സമയം രാത്രി പന്ത്രണ്ടോടടുക്കുന്നു. അനു മോന്റെ കണ്ണുകളിൽ ഉറക്കം താളം തുള്ളുന്നു.  അപ്പുറത്തെ വിജനമായ സ്ഥലത്തെ വെള്ളക്കെട്ടിൽ നിന്നും തവളകളുടെ പോക്രോം വിളി കേട്ടുറങ്ങാൻ വല്ലാത്തൊരു രസം.  പശ്ചാത്തലത്തിൽ അങ്ങകലെ നായ്ക്കൾ ഒരിയിടുന്നത് കേൾക്കാം. തിരുവോണ നാളിലെ തത്രപ്പാടുകളിൽ നിന്നും പുതുതായി ആരംഭിക്കാൻ  പോകുന്ന ബിസിനസ് സംരഭത്തിൻ്റെ പിരിമുറുക്കങ്ങളിൽ നിന്നും തെല്ലൊന്ന് തെന്നി മാറാൻ വെമ്പൽ കൊള്ളുന്ന തനുവും മനവും. പെട്ടെന്ന് എട്ട് ദിക്കും പൊട്ടുമാറ് എവിടെ നിന്നോ ഒരു അലർച്ച ”അയ്യോ…. രക്ഷിക്കണേ… രക്ഷിക്കണേ…. രക്ഷിക്കണേ…” . പെട്ടെന്ന് മനസ്സ് അയലത്തെ ചന്ദ്രൻ്റെ വീട്ടിലേയ്ക്ക് പാഞ്ഞു. അവിടെ ചന്ദ്രനും ഭാര്യയും ദിവസവും അടിയാണല്ലോ. ‘ഇന്നവൾ അവനെ തീർത്ത് കാണും, അവിട്ടമായിട്ട് നാളെ പോലീസ് സ്റ്റേഷനിൽ സാക്ഷി പറയാൻ പോകേണ്ടി വരുമല്ലോ ദൈവമേ’ എന്ന് മനസ്സിൽ പ്രാകിക്കൊണ്ട് കിടക്കയിൽ നിന്നും എഴുന്നേറ്റ് കതക് തുറന്ന് പുറത്തിറങ്ങി. പക്ഷെ ചന്ദ്രൻ്റെ വീട് തീർത്തും ശാന്തം. അയൽ പക്കത്തെ വീടുകളിൽ നിന്നും പതുക്കെ വെളിച്ചം തെളിയുന്നു.

അതേസമയം കുറച്ചകലെ പ്രകാശിൻ്റെ വീട്ടിൽ….

പ്രകാശും മിനിയും Amazon Prime ൽ പുതുതായി റിലീസ് ആയ crime web series കണ്ടു കൊണ്ടിരിക്കുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന  ആണുങ്ങളെ വധിക്കുന്ന സീരിയൽ കില്ലറിൻ്റെ കഥയാണ്. കൊലപാതകി ഒരാളുടെ നെഞ്ചുംകൂട്ടിൽ കത്തി കുത്തിയിറക്കുന്നു. മിനി അവൻ്റെ കൈകളിൽ കെട്ടിപ്പിടിച്ച് കണ്ണുകൾ അടച്ച് രംഗം കണ്ടു കൊണ്ടിരിക്കുന്നു. പൊടുന്നനെ വാതിൽക്കൽ ആരോ മുട്ടുന്ന ശബ്ദം. രണ്ടു പേരുടേയും നെഞ്ചിടിപ്പ് ശബ്ദം ആ മുറിക്കുള്ളിൽ പ്രതിധ്വനിക്കുന്ന പോലെ. രണ്ടു പേരും മുഖാമുഖം നോക്കി കുറേ നേരം ഇരുന്നു. വാതിൽക്കൽ ശബ്ദത്തിൻ്റെ വേഗതയും കാഠിന്യവും കൂടിക്കൊണ്ടേയിരുന്നു. എന്തായാലും പ്രകാശ് പതുക്കെ വാതിൽ തുറന്നു. വാതിൽക്കൽ അയലത്തെ ജാനകി ചേച്ചിയെ കണ്ടപാടെ ആശ്വാസവും അതോടൊപ്പം തെല്ലൊരു ആശ്ചര്യവും പ്രകാശിൻ്റെയും മിനിയുടേയും മുഖങ്ങളിൽ  മിന്നിമാഞ്ഞു. പ്രകാശ് എന്തെങ്കിലും ചോദിക്കുന്നതിന് മുന്നെ  ചേച്ചി പറഞ്ഞു. “പ്രകാശാ… ഇവിടെ ആരോ ആരേയോ തല്ലിക്കൊന്നു എന്നാ തോന്നുന്നെ. അയ്യോ… അമ്മേ.. അമ്മേ…. അമ്മേ… എന്ന് ആരോ അലറുന്നത് കേട്ടു. ഇത് കേട്ട പാടെ മിനി പ്രകാശിൻ്റെ കൈകൾ വിട്ട് വെളിയിൽ ഇറങ്ങി ജാനകി ചേച്ചിയുടെ അടുത്ത് ചെന്ന് പറഞ്ഞു. “ചേച്ചി ഞാനങ്ങ് പേടിച്ച് പോയി, കരച്ചിൽ കേട്ടത് ഞങ്ങൾ കണ്ടുകൊണ്ടിരുന്ന സീരിയലിൽ നിന്നുമായിരിക്കും….” മിനി പറഞ്ഞ് മുഴുവിപ്പിക്കുന്നതിന് മുന്നെ ആ ശബ്ദം വീണ്ടും. “അയ്യോ.. അമ്മേ… അമ്മേ…. അമ്മേ….”. ഇതിനിടയിൽ മുറ്റത്ത് നിന്ന മിനി ഒറ്റച്ചാട്ടത്തിന് പ്രകാശിൻ്റെ കൈകളിൽ ശരണം പ്രാപിച്ചിരുന്നു.

