– ജിസാ ജോസ്

“പട്ടിയെപ്പോലെയാണു മതം. അതിനാവശ്യമുള്ളപ്പോൾ ഏതു മതിലും ചാടും. ആരുമായും ഇണചേരും. എവിടെയും കയറി കുട്ടികളെ നിർമ്മിക്കും. ഇഷ്ടപ്പെട്ടില്ലെങ്കിൽ ആർക്കു നേരെയും കുരയ്ക്കും.ആരെയും കയറി കടിക്കും. കടിച്ചു കുടയും. കുടഞ്ഞു കൊല്ലും” (പൂജ്യം: 53 ).

മനുഷ്യർ, അവരുടെ മത രാഷ്‌ട്രീയ വിശ്വാസങ്ങൾ പലതരത്തിൽ ഹിംസയുടെ, വിവേചനത്തിന്റെ പുതു മൂല്യങ്ങൾ വിക്ഷേപിച്ചു കൊണ്ടിരിക്കുന്ന സാമൂഹിക സ്ഥലികളിൽ നിന്നു കൊണ്ടാണ് രവി വർമ്മ തമ്പുരാന്റെ പൂജ്യം എന്ന നോവൽ മൈത്രിയുടെ, മതരാഹിത്യത്തിന്റെ സ്വച്ഛമായ, അതിരുകളില്ലാത്ത വിശാലതകൾ സ്വപ്‌നംകാണുന്നത്. അത് കേവലം സ്വപ്‌നമായി മാത്രം അവശേഷിക്കുകയില്ലെന്ന പ്രത്യാശയാണ് നോവൽ മുന്നോട്ടു വെക്കുന്ന ഗുണപരമായ ദർശനം. പ്രതിസന്ധികളും തടസ്സങ്ങളും ഉണ്ടാവും. പക്ഷേ, അത്യന്തികമായി മാനവികതയിലും സഹിഷ്‌ണുതയിലുമടിയുറച്ച സാമൂഹിക മൂല്യങ്ങൾ പുനസ്ഥാപിക്കപ്പെടാതിരിക്കില്ല. പ്രകൃതി, സംസ്‌കാരം, മതം,രാഷ്‌ട്രീയം, വിദ്യാഭ്യാസം, ജീവിത ശൈലി തുടങ്ങി സമകാലമനുഷ്യരുടെ ജീവിതത്തെ സ്വാധീനിക്കുന്നതും അതിനെ തിട്ടപ്പെടുത്തുന്നതുമായ എല്ലാ ഘടകങ്ങളെയും കർക്കശമായ വിചാരണയ്ക്കു വിധേയമാക്കുന്നു ണ്ട് പൂജ്യം. സംസ്‌കാരത്തിന്റെ പ്രതിവായനയിലൂടെ എതിർ നിലപാടുകളുടെ ഒരു സമാഹാരമായി മാറുന്നു ഈ ചെറിയ പുസ്‌തകം. എല്ലാകാര്യത്തിലും ഒരു പോലെയുള്ള, ഭൂമുഖത്തെ ഏറ്റവും ബുദ്ധിശാലിയായ മനുഷ്യർ പരസ്‌പരം വെട്ടിയും കുത്തിയും ബോംബിട്ടും കൊലപ്പെടുത്തുന്നതിന് ഒരൊറ്റ കാരണമേയുള്ളു. അത് മത രാഷ്‌ട്രീയ വിശ്വാസങ്ങളാണ്. അത്തരം പരിമിതികളെയാണ് ഓരോരുത്തരും മറികടക്കേണ്ടത്.

