പ്രഭാതത്തിൽ നാലുകാലിലും, മധ്യാഹ്നത്തിൽ രണ്ടു കാലിലും, രാത്രിയിൽ മൂന്നു കാലിലും നടക്കുന്ന ജീവി ഏത് എന്ന വിചിത്ര ചോദ്യത്തിന് ഉത്തരം നൽകിയ ഒരേ ഒരാൾ എന്നല്ല ചരിത്രം ഈഡിപ്പസിനെ രേഖപ്പെടുത്തിയിരിക്കുന്നത്. പിതാവിനെ വധിച്ച് മാതാവിനെ പരിണയിച്ചവൻ. ലോകത്തിന്റെ അന്ധകാരത്തെ സ്വയം വരിച്ച ഹതഭാഗ്യനായ യവനകുമാരൻ എന്നാണ് ഈഡിപ്പസിനെ നമുക്ക് വായിക്കാനാവുക. ഈ ചരിത്രത്തിന്റെ പിൻബലമാണ് ആൺമക്കൾക്ക് അമ്മമാരോടുള്ള പ്രത്യേക സ്‌നേഹത്തെ ‘ഈഡിപ്പസ് കോംപ്ലക്‌സ്’ എന്ന് വിളിക്കാൻ ഫ്രോയിഡിനെ പ്രേരിപ്പിച്ചത്. ഇപ്രകാരം മാതാവിനേയോ പിതാവിനേയോ ഭോഗിക്കേണ്ടിവന്ന ചില കഥാപാത്രങ്ങളെ കാലത്തിൻറ്റെ ഇടനാഴികളിൽ നമുക്ക് കാണാം. ആ നിരയിലേക്ക് നിശ്ശബ്‌ദസൗന്ദര്യമായ് കടന്നു വരികയാണ് പ്രഭാവർമയുടെ കഥാകാവ്യമായ ‘കനൽചിലമ്പിലെ’ പാൽക്കാരി എന്നു വിളിക്കുന്ന പേരില്ലാത്ത കഥാപാത്രം, അല്ലെങ്കിലും ഒരു പേരെന്തിന് എന്ന് തോന്നിപ്പിക്കും വിധം അതിവിഗദ്ധമായ പാത്രസൃഷ്‌ടി.

പാൽക്കുടം ഉടഞ്ഞിട്ടും പാൽക്കാരി കരയാത്തതെന്ത് എന്ന ചോദ്യം കവികുലപതി കാളിദാസന്റെ സമസ്യാപൂരണവുമായി ബന്ധപ്പെട്ടതാണ്. ഈ സന്ദേഹത്തിനുത്തരമാണ് കനൽച്ചിലമ്പ് എന്ന കാവ്യമരന്ദം.

