“സുഖത്തിന്‍റെ വിപരീതമല്ല അസുഖം. അസുഖമെപ്പോഴും സുഖത്തിന്‍റെ നഷ്ടബോധങ്ങളാണ്.” വല്യമ്മ ഉറക്കെ പറഞ്ഞു. അത്രമേല്‍ ക്ഷീണിച്ചിരുന്നതിനാല്‍ വല്യമ്മയുടെ ശബ്ദം അവിടെ നിന്ന ഷീബയ്ക്ക് മാത്രമെ കേള്‍ക്കുന്നുണ്ടായിരുന്നുള്ളൂ.

എത്ര വൃത്തിയാക്കിയിട്ടാലും മുഷിഞ്ഞ മണം അവശേഷിക്കുന്ന കിടക്കയിലിരുന്ന് ജാലകത്തുറപ്പിലൂടെ വെളിപ്പെടുന്ന ആകാശക്കീറിലെ മേഘങ്ങളേ നോക്കിയാണ് അവര്‍ അങ്ങനെ പറഞ്ഞത്. നിറങ്ങള്‍ മാറിവരുന്ന ആകാശത്തില്‍ മൂടല്‍ വീണ കണ്ണുകള്‍ കൊണ്ട് ആയാസപ്പെട്ട്‌ പരതുകയായിരുന്നു അന്ന് മുഴുവനും വല്യമ്മ. ഓരോവട്ടവും ഷീബ എന്ന ഹോം നേഴ്സ് മൂത്രം നനഞ്ഞ തുണികള്‍ മാറുമ്പോള്‍ വല്യമ്മയുടെ മുഖത്ത് സങ്കോചം നിറയും.

“ഇനിയൊരു വസന്തകാലം വരെ ഞാന്‍ ഉണ്ടാവില്ല മോളെ … ചിലപ്പോള്‍ ഇനിയൊരു ഉദയം പോലും…” – വല്യമ്മ അതു പറഞ്ഞപ്പോള്‍ ഷീബ അവരെ ദയയോടെ നോക്കി.

ഷീബ കവിയാണ്‌. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് പേര്‍ പിന്തുടരുന്നവള്‍. വെറും ന്യൂജെന്‍ ഫേസ്ബുക്ക് കവിയല്ല അവള്‍. കവിതകളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉള്ളവള്‍. അച്ചടി മാധ്യമങ്ങളില്‍ കവിതകള്‍ അയച്ചു കൊടുക്കുവാന്‍ അവള്‍ക്കു സമയം ഇല്ല. തന്റെ സാംസങ്ങ് ഫോണില്‍ തോണ്ടിക്കുറിക്കുന്നതാണ് ഇഷ്ടം. അത് വായിച്ചു പല ആണ്‍സുഹൃത്തുക്കളും ചോദിക്കും- എന്തേ നിങ്ങള്‍ അച്ചടിമാസികകള്‍ക്കു കവിതകള്‍ അയച്ചു കൊടുക്കുന്നില്ല? അവള്‍ക്ക് അതിനൊന്നും കൃത്യം മറുപടിയില്ല. താന്‍ പരിചരിക്കുന്ന ഓരോ രോഗിയിലും അവള്‍ കവിത കാണുന്നു. രോഗങ്ങളില്‍, വേദനകളില്‍, ആശ്വാസങ്ങളില്‍… എല്ലായിടങ്ങളിലും കവിത കാണുന്നു. നേരം പോലെ അവള്‍ അത് വരികളാക്കിയടുക്കി മിനുക്കിയെടുത്ത് പോസ്റ്റ്‌ ചെയ്യും.

വല്യമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ട്. അവരുടെ നീണ്ട ജീവിതത്തിന്‍റെ അവസാന താളുകളില്‍ ഒരു നല്ല കവിതയുണ്ട് എന്ന് ഷീബ അറിഞ്ഞു.