മനുഷ്യർ സ്വയം നിർമ്മിക്കുന്ന പലതരം മതിലുകളുണ്ട്. സ്വന്തം മനസിനെ മറ്റൊരു മനസിൽ നിന്ന്, ജീവിതത്തെ മറ്റൊരു ജീവിതത്തിൽ നിന്ന്, സ്വന്തം ജീവിതത്തെ അതിന്റെ വളർച്ചയിൽ നിന്ന് ഒക്കെ അകറ്റുന്ന മതിലുകൾ. നിറം, കുലം, ജാതി,വിദ്യാഭ്യാസം, സമ്പത്ത് ഒക്കെ ഇത്തരം മതിലുകളാണ്. ഇത്തരമൊരു തിരിച്ചറിവിൽ നിന്നാണ് അക്രൂരൻ, കൊരിന്ത്യർ, മുഹമ്മദ്, പിംഗളൻ, സനാതനൻ എന്ന അഞ്ചംഗ സംഘം പുരന്ദരൻ എന്ന ആർക്കിടെക്റ്റിന്റെ സഹായത്തോടെ മതിലുകളില്ലാത്ത ഹൃദയ നഗരി എന്ന ആശയം പ്രാവർത്തികമാക്കാൻ തീരുമാനിക്കുന്നത്. പല പ്രായക്കാരും പലതരം ജോലികൾ ചെയ്യുന്നവരുമായ അഞ്ചു പേരെയും ചേർത്തുനിർത്തിയിരുന്നത് അവർ നടത്തിയിരുന്ന അനേകം യാത്രകളായിരുന്നു. പ്രകൃതിയിലേക്കുള്ള നിശബ്‌ദമായ യാത്രകൾ. മനസു കൊണ്ടും ശരീരം കൊണ്ടും ഒരുമിച്ചു യാത്ര ചെയ്യുന്നവർ.

തേയിലത്തോട്ടങ്ങൾക്കു നടുവിൽ കുന്നിൻ മുകളിൽ ഹൃദയാകൃതിയുള്ള പ്ലോട്ട്. അവിടെ വീടുണ്ടാക്കിക്കൊടുക്കാൻ വന്ന പുരന്ദരനും അവരുടെ പദ്ധതിയിലാകൃഷ്ടനായി അതിൽ പങ്കാളിയാവുന്നു. തോട്ടം മാനേജർ യെശയ്യാവും ഒരു വീട് അവിടെ ആവശ്യപ്പെടുന്നു. പുരന്ദരൻ നഗരവാസിയായ വെറുമൊരു ആർക്കിടെക്ട് മാത്രമായിരുന്നില്ല. ആഴമുള്ള ചിന്തകൾ, തെളിഞ്ഞ മൂർച്ചയുള്ള ധിഷണ, സൂക്ഷ്‌മ വിശകലനശേഷി എല്ലാം അയാളെ വ്യത്യസ്‌തനാക്കി. അവരൊന്നിച്ചുള്ള കൂട്ടായ്‌മകളിലെ തുറന്ന ചർച്ചകൾ ജീവിതത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള പുതിയ അവബോധങ്ങൾ കൊണ്ടു സമൃദ്ധമായി. ഹൃദയനഗരി എന്തായിരിക്കണമെന്നും എന്തു സന്ദേശമാണതു ലോകത്തിനു നൽകേണ്ടതെന്നും അവരുടെ പങ്കുവെയ്ക്കലുകളിലൂടെ കൃത്യമായ രൂപമാർന്നു. “പൂജ്യ മദ: പൂജ്യമിദം ..’ എന്നു തുടങ്ങുന്ന ശ്ലോകം ഹൃദയനഗരിയുടെ പ്രാർത്ഥനാ ശ്ലോകമായി. പൂജ്യം ശൂന്യതയല്ല, പൂർണതയാണ്. ആരംഭമോ അവസാനമോ ഇല്ലാത്തത്. ഹൃദയനഗരി പൂർത്തിയാവുമ്പോൾ സന്തോഷമാണു നിറയേണ്ടത്. പൂജിക്കപ്പെടേണ്ടത്. പൂജിക്കാനുള്ളത്. സന്തോഷത്തിന്റെ പൂർണത.

