ഞാനാരായിത്തീരണം, എന്തായിത്തീരണം എന്നൊരാൾക്ക് മോഹിക്കാനാകും. പക്ഷേ തീരുമാനിക്കാനാവത്ത ചിലതുണ്ട്; ജന്മബന്ധങ്ങൾ പോലെയുള്ളവ. ചില ബന്ധങ്ങളിൽ തിരഞ്ഞെടുപ്പിനിടയുണ്ട്. പ്രണയം, വിവാഹം, സൗഹൃദം എന്നിവയിൽ ആ സ്വാതന്ത്ര്യമാണുള്ളത്. മറ്റു ചിലതാകട്ടെ, യാതൊരു തിരഞ്ഞെടുപ്പിനും സാധ്യതയില്ലാത്തതും. ജന്മം കൊണ്ടുണ്ടാകുന്ന ബന്ധങ്ങളാണവ. അത്തരമൊരു അനിശ്ചിതത്വം പേറിയവരാണ് മഹാകവി വേർഡ്‌സ് വർത്തും കാമുകിയായിരുന്ന ആനെറ്റ് വല്ലോണും. അതിലേറെയാണ് അവരുടെ മകൾ കരോളിൻ അനുഭവിച്ച അസ്‌തിത്വ ദുഃഖം.

വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവളായിരുന്നു ആനെറ്റ്. സ്വതന്ത്ര ചിന്തകളും വ്യക്‌തിത്വവുമുള്ളവൾ. റൂസോയുടെയും മറ്റും കൃതികളിൽ അഭിരമിച്ചിരുന്നവൾ.  വേർഡ്‌സ് വർത്തിന്റെ രണ്ടാമത്തെ ഫ്രാൻസ് സന്ദർശനവേളയിലാണ് അവർ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഒരിക്കലും പിരിയരുത് എന്ന് അവർ ആഗ്രഹിച്ചിരുന്നു. എന്നാൽ ഫ്രഞ്ച് വിപ്ലവവും തുടർന്ന് രാജ്യങ്ങളുടെ രാഷ്‌ട്രീയ സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളും അവർക്ക് ഒന്നിക്കുന്നതിന് തടസമായി. ആഭ്യന്തര കലാപത്തിൽ പെട്ടവർക്കു സഹായമേകുന്ന പ്രവർത്തനങ്ങളിലേക്ക് ആനെറ്റും കാൽപ്പനിക കവിതയുടെ ലോകത്തേക്ക് വില്യം വേർഡ്‌സ് വർത്തും പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിച്ചു. അവരുടെ മകൾ കരോളിൻ പിതൃസ്‌നേഹമറിയാതെയും വളർന്നു.

ആനെറ്റുമായി പിരിഞ്ഞു ഒരു ദശാബ്‌ദക്കാലത്തിനു ശേഷം കവി വീണ്ടും  ഫ്രാൻസിൽ എത്തി. സഹോദരി ഡൊറോത്തിയ്‌ക്കൊപ്പമായിരുന്നു വേർഡ്‌സ് വർത്തിന്റെ ആ യാത്ര. പോറ്റിവളർത്താതെ പോയ മകൾക്ക് അവളുടെ അമ്മായിയെ കാട്ടികൊടുക്കാനൊന്നുമായിരുന്നില്ല ആ പോക്ക്. അതിനിടെ അടുപ്പത്തിലായ മേരി ഹച്ചിൻസണെ വിവാഹം കഴിക്കണം. അതിനു പത്തുവയസുകാരിയായ മകളല്ല, പഴയ ജീവിത സഖിയാണ് സഹായിക്കേണ്ടത്.

ആനെറ്റിനെ കണ്ട് സംസാരിച്ച് ഉടമ്പടിയിലെത്തണം. പഴയ ബന്ധത്തിൽ നിന്ന് കവിയെ സ്വതന്ത്രമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ആ ഉടമ്പടി. പുതിയ കാമുകിയായ മേരി ഹച്ചിൻസണെ വിവാഹം ചെയ്യുന്നതിനു നിയമപരമായി ആനെറ്റ് തടസ്സമാകരുത്. വില്യം വേർഡ്‌സ് വർത്തുമായി പിരിഞ്ഞ ശേഷം ആനെറ്റിന് പിന്നെയൊരു പ്രണയമോ ദാമ്പത്യമോ ഉണ്ടായിട്ടുമില്ല.

