ജനാലക്കരികിൽ ഫോട്ടോയും മാറോടണച്ച് വിതുമ്പുന്ന ഭവാനിയമ്മയെ കണ്ടപ്പോഴാണ് സഹവാസിയായ അമ്മാളു അമ്മ അങ്ങോട്ടു ചെന്നത്.

“എന്താ ഭവാനിയമ്മേ, ഇത്ര സന്തോഷമുള്ള ദിവസായിട്ടും നിന്ന് കരയുവാണോ? നിങ്ങളൊക്കെ ഭാഗ്യം ചെയ്തവരാ.. വൈകിയാണേലും മോനു തോന്നിയല്ലൊ അമ്മയെ തിരികെ വിളിക്കാൻ.എനിക്കൊന്നും ഇനി ഉറ്റവരെ ഒരുനോക്ക് കാണാൻ കഴിയുമെന്ന് കൂടി തോന്നണില്യ. പറയാൻ തുടങ്ങിയാൽ കുറെ കാണും. അതൊക്കെ പോട്ടെ.. ഭവാനിയമ്മ വേഗം ഇറങ്ങിക്കോളു, മോൻ വന്നിട്ട് നേരം കുറേയായില്ലെ…” ഒരു ദീർഘ നിശ്വാസം അവരിൽ നിന്നുയർന്നു. അത് ചിലപ്പോൾ, പ്രതീക്ഷയുടേതോ പ്രത്യാശയുടേതോ ആവാം.
,
“സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞ് പോയതാ. പ്രതീക്ഷിക്കാതെ പെട്ടെന്ന് മോൻ തിരികെ വിളിക്കാൻ വന്നപ്പോ, അവന്റെ അച്ഛനോട് പറയായിരുന്നു ഞാൻ, അവൻ പാവമാണെന്ന്.” സാരിത്തലപ്പുകൊണ്ട് ഒന്നു മിനുക്കി ആ ഫോട്ടോ അവർ ബാഗിൽ പൊതിഞ്ഞു വച്ചു.

“ഞാനിറങ്ങുവാണ്. അമ്മാളുഅമ്മയെ ഇടക്കൊക്കെ വന്ന് ഞാൻ വീട്ടിൽ കൊണ്ടോവാട്ടോ..” കൊച്ചു കുട്ടിയെപ്പോലെ അവർ നിഷ്കളങ്കമായൊരു ഉറപ്പു നൽകി.

കാറിൽ കയറിയപ്പോഴാണ് മുൻ സീറ്റിൽ ഇരിക്കുന്ന മരുമകളെ അവർ കണ്ടത്. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിക്കൊപ്പം അവരുടെ നാവും ചലിച്ചു കൊണ്ടേയിരുന്നു.

“മോളുണ്ടായിരുന്നല്ലെ? പിന്നെന്താ ഇറങ്ങാത്തെ? എന്റെ കൊച്ചുമോളെവിടെ? അമ്മേടെ മുറിയിൽ ഇപ്പഴും അവളുടെ പടമുണ്ടല്ലോ! അവൾ വലുതായിക്കാണും, അല്ലെ? കാണാൻ കൊതിയാവണു”. വാ തോരാതെ അവർ സംസാരിച്ചു കൊണ്ടേയിരുന്നു. അതി നു മറുപടിയായി മരുമകൾ നൽകിയതോ, റേഡിയോയിലെ കാതടപ്പിക്കുന്ന കൂക്കി വിളികളും. എന്നിട്ടും ഒരു മന്ദഹാസത്തോടെ ഇരുണ്ട ചില്ലു ഗ്ലാസ്സിലൂടെ വഴിയോരക്കാഴ്ചകൾ കണ്ടുകൊണ്ട് അവരിരുന്നു.

മകൻ വന്ന് ഡോർ തുറന്നപ്പോഴാണ് വീടെത്തിയ കാര്യം അവർക്കു മനസിലായത്. കാറിൽത്തന്നെ ഇരുത്തം തുടർന്ന മരുമകളോട് കാരണം ആരാഞ്ഞെങ്കിലും മറുപടി ഒന്നും ലഭിച്ചില്ല. തിരക്കിട്ട് പായുന്ന മകന്റെ പിന്നാലെ ഒരനുസരണക്കാരിയെപ്പോലെ അവർ നടന്നു. നടത്തം നിർത്തിയത് അടുക്കളയിലാണ്.

