എഴുപത് ഡോക്യുമെൻറികളിലേക്കെത്താൻ ഇനി ഒന്നു മാത്രം മതിയെന്ന നന്ദിതയുടെ പ്രസ്‌താവന മോഹൻ രൂപെന്ന മോനുവും ആൻമേരിയെന്ന ആനും അടങ്ങുന്ന ആ പരസ്യക്കമ്പനിയിലെ ആളുകളൊക്കെയും ഒരു വികാരവുമില്ലാതെ കേട്ടു നിന്നു.

കാര്യമെന്തായാലും തന്റെ മേശയിൽ കൊട്ടികൊണ്ടാണ് നന്ദിത അത് പറഞ്ഞതെന്ന അറിവിൽ മോനുവിന് ലേശം പരിഭ്രമം തോന്നാതിരുന്നില്ല.

ഈ പരസ്യക്കമ്പനിയുടെ ഉടമയും തന്നേക്കാൾ പ്രായം കുറഞ്ഞവളുമായ നന്ദിതയുടെ അസിസ്റ്റൻറ്റായപ്പോൾ മുതൽ മോനു കേൾക്കുന്നതാണ് ഈ പ്രഖ്യാപനങ്ങളും ഉത്തരവുകളും.ഇടക്ക് ആൻമേരി പറയുന്ന ആശ്വാസങ്ങളിലൂടെയാണ് മോനു മുന്നോട്ട് നീങ്ങുന്നത് തന്നെ .

എടുത്ത 69 ഡോക്യുമെൻററികളും പലപ്രദർശനങ്ങൾക്ക് പോയി സമ്മാനങ്ങളും പുരസ്കാരങ്ങളും നേടിയുണ്ടെങ്കിലും മോനുവിന് അതൊന്നും അത്ര മഹത്തരമായി തോന്നിയിട്ടേയില്ല’ പലരും പറഞ്ഞെടുപ്പിക്കുന്ന ചിലതും പിന്നെ ഫണ്ടു തട്ടാനുള്ള ചെപ്പടിവിദ്യകളുമായിട്ടാണ് മോനുവിന് തോന്നിയിട്ടുള്ളത്.

ഇത്തവണ അവൾ തിരഞ്ഞെടുത്ത വിഷയം അതും അതിന്റെ പേര് മോനു വിനത് എവിടെയൊക്കെയോ തറച്ചു കയറി ഊരി കളയാൻ വയ്യാത്ത ആഴ്ന്നിറങ്ങി പോയ  ഒരമ്പു പോലെ അതവന്റെ മനസ്സിൽ കുത്തി നിന്നു.

മോനുവിന്റെ ചില സമയത്തെ രീതികളൊന്നും നന്ദിതക്കത്ര ബോധ്യമില്ലെങ്കിലും ക്യാമറയിൽ ദൃശ്യങ്ങൾക്ക് പ്രത്യേക ചാരുത പകർത്തുന്ന അവന്റെ കഴിവിനെ ഓർത്ത് മാത്രമാണ് അവനെ ഈ ടീമിലേക്കെടുത്തതും.

വളരെ വേഗത്തിലാണ് നന്ദിത അതിന്റെ കടലാസ് ജോലികളൊക്കെ തീർത്തതും അനുമതി വാങ്ങിയതുമൊക്കെ.മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ ഒരിക്കലും നന്ദിത കണക്കാക്കറേയില്ല. ആ നിലക്ക് മോനുവിന്റെ പ്രയാസങ്ങളോ ബുദ്ധിമുട്ടുകളോ ഒന്നും നന്ദിതയിലേക്കെത്തിയതേയില്ല.

ആൻ പറയും, അനുഭവങ്ങളുണ്ടെങ്കിലേ അത് വേദനിപ്പിക്കുന്നതും ബുദ്ധിമുട്ടുനിറഞ്ഞതും ആവുമ്പോഴേ മറ്റുള്ളവരുടെ പ്രയാസങ്ങൾ നമ്മൾ തിരിച്ചറിയുകയുള്ളൂ. അത് സത്യമാണെന്ന് മോനുവിനും തോന്നാറുണ്ട്. അതുകൊണ്ട് പലപ്പോഴും അളകയുടേയും രോഹിതിന്റെയും ജോലികൾ നന്ദിതയറിയാതെ തീർത്തു കൊടുക്കാറുണ്ട്.