“പ്രകാശേട്ടാ.. നിങ്ങൾ ഒന്ന് പോയി നോക്കിയിട്ട് വാ…”. ആണുങ്ങൾ ആരോ ആണല്ലോ കരയുന്നത്, ദൈവമേ താൻ കണ്ട സീരിയലിലെ കഥ യാഥാർത്ഥ്യമാവുകയാണോ?  പണ്ട് ഈ കോളനിയിലെ വാച്ച്മാൻ രാത്രിയിൽ നിലവിളിച്ചതും, ആരും രക്ഷയ്ക്കില്ലാതെ രാവിലെ മരിച്ച് കിടന്നതുമായ ഓർമ്മകൾ മിനിയുടെ മനസ്സിലെ ഭയത്തിന് ആക്കം കൂട്ടുന്നുണ്ടായിരുന്നു.

“നിങ്ങൾ ഒറ്റയ്ക്ക് പോകേണ്ടാ,  ആരെയെങ്കിലും കൂട്ടി പോയാൽ മതി. ആ ഭാസ്കരേട്ടനെ ഒന്ന് വിളിച്ച് നോക്കിയേ…”

പ്രകാശൻ: അത് വേണ്ട പാവം നല്ല ഉറക്കത്തിലായിരിക്കും.

മിനിയെ ചേച്ചിയുടെ വീട്ടിൽ ഇരുത്തിയിട്ട്‌ പ്രകാശ് ശബ്ദം കേട്ട ഭാഗത്തേക്ക് പോയി…

രണ്ടാം പ്രാവശ്യവും അതേ അലർച്ച കേട്ട അനുമോന്  രക്ഷിക്കണേ എന്നത് കുറേ പേർ ചേർന്ന് അലറുന്നത് പോലെ തോന്നി. കതക് വെളിയിൽ നിന്നും പൂട്ടി അനുമോൻ അലർച്ച കേട്ട ഭാഗത്തെ ലക്ഷ്യമാക്കി നീങ്ങി. വെളിയിൽ വന്നപ്പോൾ തനിക്ക് മുന്നേ ഒരാൾ നടന്ന് നീങ്ങുന്നത് കണ്ണിൽ പ്പെട്ടു. അയാൾ ഇടക്കിടെ നടുറോഡിൽ കുത്തിയിരുന്ന് കുറ്റിക്കാടിനിടയിലേയ്ക്ക് സൂക്ഷിച്ച് നോക്കുന്നുണ്ടായിരുന്നു. രംഗം അത്ര പന്തിയല്ല എന്ന്  മനസ്സിൽ തോന്നിയെങ്കിലും അത് ആരാണെന്നറിയാനുള്ള ജിജ്ഞാസയിൽ നടത്തത്തിൻ്റെ വേഗം കൂട്ടി. ഏതാണ്ട് അടുത്തെത്താറായപ്പോൾ അത് പ്രകാശാണെന്ന് മനസ്സിലായി.

“എടാ.. പ്രകാശാ .. നീ എന്തിനാടാ അലറുന്നത്.”

പ്രകാശ് തിരിഞ്ഞ് നോക്കി

” ഞാനല്ല ചേട്ടാ.. ഞാനും അത് അന്വേഷിച്ച് ഇറങ്ങിയതാ..”