“മോളെ.. എത്ര വസന്തങ്ങള്‍ ഞാന്‍ നഷ്ടപ്പെടുത്തി.. വിടര്‍ന്നു നിന്ന് പുഞ്ചിരിച്ചുകൊണ്ട് മധു പൊഴിച്ച പൂക്കളെയൊ, അത് നുകരുവാന്‍ വന്ന പൂമ്പാറ്റകളെയൊ, മധുരമായി പാടിയ കിളികളെയോ, ഞാന്‍ നാളിതുവരെ കണ്ടില്ല. കാണാന്‍ തുനിഞ്ഞില്ല. എന്നിട്ട് ഈ വൈകിയ വേളയില്‍ പ്രകൃതിയുടെ മാസ്മരിക ഭാവങ്ങളെ കണ്ടു മരിക്കുവാന്‍ ആശിച്ചിട്ടു കാര്യമുണ്ടോ?”

ഷീബ വല്യമ്മയുടെ കൈയില്‍ മുറുക്കെ പിടിച്ചു. അതിനകം ചില വരികള്‍ അവളുടെയുള്ളില്‍ ഉരുണ്ടുകൂടി. അത് എഴുതണം. പക്ഷെ വല്യമ്മയെ എങ്ങനെ ആശ്വസിപ്പിക്കും എന്ന് അവള്‍ക്ക് അറിയില്ല.

ജാലകത്തിലൂടെ വല്ലാതെ തണുത്ത ഒരു കാറ്റ് കടന്നു വന്നു. അത് മുറിയില്‍ ആകെ ചുറ്റിക്കറങ്ങി. വല്യമ്മയ്ക്ക് ആകെപ്പാടെ ഒരു വെപ്രാളം. അവര്‍ ഇപ്പോള്‍ തീരെ സംസാരിക്കുന്നില്ല. ഇടയില്‍ വല്യമ്മ ഒന്ന് പുഞ്ചിരിക്കുവാന്‍ തുനിഞ്ഞു എന്ന് ഷീബയ്ക്ക് തോന്നി. അവള്‍ ചെറിയ ഹാന്‍ഡ്‌ ബാഗ് തുറന്നു സെല്‍ ഫോണ്‍ എടുത്തു. അതില്‍ വേണ്ടപ്പെട്ടവരെ വിളിക്കണോ അതോ കവിത കുറിക്കണോ എന്നോര്‍ത്ത് അവള്‍ വിവശയായി നിന്നു.

10 Comments
 1. Anil 3 years ago

  Nice one.. Feel the pain of losses.. Thanks,

 2. Peter 3 years ago

  “അസുഖമെപ്പോഴും സുഖത്തിന്‍റെ നഷ്ടബോധങ്ങളാണ്..”
  വല്യമ്മയുടെ വലിയ മനസ്സിനെ പ്രണമിക്കുന്നു.. നഷ്ടബോധങ്ങളിൽ (അസുഖങ്ങളിൽ) കവിത കാണുന്ന ഷീബയേയും. നന്നായിട്ടുണ്ട്..

 3. Fathima Mubeen 3 years ago

  നഷ്ടചിത്രങ്ങള്‍… നന്നായി അവതരിപ്പിച്ചു. ആശംസകള്‍

 4. Haridasan 3 years ago

  നന്നായിട്ടുണ്ട്… ആശംസകൾ

 5. KGP Nair 3 years ago

  കൊള്ളാം, അല്‍പംകൂടി എഴുതാമായിരുന്നു.

 6. Prabha 3 years ago

  നന്നായിട്ടുണ്ട്…

 7. Retnakaran 3 years ago

  Good one..

 8. Ravi Punnakkal 3 years ago

  ക്ഷണികം ജീവിതം……
  അല്ലേ? കണക്കൂർ R . Suresh Kumar. ?

 9. Mini Mohanan 3 years ago

  നന്നായിട്ടുണ്ട്, ആശംസകൾ

 10. Majeed bhavanam 3 years ago

  നല്ല രചന
  സ്നേഹാശംസകളോടെ.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account