ശ്രീവല്ലഭ ക്ഷേത്രം തിരുവല്ല ടൗണിൽ നിന്നും ഒരൽപ്പം മാറിയാണ് – തിരക്കിൽ നിന്നെല്ലാം ഒഴിഞ്ഞ ഒരു കോണിൽ!

അതുകൊണ്ടു തന്നെ വൈകുന്നേരമായാൽ സൈക്കിളും എടുത്തു അവിടേക്ക് പോകുന്നത് ബാല്യ കൗമാരങ്ങളുടെ ഒരു ശീലമായിരുന്നു. വല്യമ്പലം എന്ന പേര് ശരിവെക്കുന്ന രീതിയിൽ അകത്തും പുറത്തും ഒരുപാട് സ്ഥലം. പലർക്കും പല കോണുകളാണ് – അതിലൂടെ വളർന്നു വന്നതാണ് തിരുവല്ലക്കാരൻ. ബാല്യത്തിന്റെ കുസൃതിമേളങ്ങൾ മുഴുവൻ ജയചന്ദ്രന്റെ ചുറ്റുമായിരുന്നു. അതൊരു അനുഭവമാണ് – കുട്ടികുസൃതി മേലുടലം പിടിച്ചുലച്ചാലും ചുറ്റും ഓടിനടന്നാലും ശാന്തനായി കളിച്ചുനിന്നിരുന്ന ഗജരാജൻ! കൗമാരം പൂത്തുലയുന്നത് പടിഞ്ഞാറേ ഗോപുരത്തിന്റെ പുറകിൽ ആയിരുന്നു. വിശാലമായ ആ പറമ്പിലും ചുറ്റമ്പലത്തറയിലും ഒക്കെയായി ഒരുപാട് കണ്ണുകൾ പലരെയും കാത്തിരുന്നിരുന്നു. ദീപങ്ങൾ തെളിഞ്ഞുകഴിഞ്ഞാൽ നല്ലെണ്ണയുടെ മണവും പാവാടയുടുത്ത പെൺകുട്ടികളുടെ തലയിൽ നിന്നുള്ള കാച്ചെണ്ണയുടെ മണവും ഒക്കെ ചേർന്ന് വൈകുന്നേരങ്ങൾക്കു യാത്ര പറഞ്ഞിരുന്നു. അന്നത്തെ കറക്കം മതിയാക്കി വീട്ടിൽ കയറാൻ സമയമായി എന്നർത്ഥം.

സൈക്കിളുകൾ ബൈക്കുകൾക്ക് വഴിമാറികൊടുക്കുന്ന പ്രായമായാൽ സ്ഥാനക്കയറ്റമാണ്. യുവത്വം അമ്പലക്കുളത്തിനടുത്തും ഗരുഢസ്‌തംഭത്തിനടുത്തും ഊട്ടുപുരക്കരികിലും ഒക്കെ കറങ്ങിനടക്കും. പാട്ടുപാവാട ഹാഫ് സാരിക്കും, പിന്നെ കസവു സാരിക്കും വേണ്ടി മാറിനിന്നപ്പോൾ, മുടിയിഴകളിൽ നിന്നും വന്നിരുന്ന മുല്ലപ്പൂവിന്റെയും നന്ത്യാർവട്ടത്തിന്റെയും ഒക്കെ മണങ്ങളും ഈ കോണുകളിൽ ഒരുപാട് നേരം തങ്ങിനിന്നിരുന്നു! വീട്ടിൽ കയറാൻ സമയക്രമം ഇല്ലാതായി കിട്ടിയതിൽ പിന്നെ കഥകളി കാണലും ഒക്കെയായി ഒരുപാട് ദിനരാത്രങ്ങൾ പങ്കുവെച്ചതാണ് വല്യമ്പലത്തിന്റെ ഓർമ്മകൾ!

പിന്നീട് ജോലിയായി നാടുവിട്ട ശേഷം ഒരു ദിവസം അമ്മയാണ് ഫോൺ ചെയ്ത് ജയചന്ദ്രൻ പോയ കാര്യം പറഞ്ഞത്. വല്ലഭ പുരുഷന്റെ ആട്ടവിശേഷമായ ഒരു ഉത്രശീവേലിനാളിലായിരുന്നു അത്. പിന്നീട് നാട്ടിൽ പോയപ്പോൾ ജയചന്ദ്രൻ ഇല്ലാത്ത വല്യമ്പലം ഒഴിഞ്ഞു കിടക്കുന്നതായി തോന്നി. ഇന്നാകട്ടെ വിനോദാണ് ആ വാർത്തയുമായി വിളിച്ചത്. ‘സരോവരത്തിലെ രമ്യയെ ഓർമ്മയില്ലേ? അവൾ… ആക്‌സിഡന്റായിരുന്നു… രണ്ടാഴ്ച്ചയായി….’.

