കാശ്‍മീരിൽ കൊല്ലപ്പെട്ട 45 സൈനികരോടും ഇന്ത്യയുടെ അതിർത്തികളിൽ ജീവൻ പണയം വച്ച് കാവൽ നിൽക്കുന്ന മറ്റു മുഴുവൻ സൈനികരോടും തീർച്ചയായും ബഹുമാനവും സ്‌നേഹവും അവരുടെ ത്യാഗസന്നദ്ധതയോട് ആദരവും കൃതജ്ഞതയുമുണ്ട്. പക്ഷേ സൈനികർക്ക് വേണ്ടത് നമ്മുടെ തികച്ചും പൊള്ളയായ ജയ് വിളികളും മൃതശരീരങ്ങൾക്ക് ലഭിക്കുന്ന ഗൺ സല്യൂട്ടുമല്ല. സുരക്ഷിതമായി ജോലി ചെയ്യാനും ആയുസു മുഴുവനും ജീവിച്ചു തീർക്കാനുമുള്ള സാഹചര്യവുമാണ്.

സൈനികരിൽ മിക്കവരും ഒരു തൊഴിൽ എന്ന നിലയിൽ സൈനിക സേവനത്തിനു വന്നവരാണ്. എല്ലാ ഇന്ത്യാക്കാരിലുമുള്ളതു പോലെ അവരിലും ദേശസ്‌നേഹമുണ്ട് എന്നല്ലാതെ ദേശസ്‌നേഹം വിജൃംഭിച്ച്  പട്ടാളത്തിൽ ചേർന്നവരാണ് അവർ എന്ന് അതിവൈകാരികതയോടെ പ്രചരിപ്പിക്കാനുള്ള ശ്രമം യാഥാർഥ്യങ്ങൾക്കു നിരക്കാത്തതാണ്. സ്വാഭാവികമായും മരണം കുറേ മനുഷ്യരെ നിത്യ ദു:ഖത്തിലേക്കും അനാഥത്വത്തിലേക്കും തള്ളിവിടുന്നു. സാമ്പത്തിക സഹായം മാത്രമാണ് ഭരണകൂടങ്ങൾക്കു ചെയ്യാനുള്ള ഏക നഷ്‌ടപരിഹാരം. പക്ഷെ, യൗവനത്തിൽ പൊലിഞ്ഞു പോവുന്ന ഒട്ടേറെ ജീവിതങ്ങളെ എന്തു പരിഹാരം നൽകിയാണ് നമുക്ക് നികത്താനാവുക?

സമാധാന കാലത്ത് ഇത്രയേറെ സൈനികർ കൊല്ലപ്പെടുന്നത് ഒരു പക്ഷേ ഇന്ത്യയിൽ മാത്രമാണ്. അതിന്റെ പ്രധാന കാരണമാവട്ടെ ഇപ്പോഴും ആധുനികവൽക്കരണത്തിന്റെ കാര്യത്തിൽ നമ്മുടെ സർക്കാരുകൾ കാണിക്കുന്ന അനവധാനതയും നിസാരസമീപനവും. സൈനിക സ്‌നേഹത്തിന്റെ ഗിരിപ്രഭാഷണങ്ങൾ നടത്തി അധികാരത്തിലെത്തിയ BJP സർക്കാർ പട്ടാളത്തിന് നൽകിയ വാഗ്‌ദാനങ്ങളൊന്നും പാലിച്ചിട്ടില്ല. എല്ലാ സൈനികർക്കും നൽകാമെന്ന് ഉറപ്പു നൽകിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വാങ്ങി നൽകാൻ 5 വർഷമായിട്ടും ഗവർമെന്റിനു സാധിച്ചിട്ടില്ല. അതിർത്തിയിലുടനീളം സ്ഥാപിക്കുമെന്ന് കൊട്ടിഘോഷിച്ച സർവൈലൻസ് സംവിധാനം ഇപ്പോഴും കടലാസിലുറങ്ങുന്നു.  അതേസമയം ഒരിക്കലും ഉപയോഗിക്കാനിടയില്ലാത്ത ആയുധങ്ങൾ വാങ്ങുന്നതിന് കഴിഞ്ഞ 5 വർഷം നീക്കി വച്ചത് ആകെ ബഡ്‌ജറ്റിന്റെ 30% വും പ്രതിരോധ ബഡ്‌ജറ്റിന്റെ 85% വും വരുന്ന തുകയാണ് എന്ന് കൂടി പറയുമ്പോഴാണ് സൈന്യത്തോട് ഈ ഗവർമെന്റിന്റെ സമീപനമെന്തെന്ന് മനസിലാവുക.

അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾ ഏറ്റവും കൂടുതലുണ്ടായത് ഈ ഗവർമെന്റിന്റെ കാലത്താണ്. നുഴഞ്ഞു കയറ്റവും ആക്രമണങ്ങളും മുൻകൂട്ടി കാണുന്നതിലും പ്രതിരോധിക്കുന്നതിലും ഗുരുതരമായ  വീഴ്‌ചയാണ്  സർക്കാരിനു സംഭവിച്ചിട്ടുള്ളത്. അതു മറച്ചു പിടിക്കുന്നതിനാണ് പാക്കിസ്ഥാനാണ് ഇതിനു പിന്നിൽ എന്ന പതിവ് ആവലാതി പറച്ചിൽ പ്രധാനമന്ത്രിയും സംഘവും പുറത്തെടുക്കുന്നത്. പാക്കിസ്ഥാനെപ്പോലൊരു അസ്ഥിര രാഷ്‌ട്രീയ സമൂഹത്തിൽ നടക്കുന്ന ഗൂഡാലോചനകളോ ആക്രമണ നീക്കങ്ങളോ കണ്ടു പിടിക്കാൻ കഴിയാത്തത്ര ദുർബലമാണ് നമ്മുടെ സൈനിക രഹസ്യാന്വേഷണ ശേഷി എന്ന്‌ സ്വയം സമ്മതിക്കുന്നത് അത്യന്തം പരിഹാസ്യമാണ്.

പാക്കിസ്ഥാനെ ആക്രമിക്കും, പാഠം പഠിപ്പിക്കും തുടങ്ങിയ പ്രസ്‌താവനകളൊക്കെ വെറും വിടുവായത്തങ്ങളാണ്. ഭീകരർ ഇന്ത്യയിൽ വന്നു നടത്തിയ അതിക്രമത്തിന് അതിർത്തിക്കപ്പുറത്തുള്ള പാക് സൈനികരോട് യുദ്ധം ചെയ്യും എന്ന് പറയുന്നത് മുഖം നന്നല്ലാത്തതിന് കണ്ണാടി പൊട്ടിക്കും പോലെ മണ്ടത്തരമാണ്. മാത്രമല്ല, അത്തരമൊരു നീക്കത്തിന് അന്താരാഷ്‌ട്ര തലത്തിൽ യാതൊരു പിന്തുണയും കിട്ടാനും പോകുന്നില്ല. രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന അവസരത്തിൽ കഴിഞ്ഞ തവണത്തേതുപോലെ തന്നെ സൈനികരോടുള്ള സെന്റിമെൻറ്‌സ് വിറ്റ് വോട്ടാക്കി മാറ്റുക എന്നത് മാത്രമാണ് എന്റെ ചോര തിളക്കുകയാണ് എന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവനയുടെ ഗൂഡോദ്ദേശ്യം.

പാക്കിസ്ഥാനെ ഒറ്റപ്പെടുത്തും, അസ്ഥിരപ്പെടുത്തും എന്നൊക്കെ ആക്രോശിക്കുമ്പോഴും തിരിച്ചടിയുടെ സമയവും സ്ഥലവും സൈന്യത്തിന് തീരുമാനിക്കാം എന്ന് അതിവൈകാരികമായി പ്രതികരിക്കുമ്പോഴും സ്വന്തം വീഴ്‌ചകളേയും പോരായ്‌മകളേയും പരിഹരിക്കുന്നതിനുള്ള ഒരു ശ്രമവും സർക്കാർ നടത്തുന്നില്ല. പുൽവാമ ആക്രമണത്തിനു ശേഷം ഒളിച്ചിരുന്ന മൂന്നു ഭീകരരെ വധിക്കാൻ 5 സൈനികരെ കുരുതി കൊടുക്കേണ്ടി വന്നു ഇന്ത്യക്ക് എന്നത് നമ്മുടെ സുരക്ഷാ സംവിധാനങ്ങളും ഏറ്റുമുട്ടൽ ടാക്റ്റിക്‌സുകളും എത്രമാത്രം ദുർബലമാണെന്ന് ഭീകരർക്കും ശത്രുക്കൾക്കും വ്യക്‌തമാക്കിക്കൊടുക്കുന്നു. അതിവൈകാരികതയും തങ്ങളുടെ ബലത്തെക്കുറിച്ചുള്ള വ്യാജ ആത്‌മപ്രശംസകളും കൊണ്ട് നേരിടാവുന്നതല്ല രാജ്യസുരക്ഷയുടേയും സൈനിക സുരക്ഷയുടേയും വെല്ലുവിളികൾ.

ചുരുക്കം ഇത്രയേയുള്ളൂ. സർക്കാരിന് ദേശസ്‌നേഹം വോട്ടു നേടാനുള്ള സൂത്രം മാത്രമാണ്. അതിന് തീവ്രത കുറയുമ്പോഴൊക്കെ രാജ്യത്ത് സൈനികർ ആക്രമിക്കപ്പെടേണ്ടതുണ്ട്. ശാശ്വതമായ സുരക്ഷാ സംവിധാനങ്ങളോ ആത്‌മരക്ഷോപകരണങ്ങളോ സൈന്യത്തിന് ലഭ്യമാക്കുന്നതിൽ ഗവർമെൻറുകൾക്ക് താൽപര്യമില്ല. കൊല്ലപ്പെടുന്ന സൈനികരാണ് അധികാരത്തിലേക്കുള്ള എളുപ്പ വഴി എന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞ രാഷ്‌ട്രീയ നേതൃത്വങ്ങൾ ഈ ചോരക്കളി തുടർന്നു കൊണ്ടേയിരിക്കും. മരിച്ച പട്ടാളക്കാരനെ നാം പാടിപ്പുകഴ്ത്തും. അതു നമ്മളല്ലാത്തിടത്തോളം നമുക്ക് ഒന്നും നഷ്‌ടപ്പെടാനില്ലല്ലോ!

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account