“ആ കാണുന്നതാണ് അമ്മേടെ മുറി. ഇവിടെ സൗകര്യങ്ങളൊക്കെ കുറവാട്ടൊ”, അടുക്കളയെ മുട്ടി നിൽക്കുന്ന കൊച്ചുമുറി കാട്ടി മകൻ പറഞ്ഞു.

“പിന്നെ, ഞങ്ങൾക്ക് ഓഫീസിപ്പോണം. അതോണ്ടാ രാവിലെ തന്നെ അങ്ങോട്ടു വന്നത്. ഞങ്ങൾ നാലഞ്ചു പേർ ഉച്ചയ്ക്കു ഉണ്ണാൻ ഉണ്ടാകും. അമ്മയ്ക്ക് അസുഖമൊന്നുമില്ലല്ലൊ. ഗ്യാസ് ഉപയോഗിയ്‌ക്കേണ്ട, അത് കഴിഞ്ഞു പോയി. ഇനി പുതിയത് വരാൻ കുറച്ചു ദിവസം പിടിക്കും.കറന്റ് ആണേൽ തൊടുകയേ വേണ്ട, എന്തൊരു ബില്ലാ .. പണിക്കാർക്കൊക്കെ മുടിഞ്ഞ ശമ്പളം കൊടുക്കണം. അവറ്റകളെ വീട്ടിലാക്കി പോകാനും പറ്റില്ല. എന്തൊക്കെയാ അടിച്ചു മാറ്റുന്നേ എന്ന് പറയാൻ പറ്റില്ല. ഇത്രയും നാൾ ഒരുത്തി ഉണ്ടായിരുന്നു. ഗ്യാസ് കഴിഞ്ഞപ്പോ അവളിറങ്ങിപ്പോയി. അത് നന്നായി. മുറ്റത്ത് വിറകു കാണും. അമ്മയാവുമ്പോ അടുപ്പു കൂട്ടാനൊക്കെ അറിയാലൊ. എന്നാ കഴിക്കാൻ വരാം. മുന്നിലെ വാതിലടച്ചേക്ക് “.

കണ്ടിട്ടും കേട്ടിട്ടും നാളേറെയായെങ്കിലും മകന്റെ നിർദ്ദേശങൾ ഒരു പരിചാരികയെപ്പോലെ അവർ കേട്ടു നിന്നു. വാതിൽ അടക്കുവാൻ ചെന്നപ്പോഴാണ് മരുമകളു ടെ വാക്കുകൾ അവരെ തേടിയെത്തിയത്; “എല്ലാം പറഞ്ഞില്ലെ..” മുഴുവൻ കേൾക്കാൻ അവർ നിന്നില്ല.

തിരികെ നടക്കുന്നതിനിടയിൽ ചില്ലുകൂട്ടിലെ ഒരു ഫോട്ടോയിൽ നനവാർന്ന ആ അമ്മയുടെ മിഴികൾ ഉടക്കി. ഒരു കല്യാണ ഫോട്ടോ! അത് മകന്റെതല്ല. സൂക്ഷിച്ചു നോക്കിയപ്പോഴാണ് തന്റെ കൊച്ചുമകളുടെ ഛായ ആ കല്ല്യാണപ്പെണ്ണിന് ഉണ്ടെന്ന് ആ അമ്മൂമ്മ അറിഞ്ഞത്. കാലം തന്നെ എത്രത്തോളം തനിച്ചാക്കിയിരിക്കുന്നു! അവർ വിലപിച്ചില്ല; കണ്ണീർ വറ്റിയിരിക്കാം.. വിറകുകൂട്ടി അടുപ്പുകത്തിച്ച് തന്റെ ജോലികൾ അവർ ആരംഭിച്ചു.

കൊട്ടാരസദ്യശ്യമായ ആ വീട്ടിൽ നിന്നും ആദ്യമായുള്ള വിറകിന്റെ എരിച്ചിലായതുകൊണ്ടാകാം എങ്ങും പുക നിറഞ്ഞു നിന്നു. എന്തുകൊണ്ടോ ആ പുകയ്ക്കും അവരുടെ മുടിഇഴകൾക്കും നിറം ഒന്നായിരുന്നു….

2 Comments
  1. Haridasan 3 years ago

    A touching story.. good writing..

  2. Prabha 3 years ago

    നന്നായിട്ടുണ്ട്

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account