മുറ്റത്തു രണ്ടുവശത്തും തെച്ചിപ്പൂക്കൾ ഉണ്ടായിരുന്ന വലിയ കോലായുണ്ടായിരുന്ന വീട് – സരോവരം. ആ പേരിന്റെ കൗതുകമാണോ അതോ തൊഴാൻ വരുമ്പോൾ കുളികഴിഞ്ഞ മുടിത്തുമ്പിൽ നിന്നും വെള്ളത്തുള്ളികൾ ഇറ്റുവീഴും എന്ന് തോന്നിയിരുന്നത് കൊണ്ടാണോ രമ്യയെ എന്നും ‘സരോവരത്തിലെ’ എന്ന് ചേർത്ത് വിളിച്ചിരുന്നിരുന്നു. തെക്കു-പടിഞ്ഞാറേ ഭാഗത്തുള്ള വിഘ്‌നേശ്വരമൂർത്തിയായിരുന്നു അവൾക്കു പ്രിയപ്പെട്ടത് എന്ന് എനിക്ക് എപ്പോഴും തോന്നിയിരുന്നു. ഏറെനേരം അവിടെ നിന്നശേഷം തിരികെ നീണ്ട ചുറ്റമ്പലപ്പാതയിലൂടെ നടന്നുവരുമ്പോൾ, ഒരുപാട് ആമ്പൽ പൂക്കൾ നിറഞ്ഞ ഒരു സരോവരത്തിൽ നിന്നും ചുറ്റും നിറഞ്ഞുനിൽക്കുന്ന നിലാവെളിച്ചത്തിലേക്കു അലസമായി നടന്നുകയറുന്ന ഒരു അരയന്നത്തിനെപ്പോലെയാണവൾ എന്നും തോന്നിയിരുന്നു.കണ്ണുകൾ തമ്മിൽ പാളുമ്പോൾ കണ്ടിരുന്ന പുഞ്ചിരിക്ക് നിലാവെളിച്ചത്തിനെക്കാൾ തിളക്കവും, അപ്പോൾ തഴുകി വന്നിരുന്ന കാറ്റിന് ചെമ്പകം പൂത്തതിന്റെ മണവും ഉണ്ടായിരുന്നു!

വർഷങ്ങൾക്കു ശേഷം ഒരു ഔദ്യോഗിക യാത്രക്കിടയിൽ ഒട്ടും പ്രതീക്ഷിക്കാതെ ടോക്യോയിൽ വെച്ചാണ് പിന്നീട് അവളെ കാണുന്നത്. ഷിനാഗാവ സ്റ്റേഷനിൽ ലെയിൻ മാപ്പ് നോക്കി നിൽക്കുമ്പോൾ പേരുചൊല്ലി വിളിച്ച ശബ്‌ദത്തിന്റെ അപ്പുറത്തെ അറ്റത്തുള്ള പുഞ്ചിരി അവളായിരുന്നു. സകുടുംബം മൂന്ന് വർഷങ്ങളായി അവിടെയാണത്രെ. അവളുടെ കൈകളിൽ തൂങ്ങുന്ന ഒരു കൊച്ചു പെൺകുട്ടിയും അവളോടൊപ്പം പൊക്കമുള്ള, മൊബൈലിൽ നിന്നും മുഖമുയർത്തി നോക്കാത്ത മകനും. ചെമ്പകത്തിന്റെ മണത്തിനു പകരം കരോളിന ഹെറ്‍റേറ ഗുഡ് ഗേൾ നിറയുന്ന 7 മിനിറ്റിന്റെ (അടുത്ത ട്രെയിൻ വരുന്നതുവരെയുള്ള) ഓർമ്മ പുതുക്കൽ! ഇന്നിപ്പോൾ നീ പൊടുന്നനെ യാത്ര പറഞ്ഞതറിഞ്ഞപ്പോൾ, ലൈൻ നാലിൽ വന്ന ട്രെയിനിന്റെ ചില്ലുവാതിൽ അടയുമ്പോൾ ചിരിച്ചുകൊണ്ട് കൈവീശി നീ പറഞ്ഞ ‘ഇനി നാട്ടിൽ വരുമ്പോൾ വല്യമ്പലത്തിൽ സകുടുംബം വരണം..എല്ലാരേയും കാണണം’ എന്ന വാക്കുകൾ വീണ്ടുമോർമ്മിക്കുന്നു. വലിയ ചുറ്റുമതിലുകളുള്ള ആ അമ്പലപരിസരത്തെവിടെയെങ്കിലും ഇനിയും നീയുണ്ടാകുമോ? അതോ ഏറെ പരിചിതമായ ആ ചുറ്റമ്പലവഴിയും ഒഴിഞ്ഞുകിടക്കുന്നതായി തോന്നിക്കുമോ? നാളെയുടെ കാത്തുവെക്കലുകൾക്ക് നിൽക്കാതെ യാത്രയായ പ്രിയ കൂട്ടുകാരി – നിനക്കൊരായിരം അശ്രുപ്രണാമം !

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account