വിവാഹിതയായ ഒരുവളോട് രാജാവിന് തോന്നിയ അഭിനിവേശം അവളുടെ ഭർത്താവിന്റെ ജയിൽവാസത്തിനും നാടുകടത്തലിനും കാരണമാവുന്നു. അവളെ മംഗളാരവങ്ങളോടെ സ്വീകരിച്ച രാജാവ് സകല സുഖ സൗകര്യങ്ങളും നൽകി തന്റെ  രാജ്ഞിയായി വാഴിക്കുന്നു. അവൾക്ക് ഒരു പുത്രൻ ജനിക്കുന്നു. മകന്റെ ദീർഘായുസ്സിന് വേണ്ടി യാചകപരിചരണം എന്ന സ്വപ്‌നദർശനത്തെ സാധൂകരിക്കുന്നതിനിടയിൽ അവൾ തന്റെ ആദ്യഭർത്താവിനെ കണ്ടുമുട്ടുന്നു. എല്ലാം ഉപേക്ഷിച്ച് അദ്ദേഹത്തോടൊപ്പം ജീവിക്കാൻ തീരുമാനിക്കുന്നു. രാത്രിയിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ അവൾക്ക്‌ രാജാവിനെ വധിക്കേണ്ടതായി വന്നു. ഉറങ്ങിക്കിടന്ന മകനെയുപേക്ഷിച്ച് മുൻ ഭർത്താവിനെ തേടിച്ചെന്ന അവൾക്കു കാണാനായത് പാമ്പു കടിയേറ്റു മരിച്ച അദ്ദേഹത്തിന്റെ മൃതദേഹമാണ്. വഴിയിൽ ഒരു കൊള്ളസംഘത്തിൻറ്റെ കയ്യിലകപ്പെട്ട അവളെ അവർ നിഷ്‌കരുണം ഉപദ്രവിച്ചശേഷം കയ്യിലുള്ള സമ്പത്തുമായി കടന്നു കളയുന്നു. മൃതപ്രായയായ അവളെ വഴിപോക്കനായ ഒരാൾ ഒരു വേശ്യാലയത്തിലെത്തിക്കുന്നു. ഒരിക്കൽ അവളെ തേടിയെത്തിയ ചെറുപ്പക്കാരനുമായുള്ള സംഭോഗവേളയിൽ തനിക്കു ലഭിക്കുന്ന അവാച്യ നിർവൃതി രതി സുഖത്തിന്റേതല്ലെന്നു അവൾ തിരിച്ചറിയുന്നു. തന്റെ   മുലഞെട്ടുകൾ അവൻ രുചിച്ചപ്പോൾ മുല ചുരന്നുപോയതു എന്തിനെന്നും അവൾ അത്‌ഭുതപ്പെടുന്നു. ഉടൽ പറ്റി തളർന്നു കിടക്കുന്നത് സ്വന്തം മകനാണെന്ന് തിരിച്ചറിഞ്ഞ നായിക തീയിൽ ചാടി മരിക്കാൻ ഒരുങ്ങി. മുഖമൊഴികെ ശരീരമെല്ലാം പൊള്ളിയ അവളെ വേശ്യാലയം നടത്തിപ്പുകാർ ഒരു പാൽക്കാരന് വിൽക്കുന്നതുമാണ് കഥ.

പാൽക്കുടം തകർന്നിട്ടും പാൽവിൽപ്പനക്കാരിയുടെ കണ്ണുകൾ നിറയാതെ, കണ്ണിലെ കുറുമ്പും ചുണ്ടിലെ ചിരിയുo മായാതെ നിൽക്കുന്നുന്നതെന്തെന്ന കവിയുടെ സന്ദേഹത്തോടെയാണ്‌ കവിത തുടങ്ങുന്നത്. ചിരിയുടെ കാരണം

“കാൽചുവട്ടിലുള്ള പുൽപ്പ-
ടർപ്പിനു പാൽപ്പതയാൽ
പാരണ വീട്ടിയെന്നുള്ള
തൃപ്‌തി”

ആവാമെന്നു കവി കരുതുന്നു. എങ്കിലും ഏതൊരു സാധാരണ സ്‌ത്രീയേയും  പോലെ

“ഇരുൾ ചെന്നായ്
ചുരമാന്തും വഴിയേ
പേടിയോടന്തിമങ്ങുമ്പോൾ
കൂടണയുന്നവൾ”

തന്റെ നിത്യവൃത്തിക്ക് നിദാനമായ ഈ പാൽക്കുടം ഉടഞ്ഞിട്ടും ഇങ്ങനെ ചിരിക്കുന്നെങ്കിൽ അതിനു മറ്റെന്തോ കരണമുണ്ടെന്ന തിരിച്ചറിവിൽ കവി എത്തുകയാണ്. അവളുടെ പുഞ്ചിരിത്തിളക്കം പാൽ വീണ മണ്ണിൽ പടർന്നതാണെന്നു പറയുന്ന വരികളിൽ കാൽപ്പനികതയുടെ തരിമിന്നൽ കാണാം. “കറുക തലപ്പിലെ പാൽ തുള്ളി” എന്ന പ്രയോഗം “തൃണാഗ്ര ലഗ്ന മിവാവശ്യമായ സലിലം” എന്ന വരിയുടെ ഓർമയുണർത്തുന്നു.

