പ്രച്ഛന്നവേഷമഴിച്ചുവെച്ചു യാത്ര തുടരുക
അരുണോദയത്തിൻ പ്രഭാതത്തിലേക്കായ്
കുടത്തിനുള്ളിൽ മുനിഞ്ഞുകത്തി, വിങ്ങി
കാമനകൾ കനത്ത് മൌനത്തിൽ
കുതിർന്നലിഞ്ഞുറയും ശിലയാകാതെ..
ചിന്തതൻ ചിറകുകൾ കുടഞ്ഞു വീശി
പറന്നേറുക ഗരുഡവേഗത്തിൽ
വിശ്വവിഹായസ്സിലേക്കായ്..
പ്രസരിപ്പൂ അനുരണനമായ്
ഉരുക്കഴിക്കും ആത്മനിവേദനത്തിൻ
മുരളീരവമായ് വാക്കിൻ മന്ത്രം..
സാഗരധ്വനികൾ ഉള്ളിലൊളിപ്പിച്ച്‌
ആയിരം തിരകളിൽ കഥകളലിയിച്ച്
ആരും കാണാതെ വിരാജിക്കുന്നുണ്ടവിടെ
അറിവിൻ വെൺശംഖുകളെത്രയോ..
നീലവാനിൻ ഹർഷാംശുകരങ്ങളാൽ തഴുകി
ഊർജ്ജസ്വലയാക്കുക, ഇരുട്ടിൻ വിറയാർന്ന
മുഖപടമണിഞ്ഞു പാതി മിഴികൂമ്പി,
വിതുമ്പി നില്ക്കുമീ ഭൂമീദേവിയേയും
ഊർജ്ജസാക്ഷ്യത്തിൻ വിരലുകൾ പതിഞ്ഞുണരട്ടെ
പൃഥ്വി തൻ തണുത്ത സിരാപടലങ്ങളും
വിരിയട്ടെ സ്നേഹൈക്യത്തിൻ സുന്ദര പാതകൾ!
സൌരോർജ്ജ പ്രകാശവഴിയിൽ തെളിയുന്നു
പ്രയാണത്തിൻ വിളക്കുകാലുകൾ
വിണ്ണിന്നനന്തതയും, മണ്ണിന്നാഴങ്ങളും,
പൊള്ളും അനുഭവക്കോലാൽ അളന്നറിഞ്ഞു
കത്തിജ്വലിച്ചേറ്റു വാങ്ങുക അഗ്നിസ്മിതങ്ങൾ
അയവിറക്കാനില്ല ചന്ദനം ചാലിച്ച
ഓർമ്മ തൻ തീർത്ഥകണങ്ങൾ!
വേട്ടയാടുന്ന പേക്കിനാക്കളെ ആട്ടിയകറ്റി
പടിയടച്ചു സാക്ഷയിടുക!
തിരിഞ്ഞുനോക്കരുതിനി പുകമറമൂടി
കരിന്തേളുകളിഴയും കാട്ടുപൊന്തകൾ നിറഞ്ഞ
പോയ കാലത്തിൻ പാതാളപ്പടവുകളെ
അകക്കൺ തുറക്കുക.. ശിരസ്സുയർത്തുക
വിതറുക നക്ഷത്രരാജി തൻ
ശോഭയേയുമീ ശേഷിപ്പിലേക്കായ്…!

7 Comments
 1. sunil 3 years ago

  Beautiful …

 2. അരുണോദയത്തിന്‍ പ്രഭാതം എന്നത് ശരിയായ പ്രയോഗമായോ എന്നറിയില്ല അതുപോലെ ഊര്‍ജ്ജസ്വലയാക്കുക ആണോ ഊര്‍ജ്ജ്വസ്വലയാകുക ആണോ ശരി .

 3. Author
  Indira Balan 3 years ago

  പ്രഭാതത്തിന് രണ്ടു ഭാവങ്ങളുണ്ട് . പൂർണ്ണമായി തെളിയുന്നതിനു മുമ്പുള്ള ഭാവം അരുണോദയം സൂര്യൻ ഉദിച്ചുവരുമ്പോഴുള്ള ഭാവം അതിനു ശേഷമാണ് പൂർണ്ണമായ വെളിച്ചമുള്ള പ്രഭാതം ആ ഭാവങ്ങളാണ് കവിതയിൽ ഉദ്ദേശിച്ചത് പിന്നെ ഇരുട്ടിൻ വിറയാർന്ന് മിഴി കൂമ്പി നിൽക്കുന്ന ഭൂമി ദേവിയെ നീല വാനിന്റെ ഹർഷാംശുകരങ്ങളാൽ തഴുകി ഊർജ്ജസ്വലയാക്കുവാൻ പറയുകയാണ്

  • പ്രച്ഛന്നവേഷമഴിച്ചുവെച്ചു യാത്ര തുടരുക
   അരുണോദയത്തിൻ പ്രഭാതത്തിലേക്കായ്
   നീ നിന്റെ കപട വേഷം അഴിച്ചു വച്ചു യാത്ര തുടരുക അരുണോദയത്തിന്റെ പ്രഭാതത്തിലേക്കായി . പ്രഭാതത്തിന്റെ വെളിച്ചത്തിലേക്ക് / ശോഭയിലേക്ക് എന്ന് അതു വായിക്കാം . പക്ഷെ കവി പറഞ്ഞ വ്യാഖ്യാനം അതു നശിപ്പിച്ചു . ഊര്‍ജ്ജസ്വലയാക്കുക മനസ്സിലായി സന്തോഷം .നന്ദി വിശദീകരണത്തിനു .
   അരുണോദയം = പ്രഭാതം (സൂര്യോദയത്തിന് നാലുനാഴികമുമ്പ്)
   പ്രഭാതം = സൂര്യൻ ഉദിക്കാറായ സമയം, ഉഷസ്സ്;
   വെളിച്ചം, ശോഭ

 4. Author
  Indira Balan 3 years ago

  അരുണന്റെ തേരിൽ ആണ് സൂര്യൻ വരുന്നതെന്ന് കാവൃശാസ്ത്രത്തൽ പറയപ്പെടുന്നു

 5. Author
  Indira Balan 3 years ago

  ഭൂമിദേവിയെ ഊർജ്ജസ്വല യാക്കുവാൻ ആകാശത്തിനോട് പറയുകയാണ്

 6. Author
  Indira Balan 3 years ago

  ഇതു തന്നെയാണ് സഹോദരാ ഞാനും പറഞ്ഞത്

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account