– ആദില കബീർ

കഥകളെ കാര്യമായെടുക്കുന്ന വായനക്കാർക്ക് വേഗം തിരിച്ചറിയാനാകുന്ന പേരാണ് ഷാഹിന ഇ.കെ. അനന്തപത്മനാഭന്റെ മരക്കുതിരകൾ, ഒറ്റഞൊടിക്കവിതകൾ (കവിതാ സമാഹാരം ), അഷിതയുടെ കത്തുകൾ (എഡിറ്റർ ), പ്രവാചകൻ (വിവർത്തനം), പ്രണയത്തിന്റെ തീക്കാടിനുമപ്പുറം (കുറിപ്പുകൾ) അങ്ങനെ പലജാതികൃതികളാൽ പരിചിതമാണീ പേര്. ഷാഹിനയുടെ പുതിയ പുസ്‌തകമാണെൻറെ കയ്യിൽ കിട്ടിയത്. 2017 ആഗസ്റ്റിലിറങ്ങിയ ‘ഫാന്റം ബാത്ത്’ എന്ന ചെറുകഥാ സമാഹാരം.

‘വാസനാവികൃതി’യുടെ കാലം മുതൽ ഇന്നു വരെയുള്ള ചെറുകഥകളുടെ ലോകത്തിൽ, എവിടെയാണ് ഷാഹിന ഇ.കെ. എന്ന എഴുത്തുകാരിയെ പ്രതിഷ്ഠിക്കേണ്ടതെന്ന് ആലോചിച്ചു കൊണ്ടാണ് ‘ഫാന്റം ബാത്ത്’ വായിക്കാനിരുന്നത്. ചെറിയ പുസ്‌തകമാണ്. 95 രൂപ വില, ഗ്രീൻ ബുക്‌സാണ് പ്രസാധനം ചെയ്‌തിരിക്കുന്നത്. ‘ജീവകാമനകളുടെ കഥാ തന്ത്രങ്ങൾ’ എന്ന കൂട്ടുവരിയോടെ, വളരെ പ്രത്യേകമായ മുഖചിത്രത്തോടെ ഒരു പുസ്തകം. 88 താളുകളാണുള്ളത്. 12 കഥകൾ.

“അതീത യാത്രകളുടെ കഥാകാരി” എന്ന പേരിൽ കഥാകൃത്ത് ചന്ദ്രമതി എഴുതിയ ആമുഖവും, ഡോ. ഉമർ തറമേൽ എഴുതിയ അവതാരിക – ‘കാമനകളുടെ ആനന്ദനൃത്ത’വും, കഥാകാരിയുടെ മുന്നുരയും കടന്നു ഞാൻ കഥയിൽ എത്തി. വളരെ പ്രത്യേകമായ തലക്കെട്ടുകളാണ് ഓരോ കഥയ്ക്കും. മലയാളവും ആംഗലേയവും ഇടകലർന്നും നവമാധ്യമങ്ങളുടെ ആശയലോകത്തിൻറെ അടിയിലുരഞ്ഞും അവ വായനയ്ക്ക് കൗതുകം നൽകി.

ആദ്യകഥ ‘ന്യൂജനറേഷൻ’ മുതൽ, ഇതെനിക്ക് പരിചയമുള്ളതാണല്ലോ, ഇവരെയെനിക്കറിയാമല്ലോ, എന്നിങ്ങനെ പരിചിതത്വത്തിൻറേതായ ഒരിണക്കം കഥാപാത്രങ്ങളോട് തോന്നിത്തുടങ്ങി. സഹദേവനെ പോലെ മകന്റെ അന്തംവിട്ട ന്യൂജനറേഷൻ പാരികൽപ്പനകളോട് നിസ്സഹായത പുലർത്തി മൗനിയാകുന്ന ഒരുപാട് അച്ഛന്മാരെയോർത്തു. കാര്യമില്ലെന്നറിഞ്ഞിട്ടും മകനോട് തല്ലുകൂടുന്ന പഴഞ്ചൻ അമ്മമാരുടെ നിഷ്ക്കളങ്കതയെ ഓർമിപ്പിച്ചു. നിക്കറു മുഴുക്കെ പുറത്തുകാട്ടി ആസനത്തിനു താഴെ പാന്റൊപ്പിച്ചു മസില് പിടിച്ചു നടക്കുന്ന എന്റേതടക്കമുള്ള കൂട്ടുകാരെയോർത്തു. ഫ്രീക്കൻമാരുടെ ‘കൈതച്ചക്ക’ പോലെയുള്ള തലകൾ ഉള്ളിൽ നേർത്ത ചിരി പൊട്ടിച്ചു.. ശരിയാണല്ലോ…മറഞ്ഞുപോയ ബാർബർ ഷോപ്പുകളെല്ലാം ഇപ്പോൾ സലൂണുകളായി പാർലറുകൾ ആയി മാറിയല്ലോ എന്നോർത്ത് ഇത്തിരിനേരം വെറുതെയിരുന്നു. ഒഴുക്കുള്ള, സരസമായ ഭാഷ അടുത്ത കഥയിലേക്ക് വേഗം കൂട്ടിക്കൊണ്ടുപോയി.