പൂജ്യമായ, പൂർണമായ ഹൃദയ നഗരിയുടെ ലക്ഷ്യവും സന്ദേശവും കൂടുതൽ പേരിലേക്കെത്തിക്കാൻ വേണ്ടിയാണ് അവർ 3 പേരെക്കൂടി തങ്ങളുടെ കൂട്ടത്തിൽ ചേർക്കാൻ തയ്യാറാവുന്നത്. 10 വീടുകൾ കൂടിച്ചേർന്നുണ്ടാവുന്ന ഹൃദയൈക്യത്തിന്റെ വൃത്തപൂർത്തിയായിരുന്നു അവരുടെ സ്വപ്‍നം. അതിരില്ലാത്ത സ്‌നേഹത്തിന്റെയും അളവുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെയും അടവുകളില്ലാത്ത സമാധാനത്തിന്റെയും ഇടം. ഒരിക്കലും വളർച്ച മുരടിക്കാത്ത, ഓരോ നിമിഷവും ജീവിക്കുന്ന വളരുന്ന വീടുകൾ മാത്രം സൃഷ്ടിക്കുന്ന പുരന്ദരൻ അവരുടെ കാഴ്ച്ചകളെ കൂടുതൽ വിശാലമാക്കി. ലോകത്തിലേറ്റവുമധികം മതിലുകളുള്ളത് കേരളത്തിലാണെന്ന അഗ്ലീലം അവരെ അമ്പരപ്പിച്ചു. ഭൂപ്രകൃതിയെ കീറി മുറിക്കാനും മനുഷ്യരെ കള്ളി തിരിക്കാനും വേണ്ടി മാത്രം നടത്തുന്ന പ്രകൃതിചൂഷണം. മതിലുകൾ മനസിൽ നിന്നു മായ്ച്ചു കളയുന്നതോടെ കല്ലും കട്ടയുമുപയോഗിച്ചുള്ള ഭൗതികനിർമ്മിതികളും ഇടിഞ്ഞു തകരും. ഉദാത്തമായ പ്രതീക്ഷകളുടെ, ഉന്നതമായ ആദർശങ്ങളുടെ നിർമ്മാണങ്ങളായിരുന്നു ഹൃദയനഗരിയിലുയരേണ്ടത്, അതു വെറും വീടുകളായിരിക്കില്ല. അതിരുകളും മതിലുകളുമില്ലാത്ത, അതു കൊണ്ടു തന്നെ വിവേചനങ്ങളില്ലാത്ത സൗഹാർദ്ദത്തിന്റെ നവലോകം.

പുതിയൊരു ലോകത്തെ, അതിന്റെ വ്യവസ്ഥിതികളെ നിർമ്മിക്കുന്നത് യഥാർത്ഥത്തിൽ ഭൗതിക വസ്‌തുക്കളല്ല. ആ ലോകത്തെക്കുറിച്ചുള്ള പ്രതീക്ഷകളും സ്വപ്‌നങ്ങളുമാണ്, ആ പുത്തൻ വ്യവസ്ഥിതിയുടെ ആരോഗ്യകരമായ സാധ്യതകളാണ്. ഹൃദയനഗരി അങ്ങനെ സ്വപ്‌നങ്ങളുടെ നിർമ്മിതിയായിരുന്നു. അമൂർത്തമായൊരു സങ്കൽപ്പത്തിന് മൂർത്തമായ സാമൂഹ്യ വ്യവസ്ഥകളുടെ ആരോഗ്യകരമായ ആശയാടിത്തറ സൃഷ്‌ടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം . യഥാർത്ഥലോകത്തിന്റെ കാഴ്ച്ചകളും മൂല്യചിഹ്നങ്ങളും ഈ സ്വപ്‌നലോകത്തെ പരിഹസിച്ചേക്കാം. പക്ഷേ ഇത്തരം വേറിട്ട കൂടിച്ചേരലുകളും നൂതനമായ ആദർശങ്ങളും എല്ലാ മനുഷ്യരിലും നിഗൂഡമായുണ്ട്. ഹൃദയനഗരിയും അവിടെ അവർ സൃഷ്‌ടിക്കാനാഗ്രഹിക്കുന്ന മതിലുകളും അതിരുകളുമില്ലാത്ത പുതു സംസ്‌കാരവും മൗലികമായൊരു പ്രതിരോധത്തിന്റെ രാഷ്‌ട്രീയത്തെയാണ് അടയാളപ്പെടുത്തുന്നത്. മറ്റൊരു വഴി സാധ്യമാണ് എന്ന ബോധ്യം, അതിനെ യാഥാർത്ഥ്യമാക്കും എന്ന തീവ്രമായ ഇച്ഛാശക്തി . താഴെ പുഴയിൽ വിടർന്നു നിൽക്കുന്നതോ എന്ന് ഒറ്റക്കാഴ്ചയിൽ ഭ്രമിപ്പിക്കുന്ന അർണോജം എന്ന വീടിനെക്കുറിച്ചും അതിലെ താമസക്കാരെക്കുറിച്ചും പറഞ്ഞു കൊണ്ട് പൂജ്യം ആരംഭിക്കുന്നത് ബോധപൂർവ്വമാണ്. സാമ്പ്രദായിക മനുഷ്യയുക്തികളോട് സമീകരിക്കപ്പെടാൻ തയ്യാറല്ലാത്ത വേറിട്ട ചിന്തകളുടെ ഊർജവും തീർപ്പുമായിരുന്നു അർണോജന്റെയും കാദംബരിയുടെയും കരുത്ത്. പുഴയെ മതിലു കെട്ടി മനുഷ്യനിൽ നിന്നു വേർതിരിക്കില്ലെന്ന ദൃഡനിശ്ചയം, ഏകമകൾ ജലജയുടെ ജലസമാധി ക്കു ശേഷവും തരിമ്പും ഇളകുന്നില്ല. അർണോജനും യെശയ്യാവും പുരന്ദരനുമാകട്ടെ ഗൂഡമായൊരു രക്തബന്ധത്താൽ അറിയാതെ കൊരുക്കപ്പെട്ടവരുമായിരുന്നു.