തത്തയെകൊണ്ട് ചീട്ട് എടുപ്പിക്കുന്ന കുറത്തി പറയുന്നതാണ് കവിതയുടെ രണ്ടാം ഭാഗം. കൂട്ടിൽ കിടക്കുന്ന തത്തയോട് കഥാനായികയെ ഉപമിക്കുന്ന വരികൾ

“വെട്ടിയൊതുക്കിയ ചിറ
കനക്കാതെയൊരു മ-
ട്ടൊന്നിറങ്ങിത്തിരികെക്കൂ-
ടണയുന്ന കിളിയവൾ”

കഥാനായികയുടെ ദൈന്യതയെ അത്രയും ആഴത്തിൽ പറഞ്ഞിരിക്കുന്നു.

യജ്ഞമെല്ലാം ദേവകൾക്കും രത്‌നമൊക്കെ തനിക്കും എന്ന അധികാരത്തിന്റെ  ഗർവിനെ

“ഒരുവേള കടപൊട്ടി-
യടരും വന്മരത്തെ
തടയുവാനെളുതാമോ
കരുത്തുള്ള ചെടിക്കും?”

എന്ന വരികളിലൂടെ മനോഹരമായി ഉപമിച്ചിരിക്കുന്നു.

രാജചിഹ്നങ്ങളാൽ നായിക രാജാവിൻറ്റെ പട്ടമഹിഷിയായ് ജീവിതവുമായി പൊരുത്തപ്പെട്ടതിനെ “ഘനരാവിന്നിരുൾമറ പതുക്കെ തകർന്നു” എന്ന വരികൊണ്ടാണ് കവി സൂചിപ്പിച്ചിരിക്കുന്നത്. ഉദയചന്ദ്രനെപോലെയുള്ള മകൻ പിറന്നെങ്കിലും അവൾ എപ്പോഴും ദുഃഖിതയായിരുന്നു  എന്ന സത്യo ചില വരികളിൽ കാണാം.

“കരയുവാനാവൾക്കില്ലൊ-
രിട, മൽപ്പം സമയം
എങ്കിലുമിടയ്ക്കിടെയ-
ങ്ങവൾ വിങ്ങിക്കരഞ്ഞു
കണ്ണുനീരു മണ്ണിലല്ലാ
തുള്ളിൽ വാർന്നു നിറഞ്ഞു”

വർഷങ്ങൾക്കു ശേഷം ഭാര്യാ ഭർത്താക്കന്മാർ കണ്ടുമുട്ടുന്ന രംഗമാണ് ഈ കവിതയിലെ ഏറ്റവും മനോഹരമായ ഭാഗം. “എങ്ങുനിന്നെങ്കിലുമീതേ ലക്ഷ്യ” മെന്നൊരാളും, “ജീവിതത്തിലുണ്ടോ ബാക്കിയാകാൻ സൗഖ്യം” എന്ന് മറ്റെയാളും വാക്കുതുളുമ്പുന്ന നിമിഷങ്ങളെ

“ഒരുകാറ്റുമിളകീല
യിലയനങ്ങീല
പദഷഡ്‌പദങ്ങളവർ-
ക്കിടയിലായ് പറന്നു”

എന്നാണ് കവി വിശേഷിപ്പിക്കുന്നത്. “പദഷഡ്‌പദങ്ങൾ’ എന്ന ചാരുതയാർന്ന പ്രയോഗം നവ്യാനുഭവം തന്നെയാണ്.

ഒരുമിക്കാനുള്ള തീരുമാനത്തെ ഭർത്താവ്‌ എതിർക്കുമ്പോളും നായിക അദ്ദേഹത്തെ അതിനു നിർബന്ധിക്കുന്നു. സകല സുഖലോലുപതയിലും മറുത്തു ചിന്തിക്കാൻ നായികയെ പ്രേരിപ്പിച്ചതെന്താണെന്ന് അവ്യക്‌തമായി തുടരുന്നു.