ഈ സന്ദർഭത്തിലാണ് വേർഡ്‌സ് വർത്ത് ആദ്യമായി തന്റെ മകളെ കാണുന്നത്. അന്ന് അവൾക്കൊപ്പം കലൈസ് കടൽത്തീരത്തുകൂടി അവർ ഇരുവരും ഏറെദൂരം നടന്നു. അവൾ അച്ഛനോട് ആദ്യമായി മിണ്ടി. മഹാകവി മകളോട് മനസുകൊണ്ട്  മാപ്പുചോദിച്ചു. കടൽത്തീരത്തുകൂടെ അച്ഛന്റെ കൈപിടിച്ചു നടന്ന ആ പത്തു വയസുകാരിക്കത് സന്തോഷത്തിന്റെ ദിവസമായിരുന്നിരിക്കണം. ഒരു ബന്ധം എന്നേക്കുമായി മുറിച്ചു മാറ്റപ്പെടുന്നു എന്ന് മനസിലാക്കാനവൾ വളർന്നിരുന്നില്ലല്ലോ! അന്നത്തെ ആ സായാഹ്ന സവാരി ഒരിക്കലും മായ്ക്കപ്പെടാത്ത ഒരു കവിതയായി രചിക്കപ്പെടുമെന്നും അവൾ അറിഞ്ഞിരുന്നില്ല. ‘ഇതൊരു സുന്ദര സായാഹ്നം ശാന്തവും സ്വതന്ത്രവുമായത്’ എന്നു തുടങ്ങുന്ന കവിത അവൾക്കൊപ്പം നടന്ന സമയത്തെക്കുറിച്ചാണ് വേർഡ്‌സ് വർത്ത്  എഴുതിയത്. കുട്ടി കടൽത്തീരത്തിന്റെ പ്രകൃതി ഭംഗിയിൽ മതിമറക്കാതെ നടക്കുന്നത് അപ്പോഴുമവളിൽ പ്രകൃതിയുമായി ഏകഭാവം ഉള്ളതുകൊണ്ടാണ്, വളർന്ന് അവളുടെ നിഷക്കളങ്കത നഷ്‌ടപ്പെടാത്തതു കൊണ്ടാണ് എന്ന് കവി പറയുന്നു. അതുകൊണ്ടു തന്നെയാണ് അന്ന് അവൾ ദുഃഖിതയാവാതിരുന്നതും.

ആ സായാഹ്നവും അദ്ദേഹത്തിന്റെ ഫ്രഞ്ചു സന്ദർശനവും എന്തിനായിരുന്നു എന്ന് ആ കുട്ടി മനസിലാക്കിയയത് ഏറെക്കാലത്തിനു ശേഷമാണ്. അവൾ അതിൽ പരിതപിച്ചതുമില്ല. കാരണം  വില്യം വേർഡ്‌സ് വർത്തിന്റെ മകളായത് അവളുടെ വിധി കൊണ്ടു മാത്രമാണ്. അതിലവൾക്ക് തിരഞ്ഞെടുപ്പിനും തീരുമാനത്തിനും ഇടയില്ല. ലോകത്തിലെ ഏറ്റവും പ്രശസ്‌തനായ ഒരു കവിയുടെ മകളായിരിക്കെത്തന്നെ അങ്ങനെയൊരു ജീവിതം നിഷേധിക്കപ്പെട്ട കുട്ടി. പിതാവിന്റെ അസാന്നിധ്യം ജീവിതത്തിലുടനീളം അവൾക്ക് ദുഃഖദായകം ആയിരുന്നിരിക്കാം. പക്ഷെ യാഥാർഥ്യത്തെ മനസിലാക്കാൻ അവൾക്കു കഴിഞ്ഞിരുന്നു. കാരണം അമ്മയുടെ പാകതയും അച്ഛനില്ലാതെ വളരുന്ന കുട്ടിയെന്ന കർശനങ്ങളും അവളെ കൂടുതൽ പക്വമതി ആക്കിയിരുന്നു.