ഹൃദയനഗരിയുടെ സന്ദേശം വ്യാപിപ്പിക്കുന്നതിനുവേണ്ടി മാത്രം അവരുടെ കൂട്ടത്തിൽ ചേർത്ത ബാബർ, ടോജി, രാം ചന്ദ് എന്നിവരുടെ കാഴ്ച്ചകൾ മറ്റു ഏഴു പേരിൽ നിന്നും വ്യത്യസ്‌തമായത് ഹൃദയനഗരിയുടെ അടിസ്ഥാന പ്രമാണങ്ങളെ, ആ സങ്കൽപ്പത്തെത്തന്നെ ഉലച്ചു കളയുന്നു. അവർക്ക് മതിലുകളില്ലാത്ത ലോകത്തെ ഉൾക്കൊള്ളാനാവുന്നില്ല. ചിരപരിചിതമായ വലയങ്ങൾക്കുള്ളിൽ, പരിമിതികൾക്കുള്ളിൽ മാത്രം ചിന്തിക്കാനും പെരുമാറാനും കഴിയുന്ന വിധത്തിൽ ക്രമീകരിക്കപ്പെട്ട മാനസിക ശാരീരികാവസ്ഥകളുടെ തടവുകാരായിരുന്നു, ഭൂരിപക്ഷം മനുഷ്യരെയും പോലെ അവരും. അതേ യാഥാസ്ഥിതിക മൂല്യബോധങ്ങളെ പുനരുദ്പ്പാദിപ്പിക്കുന്ന അവർക്ക് വ്യവസ്ഥാപിത തത്വങ്ങളെ തകർക്കലോ വഴിവിട്ടു നടക്കലോ അസാധ്യം. ഒരാളെങ്കിലും അന്ധവിശ്വാസി ആയാൽ ഹൃദയനഗരി മറ്റൊന്നായിത്തീരും എന്ന് പുരന്ദരൻ ഭയപ്പെട്ടതു തന്നെ സംഭവിക്കുന്നു. ഹൃദയനഗരിയെന്ന ഉദാത്ത സ്വപ്‍നം അതല്ലാത്ത മറ്റെന്തൊക്കെയോ ആയി മാറി. മതിലുകൾ ഉയർത്തിയത് ആ മൂവർ സംഘം മാത്രമല്ല, വീടു കെട്ടുംമുമ്പേ കോട്ട പോലെ മതിലു കെട്ടിയുയർത്തിയത് ആദി പിതാക്കളിലൊരാളായ പിംഗളൻ തന്നെയാണ്. ആനന്ദത്തിന്റെ, പങ്കുവെയ്ക്കലുകളുടെ ഇടമായി രൂപകൽപ്പന ചെയ്യപ്പെട്ട റിക്രിയേഷൻ ഹാളിൽ സനാതനന്റെ ഭാര്യയ്ക്ക് അമ്പലമുണ്ടാക്കി കൊടുക്കേണ്ടി വന്നതോടെ ഹൃദയനഗരിയുടെ മതേതരസ്വഭാവവും നഷ്‌ട മായി. അമ്പലവും മുസ്ലീം പള്ളിയും ക്രിസ്ത്യൻ പള്ളിയും പൂജാരിയും മുക്രിയും പുരോഹിതനും ഒരോ മതത്തിലും പെട്ട വിശ്വാസികളും എല്ലാം കൂടെ ഹൃദയനഗരിയുടെ സ്വച്ഛത ചോർത്തിക്കളയുന്നു. വൈകാതെയവിടം മതത്തിന്റെ ചേരിതിരിവുകളുടെ കലഹ ഭൂമിയായി. എല്ലായിടത്തും, മനസ്സുകൾക്കിടയിലും മതിലുകൾ മാത്രം. മതത്തിന്റെ വിപൽക്കരമായ പ്രത്യയശാസ്‌ത്രവും ശിഥിലീകരണ സാധ്യതയും മുൻകൂട്ടി അറിയുന്നതു കൊണ്ടാണ് ഹൃദയനഗരി ഒരാശയം മാത്രമായിരുന്ന തുടക്കകാലത്ത് മതം ഒരേ സമയം ഒരു മതിലും ആ മതിലു ചാടിക്കടക്കാൻ നിരന്തരം ശ്രമിക്കുന്ന പട്ടിയുമാണെന്ന് പുരന്ദരൻ പറയുന്നത്. വിദ്യാഭ്യാസം തരുന്ന സംസ്‌കാരം ശവസംസ്‌കാരത്തെക്കാളും വളരെ താണ ഒരു സംസ്‌കാരമാണെന്നു യേശയ്യാവു വെളിപ്പെടുത്തുന്നത്. സംസ്‌കാരം പോലും സത്യത്തെ, നന്മകളെ, സ്‌നേഹത്തെ ഒക്കെ അകറ്റി നിർത്തുന്ന വന്മതിലാവുന്നു പലപ്പോഴും. ഹൃദയനഗരിയിൽ മതിലുകളുയർത്തി വിഭജനമുണ്ടാക്കിയവരൊക്കെ വിദ്യകൊണ്ടും സംസ്‌കാരം കൊണ്ടും സമ്പന്നരായിരുന്നു.

