തെരുവുപട്ടികളെക്കൊണ്ടുള്ള ശല്യം ഒഴിവാക്കാന്‍ അവറ്റയെ ഷണ്ഡീകരിക്കുന്നതിനെക്കുറിച്ച്‌ ആണല്ലോ നാമിപ്പോള്‍ ഗൗരവമായി ചിന്തിച്ചുകൊണ്ടിരിക്കുന്നത്. അതിനുള്ള പല പദ്ധതികളും നാം ആവിഷ്കരിച്ചു നടപ്പിലാക്കിവരുന്നുണ്ട്. പക്ഷേ, മനുഷ്യരെക്കൊണ്ടുള്ള ശല്യം സഹിക്കവയ്യാതെ പ്രകൃതി മനുഷ്യരെ ഷണ്ഡീകരിക്കാന്‍ തീരുമാനിച്ചോ? പെട്ടെന്നല്ലെങ്കിലും കാലക്രമേണ മനുഷ്യരുടെ പിറവി അവസാനിപ്പിക്കാന്‍ പ്രകൃതി പദ്ധതി തയാറാക്കിയോ? അങ്ങനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന തെളിവുകളാണ് ശാസ്ത്രലോകത്ത് നടക്കുന്ന പല ഗവേഷണങ്ങളും നമുക്കു മുന്നില്‍ വെയ്ക്കുന്നത്.

മനുഷ്യവംശം ക്രമാനുഗതമായി പുരോഗമിച്ചുകൊണ്ടിരിക്കുന്നു എന്നും, കരുത്തിലും ശക്തിയിലും ഉയരത്തിലും കൂര്‍മ്മബുദ്ധിയിലും അതിജീവനശേഷിയിലുമൊക്കെ നാം നമ്മുടെ പൂര്‍വികരെ അതിശയിക്കുന്നു എന്നുമൊക്കെയാണ് തത്വചിന്തകരും ശാസ്ത്രജ്ഞരുമടക്കം പലരും മുമ്പു കരുതിയിരുന്നത്. എന്നാല്‍ ആ ധാരണ ശരിയല്ലെന്നാണ് ശാസ്ത്രലോകത്തെ പുതിയ ചില പഠനങ്ങള്‍ തെളിയിക്കുന്നത്. നാം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ് എന്നും നമ്മുടെ വംശം നശിക്കാന്‍ പോവുകയാണ് എന്നും ശാസ്ത്രലോകം മുന്നറിയിപ്പു തരുന്നു.

പാരിസ്ഥിതികമായ നാശവും കാലാവസ്ഥാവ്യതിയാനവും കാരണം മനുഷ്യവംശത്തിന്‍റെ മാത്രമല്ല, ഈ പ്രപഞ്ചത്തിന്‍റെതന്നെയും നാശം ആസന്നമായിരിക്കുന്നു എന്ന് ശാസ്ത്രലോകം പറയാന്‍ തുടങ്ങിയിട്ടു കാലം കുറേയായി. എന്നാല്‍ അതില്‍നിന്നും വ്യത്യസ്തമാണ് ഇപ്പോള്‍ പുറത്തുവരുന്ന ഗവേഷണഫലങ്ങള്‍. ആണുങ്ങളുടെ സന്താനോല്‍പ്പാദനശേഷി അഥവാ ബീജാണുസാന്ദ്രതയും ബീജത്തിന്‍റെ കൗണ്ടും വമ്പിച്ച തോതില്‍ കുറയുന്നു എന്നും ഈ പ്രവണത തുടര്‍ന്നാല്‍ പിന്തുടര്‍ച്ചയില്ലാതെ മനുഷ്യവംശം നശിക്കുമെന്നുമാണ് ഇപ്പോള്‍ പുതുതായി ശാസ്ത്രം വെളിപ്പെടുത്തിയിരിക്കുന്നത്.