എങ്കിലും മകളെന്ന നിലയിൽ അവളുടെ ഹൃദയം അച്ഛന്റെ സാന്നിധ്യം  വിവാഹവേളയിൽ ആഗ്രഹിച്ചു. ജീൻ ബാപ്റ്റിസ്റ്റെയുമായി നടക്കാനിരിക്കുന്ന വിവാഹത്തെക്കുറിച്ച് നേരത്തേ തന്നെ അച്ഛനെ അവൾ  അറിയിച്ചിരുന്നു. അദ്ദേഹം എത്താമെന്ന് ഉറപ്പു പറഞ്ഞിരുന്നതുമാണ്. വാട്ടർലൂ യുദ്ധത്തെത്തുടർന്ന് ഇംഗ്ലണ്ടിൽ നിന്നു ഫ്രാൻസിലേക്കുള്ള യാത്ര അസാധ്യമായതിനാൽ  വേർഡ്‌സ് വർത്തിനു വിവാഹത്തിൽ പങ്കെടുക്കാനായില്ല. ചടങ്ങിന് സാമ്പത്തിക സഹായം എത്തിക്കുകയും ചെയ്‌തു കവി. പക്ഷേ മറ്റേതു സമ്പത്തിലുമേറെയായി അവളന്ന് ആഗ്രഹിച്ചത് അച്ഛന്റെ സാമീപ്യം ആയിരുന്നിരിക്കും. തന്റെ അച്ഛൻ പ്രശസ്‌തനായിരിക്കുന്നതിലും ഒരു പക്ഷേ അവൾക്ക് സന്തോഷമേകിയേനെ, അദ്ദേഹം അന്നവിടെ തന്റെ കൈ പിടിച്ചു നൽകാനുണ്ടായിരുന്നെങ്കിൽ.

സാമ്പത്തിക ഭദ്രത ആനെറ്റിനും മകൾക്കും ഉറപ്പാക്കി എന്നതിന്റെ പേരിൽ കവി ന്യായീകരിക്കപ്പെടുന്നുണ്ട്. ജീവിതം മുന്നോട്ടേയൊഴുകൂ എന്നതുകൊണ്ട് ന്യായീകരണം അർഹിക്കപ്പെടുന്നുമുണ്ട്. ആനെറ്റിൽ നിന്ന് അകലാനുണ്ടായ കാരണവും വ്യക്‌തിപരം മാത്രമല്ല. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ശത്രുത അങ്ങോട്ടുള്ള സഞ്ചാരവും ആശയ വിനിമയവും അസാധ്യവുമാക്കിയിരുന്നു. കരോളിനും ജീൻ ബാപ്റ്റിസ്റ്റെയും വിവാഹശേഷം  വേർഡ്‌സ് വർത്ത് കുടുംബത്തെ ഇംഗ്ലണ്ടിൽ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും അതും ഇക്കാരണങ്ങളാൽ തന്നെയാണ് നടക്കാതിരുന്നത്.

വേർഡ്‌സ് വർത്തിന്റെ ജീവിതം മേരി ഹച്ചിൻസണുമൊത്തു സംതൃപ്‌തമായി നീങ്ങിയെങ്കിലും ആനെറ്റിനും കരോളിനും ജീവിതം നഷ്‌ടങ്ങൾ മാത്രമുള്ളവ ആയിരുന്നു. ചിലരെ തമ്മിൽ വിധി ചില നേരങ്ങളിൽ കൂട്ടിക്കെട്ടുമെങ്കിലും അത്തരം സ്‌നേഹച്ചരടുകൾ, ബന്ധങ്ങൾ, എത്ര കാലം തുടരാനാകും എങ്ങനെ തുടരാനാകും എന്നതൊക്കെ സമയത്തിന്റെ കൈകളിലാണ്. മഹാകവിയായാലെന്ത്, തങ്ങളുടെ തന്നെ ജീവിതം പോകുന്ന വഴികളിൽ വെറുതേ കാഴ്ച്ചക്കാരാകൻ വിധിക്കപ്പെട്ടവരല്ലേ മനുഷ്യർ!!

– വിനീത പ്രഭാകർ പാട്ടീൽ

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account