നേടുക എന്ന ലക്ഷ്യമില്ലാതെ മോനു നന്ദിതയെ കണ്ടിട്ടുണ്ടോ? അളക പലപ്പോഴും ചോദിക്കാറുണ്ട്.

ശരിയാണെന്ന് തോന്നിയിട്ടെന്ത് കാര്യം പലരും പല തരല്ലേ എന്ന മറുപടിയിൽ അളക മൗനിയാവും.

എന്തായാലും ആ ആശുപത്രിയുടെ പരസ്യ വാചകത്തിന്റെ പിന്നിലെ അതേ പേരിലുള്ള ഡോക്യുമെൻറിയുടെ ലക്ഷ്യം എന്തായിരിക്കും മോനു ആലോചിച്ചിരുന്നു. കനത്ത ഫണ്ട് തന്നെയാവും. പരസ്യങ്ങൾ കൊഴുക്കുമ്പോഴല്ലേ പരസ്യക്കമ്പനിയും കൊഴുക്കു. ഉള്ളിലുയരുന്ന പഴയ വിപ്ലവവീര്യത്തെ മോനു പണിപ്പെട്ടടക്കി.

വളരെ ഭീതിപ്പെടുത്തുന്ന അറിവായിരുന്നു മോനുവിനത്, ആൻമേരിയുടെ ചേച്ചി അനീറ്റയുടെ മരണം സത്‌നാർബുദം ബാധിച്ചാണെന്ന്. എന്തൊരു ഊർജസ്വലയായിരുന്നു  അനീറ്റ. ചികിത്സ തുടങ്ങി മൂന്നാമത്തെ കൊല്ലമാണ് ഇതെന്ന് ആൻ പറയുമ്പോൾ കണ്ണിൽ നിന്ന് ചാലിട്ടൊരു പുഴ അവളുടെ കവിൾ വഴി താഴോട്ടിറങ്ങന്നുത് കണ്ട് മോനു അത് തുടക്കാനാഞ്ഞെങ്കിലും വേണ്ടെന്ന് വച്ചു.

നീയെന്താ മോനു ഇങ്ങനെ ഇത്ര ധൈര്യമില്ലാതെ? മോനു സ്വയം ചോദിച്ചു.

കണ്ണീർ തുടച്ചതും ഇനി ഒരു സദാചാര ലംഘനമാവുമെങ്കിൽ വേണ്ട എന്തിനു വെറുതെ പ്രയാസങ്ങൾ ഉണ്ടാക്കണം, മോനു സ്വയം നിയന്ത്രിച്ചു.

ആ ആശുപത്രി തുടങ്ങുന്നതിന്റെ മുന്നോടിയായാണ് നന്ദിതയെ അതിന്റെ എം.ഡി സമീപിക്കുന്നത്.

ഇതുവരെക്കും കിട്ടിയ പ്രതിഫലത്തിലുപരി നല്ലൊരു തുക വന്നപ്പോൾ മുതൽ നന്ദിത അതിന്റെ പരസ്യം രൂപപ്പെടുത്തുന്നതിൽ മുഴുകി തന്നെ നടന്നു.

പിങ്ക് ഒക്ടോബറിനെ മുൻനിർത്തി നന്ദിത പരസ്യം തുടങ്ങിയതങ്ങനെയായിരുന്നു.

ആ കാമ്പെയ്‌നിങ്ങിന്റെ ഭാഗമാവാൻ കഴിഞ്ഞതിന്റെ ഭാഗ്യത്തെപ്പറ്റി നന്ദിത ആൻമേരിയോട് പറഞ്ഞു. അനീറ്റ അങ്ങനെയാണ് അവിടെയെത്തുന്നത്.

ഒരു കുഞ്ഞു കുരുവായിരുന്നു അത്. ഒരു ചെറുത്. പിന്നീടെത്ര വേഗമാണ് അനീറ്റ അവളല്ലാതായത്.

എനിക്കൊന്നുമുണ്ടായിരുന്നില്ല കുത്തിവെച്ച് കുത്തിവെച്ച് എന്നെ ഞാനല്ലാതാക്കിയല്ലോ എന്നവൾ പറയുന്നതൊക്കെ ഒരു പുലമ്പലായിട്ടേ എല്ലാർക്കും തോന്നിയുള്ളൂ .എന്റെ കുഞ്ഞിന് ഇത്തിരി പാലു കൊടുക്കാൻ പോലും ആയില്ലല്ലോ എന്നവൾ കരഞ്ഞുപറയുന്നത് കേൾക്കുമ്പോൾ തന്റെ കൂടി ജീവിതം തീരുകയല്ലോന്ന് കരുതി ജോസഫ് പുറത്ത് നിന്ന് കരയും  ആനിന്റെ വാക്കുകൾ ഇടറി വരുന്നുണ്ടായിരുന്നു.