“കഴിക്കുവാനുഴക്കരി”തികച്ചില്ലെങ്കിലും, “കിടക്കുവാൻ മഴചോരാത്തിടമില്ലെങ്കിലും”  തന്റെ മുൻ ജീവിതത്തെ അത്രമേൽ സ്‌നേഹിച്ചതുകൊണ്ടോ, കുഞ്ഞിനെ നഷ്‌ടമായ വൈരാഗ്യമോ സ്‌ത്രീ  സഹജമായ ചാപല്യമോ എന്താണ്

“ഒരുമിച്ചു പകുക്കും ഹാ
മൃതിയെങ്കിൽ മൃതിയും”

തീരുമാനത്തിന് പിന്നിലെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ല.

രാജാവിന്റെ  ഗാഢമായ ഉറക്കത്തെ ‘നെടിയനിദ്ര’എന്ന ചിര പ്രയോഗത്തിലൂടെയാണ് കവി സൂചിപ്പിക്കുന്നത്. കവിക്ക്  നായികയോടുള്ള സ്ഥിരഭാവം എന്തെന്ന് കവിത വ്യക്‌തമാക്കുന്നില്ലെങ്കിലും എല്ലാ സുഖസൗകര്യങ്ങളും നൽകിയ അരചനെ ചതിച്ചു പോകുന്നത് ശരിയാണോ/ശരിയല്ല എന്ന് ചിന്തിക്കുന്ന കവിമനസ്സ്

“തനിക്കുസ്വച്ഛമായെങ്ങും
വരുവാൻ, പോയിടുവാൻ
പരമ സ്വാതന്ത്ര്യം
തന്ന നൃപൻ”

എന്ന വരികളിൽ വ്യക്‌തമായി കാണാം.

രാജാവിന് നേരെ വാൾവീശുമ്പോൾ മുനകൊണ്ട് മകന് മുറിവുണ്ടായോ എന്ന് സന്ദേഹിച്ചെങ്കിലും ഭർത്താവിന് സമീപമെത്താൻ കൊതിക്കുന്ന അവളെ

“ഉരുൾപൊട്ടി വരുമൊരു
മലവെള്ളം കണക്കെ
മുറുകിയ വില്ലിൽ നിന്നും
ശരമെന്ന കണക്കെ”

എന്നാണ് കവി ഉപമിച്ചിരിക്കുന്നത്. നായികയുടെ തിടുക്കം നമുക്കിവിടെ കൃത്യമായി വായിച്ചെടുക്കാം.

കുറത്തിക്കുശേഷം കഥപറയുന്ന വെളിച്ചപ്പാടിനെ “ഭൂത വർത്തമാന ഭവിഷ്യത് കാലങ്ങൾ സർവ്വം ഉരുക്കഴിപ്പവൻ” എന്നാണ് കവി വിശേഷിപ്പിക്കുന്നത്.വെളിച്ചപ്പാടിൻറ്റെ ചമയങ്ങൾ പരിചിതമെങ്കിലും ചില വർണ്ണനകൾ ഈ ഭാഗത്തെ വശ്യമാക്കുന്നു.പശ്ചിമാംബരം ചുവന്നത്‌ “ദിഗ്ഗജങ്ങളെയറുത്ത ചോരയാൽ” ആണെന്നു പറയുന്ന കവി, വാനിൽ ചിതറിയത്” അസ്ഥിമാല കപാലങ്ങൾ കബന്ധങ്ങളോ, ചന്ദ്രതാരകങ്ങളോ” എന്ന് സന്ദേഹിക്കുന്നു. വാനിൽ പറക്കുന്നത് “ചുടലഭസ്‌മത്താൽ ഘനനിബിഡമായുള്ള ധവളമാം മേഘം” തുടങ്ങിയ പ്രയോഗങ്ങൾ ആസ്വാദനത്തിൻറ്റെ ഉച്ചാവസ്ഥയിലേക്കു വായനക്കാരനെ നയിക്കുന്നു.