നിതാന്തമായ ധൈഷണിക ജാഗ്രതയോടെ ഹൃദയനഗരിയെന്ന സ്വപ്‍നം വിരിയിച്ചെടുക്കാൻ കാവൽ നിൽക്കുന്ന പുരന്ദരന് പുതിയ സംഭവവികാസങ്ങളോടു പൊരുത്തപ്പെടാനാവുന്നില്ല. പ്രായോഗിക പ്രത്യയശാസ്‌ത്രങ്ങളുടെ ഇരകളാവുന്ന മനുഷ്യന് ആത്മബോധം നഷ്‌ടപ്പെടുന്നതും നിരർത്ഥകമായ വേർതിരിവുകൾക്കുള്ളിൽ പിടയുന്നതും അയാളെ മുറിപ്പെടുത്തുന്നു. അക്രൂരനും മുഹമ്മദും കൊറിന്ത്യരും യെശയ്യാവുമൊക്കെ ആ വേദനയിൽ നീറുന്നു. പക്ഷേ അനിവാര്യമായൊരു ദുരന്ത സന്ദർഭത്തിൽ മതിലുകളും അതുണ്ടാക്കുന്ന അകൽച്ചകളും തകർന്നടിയുന്നു. മതിലുകൾ കെട്ടിയുയർത്തുന്നവർ ലോകത്തെ പുറത്താക്കുക മാത്രമല്ല, സ്വയം പൂട്ടിയിടുക കൂടിയാണെന്ന് അക്ഷരാർത്ഥത്തിൽ തന്നെ വെളിപ്പെടുത്തുന്നതായിരുന്നു ആ ദുരന്തം. മതിലുകളുയർത്തിയവർ തന്നെ അതു തകർക്കാൻ ആദ്യത്തെ ശ്രമം നടത്തുന്നു. മതിലുകൾ മാത്രമല്ല ആരാധനാലയങ്ങളും അവർ നശിപ്പിക്കുന്നു. ആരാധന നടത്തേണ്ടത് ഹൃദയത്തിലാണെന്ന് തിരിച്ചറിയുന്നു.  ആദിപിതാക്കളും പുരന്ദരനും യെശയ്യാവും സ്വപ്‍നം കണ്ട പ്രതിസംസ്‌കാരത്തിന്റെ സ്ഥാപനം സഫലമാവുന്നുവെന്ന ശുഭപ്രതീക്ഷയിലാണ് നോവലവസാനിക്കുന്നത്‌. അനുശീലിക്കപ്പെട്ടതെല്ലാം വെടിഞ്ഞ് പുതിയൊരു സാമൂഹിക ചരിത്രം സൃഷ്‌ടിക്കുക, അത് പുതിയ മൂല്യഘടനകളുടെ ആഘോഷമാണ്. സ്വയംപര്യാപ്‌തതയുടെ, നൂതനമായ ജ്ഞാനവ്യവസ്ഥകളുടെ, ചിന്തകളുടെ വിപ്ലവം.

