അതിഥി, അതായിരുന്നു എന്റെ രോഗിയുടെ പേര്. വയസ്സ് നാല് കഴിഞ്ഞിരിക്കുന്നു.  അമ്മയുമൊത്തായിരുന്നു അവൾ വന്നത്. ചിരിച്ച മുഖത്തോടെയായാണ് അവൾ എന്റെ മുറിയിൽ പ്രവേശിച്ചത്. അപരിചിതത്വം അവൾക്കു അശേഷമുണ്ടായിരുന്നില്ല. എന്നാൽ അമ്മയുടെ മുഖത്ത് ഈ ഭാവങ്ങളെല്ലാമുണ്ടായിരുന്നു. ഞാനാദ്യം വിചാരിച്ചത് അവരായിരിക്കും രോഗി എന്നാണ്.

‘ഡോക്‌ടർ , എനിക്കൊരു കാര്യം പറയാനുണ്ട്’ എന്ന ആമുഖത്തോടെയാണ് അവളുടെ അമ്മ തുടങ്ങിയത്. കുട്ടി കുറച്ചുനാളുകളായി അവളുടെ ജനനേന്ദ്രിയത്തിൽ കൈകൊണ്ടു തൊട്ടു കളിക്കുന്നു എന്നതായിരുന്നു അവളുടെ അമ്മയുടെ ദുഃഖം. ഇത്ര ചെറുപ്പത്തിലേ ഒരു കുട്ടി ഇങ്ങനെയൊക്കെ ചെയ്യുന്നതിന്റെ ഉത്‌കണ്ഠ അവരിലുണ്ടായിരുന്നു.

‘ഒരു കുട്ടി അവളുടെ സ്വന്തം ശരീരഭാഗത്തു തൊടുന്നതിൽ എന്താണപാകത?’ എന്നായിരുന്നു ഞാൻ അവരോടു ചോദിച്ചത്. വല്ലാത്തൊരു അമ്പരപ്പായിരുന്നു അവർക്കപ്പോൾ. ഞാൻ ഒരുപക്ഷേ കളിയാക്കുകയാണെന്നു പോലും അവർക്കു തോന്നിയിരിക്കാം. അതുകൊണ്ടുതന്നെ ഞാൻ കാര്യങ്ങൾ വിശദീകരിച്ചു തന്നെ പറഞ്ഞുകൊടുത്തു. ‘നാല് വയസ്സായ കുട്ടി അവളുടെ ജനനേന്ദ്രിയത്തിലെന്നല്ല, അവളുടെ പ്രായത്തിലുള്ള മറ്റു കുട്ടികളുടെ ജനനേന്ദ്രിയങ്ങളിൽ വിരൽ കൊണ്ട് തൊട്ടാൽ പോലും പ്രത്യേകിച്ച് ഒരു പ്രശ്‌നവുമില്ല. കുട്ടി വളരുമ്പോൾ അത് തനിയേ ശരിയായിക്കൊള്ളും. പ്രത്യേകിച്ച് ചികിത്‌സയുടെ ആവശ്യമില്ല എന്ന് ഞാൻ അവരെ അറിയിച്ചു. ലൈംഗീക വിദ്യാഭ്യാസം കൊടുക്കുക എന്നത് ഒരമ്മയുടെ കടമയാണെന്നും, ഏതു സമയവും അവിടെ തൊട്ടാൽ അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് അവളെ പറഞ്ഞു മനസ്സിലാക്കിയാൽ മതിയെന്നും, ജനനേന്ദ്രിയങ്ങൾ വൃത്തിയായി കഴുകി സൂക്ഷിക്കുവാൻ അവളെ പഠിപ്പിക്കണമെന്നും അവരോടു പറയുവാൻ മറന്നില്ല.