പെൺപക്ഷ രചന എന്ന് തോന്നിക്കുമ്പോഴും സമൂഹത്തിന്റെ മൂല്യ വ്യവസ്ഥിതിയെ അല്ലാതെതന്നെ ചോദ്യം ചെയ്യുന്ന കഥയാണ് ‘ഫാന്റംബാത്ത്’. മുഖമില്ലാത്ത ശരീരങ്ങൾക്ക് ഒന്നും ഭയക്കാനില്ലെന്ന വല്ലാത്തൊരു സത്യമാണാകഥ ഓർമിപ്പിക്കുന്നത്. നിങ്ങളുടേതാണെന്ന് തിരിച്ചറിയാത്ത കാലത്തോളം ശരീരങ്ങൾ എന്തും ചെയ്യാനുള്ള സ്വതന്ത്ര ഉപകരണങ്ങളായല്ലോ ഈ ഇന്റർനെറ്റ് യുഗത്തിൽ എന്ന് ആലോചിച്ചുപോയി. വളരെ പരോക്ഷമായി ഈ അസാധാരണ സത്യത്തെ ഫാന്റം ബാത്ത് പറഞ്ഞുവെച്ചിട്ടുണ്ട്.

വ്യഭിചരിക്കപ്പെട്ടവളുടെ ഒളിക്യാമറാ ദൃശ്യങ്ങൾ കണ്ട്, സ്‌ത്രീ ശരീരത്തിനെ ഉത്സവ ഭൂമിയാക്കി ചിത്രീകരിച്ച ഒരുവൻ – ജാവേദ്. ട്രെയിൻ യാത്രക്കിടെ ജാവേദ് പ്ലാറ്റ്‌ഫോമിൽ കണ്ടുമുട്ടിയ 10 വയസ്സുകാരിയാണ് ‘ഉത്സവഭൂമിയിലെ’ കേന്ദ്രം. രൂപപ്പെട്ടിട്ടില്ലാത്ത തന്റെ പെണ്ണടയാളത്തെ അവനു മുന്നിൽ അഴിച്ചു വെച്ച് അവൾ പിച്ചക്കാശിനു യാചിക്കുമ്പോൾ, മെലിഞ്ഞൊട്ടിയ, പോഷകമില്ലാതെ വളഞ്ഞുപോയ പെണ്ണുടലിന്റെ ദാരിദ്ര്യോത്സവത്തെ ജാവേദിനൊപ്പം നമ്മളും ഓർക്കും. കാഴ്ച്ച വസ്‌തുവും ഉപഭോഗ വസ്‌തുവും മാത്രമാകുന്ന പെണ്ണിനെ, പുരുഷന്റെ കണ്ണുകൾ ഇപ്പോഴുമെങ്ങനെ കാണുന്നു എന്നതിന്റെ നേർസാക്ഷ്യമാണീയെഴുത്ത്.

അൻപതു കഴിഞ്ഞ ഹേമാംബികയുടെ അനുസരണംകെട്ട മൂത്രസഞ്ചിയുടെ കഥയാണ് സമുദ്രം. കാലുകൾക്കിടയിൽ കടലിരമ്പവേ, വൃത്തിയുള്ളൊരു മൂത്രപ്പുര തിരക്കി, വിമ്മിട്ടപ്പെട്ടു നടക്കുന്ന ഏതൊരു മലയാളിപ്പെണ്ണിനും ഈ കഥയുടെ തിക്കു മുട്ടൽ ഏറ്റെടുക്കാനാകും. ബുദ്ധിയുറക്കാത്ത കനിക്കുഞ്ഞ് – ആദ്യാർത്തവച്ചോര കണ്ട് വിമ്മിക്കരയുന്നവൾ, അവളുടെ കുഞ്ഞു നെഞ്ചിലെ മുലക്കണ്ണുകളെ രഹസ്യമായി പിച്ചിയിക്കിളികൂട്ടുന്ന കളിക്കൂട്ടുകാരൻ ഗോപു. അതിലെവിടെയോ ചെറിയച്ഛൻ കൊന്നു കിടത്തിയ ആ ഏഴു വയസ്സുകാരിയുടെ മുഖം കാണുന്നില്ലേയെന്ന് ആദ്യ വായനയിൽ തന്നെ ഞാൻ ഭയന്നു…