മോനു അപ്പോൾ അമ്മയെ ഓർത്തു ഒരു ചെറു തടിപ്പുണ്ട് മോനെ ഇവിടെ എന്നു പറഞ്ഞ് അമ്മ കാണിച്ചു തന്ന ഒരു ചെറു തടിപ്പ്’ പരീക്ഷിച്ച് പരീക്ഷിച്ച് അമ്മ പോവുമ്പോൾ മോനു നിശ്ചലം നിന്നു.ആരോടാണ് ചോദിക്കേണ്ടത് ആരാണുത്തരം തരിക.

അനീറ്റയെ പോലെ, അമ്മയെ പോലെ, പിന്നെ അതുപോലുള്ള അസംഖ്യം അമ്മമാരുടെ, അനീറ്റമാരുടെ രൂപങ്ങൾ അവനു മുന്നിൽ പത്തി വിരിച്ചു വന്നു.

ഒക്‌ടോബറിനൊരു പ്രത്യേക ഛായയാണെന്ന് മോനുവിന് തോന്നാറുണ്ട്.bനന്ദിതയുടെ ഡോക്യുമെൻററിയുടെ പേര് കേട്ടപ്പോൾ മോനുവിന് തോന്നിയത് അതാണ്. ശരത്കാലത്തിന്റെ മഞ്ഞ ഇലകൾ.vവിദേശിയരുടെ നാലു ഋതുക്കളിലെ പഴുത്ത ഇലകളുടെ കാലം. ‘ഓട്ടം’ എന്ന ആ ഋതുവിനെ മോനു വെറുത്തിരുന്നു. വരാനിരിക്കുന്ന ശൈത്യത്തിന്റെ മുന്നോടിയായുള്ള ഇലപൊഴിയും കാലം. പിന്നീടുള്ള അതി ഭയാനകമായ മരവിപ്പിനേ ഓർത്തപ്പോൾ മോനുവും മരവിച്ചു നന്ദിത അപ്പോൾ പറഞ്ഞതൊക്കെ മോനു വെറുതെ കേട്ടു നിന്നു.

അപ്പോഴും അവന്റെ മനസ്സിൽ ചില പരീക്ഷിണ മരുന്നുക്കിൾക്കിരയായി ജീവിതം തീരാതെ പോയ അമ്മ’ പോയ അതിശൈത്യത്തിന്റെ മരവിപ്പായിരുന്നു.

അസംഖ്യം രോഗികൾക്കിടക്കുന്ന സർവ്വത്ര ശീതികരിക്കപ്പെ’ട്ട പഞ്ചനക്ഷത്ര ഹോട്ടലിനെ വെല്ലുന്ന അതിവിശാലമായ കോറിഡോറുകൾ. അതിനിരുവശവും ചില്ലുജാലകങ്ങൾ ഉള്ള നൂതന മുറികൾ വാതിലുകൾ തുറന്നാൽ കാണുന്നത് വാടിയ മുഖങ്ങളും മുടിയില്ലാത്ത തലകളുമാണ്. നീലവിരപ്പിട്ട ജനാലകൾക്കപ്പുറത്ത് കാണുന്ന ആകാശത്തിന് ചാരനിറമാണ് നടുത്തളത്തിലെ ജലധാരയും അതിനപ്പുറത്തെ സ്ഫടിക കൂട്ടിലെ മീനുകളും പൊയ്‌കയും താമരയും മത്സ്യകന്യകയും ഒക്കെ അനക്കമില്ലാതെ നിൽക്കുന്നതായാണ് അനുഭവപ്പെട്ടത്.

നന്ദിതയൊന്ന് പതുക്കെചിരിച്ചു. അവളുടെ അടുത്ത ഊഴം എന്തിനുള്ള തായിരിക്കും ആ ചിരിക്കു പിന്നിലെ ചിന്തകളിലേക്ക് മോനുവിന് കടന്നു ചെല്ലാൻ തോന്നി. അവൾക്കൊരു ഞണ്ടിന്റെ ഛായവരുന്നുണ്ടെന്ന് തോന്നലിൽ അവൾ പറയുന്നത് തന്നെ ഇറുക്കി പിടിക്കുന്നതായാണ് മോനു കണ്ടത്.

