രുചി എല്ലാവർക്കും ഇഷ്‌ടമാണ്. രുചികരമായ ഭക്ഷണം കഴിക്കാൻ ഇഷ്‌ടമില്ലാത്തവരുണ്ടോ? രുചി പക്ഷേ ഓരോരുത്തർക്കും ഓരോന്നായിരിക്കും. എല്ലാവർക്കും ഒരു പോലെ ഇഷ്‌ടപ്പെടുന്ന ഒരു രുചിയും ഉണ്ടാവില്ല. അതുപോലെ  ഓരോ നാടിനും അതിന്റെ സ്വന്തം രുചിയുണ്ടാവും.

പിസ്സയാണ് ഇറ്റലിക്കാർക്ക് പ്രിയം. ഇപ്പോൾ കടൽ കടന്ന് ആ രുചി നമ്മുടെ ന്യൂ ജനിന്റെയും പ്രിയ രുചിയായി. നോൺ വെജും വെജിറ്റേറിയനുമൊക്കെയായ് നമ്മുടെ നാട്ടിൽ പിസ്സ ഇന്നൊരവിഭാജ്യഘടകമായി മാറിയിട്ടുണ്ട്. പിസ്സഹട്ടുകളൊക്കെ സാധാരണമായി. ആ പേരിൽ ഒരു തമിഴ് സിനിമ പോലുമിറങ്ങി.  അമേരിക്കയുടെ ഹാംബർഗർ, ഇംഗ്ലണ്ടിന്റെ സ്‌പെഗറ്റി, അറേബ്യയിലെ കുഴിമന്തി ഒക്കെ അതതു നാടിന്റെ സ്വന്തം രുചികളാണ്.

തീർത്തും ഇന്ത്യൻ ഫുഡായ ഇഡ്ഡലി തമിഴ്‌നാടിന്റെ ഇഷ്‌ടഭക്ഷണമാണ്. ഒരു തൂശനിലയിൽ ആവി പറക്കുന്ന രണ്ടു മുന്ന്  ഇഡ്ഡലികൾ ഒരിക്കൽ തമിഴ് നാട്ടിൽ പോയപ്പോൾ കിട്ടി.  വെളുത്തു തുടുത്ത് ഭംഗിയോടെ തളിരിലയിലിരിക്കുന്ന ഇഡ്ഡലി. അധികം വൈകിച്ചില്ല, ചട്‌ണിയിൽ മുക്കി മെല്ലെ ഒരു കഷ്‌ണം വായിലേക്കിട്ടു. എന്തൊരു രുചി! അതു വരെ തലശ്ശേരിയിൽ കിട്ടിയിരുന്ന പുളിച്ച ഇഡ്ഡലികളെക്കാൾ എത്രയോ മുകളിൽ. അന്നുവരെ വീട്ടിൽ ഇഡ്ഡലിയുണ്ടാക്കുന്ന ദിവസം രാവിലെ വല്ലാത്തൊരു മ്ലാനതയാണ് എനിക്കും ചേച്ചിക്കും. വീട്ടിലെ ഇഡ്ഡലി വിരോധികളായിരുന്നു ഞങ്ങൾ. എന്നാൽ ഭക്ഷണബഹിഷ്‌കരണമൊന്നുമില്ല. കിട്ടുന്നത് എന്തായാലും കഴിക്കും. അത്രതന്നെ. പക്ഷേ അന്ന് ആ തമിഴ്‌നാടൻ ഇഡ്ഡലി കഴിച്ചപ്പോൾ വളരെ സംതൃപ്‌തി തോന്നി. അത്രയ്ക്ക് രുചികരം. ഇതുപോലെ ഇന്ത്യയിൽത്തന്നെ ഓരോ സ്ഥലത്തിനും അതതിന്റെ രുചികളുണ്ട്.

നമ്മുടെ തനതു രുചി എന്തായിരിക്കുമെന്നാലോചിച്ചാൽ ഒട്ടും സംശയിക്കാനില്ല, അത് പ്രഥമൻ തന്നെ. പായസം കേരളീയ ഭക്ഷണത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ചക്ക, നേന്ത്രപ്പഴം, അട, മുളയരി, കടലപ്പരിപ്പ്, ചെറുപയർ, ഗോതമ്പ്, സേമിയ, അരി… അങ്ങനെ ഒട്ടനവധി പായസങ്ങൾക്ക് പേരുകേട്ട നാടാണ് കേരളം. വെളുത്ത (പഞ്ചസാര ) പായസവും കറുത്ത  (ശർക്കര) പായസവുമുണ്ട്. അമ്പലങ്ങളിൽ പ്രധാനനിവേദ്യമാണ് പായസം. അമ്പലപ്പുഴ പാൽപായസവും ശബരിമലയിലെ അരവണ പായസവുമൊക്കെ ലോകപ്രസിദ്ധമാണല്ലോ!