നായിക എത്തിപ്പെടുന്ന വേശ്യാലയത്തെ “ഉടലിൻ താവളം” എന്നാണ് കവി  പറയുന്നത്. സുരതവൃത്തിക്ക് ശേഷം തളർന്നു കിടക്കുന്ന യുവകോമളനോട് തനിക്കുണ്ടായ അനിർവചനീയമായ വികാരം കടന്നുപോയ സംഭോഗ നിമിഷങ്ങൾ സമ്മാനിച്ചതല്ലെന്ന് അവൾ തിരിച്ചറിയുന്നു. അവൻ തന്റെ മുലക്കണ്ണ് രുചിച്ചപ്പോൾ തനിക്കുണ്ടായത് “കുഞ്ഞിനായ് പാൽചുരന്ന പോൽ” ഉള്ള ഒരു വികാരമാണെന്നറിഞ്ഞ നായിക ഇനി തെറ്റ് ചെയ്യരുതെന്ന് അവനോടു പറയുന്നു. അവനാകട്ടെ അവളുടെ ശബ്‌ദം

“കേട്ടില്ലിതുവിധം കനിവിൻ
മധുരമേ നിവേദിക്കും
സ്വരമര നിമിഷം”

എന്നാണ് തോന്നിയത്. ഇവിടെ തളിർ വിരലുകൊണ്ട് കവിത നമ്മെ തൊട്ടുഴിയുകയാണ്.

യുവാവ് തന്റെ മകനാണെന്ന തിരിച്ചറിവിൽ ചിതകൂട്ടി ആത്‌മഹത്യക്കൊരുങ്ങുന്ന നായികയുടെ ഉടൽവേവിൻറ്റെ മണമുള്ള വരികളിലൂടെയാണ് പിന്നീട് കവിത സഞ്ചരിക്കുന്നത്. പണമുണ്ടാക്കാൻ കഴിവില്ലാത്ത അവളെ വേശ്യാലയം നടത്തിപ്പുകാരി പാൽക്കാരന് വിൽക്കുന്നു. അങ്ങനെയാണ് അവൾ കരച്ചിൽ മറന്നതെന്ന് കവി പറയുമ്പോൾ “നിജവൃത്തിവശാൽ” പരാജിതയായ ഒരുവളോട് ഇത്രയും വേണ്ടിയിരുന്നോ എന്ന അനുകമ്പ വായനക്കാരിലുണ്ടാവും. ജീവിതത്തിന്റെ കുടം പൊട്ടിത്തകർന്നവൾക്ക് “പുച്ഛം കലർന്ന ചിരി”യല്ലാതെ ഇനിയെന്തന്ന ചോദ്യം വളർന്നു പടരാൻ പാകമായ ഒരു നൊമ്പരവിത്തിനെ നമ്മുടെയുള്ളിൽ പാകുന്നു.

തകർന്നുവീണ പാൽക്കുടം നോക്കി ചിരിക്കുന്നവളുടെ അടുത്തേക്ക് യുഗങ്ങൾക്കിപ്പുറത്തുനിന്നും വന്ന് “കരയേണ്ട നിമിഷത്തിൽ

ചിരിയുടെയുറവ പൊടിച്ചതെങ്ങനെയെന്നു തിരഞ്ഞ” ‘യുവകവി’ താനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഇദ്ദേഹം ഹൃദയനൊമ്പരങ്ങളെ മറ്റാരോടും പറയാനിഷ്‌ടപ്പെടാത്ത നായികയുടെ സ്വഭാവത്തെ

“തിമിരുപോലകത്തട്ടി-
ലെരിയും ഗന്ധകത്തിൻ
ചുടുമണമൊരാൾക്കുമായ്
പകരാതെ കഴിഞ്ഞു”
എന്ന വരിയിലൂടെ പറയുന്നു

തൊട്ടടുത്തദിനം മുഖത്തു ചിരിയോടെ പുഴയിൽ മരിച്ചു കിടന്ന അവളുടെ ജഡം കണ്ട്

“എരിയും
കനലിൻ ചൂടൊരുപക്ഷേ
പുഴയാറ്റിയിരിക്കാം”.

എന്ന് സമാധാനിക്കാൻ ശ്രമിക്കുകയാണ് കവി.

