ഓടുപാകിയ
ഒറ്റമുറിചായ്പ്പിൽ
കരിഓയിൽ പൂശിയ
ഉരുളൻ മരത്തടികൾക്കും
വാരിക്കോലുകൾക്കുമിടയിൽ
മാറാല മൂടിയ
കണ്ണാടി ചീളിലൂടെ
ഇത്തിരിവെട്ടം
അരിച്ചെത്താറുണ്ട്;
അകംപുകയുന്നപകലിലും
ഉറക്കംമറന്ന രാത്രിയിലും.

ജീവിതപെരുമ്പാതയിൽ
ഓടിക്കിതച്ച്,
വെട്ടിപ്പിടിക്കാനാവാതെ
വെന്നിക്കൊടിനാട്ടാനാവാതെ
ഓന്നാമനാവാതെ
ഒന്നുമല്ലാത്തവനായി.

കുററപ്പെടുത്തലുകളിൽ
പൊള്ളിപ്പിടഞ്ഞ്
ഒറ്റപ്പെട്ടുപോയവന്റെ
തടവറ
ഈ ഒറ്റമുറി.
നാൽപ്പതു വാട്ടിന്റെ
പനിവെളിച്ചത്തിൽ
ഞാൻ വിയർക്കുന്നു.
പറുദീസ പുറംതിരിഞ്ഞതിന്
ന്യായവിധി നടത്താൻ
ഞാനാര്?
നീയാര്?
നിങ്ങളാര്?

പരിഹാസത്തിനും
പരിതപിക്കലിനും
പിരാകലിനും പിരാന്തിനും
മുഖംതിരിച്ച്‌ മൂകനായി .
മുനയൊടിഞ്ഞ
ചോദ്യങ്ങളിലാറാടി
മുനിയായി.

എന്തുകൊണ്ട്
വേദാന്തമോതിയില്ല?

ജീവിതം പകിടകളിച്ചു
പിൻവാങ്ങിയ
ഉറക്കമറ്റ രാത്രികളിൽ
ചീവീടുകൾ നിരന്തരം
ചിലമ്പുന്നേരം
ഇരുട്ടിൽ തിളക്കമേററിക്കൊണ്ട്
കരിപുരണ്ടകഴുക്കോലുകൾ
പ്രലോഭിപ്പിക്കാറുണ്ട്.

ഒരു കച്ചിത്തുരുമ്പിന്റെ
കൈത്താങ്ങിനായികൊതിച്ച്
ഉഴറി വീഴാൻനേരം
അനന്തതയുടെ
അപാര താരമണ്ഢലത്തിലെ
ഒരു നക്ഷത്രകുഞ്ഞ്
പ്രതീക്ഷയുടെ പൊൻകിരണമായി
കണ്ണാടി പ്രതലത്തിലുടെ
എന്നെ പുണർന്ന്
വഴിതിരിച്ചു നടത്തുന്നു.

1 Comment
  1. Babu Raj 3 years ago

    നന്നായിട്ടുണ്ട്

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account