വേണം മോനു, ഇനിയും രോഗികൾ വരണം. രോഗം മാറി എന്നു തോന്നിപ്പിച്ച് ആയുസ് നീട്ടി നീട്ടി കൊടുത്ത് പിന്നെയും രോഗം വന്ന് അവർ വീണ്ടും വരണം, മരുന്നുകൾ കഴിക്കണം, പരീക്ഷണങ്ങൾ നടക്കണം, റിസർച്ച് സെൻറുകൾ പെരുകണം, ഉപകരണങ്ങൾ പ്രവർത്തിക്കണം, പിങ്ക് ഒക്ടോബർ സഫലമാവണം.

മഹത്തായ ഒരു സന്ദേശത്തെ ഇങ്ങനെ എങ്ങനെയാണ് വ്യാഖ്യാനിക്കുക, മോനു ആലോചിച്ചു. ചികിത്സിക്കപ്പെടണം. അതിലേക്ക് ആകർഷിക്കപ്പെടണം.

കച്ചവടത്തിന്റെ പുതിയ മുഖങ്ങൾ കണ്ട് മോനു പകച്ചു.

പലതരം മരുന്നുകൾ ഉണ്ടത്രേ, വില കൂടിയതും വില കുറഞ്ഞതും ഒരു രോഗത്തിന് തന്നെ, എന്താണതിന്റെ ശാസ്ത്രീയത?  ഉള്ളിലുയരുന്ന ചോദ്യങ്ങൾ അടക്കി നിർത്താൻ പാടുപെടുന്നതിനിടയിലാണ് മോനു അത് കണ്ടത്. ‘നന്ദിത’യുടെ പ്രസിദ്ധമായ ആ കാപ്ഷൻ: ‘അതിശയിപ്പിക്കുന്ന രോഗനിർണ്ണയം’. ചെറുകാക്ക പുള്ളികൾ വരെ ഉള്ളവർ ചികിത്സക്കായി എത്തിയതങ്ങെനെയാവാം.

ഇപ്പോഴി ആളൊഴിഞ്ഞ ഗ്രാമ പാതയിൽ മോനു ക്യാമറയും തൂക്കി നിന്നു. പെണ്ണുങ്ങളില്ലാത്ത വീടുകളായി ആ പ്രദേശം മുഴുവൻ മാറിയതെങ്ങനെയെന്ന നടുക്കത്തിൽ നിൽക്കുമ്പോൾ സ്വയം പരിശോധന നടത്തുവിൻ തിരിച്ചറിയുവിൻ എന്ന നന്ദിതയുടെ പരസ്യത്തിന്റെ അടുത്ത വാചകവും അവനോർമ്മ വന്നു.

തന്റെ കൈകൾ അറിയാതെ വിറക്കുന്നതറിഞ്ഞ് മോനു ക്യാമറ താഴെ വെച്ചു.

ഒരു പ്രസ്ഥാനത്തിനെ അതിന്റെ .ആശയത്തെ ശീതികരിച്ച മുറികളിലേക്ക് തളച്ചിട്ട എല്ലാത്തിനോടും അവന് ദേഷ്യം വന്നു അവനു മുന്നിൽ ചെറു തടിപ്പിനായി ചികിത്സിച്ച അമ്മയും കുഞ്ഞിനു മുലകൊടുക്കാനാവാതെ കരഞ്ഞ അനീറ്റയും അതുപോലുള്ള മറ്റനേകം പേരും നിരന്നു നിന്നു.

തന്നോട് നിർദ്ദേശിക്കുന്ന നന്ദിതയുടെ മുന്നിലേക്ക് ഉറച്ച കൈകളിൽ കത്തിയുമായി പാഞ്ഞു വരുന്ന മോനുവിനെ കാണെ നന്ദിത തന്റെ മാറത്ത് കൈകൾ പിണച്ചുവെച്ച് ഓടി തുടങ്ങുമ്പോൾ അവർക്കു പിന്നിലായി ആശുപത്രിക്ക് മേലെ പിങ്ക് ഒക്ടോബർ എന്ന ബാനർ പാറികളിക്കുന്നുണ്ടായിരുന്നു.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account