള ആളുകളുടെ ആരവം കേട്ടാണ് ഞാനുണർന്നത്..
വീട്ടിലുള്ളവരെ ആരെയും കാണുന്നില്ല. ഞാനും ആളുകളുടെ പിന്നാലെ കൂടി. പൊന്നുവേട്ടനെ അടക്കിയ പറമ്പിലാണ് ചെന്നെത്തിയത്.
കുഴിമാടത്തിന് ചുറ്റും ആളുകൾ കൂടി നിൽക്കുന്നു.
മെല്ലെ അവർക്കിടയിലൂടെ നുഴഞ്ഞു കയറി. കുഴിമാടത്തിൽ ആരോ കിടന്നുറങ്ങുന്നുണ്ട്.
പൊന്നുവേട്ടന്റെ നെഞ്ചത്തു തലചായ്ച്ചുറങ്ങുന്ന പോലാണ് കിടപ്പ്.
ആളെ മനസ്സിലായി. പൊന്നുവേട്ടന്റെ പേരിനൊപ്പം ഒരു പാട് കേട്ടിട്ടുണ്ട്. എന്റെ നാട്ടുകാരുടെ ഭാഷയിൽ ‘പെഴച്ചവൾ’..
ഇവരെന്തിനാണ് ഇവിടെ വന്നു കിടക്കുന്നത്..! വിളിച്ചുണർത്താതെ ഈ ആളുകൾ എന്തിനാണ് ഇങ്ങനെ ചുറ്റും കൂടിയിരിക്കുന്നത്..!!
എനിക്കൊന്നും മനസ്സിലായില്ല! പൊന്നുവേട്ടന്റെ നായ എന്തിനോ അവരുടെ കാൽക്കൽ കിടന്ന് മോങ്ങുന്നുണ്ടായിരുന്നു..
Good..
Thanks….
Short and sweet, Dear Sunil, keep writing. Best wishes.
Thanks sir….
നന്ദി….
നല്ല കഥയാണ് സുനിൽ… എങ്കിലും മനസ്സു വച്ചിരുന്നെങ്കിൽ ഇനിയും മികച്ചതാകുമായിരുന്നു. പെഴച്ചവളുടെ ലഘുവിവരണം കഥ കൂടുതൽ മനോഹരമാക്കുമായിരുന്നില്ലേ …
നിർദ്ദേശം ഉൾക്കൊള്ളുന്നു …
നിർദ്ദേശം ഉൾക്കൊള്ളുന്നു..
Good.. Congrats ..
നന്ദി…
വായിച്ചവർക്കും അഭിപ്രായങ്ങളും,നിർദ്ദേശങ്ങളുമായെത്തിയവർക്കും ഒരു പാട് നന്ദി..