പെണ്ണിനെയും കുഞ്ഞിനെയും മുൻനിർത്തിയവയാണ് എല്ലാ കഥകളും. (പെൺപക്ഷമെന്നു മാത്രം ഒതുക്കുന്നില്ലെന്നു സാരം) ഇരുകൂട്ടരുടെയും ബോധ-അബോധമണ്ഡലത്തിൽ നിന്നുകൊണ്ട്, സമൂഹത്തിലെ വിവിധ പ്രശ്‌നങ്ങളെ പ്രത്യേകമായ കാഴ്ച്ചയിലൂടെ അവതരിപ്പിക്കുന്ന കഥകൾ. തലമുറകളെ സംബന്ധിച്ചുള്ളത്. തലമുറകൾക്കിടയിൽ വന്നുപെട്ടു പോയ വലിയ വിടവിനെക്കുറിച്ചുള്ള ആകുലതയുള്ളത്. ബാല്യവും യൗവനവും വാർദ്ധക്യവും എത്തിയ വനിതകളുടെ പലപാടുള്ള മനോ മണ്ഡലങ്ങൾ. ബാല്യം മുതൽ യൗവനം വരെ കുഞ്ഞുമനസ്സുകളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളുടെ നിറമൊപ്പുന്ന കഥകൾ. പ്രണയത്തിൽ ചതിക്കാൻ അറിയുന്ന പെണ്ണിന്റെ നിഗൂഢഭാവങ്ങളൊളിപ്പിക്കുന്ന ‘അടഞ്ഞും തുറന്നും ചില കാറ്റു ജാലകങ്ങൾ’ എന്ന കഥ, ഒരു സ്റ്റാറ്റസ് അപ്‍ഡേഷനിൽ തുടങ്ങിയൊടുങ്ങുന്ന നൈമിഷികവും സ്വാർത്ഥവുമായ, അതിഭാവുകത്വ- അതിയാഥാർത്ഥ്യത്തിൻറെ കഥ – ‘സ്റ്റാറ്റസ്’, പ്രണയത്തിൽ പറ്റിക്കപ്പെട്ട് , തന്റെ പുരുഷന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തവളുടെ പകവീട്ടുന്ന പ്രണയകഥ ‘മൂർച്ച’, പാകത എത്തും മുമ്പ് ശരീരം തിരയുന്ന പുതുപ്രണയികളുടെ പിടിക്കപ്പെടലിന്റെ കഥ ‘റിയാലിറ്റി ഷോ’, പുരാതന സങ്കൽപ്പങ്ങളെ ഭയപ്പെടുത്തിയതിജീവിക്കുന്നവൾ – ‘ബ്ലാക്ക് വിഡോ’, തൊഴിലിടത്തിലെ ആൺപെരുക്കത്തെ നേരിടുന്ന ധിഷണ, ക്രിസ്ത്യാനി സാന്തായുടെ കഥ വേണ്ടെന്ന് ദേഷ്യം പിടിക്കുന്ന കുട്ടിയുടെ മുന്നിൽ ഹിന്ദുവാരെന്ന് പകയ്ക്കുന്ന അമ്മക്കഥകൾ…. അങ്ങനെയെല്ലാ കഥയിലും പെണ്ണോ, യുവതിയെ, കുഞ്ഞോ നിറഞ്ഞുനിൽക്കുന്നു.

ഷാഹിന കഥകൾ കണ്ടെടുക്കുന്ന ഇടങ്ങൾ തൊട്ടപ്പുറത്താണ്. നമ്മുടെ ഹോസ്റ്റൽ മുറികളിൽ നിന്ന്, തോട്ടത്തിൽ നിന്ന്, സിനിമാ തീയറ്ററിൽ നിന്ന്, റോഡിലും, ട്രെയിനിലും, മൊബൈൽ ഫോണിലും… അങ്ങനെ, തീരെ അകാൽപ്പനികമെന്ന് നമ്മൾ കരുതുന്ന പലതിലും കഥയുണ്ടെന്ന് ഈ എഴുത്തുകാരി കാട്ടിത്തരുന്നു. കഥയുടെ കാലത്തിനുമുണ്ട് പ്രത്യേകത. പുതിയ കാലത്തിന്റെ കഥകളാണ്. കടന്നുപോയ ചിലതിനോടുള്ള ഗൃഹാതുരത്വം ഇപ്പോഴും കളയാൻ കഴിയാത്ത ഒരുവളുടെ വാക്കുകൾ. പുതിയ ചില സന്ദർഭങ്ങളെ ഇപ്പോഴുമുൾക്കൊള്ളാനാകാത്തതിന്റെ നിഷേധങ്ങൾ, സംശയങ്ങൾ.. ഒക്കെ വായിച്ചെടുക്കാനാകുമിവയിൽ. കഥാരൂപത്തിലും ചില പരീക്ഷണ ശ്രമങ്ങൾ കാണാം. തുടക്കവും പിരിമുറുക്കവും ഒടുക്കവും ക്രമം പാലിക്കാത്ത, സംഭവാടിസ്ഥാനത്തിലേയല്ലാത്ത ചില സാധാരണ സമയങ്ങൾ സ്വാഭാവികതയോടെ കഥയായിട്ടുണ്ട്. ഞെട്ടിപ്പിക്കാത്ത, നോവിപ്പിക്കാത്ത, വെറും തീർന്നു പോകലുണ്ട്. ജീവിതവുമായി സമം വരയ്ക്കാവുന്ന കഥകൾ.