വടക്കേ അമേരിക്ക, യൂറോപ്, ആസ്‌ട്രേലിയ, ന്യൂസിലാന്‍റ് എന്നീ രാജ്യങ്ങളിലെ പുരുഷന്മാരുടെ സന്താനോല്‍പ്പാദനശേഷി ക്രമേണ കുറഞ്ഞുവരുന്നു എന്നാണ് ഈയിടെ പുറത്തുവന്ന ഗവേഷണഫലങ്ങള്‍ തെളിയിക്കുന്നത്. ആ രാജ്യങ്ങളില്‍ കണ്ടുവരുന്നതുപോലെ പുരുഷബീജത്തിന്‍റെ കൗണ്ടില്‍ അനുഭവപ്പെടുന്ന കുറവും ബീജാണുസാന്ദ്രതയുടെ കുറവും ലോകത്താകെ വ്യാപിക്കുന്നപക്ഷം മാനവവംശം തന്നെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെടാന്‍ സാധ്യതയുണ്ട്.

മുകളില്‍പ്പറഞ്ഞ രാജ്യങ്ങളില്‍ കഴിഞ്ഞ നാല്‍പ്പതുവര്‍ഷങ്ങളിലായി നടത്തിയ 200 ഗവേഷണങ്ങളാണ് നിഗമനത്തിന് ആധാരം. ഈ കാലയളവിനിടയില്‍ അവിടത്തെ പുരുഷന്മാരുടെ ബീജത്തിന്‍റെ കൗണ്ട് പകുതിയായി കുറഞ്ഞു എന്നാണ് കണക്ക്. ഇതില്‍ 185 പഠനങ്ങളുടെയും ഡാറ്റ സ്വീകരിച്ചത് 1973 നും 2011 നും ഇടയ്ക്കായിരുന്നു. ഡോ. ഹഗായ് ലവിന്‍ (Dr. Hagai Levine ) എന്ന ശാസ്ത്രജ്ഞനാണ് ഈ പരീക്ഷണങ്ങള്‍ക്കു നേതൃത്വം കൊടുത്തത്. പുരുഷന്മാരുടെ ബീജാണുസാന്ദ്രത (Sperm concentration) ഈ കാലയളവില്‍ 52.4 ശതമാനം കുറഞ്ഞു എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. മൊത്തം ബീജത്തിന്‍റെ കൗണ്ടില്‍ 59.3 ശതമാനം കുറവു വന്നു എന്നും നിരീക്ഷിക്കുന്നു. ഈ പ്രവണത തുടര്‍ന്നാല്‍ ലക്ഷോലക്ഷം ചെറുപ്പക്കാര്‍ സന്താനോല്‍പ്പാദനത്തിനുള്ള ശേഷിയില്ലാത്തവരാകും എന്നു പഠനങ്ങള്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഇതുവരെ പിതാക്കന്മാരായി കഴിഞ്ഞിട്ടില്ലാത്ത യുവാക്കളുടെ (‘unselected’) ബീജാണുസാന്ദ്രതയുടെ തോതാണ് പഠനവിധേയമാക്കിയത്. 1973ല്‍ ബീജാണുസാന്ദ്രത ഒരു മില്ലീലിറ്ററില്‍ 99 മില്യന്‍ ആയിരുന്നത്, 2011ല്‍ 47 മില്യന്‍ ആയി ചുരുങ്ങി എന്നാണ് 2017 ജൂലായ് 25ന് വാഷിംഗ്‌ടൺ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം വ്യക്തമാക്കുന്നത്. ലോഗകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഒരാളുടെ ബീജാണുസാന്ദ്രത മില്ലീലിറ്ററില്‍ 40 മില്യനില്‍ കുറവാണെങ്കില്‍ സന്താനോല്‍പ്പാദനത്തിനുള്ള സാധ്യതയില്‍ വൈകല്യമുള്ളവരായി പരിഗണിക്കണം. പക്ഷേ അപ്പോഴും അയാള്‍ക്ക് സന്താനങ്ങള്‍ ജനിച്ചേയ്ക്കാം. പക്ഷേ ഒരാളുടെ ബീജാണുസാന്ദ്രത മില്ലീലിറ്ററില്‍ 15 മില്യനിലും കുറവാണെങ്കില്‍ അയാള്‍ക്ക് സന്താനോല്‍പ്പാദനത്തിന് കഴിയില്ല. അങ്ങനെ നോക്കുമ്പോള്‍, മില്ലീലിറ്ററില്‍ 47 മില്യന്‍ എന്ന ഇപ്പോഴത്തെ ബീജാണുസാന്ദ്രതയില്‍ സന്താനോല്‍പ്പാദനം നടക്കുമെങ്കിലും ഈ പ്രവണത തുടര്‍ന്നാല്‍ ഭാവിയില്‍ വംശവര്‍ദ്ധനവ് നിലച്ചുപോകും എന്ന സൂചനയാണ് കാണുന്നത്. 1973 മുതല്‍ 2011 വരെയുള്ള 40 വര്‍ഷങ്ങള്‍ക്കുള്ളിലാണ് ബീജാണുസാന്ദ്രതയില്‍ 50 ശതമാനം കുറവുണ്ടായത് എന്ന് ഓര്‍ക്കുമ്പോള്‍, 47ല്‍നിന്നും 15 മില്യണിലെത്താന്‍ അധികം കാലം വേണ്ട എന്നും ഓര്‍മ്മിക്കാം.