പക്ഷേ പായസം മറ്റു സ്ഥലങ്ങളിലുമുണ്ട്. പ്രഥമൻ നമുക്കു മാത്രമേയുണ്ടാവു എന്നാണ് തോന്നുന്നത്. രുചിയുടെ കാര്യത്തിൽ പ്രഥമൻ പായസത്തെക്കാൾ കുറച്ചധികം കേമനാണ്. രണ്ട് തവണ വേവിക്കുന്നതാണത്രേ പ്രഥമൻ. പായസം ഒറ്റത്തവണ മാത്രമേ വേവിക്കുകയുള്ളു. എന്നുവെച്ചാൽ ഉണ്ടാക്കുന്നത് പഴപ്രഥമനാണെങ്കിൽ, ആദ്യം പഴം പുഴുങ്ങി ഉടച്ചെടുക്കുന്നു. പിന്നീട് ശർക്കരയും, തേങ്ങാപ്പാലും ചേർത്ത് വീണ്ടും വേവിച്ചെടുക്കുന്നു. ചക്ക, പരിപ്പ്, അട, …. ഏതായാലും ഇങ്ങനെ 2 തവണ വേവിക്കുന്നു.

പ്രഥമൻ എന്ന വാക്കിനർത്ഥം  ഒന്നാമൻ എന്നാണ്. നമ്മുടെ വിഭവങ്ങളിൽ അത് ഒന്നാമൻ തന്നെ. സംശയമില്ല.

പണ്ടൊരിക്കൽ ഒരു നമ്പൂതിരി സദ്യ മുഴുവനും ആസ്വദിച്ച് കഴിച്ചു. വയറു പൊട്ടാറായി. അപ്പോഴാണ് നമ്മുടെ പ്രഥമൻജി വരുന്നത്. അടുത്തിരുന്നയാൾ നമ്പൂതിരിയോട് ചോദിച്ചു: അയ്യോ പ്രഥമൻ വന്നല്ലോ നമ്പൂതിരി. എങ്ങനെ കഴിക്കും? വയറ്റിൽ സ്ഥലമില്ലല്ലോ? അതാ വന്നു നല്ല കലക്കൻ reply, ഉത്‌സവത്തിന് എത്ര ആൾത്തിരക്കുണ്ടെങ്കിലും ആന വരുമ്പോൾ വഴി താനെ തെളിഞ്ഞു വരും. അതുപോലെ വിളമ്പുന്നതു പ്രഥമനാണെങ്കിൽ വയറ്റിൽ സ്ഥലം താനേ ഉണ്ടാവും എന്ന്. അപ്പോൾ തന്നെ മനസ്സിലാക്കാമല്ലോ എത്ര വിശിഷ്‌ടമാണ് നമ്മുടെ പ്രഥമൻ എന്ന്.

പാശ്ചാത്യഭക്ഷണങ്ങളുടെ കടന്നു വരവോടെ നമ്മുടെ സ്വന്തം പ്രഥമൻസ് ഔട്ടായി. KFC, ചിക്കിങ്, ബർഗർ ഇവയെല്ലാം നമ്മുടെ രുചി മുകുളങ്ങളെ കീഴടക്കി. ചുരുക്കത്തിൽ നമ്മൾ ആ രുചികൾക്ക് അടിമപ്പെട്ടു പോയി. പ്രഥമന്റെ സ്ഥാനത്ത് ഇന്ന് കോക്‌ടെയിലും, ഷേക്കുകളുമാണ് .

എങ്കിലും എനിക്ക് പ്രഥമനാണിഷ്‌ടം. അതും പഴപ്രഥമൻ. ഞായറാഴ്ച്ചകളിൽ അതുണ്ടാക്കിയാൽ വീട്ടിൽ ഒരു മത്‌സരംതന്നെ നടക്കും. പാത്രം വടിക്കുന്നതിൽ എന്നെ വെല്ലാൻ ആരുമില്ല.  പ്രഥമൻ എത്ര കഴിച്ചാലും മതിവരില്ല. അത്രയ്ക്ക് ടേസ്റ്റാണ്. അത്രയ്ക്കും വിശിഷ്‌ടവും. എന്തു തന്നെയായാലും കേരളപ്പെരുമയുടെ അടയാളമാണ് പ്രഥമൻ. പ്രഥമൻജിയെ കഴിഞ്ഞേ ഉള്ളൂ എന്തും.

– സ്വരൺദീപ്

1 Comment
  1. Vipin 2 years ago

    മധുരമുള്ള പ്രഥമചിന്തകൾ ! Keep writing…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account