“ഓ.. നീ കുറ്റിക്കാട്ടിലേയ്ക്ക് എന്ത് നോക്കിയതാ? ”

“അല്ലാ.. അല്ലാ.. ആരേയേലും തല്ലി കൊന്ന്  … വെറുതേ…”

“ഇതതല്ലടാ ഇത് വേറേ എന്തോ സംഗതിയാ ….. എന്തായാലും വാ നമുക്ക് നോക്കാം”

അതേ സമയം അമ്പലക്കുളത്തിന് അരികിൽ രമണൻ്റെ വീടിനോട് ചേർന്നുള്ള കലുങ്കിൽ സുരയും ഭാസ്കരനും അന്തോണിയും ശശാങ്കനും കൂലങ്കഷമായ ചർച്ചയിൽ.

ഭാസ്കരൻ: എടോ ഇത്രയും നാൾ ഓണം ആഘോഷിച്ചിട്ടുണ്ടെങ്കിലും ഇന്നത്തെ ഓണമാടോ ഓണം…

ശശാങ്കൻ: അത് ശരിയാ നമ്മൾ ആ പൈസ കൊടുത്തപ്പോൾ അവരുടെ കണ്ണുകളിൽ കണ്ട സന്തോഷമുണ്ടല്ലോ. മനസ്സ് നിറഞ്ഞടോ.

ആൻ്റപ്പൻ: ഒന്നും പ്രതീക്ഷിക്കാതെ തുശ്ചമായ ശമ്പളത്തിന് നമ്മുടെ എച്ചിൽ വാരുന്നവരല്ലെ പാവങ്ങൾ.

സുര: എന്നെ ഇങ്ങനെ കരയിപ്പിക്കല്ലെ അളിയാ

ആൻ്റപ്പൻ: ആരോ രണ്ടു പേർ വരുന്നുണ്ടല്ലോ ഇങ്ങോട്ട്.

സുര: അളിയാ അത് പ്രകാശും അനുമോൻ ചേട്ടനുമാണല്ലോ. ഇവർക്കെന്താ ഈ വീട്ടിൽ, അല്ല ഈ നേരത്ത് കാര്യം?

അപ്പോഴേയ്ക്കും അവർ അടുത്തെത്തിയിരുന്നു.

അനുമോൻ: നിങ്ങളെന്താടാ ഈ നേരത്ത് ഇവിടെ?

സുര ആൻ്റപ്പൻ്റെ ചെവിയിൽ: ഇത് തന്നെയല്ലേ ഞാൻ നേരത്തേ അങ്ങോട്ട് ചോദിച്ചത്?

ശശാങ്കൻ: ഓണമൊക്കെ അല്ലിയോ ചേട്ടാ.

അനുമോൻ: അതിരിക്കട്ടെ നിങ്ങളാണോ ഇവിടെ രക്ഷിക്കണേ രക്ഷിക്കണേ എന്ന് വിളിച്ച് കൂവിയത്?

ആൻ്റപ്പൻ: ഏയ് അതൊന്നും ഞങ്ങളല്ല. പിന്നെ മാവേലി പോയേൻ്റെ വിഷമത്തിൽ സുര ആർപ്പോ…… ഈർറോ….. ഈ ർ റോ… എന്ന് വിളിച്ചിരുന്നു.

അനുമോൻ: ഒരു മര്യാദ ഒക്കെ വേണ്ടായോടേ….. നട്ടപ്പാതിരായ്ക്ക് ആർപ്പോ വിളിക്കാൻ .

ഭാസ്കരൻ: അല്ല ചേട്ടാ. ഇതിലെന്താ ഇത്രയക്ക് , ആർപ്പോ വിളിക്കുന്നത് ഓണത്തിന് നമ്മുടെ ഒരു ആചാരമല്ലെ, പിന്നെ സമയം അത് ഇത്തിരി വൈകിപ്പോയി.

ജനാലയിലൂടെ ഒളിഞ്ഞ് നിന്ന് രംഗ വീക്ഷിച്ച് കൊണ്ടിരുന്ന മഞ്ഞപ്പത്രം എഡിറ്റർ ശ്രീമാൻ ഭരതനും അസിസ്റ്റൻ്റ് പ്രസീദയും നാളത്തെ ഹെഡ് ലൈൻ തയ്യാറാക്കുന്ന തിരക്കിലായിരുന്നു “പൂങ്കന്ന് കോളനിയിൽ നാലംഗ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം”. ഇതൊന്നുമറിയാതെ മിനി മോനേയും കെട്ടിപ്പിടിച്ച് ചേച്ചിയുടെ വീട്ടിൽ അർജ്ജുനൻ… ഫൽഗുനൻ…. ഉരുവിട്ടു കൊണ്ടേയിരുന്നു. ചന്ദ്രൻ ഭാര്യയേയും കെട്ടിപ്പിടിച്ച് സുഖമായി ഉറങ്ങുന്നുണ്ടായിരുന്നു….

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account