ഈ ഗവേഷണങ്ങള്‍ക്ക് 42000 പുരുഷന്‍മാരെയാണ് പഠനവിധേയമാക്കിയത്. ഹ്യുമന്‍ റിപ്രൊഡക്ഷന്‍ അപ്‌ഡേറ്റിൽ ഷന്നാ എച്ച് സ്വാന്‍ പ്രസിദ്ധീകരിച്ചതാണ് ഇതു സംബന്ധിച്ച ഗവേഷണ ഫലങ്ങള്‍. മുകളില്‍ പറഞ്ഞതുപോലെ വടക്കേ അമേരിക്ക, യൂറോപ്, ആസ്‌ട്രേലിയ, ന്യൂസിലാന്‍റ് എന്നീ രാജ്യങ്ങളില്‍ മാത്രമേ പുരുഷബീജാണുസാന്ദ്രതയില്‍ കുറവ് കാണുന്നുള്ളൂ. തെക്കേ അമേരിക്ക, ആഫ്രിക്ക ഏഷ്യ തുടങ്ങിയ മറ്റു രാജ്യങ്ങളില്‍ ഈ പ്രവണത കാണുന്നില്ല എന്നും പഠനം വ്യക്തമാക്കുന്നു. ഒരുപക്ഷേ മുകളില്‍പ്പറഞ്ഞ രാജ്യങ്ങളില്‍ മാത്രം നിലനില്‍ക്കുന്ന ഏതെങ്കിലും പ്രത്യേകതയാവാം ഈ പ്രവണതയ്ക്കു കാരണം എന്നു കരുതുന്നവരുണ്ട്. അതല്ല, മറ്റു പ്രദേശങ്ങളില്‍ വേണ്ടത്ര പഠനം നടക്കാത്തതാവാം ബീജാണുസാന്ദ്രതയിലെ കുറവ് വെളിച്ചത്തുവരാതിരിക്കാന്‍ കാരണം എന്നു കരുതുന്നവരും കുറവല്ല.

എന്താണ് പുരുഷബീജത്തിന്‍റെ സാന്ദ്രത കുറയാന്‍ കാരണം എന്നതിനെക്കുറിച്ച് നിരവധി വ്യത്യസ്തമായ പഠനങ്ങളും നിഗമനങ്ങളുമുണ്ട്. ഗര്‍ഭസ്ഥശിശുവിന്‍റെ ആദ്യത്തെ മൂന്നുമാസത്തില്‍ അമ്മയുടെ പുകവലി, അമ്മയ്ക്കുണ്ടാകുന്ന മാനസിക സംഘര്‍ഷം, അമ്മ കഴിക്കുന്ന ഭക്ഷണം, ഹോര്‍മോണ്‍ ഘടനയെത്തന്നെ മാറ്റിമറിക്കാന്‍ പറ്റുന്ന രാസ വസ്തുക്കളുടെ ഉപയോഗം, പ്രത്യേകിച്ചു വ്യായാമമൊന്നും ചെയ്യാതെ ടിവിക്കുമുന്നില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന ശീലം, തുടങ്ങിയവയൊക്കെ കാരണമാവാം. എന്നാല്‍ അവയില്‍ പ്രധാനപ്പെട്ടത് മൊബൈല്‍ ഫോണിന്‍റെ ഉപയോഗംതന്നെയാണത്രേ! വൃഷണത്തിനോടു വളരെ അടുത്ത് അല്ലെങ്കില്‍ ഒന്നോ രണ്ടോ അടി അകലത്തില്‍ മൊബൈല്‍ഫോണ്‍ ചേര്‍ത്തുവെയ്ക്കുന്നവര്‍ക്ക് കുട്ടികളുണ്ടാവാനുള്ള സാധ്യതയ്ക്ക് കുറവു സംഭവിക്കുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മൊബൈല്‍ഫോണിന്‍റെ അടിമകളായി മാറരുത് എന്നാണ് യുവാക്കളോട് ബ്രിട്ടീഷ് ഫര്‍ട്ടിലിറ്റി വിദഗ്ദ്ധർ ഉപദേശിക്കുന്നത്. സജീവമായി നീന്തുന്ന ബീജാണുക്കളുടെ സാന്ദ്രതയും അവയുടെ എണ്ണവും അപകടകരമായ അളവില്‍ കുറഞ്ഞു എന്നും മൊബൈല്‍ഫോണും മറ്റ് ഇലക്ട്രോ മാഗ്നറ്റിക് പ്രവര്‍ത്തനങ്ങളും കാരണം ബീജത്തിന് ചൂടുപിടിക്കുന്നതാണ് കാരണം എന്നും ഹൈഫയിലെ ടെക്‌നിയോൺ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ മാര്‍ത്ത ഡണ്‍ഫീല്‍ഡ് അഭിപ്രായപ്പെടുന്നു.