മനഃശാസ്‌ത്രത്തിന്റെ പിതാവായ സിഗ്മണ്ട് ഫ്രോയ്‌ഡാണ് ആദ്യമായി കുട്ടികളിലെ ലൈംഗീകതയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ഒരു കുട്ടി ജനിക്കുമ്പോൾ തന്നെ ലൈംഗീക വികാരവും ജനിക്കുന്നു. അത് കുട്ടികൾക്ക് അനുഭവഭേദ്യമായില്ലെങ്കിലും ആ സ്വഭാവം അവരിൽ പലപ്പോഴും പ്രകടമാകും. ആൺകുട്ടികൾക്ക് അമ്മയോടും പെൺകുട്ടികൾക്ക് അച്ഛനോടും കൂടുതൽ അടുപ്പമുണ്ടാകുന്നതിന്റെ കാരണം പോലും ഇതാണെന്നാണ് അദ്ദേഹത്തിന്റെ വാദം. കുട്ടികളിൽ യഥാർത്ഥ ലൈംഗീക വികാരം ഉടലെടുക്കുന്നത് puberty  എന്നറിയപ്പെടുന്ന കൗമാരത്തിലാണ്. അവരിൽ അതിനു വേണ്ട ഹോർമോണുകളും സജ്ജമാകുന്നത് അപ്പോൾ മാത്രമാണ്.

ഇതേക്കുറിച്ച് കൂടുതൽ പഠനം നടത്തിയിട്ടുള്ള ആൽഫ്രഡ്‌ കിൻസിയുടെ അഭിപ്രായവും, കുട്ടികൾ അവരുടെ ആകാരത്തിലും ലൈംഗീകതയിലും ആകാംക്ഷാഭരിതരാണെന്നു തന്നെയാണ്. കുട്ടികൾ എവിടെനിന്നും പിറക്കുന്നു എന്നത് അവർക്ക് തികച്ചും കൗതുകകരമായ ഒരു കാര്യമാണ്. ആൺ പെൺ ജനനേന്ദ്രിയങ്ങളുടെ വ്യത്യാസങ്ങളും അവരെ കൗതുകാലുക്കളാക്കുന്നു.

ചില കുട്ടികളാകട്ടെ, ജനനേന്ദ്രിയങ്ങളിൽ തൊട്ടുകൊണ്ടുള്ള കളികൾക്കും മുതിരുന്നു. അത് പലപ്പോഴും മാതാപിതാക്കൾ സ്വയം ഭോഗമായി തെറ്റിദ്ധരിക്കാറുണ്ട്. അത്തരത്തിലായിരുന്നു അതിഥിയുടെ അമ്മയും ചിന്തിച്ചത്. ചിലപ്പോഴെല്ലാം ഈ കളികൾ സഹോദരങ്ങളോടോ സുഹൃത്തുക്കളോടോ ചേർന്നും നടത്തിയേക്കാം. കുട്ടികൾ വളരുന്നതോടൊപ്പം ഇത്തരം പ്രവർത്തികൾ കുറഞ്ഞു വരുന്നതായിട്ടാണ് സാധാരണ കണ്ടുവരുന്നത്. യഥാർത്ഥ ലൈംഗീക താൽപ്പര്യമല്ല, മറിച്ച് കൗതുകം മാത്രമാണ് ഇവരിൽ കണ്ടുവരുന്നത്.

പാശ്ചാത്യ രാജ്യങ്ങളിൽ ഇതിനു ‘ഡോക്‌ടർ കളി’ (Playing Doctor) എന്ന് വിളിപ്പേരുണ്ട്. കുട്ടികൾ മറ്റുകുട്ടികളുടെ ജനനേന്ദ്രിയങ്ങൾ പരിശോധിക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊരു പേര് വീണത്. ആൽഫ്രഡ് കിൻസിയുടെ ഒരു പുസ്‌തകത്തിൽ പറയുന്നത് 36.6% പത്തുവയസ്സിൽ താഴെയുള്ള കുട്ടികളും സ്വന്തലിംഗക്കാരിലും എതിർലിംഗക്കാരിലുമായി ഈ ‘ഡോക്ടർ കളി’ നടത്തിയിട്ടുണ്ടെന്നാണ്.

– Dr. Suneeth Mathew BHMS, M.Phil(Psy), FCECLD

1 Comment
  1. Vishwanath 1 year ago

    എല്ലാ രക്ഷാകർത്താക്കളും അറിഞ്ഞിരിക്കേണ്ടത്…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account