രാത്രിയിൽ കുളത്തിനു നടുവിൽ പാൽക്കുടവുമായി ഒരു കൈ പൊങ്ങി വരുന്നു എന്നും നേരം വെളുക്കുമ്പോൾ അതൊരു വെള്ളാമ്പലായി മാറും എന്നും പറയുന്നിടത്ത്, “നിശയിൽ പൊൻനിലാവിൻ പൂമ്പൊടി കലരുന്നു”, “ഉപവനം ഹിമകണ ജപമാല തൊടുന്നു” തുടങ്ങി ചില ഹൃദ്യമായ പ്രയോഗങ്ങളുണ്ട്. ആമ്പൽപ്പൂവിന്റെ ഇതളുകൾ തുളുമ്പിയ പാൽപ്പതയായും, മലർത്തണ്ടും ഞെടിപ്പും കൈക്കുടന്നയെന്നും പറയുന്ന കവിഭാവനയ്ക്ക് പ്രണാമം. മരിച്ചു പോയ നായിക ആമ്പൽപ്പൂവായി തിരികെ വരുന്നു എന്ന സങ്കൽപ്പത്തിന് പിന്നിലെന്താണ്. പാപത്തിൻറ്റെ ശമ്പളം മരണമെന്ന് പറയാതെ പറയുമ്പോളും തന്റെ നായികയോടുള്ള സഹതാപം കലർന്ന സ്‌നേഹം ആമ്പൽപ്പൂവായുള്ള അവളുടെ തിരിച്ചുവരവിനെ ചിത്രീകരിക്കാൻ കവിയെ പ്രേരിപ്പിച്ചു എന്നു കരുതാവുന്നതാണ്.

എഴുത്തുകാർക്ക് തങ്ങളുടെ നായികമാരോടുള്ള അടങ്ങാത്ത സ്‌നേഹം വെളിപ്പെടുന്ന ചില സന്ദർഭങ്ങൾ ഉണ്ട്. തകഴി ശിവശങ്കരപ്പിള്ള പുറക്കാട് ഭാഗത്തു കൂടി പോയപ്പോൾ അൽപ്പസമയo വാഹനം നിർത്തി കടലിലേക്ക് നോക്കിയിരുന്നു. കാരണമന്വേഷിച്ച ആളോട് അദ്ദേഹം പറഞ്ഞത് “കറുത്തമ്മോ എന്ന് ഞാനൊന്നു ഉറക്കെ വിളിച്ചാൽ അവൾ ഓടി വരും”. ഇത്തരം ഒരു ആത്‌മബന്ധം തന്നെയാണ് ആമ്പൽപ്പൂവ് എന്ന ബിംബ സൃഷ്‌ടിക്ക് പിന്നിലെന്നു  കരുതാം.

“ഉപമാ കാളിദാസസ്യ”എന്നൊരു പ്രയോഗം തന്നെയുണ്ട്. കാളിദാസനുമായി ബന്ധമുള്ള കഥാതന്തു ആയതിനാലാവാം, വർണനയ്‌ക്കു ഉപമ ധാരാളമായി ഉപയോഗിച്ചിരിക്കുന്നു. അനുഷ്‌ടുപ്പിന്റെ കടുംവർണ്ണങ്ങൾ കൊണ്ട് കൃത്യമായി അലങ്കരിച്ചിരിക്കുന്ന ഒരു കാവ്യമാണ് ‘കനൽചിലമ്പ്’. നവകവിതയുടെ നീരവാവസ്ഥയിലേക്ക് മധുരനാദമായ് വന്നിരിക്കുന്ന കനൽചിലമ്പ് ഏറ്റവും ഹൃദ്യമായ ഒരു വായന നൽകുന്നു. കഥാകാവ്യം എന്നതിനുപരി വേർവിടാത്ത നൊമ്പരമായി കനൽച്ചിലമ്പ് വായനക്കാരനെ അനുഗമിക്കും.

“കരളിൻ വ്യഥയെത്ര ദു:സ്സഹം
സ്‌മര നിന്നായുധമെത്ര കോമളം
പൊരുതേ മൃദുവിന്റെ മൂർച്ചയെന്നൊരു
ചൊല്ലുള്ളതു സത്യമാക്കി നീ”

4 Comments
 1. Rajeev 3 years ago

  Good.

 2. Vishwanath 3 years ago

  Good.

 3. Sivadas 3 years ago

  Good

 4. Vishnu 3 years ago

  Nice read…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account