ബീജാണുക്കളുടെ ശക്തി കുറയുക എന്നത് പുരുഷന്മാരുടെ സന്താനോല്‍പാദനശേഷിയെ മാത്രമല്ല സ്വാധീനിക്കുന്നത്. ഹൃദയദമനികള്‍ക്കുണ്ടാകുന്ന ശക്തിക്കുറവ്, ഹൃദ്രോഗം, ക്രമാതീതമായി തടി കൂടുന്ന പ്രവണത, കാന്‍സര്‍, ഉയര്‍ന്ന തോതിലുള്ള മറ്റുരോഗങ്ങളും മരണവും ഒക്കെ ഇതിന്‍റെ തുടര്‍ച്ചയാവാം. മെഡിക്കല്‍ സയന്‍സിന്‍റെ വളര്‍ച്ച, പോഷകാഹാര ലഭ്യത, ശുചിത്വം, നല്ല ആരോഗ്യ ശീലങ്ങള്‍ എന്നിവകാരണം പുതിയ കാലത്ത് പൊതുവെ മനുഷ്യരുടെ ആയുര്‍ദൈര്‍ഘ്യം പഴയ തലമുറകളെ അപേക്ഷിച്ച് കൂടിയിട്ടുണ്ട് എന്നത് നേരുതന്നെ. പക്ഷേ, ഈ അവസ്ഥയും പുതിയ പ്രവണത കാരണം തകിടം മറയാന്‍ സാധ്യതയുണ്ട്. കുറഞ്ഞ സ്‌പേം കൗണ്ട് എന്നത് പുരുഷാരോഗ്യത്തിലെ മറ്റു പല തകരാറുകളുടേയും ചൂണ്ടുപലകയാണ് എന്നര്‍ത്ഥം. നമ്മുടെ ജീവിതരീതി മാറ്റിയില്ലെങ്കില്‍, അഥവാ നാം ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങളുടെ അളവു കുറച്ചില്ലെങ്കില്‍, അപകടം വളരെ പെട്ടെന്നു തന്നെ സംഭവിക്കും എന്നാണ് ശാസ്ത്രജ്ഞര്‍ ഭയപ്പെടുന്നത്.