അത്യന്തഗൂഢമായ മനുഷ്യബന്ധങ്ങളുടെ വൈകാരികമായൊരു ഇഴ പാകൽ കൂടിയുണ്ട് പൂജ്യത്തിൽ. അത് പുരന്ദരന്റെ ഹൃദയത്തിൽ ഏകാന്തമായ നിമിഷങ്ങളിൽ നിഴൽ പോലെ വന്നു പതിയുന്ന പഴയ സഹപാഠിനിയാണ്, അവളുടെ വ്യഥകളും ഒറ്റപ്പെടലുമാണ്. ഹൃദയ നഗരിയെന്ന ആശയത്തെ ഏറ്റവും ശക്തമായി തകർക്കാൻ ശ്രമിച്ച ബാബറുടെ തടവിലാക്കപ്പെട്ട അതിസുന്ദരിയായ ഭാര്യ രംലത്ത് ഒരു കാലത്ത് പുരന്ദരന്റെ പ്രിയ സ്‌നേഹിതയും കാമുകിയുമായിരുന്നു. ഒരുമിച്ചു ചേരാനാവാതെ പോയവർ. പരീക്ഷണാടിസ്ഥാനത്തിലുള്ള കെട്ടിട നിർമ്മാണത്തിലും ധൈഷണിക വ്യായാമങ്ങളിലും മാത്രം തൽപ്പരനായ, സാത്വികനും പണ്ഡിതനുമായ പുരന്ദരനിലെ മൃദുഭാവങ്ങളുടെ മറുവശമാണ് റംലത്ത്.

പൂജ്യം എന്ന നോവൽ വിമോചനാത്മകമായ ഒരു നവലോകത്തിന്റെ അനിവാര്യത വിളിച്ചു പറയുന്നു. ഒന്നിൽത്തുടങ്ങി പൂജ്യത്തിൽ, പൂർണതയിൽ അവസാനിക്കുന്ന നോവൽ ഒരു ആരംഭമാണ്, പുതിയൊരു ലോക ക്രമത്തിന്റെ .

പൂജ്യം
രവിവർമ്മ തമ്പുരാൻ
സാഹിത്യ പ്രവർത്തക സഹകരണ സംഘം
ആഗസ്റ്റ് 2017

4 Comments
 1. Sunil 3 years ago

  Wonderful review!

 2. Manoj Veetikad 3 years ago

  നല്ല വായന

 3. Kamal Razak 3 years ago

  Interesting concept of Human Rights, Gender equality, unrestrained freedom, love and equality.
  A beautiful world of reconciliation with the past and present and sparcles of an enchanting future.
  So dreamily detached from reality!

 4. Haridasan 3 years ago

  Beautiful review of the book.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account