വാക്കു കൊരുക്കുന്നതിലും, കഥാപാത്രത്തിന് പേരിടുന്നതിലും, കഥ മെനയുന്നതിലും കവിതയുടെ മനോഹാരിതയുണ്ടീ താളുകളിൽ. അരുമയായ ചിലതിനെ കുറിക്കാൻ ‘കുഞ്ഞി’ എന്ന വാക്ക് എത്രയിടത്താണാവർത്തിച്ചിരിക്കുന്നത്. ‘ഇളം ചുകപ്പിനോട് ‘, ‘മഞ്ഞയോട് ‘ എന്തിഷ്ടമാണീ കഥാകാരിക്ക്! പരിഹാസത്തിലും നിഷ്‌കപടതയുള്ള ഭാഷ. ഒരുപക്ഷേ, കഥകളുടെ മൊത്തത്തിലുള്ള വായനാസുഖത്തിൻറെ കാതലിതാകാം.

മധ്യവർഗത്തിൻറെ ബോധവും ബോധ്യവുമാണീ കഥകൾ. സാഹചര്യങ്ങളും, സംഭാഷണങ്ങളും, സന്ദർഭങ്ങളും അങ്ങനെതന്നെ. അതുകൊണ്ടു തന്നെയാണ് ഇവ അസാധാരണമാകാത്തതും. പിന്നെയും വ്യതിചലിക്കാൻ ശ്രമിച്ച കഥ ‘മൂർച്ച’യാണ്. പക്ഷേ വ്യക്തിപരമായി, ആ ശ്രമം എത്രത്തോളം ലക്ഷ്യം കണ്ടെന്ന സംശയം എന്നിലുണ്ട്. ആധുനികതയുടെ സദാചാര – മൂല്യ സങ്കൽപ്പങ്ങൾ, ആശങ്കകൾ.. ഒക്കെയും പൂർണമായും വിട്ടകന്നിട്ടില്ലാത്തവയാണീ കഥകൾ. കാലത്തോടൊപ്പം സ്വപ്‌നം കാണുകയും ഏഴുതുകയും വേണമെന്ന് മുന്നുരയിൽ കഥാകാരി പറയുമ്പോഴും, ഏത് കാലത്തോടൊപ്പമാണാ യാത്ര എന്ന സംശയം കഥകൾ ബാക്കിയാക്കുന്നുണ്ട്. ഹയർ സെക്കന്ററി അധ്യാപികയുടേതായ ചില ദൃഷ്‌ടികളും, അനേകം നേരനുഭവങ്ങളും ഈ കഥകളെ ബാധിച്ചിട്ടുണ്ട്. സത്യസന്ധമാകുമ്പോഴും, പുതിയ  കാലത്തിനോടുള്ള അവിശ്വാസം കഥകളിൽ നിഴലിച്ചിട്ടുണ്ട്. സത്യസന്ധമായ ഒരു പ്രണയം പോലും ഈ കഥകളിലെങ്ങും കാണാഞ്ഞതിൽ എനിക്ക് പരിഭവവുമുണ്ട്. പ്രതീക്ഷയുടെ കഥകൾ കൂടി ഷാഹിനയുടെ ഭാവനയിൽ തുടർപൂക്കളാകട്ടെ എന്നാഗ്രഹിക്കുന്നു. രാഷ്‌ട്രീയ ശരിമയിൽ, പുതു തലമുറയോടുള്ള പ്രതീക്ഷയിൽ കൂടുതൽ കരുത്തുറ്റ രചനകൾ പിറവിയെടുക്കട്ടെ എന്നാശംസ.

1 Comment
  1. Krishnaraj 4 years ago

    Fantastic review!

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account