ബീജാണുസാന്ദ്രത കുറയുന്നതു മാത്രമല്ല മനുഷ്യവംശത്തിന്‍റെ നാശത്തിന് കാരണമാകുന്നത്. വംശാവലികള്‍ ആവര്‍ത്തിക്കുമ്പോള്‍ ഡിഎന്‍എയുടെ ഘടനയില്‍ പരിവര്‍ത്തനം (മ്യൂട്ടേഷന്‍) സംഭവിക്കുന്നുണ്ട്. ഓരോ തലമുറയും മാറുന്നതിനനുസരിച്ച് ഈ പരിവര്‍ത്തനത്തിന്‍റെ തോതും വര്‍ദ്ധിച്ചുവരുന്നു. ഡിഎന്‍എ യിലുള്ള മായം കലരലായി ഇതിനെ കണക്കാക്കാം. തലമുറകള്‍തോറും ജനിതകമായി തെറ്റുകള്‍ സംഭവിക്കുന്നതിന്‍റെ തോത് 100 മുതല്‍ 300 വരെ ആവാം എന്ന് 2002ല്‍ നടത്തിയ പഠനത്തില്‍ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. ഇങ്ങനെ, സ്വാഭാവികമായി സംഭവിക്കാന്‍ സാധ്യതയുള്ള ജനിതകമായ തകരാറുകളും മാനവവംശത്തിന്‍റെ നിലനില്‍പ്പിന് ഭീഷണിയാണ് എന്ന് ശാസ്‌ത്രലോകം വിലയിരുത്തുന്നുണ്ട്.

മനുഷ്യര്‍ കുറിയവരും ചെറിയവരും ശക്തിഹീനരുമായി മാറിക്കൊണ്ടിരിക്കുന്നു. നമ്മുടെ മനസ്സിനും ശരീരത്തിനും പൂര്‍വികരെ അപേക്ഷിച്ച് ശക്തി കുറഞ്ഞുവരുന്നു. ഏറ്റവും നന്നായി പരിശീലനം സിദ്ധിച്ച നമ്മുടെ അത്‌ലറ്റുകൾ നായാട്ടുകാരായിരുന്ന പൂര്‍വികരുമായി മത്സരിച്ചാല്‍ ശക്തിഹീനരാണ് എന്നതാണ് വസ്തുത. കോര്‍നല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ. ജോണ്‍ സാന്‍ഫോര്‍ഡിന്റെ അഭിപ്രായത്തില്‍ മനുഷ്യരുടെ ജീനുകളില്‍ പതിനായിരക്കണക്കിന് ആവര്‍ത്തനത്തെറ്റുകളാണ് (മ്യൂട്ടേഷനല്‍ മിസ്റ്റെയ്ക്സ്) സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഓരോ തലമുറ കഴിയുമ്പോഴും കൂടുതല്‍ തെറ്റുകള്‍ സംഭവിക്കുന്നു. അവ വരും തലമുറയിലേയ്ക്ക് സംപ്രേഷണം ചെയ്യപ്പെടുന്നു. അതുകൊണ്ടുതന്നെ നമ്മുടെ പൂര്‍വികര്‍ക്ക് കുടുതല്‍ ശക്തമായ ജീനുകള്‍ ഉണ്ടായിരുന്നു എന്നും അവര്‍ കൂടുതല്‍ കരുത്തരും മിടുക്കരും വേഗതയുള്ളവരും ശക്തരും ആയിരുന്നു എന്നും കരുതുന്നതില്‍ അത്ഭുതത്തിന് അവകാശമില്ല.

മിക്കവാറും സിനിമകളും ടിവി സീരിയലുകളും നമ്മുടെ പൂര്‍വികരായ പ്രാകൃതമനുഷ്യരെ ചിത്രീകരിച്ചുവരുന്നത് കുറിയവരും ശക്തികുറഞ്ഞവരും ആയിട്ടാണ്. പക്ഷേ ആധുനികശാസ്‌ത്രം വരയ്ക്കുന്നത് തികച്ചും വ്യത്യസ്തമായ ചിത്രമാണ്. 5300 ബിസി മുതല്‍ 850 എഡിവരെയുള്ള 6150 വര്‍ഷത്തെ മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ പഠിച്ചാണ് ഡോ. കോളിന്‍ ഷോ ഈ നിഗമനത്തില്‍ എത്തിയത് എന്ന് ഔട്ട് സൈഡ് മാഗസിന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 5300 ബിസിയിലെ കര്‍ഷകരുടെ കാലിന്‍റെ എല്ല് ഇന്ന് ക്രോസ് കണ്‍ട്രി ഓടുന്ന പരിശീലനം ലഭിച്ച അത്‌ലറ്റുകളുടെ കാലിന്‍റെ എല്ലിനേക്കാളും ശക്തമായിരുന്നുവത്രേ. നായാടി നടന്നകാലത്തെ പൂര്‍വികരെ അപേക്ഷിച്ച് പത്തു ശതമാനം കുറവാണത്രേ ഇന്നത്തെ മനുഷ്യരുടെ ശാരീരത്തിന്‍റെയും തലച്ചോറിന്‍റെയും വലുപ്പം. കഴിഞ്ഞ പതിനായിരം വര്‍ഷമായിട്ടാണ് ഈ മാറ്റം സംഭവിച്ചത് എന്നും കൃഷിയും സംസ്കാരവും നാഗരിക ജീവിതവുമാണ് കാരണം എന്നും വിലയിരുത്തുന്നവരുണ്ട്.

മനുഷ്യവംശത്തെപ്പോലെ പ്രപഞ്ചവും ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടു ബില്യന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഉല്‍പ്പാദിപ്പിച്ചിരുന്നതിന്‍റെ പകുതി ഊര്‍ജ്ജം മാത്രമേ പ്രപഞ്ചത്തിന് ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കാനാവുന്നുള്ളൂ എന്നാണ് കണക്കാക്കപ്പെടുന്നത്. മാത്രമല്ല, ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജ്ജത്തിന്‍റെ അളവ് ക്രമേണ കുറഞ്ഞുവരികയും ചെയ്യുന്നുണ്ട്. ഇങ്ങനെ
സൂര്യന്‍ ഒരിക്കല്‍ കെട്ടുപോകും എന്ന കാര്യം ശാസ്‌ത്രജ്ഞർ നേരത്തേ പ്രവചിച്ചിരുന്നതാണ്. പക്ഷേ ആ പ്രക്രിയ നേരത്തേ ഉദ്ദേശിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ വേഗത്തിലാകും എന്നാണ് ഇപ്പോള്‍ കരുതുന്നത്. രണ്ടു ലക്ഷം ഗാലക്സികളിലെ ന്യൂക്ലിയര്‍ ചൂളകളില്‍ ഉരുകിക്കൊണ്ടിരിക്കുന്ന ദ്രവ്യത്തിലെ ഊര്‍ജ്ജക്ഷയത്തെക്കുറിച്ച് പഠനം നടത്തിയ ജ്യോതിശ്ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നത് അങ്ങനെയാണ്. പ്രപഞ്ചം തീര്‍ത്തും ഇല്ലാതെയാകും എന്നല്ല, പ്രപഞ്ചം അവിടെത്തന്നെയുണ്ടാകും. പക്ഷേ പ്രപഞ്ചത്തിലെ എല്ലാ വെളിച്ചവും നക്ഷത്രങ്ങളിലെ താപവും കെട്ടുപോകും. 2020നും 2030 നും ഇടയിലായി സോളാര്‍ സൈക്കിള്‍ പരസ്പ്പരം റദ്ദുചെയ്യുമെന്നും, 1646നും 1715നും ഇടയ്ക്ക് ഉണ്ടായതുപോലെ ഒരു മിനി ഐസ് ഐജ് രൂപപ്പെടുമെന്നും ജ്യോതിശ്ശാസ്ത്രജ്ഞര്‍ കരുതുന്നു. ലണ്ടനിലെ തെംസ് നദി അന്ന് ഉറച്ചു മഞ്ഞായിരുന്നുവത്രെ. ഇനിയും അങ്ങനെയൊന്നു സംഭവിച്ചാല്‍ ഇന്നത്തെ ലോകത്തിന്‍റെ ഏതൊക്കെ നഗരങ്ങള്‍, ഏതൊക്കെ രാജ്യങ്ങള്‍, എത്ര കോടി ജനങ്ങള്‍ മഞ്ഞില്‍ ഉറച്ചുപോകും എന്നു കണക്കാക്കാനാവില്ല.

ചുരുക്കത്തില്‍, മൂന്നുതരം അപകടങ്ങളാണ് മാനവരാശിയെ മൂന്നുദിശകളില്‍നിന്നുമായി വരിഞ്ഞുമുറുക്കുന്നത്. ഒന്നാമതായി പ്രപഞ്ചത്തിന്‍റെ ഊര്‍ജ്ജം നശിച്ച്, ചൂടും വെളിച്ചവും കെട്ട് പ്രപഞ്ചവും അതോടൊപ്പം മനുഷ്യരും അവരുടെ സംസ്ക്കാരവും നശിച്ചുപോകാനുള്ള സാധ്യത. രണ്ടാമതായി, ആവര്‍ത്തനത്തോടൊപ്പം മനുഷ്യരുടെ ജീനുകളില്‍ സ്വാഭാവികമായി സംഭവിക്കുന്ന വൈകല്യം മൂര്‍ഛിച്ച് മനുഷ്യവംശം ശക്തിയും കഴിവും നശിച്ച് ഇല്ലാതെയാകാനുള്ള സാധ്യത. മൂന്നാമതായി, പുരുഷന്മാരിലെ ബീജാണുസാന്ദ്രതയും ബീജത്തിന്‍റെ കൗണ്ടും ക്രമാതീതമായി കുറഞ്ഞ് സന്താനോല്‍പ്പാദനശേഷി
യില്ലാതെ ഷണ്ഡന്മാരുടെ വംശമായി മനുഷ്യവംശം നശിച്ചുപോകാനുള്ള സാധ്യത. അമേരിക്കയില്‍ ഗര്‍ഭം ധരിക്കുന്ന സ്ത്രീകളുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ തോതിലാണ് എന്നും, ബേബി ക്രൈസിസ് എന്നു പറയുന്ന അവസ്ഥയിലാണ് വടക്കെ അമേരിക്ക എന്നുകൂടി കൂട്ടത്തില്‍ ഓര്‍മ്മിക്കാം. ഏതൊരു സമൂഹത്തിലും ജനിക്കുന്നവരുടെ എണ്ണവും മരിക്കുന്നവരുടെ എണ്ണവും തമ്മില്‍ ഒരു അനുപാതം നിലനിര്‍ത്തേണ്ടതുണ്ട്. ജനനം കൂടുതലായാല്‍ സാമ്പത്തിക പ്രയാസങ്ങളും ദാരിദ്ര്യവും ഉണ്ടാവാം എന്നതുപോലെയോ അതിനേക്കാള്‍ കൂടുതലോ അപകടമാണ് ജനനം കുറയുകയും വൃദ്ധന്മാരുടെ എണ്ണം കൂടുകയും ചെയ്‌താലുള്ള അവസ്ഥ.

ഏതാണ് ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം എന്ന ഗന്ധര്‍വന്‍റെ ചോദ്യത്തിന് ധര്‍മ്മപുത്രര്‍ പറയുന്ന മറുപടിയുണ്ടല്ലോ. നമ്മുടെ കണ്‍മുന്നില്‍ വെച്ച് പ്രിയപ്പെട്ടവര്‍ ഓരോരുത്തരായി മരിച്ചുവീഴുന്നു. പക്ഷേ അപ്പോഴും നാം ഒരിക്കലും മരിക്കില്ല എന്നും ശാശ്വതമായി ഇവിടെ ജീവിച്ചിരിക്കും എന്നും വിശ്വസിച്ചുകൊണ്ട് സന്തോഷിക്കാന്‍ മനുഷ്യര്‍ക്കാവും. അതെ. അതുതന്നെയാണ് ഏറ്റവും വലിയ അത്ഭുതം. മുകളില്‍പ്പറഞ്ഞ എല്ലാ അപകടങ്ങളെയും മനുഷ്യര്‍ക്ക് അതിജീവിക്കാനാകുമെന്നും മനുഷ്യവംശം എന്നെന്നേയ്ക്കും നിലനില്‍ക്കുമെന്നും സ്വപ്‍നം കാണാന്‍ കഴിയുന്നു എന്നതാണ്  മനുഷ്യരുടെ ഏറ്റവും വലിയ കഴിവ്. ഒരു പക്ഷേ മറ്റൊരു ജീവിക്കും ഇല്ലാത്ത കഴിവും ഇതുതന്നെ. സ്വപ്നം കാണാനുള്ള ഈ കഴിവ്.

3 Comments
  1. Pradeep 3 years ago

    പ്രകൃതിയോട് മനുഷ്യൻ ഇന്ന് ചെയ്യുന്ന പ്രവൃത്തികൾ തുടർന്നാൽ, ഇതും സംഭവിക്കാം.

  2. Anil 3 years ago

    Very good article.

  3. Haridasan 3 years ago

    Well said and absolutely right…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account