ഓര്‍മ്മകളിലൂടെ ഭൂതകാലത്തിലേക്കൂളിയിട്ടു പോകുന്നത് പറഞ്ഞറിയിക്കാനാവാത്ത ഒരു സുഖമാണ്. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ കൊടുങ്ങല്ലൂര്‍ക്ക് ഒരു യാത്ര പോയിരുന്നു. വല്ലാത്തൊരു വൈകാരികാനുഭൂതി ഉളവാക്കിയ ഒരു യാത്ര. മൂത്തകുന്നത്തുനിന്ന് പാലം കടന്നാല്‍ വലിയപണിക്കന്‍ തുരുത്ത്. മറ്റൊരു പാലം കൂടിക്കഴിഞ്ഞാല്‍ കോട്ടപ്പുറം ചുങ്കം. എണ്‍പതുകളുടെ മദ്ധ്യത്തിലാണ് ഈ പാലങ്ങള്‍ യാത്രക്കായി തുറന്നുകിട്ടിയത്‌. അതിനുമുമ്പ് കോട്ടപ്പുറം ഫെറി കടന്നുവേണം കൊടുങ്ങല്ലൂരുനിന്ന് മൂത്തകുന്നത്ത് എത്താനും അവിടെനിന്ന് പിന്നെ പറവൂര്‍ക്കോ എറണാകുളത്തേക്കോ പോകാന്‍… ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ “കൊടുങ്ങല്ലൂര്‍ന്ന് മൂത്തോന്നത്തക്കോ, അവിടന്ന് പറൂര്‍ക്കോ അല്ലെങ്കി എര്‍ണാളത്തക്കോ പോവാന്‍…”

നാഷണല്‍ ഹൈവേ പഴയ കൊടുങ്ങല്ലൂരിനെ രണ്ടായി നെടുകെ പിളര്‍ത്തി നീണ്ടുനിവര്‍ന്ന് കിടക്കുകയാണിപ്പോള്‍… വല്ലാത്ത ശബ്‌ദകോലാഹലങ്ങളോടെ…  രാപകല്‍ ഭേദമന്യേ അട്ടഹസിച്ചു കൊണ്ട്…. അത് കൊടുങ്ങല്ലൂരിനെ കിഴക്കും പടിഞ്ഞാറുമായ രണ്ടു കഷണങ്ങൾ ആയി ചീന്തി മുറിച്ചെറിഞ്ഞിരിക്കുന്നു.

ഞങ്ങളുടെ കുട്ടിക്കാലത്ത് കൊടുങ്ങല്ലൂര്‍ കൊച്ചുപട്ടണമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ഗ്രാമമായിരുന്നു.  ശൃംഗപുരം  ഭാഗങ്ങളും, അവിടെനിന്ന് ഭഗവതികാവിലേക്കുള്ള വഴിയുടെ ഇരുഭാഗങ്ങളും, കാവിനു നാലുചുറ്റുമാണ് പട്ടണഛായയുണ്ടായിരുന്നത്. ബാക്കിയെല്ലാം എല്ലാ അര്‍ത്ഥത്തിലും ഗ്രാമപ്രദേശങ്ങള്‍. നാട്ടുവഴികളും, കുളങ്ങളും, തോടുകളും, കൈതപ്പൊന്തകളും,  കുടിലുകളും, ഇടത്തരം വീടുകളും എല്ലാം കലര്‍ന്ന മലയാളത്തിന്‍റെ ഒരു നടുഛേദം.

തെങ്ങും, കവുങ്ങും, മാവും, പ്ലാവും, കടപ്ലാവും, നാരകവും, ബബ്ലൂസ് നാരകവും, ചെമ്പകവും എല്ലാം തിങ്ങി വളര്‍ന്നു നിന്നിരുന്ന തികഞ്ഞ ഒരു ഗ്രാമപ്രദേശമായിരുന്നു വീടും പരിസരങ്ങളും. കൂടെ പ്രകൃതിയോട്‌ ചേര്‍ന്ന്, കാലാവസ്ഥവ്യതിയാനങ്ങള്‍ക്ക് അനുസരിച്ച് ജീവിതം കരുപ്പിടിപ്പിച്ചുകൊണ്ടിരുന്ന നിഷ്‌കളങ്കരായ ഒരുകൂട്ടം ഗ്രാമീണരും…

കിഴക്കോട്ടേക്ക് ദര്‍ശനമായി പറമ്പിന്റെ ഏതാണ്ട് നടുവില്‍ത്തന്നെ ആയിട്ടാണ് വീട്. പറമ്പിന്റെ വടക്കുകിഴക്ക് ഭാഗത്തും, തെക്കുപടിഞ്ഞാറു ഭാഗത്തുമായി രണ്ടു കുളങ്ങള്‍ ഉണ്ടായിരുന്നു എനിക്കോര്‍മ്മവെക്കുന്ന കാലത്ത്. വടക്കുകിഴക്കേ ഭാഗത്തെ കുളം ആദ്യകാലങ്ങളില്‍ അടുക്കള ആവശ്യങ്ങള്‍ക്കായുള്ള വെള്ളത്തിനു വേണ്ടിയും, തെക്കുപടിഞ്ഞാറെ ഭാഗത്തെ കുളം കുളിക്കാനും, പിന്നെ ജലസേചനാവശ്യങ്ങള്‍ക്കും ആണ്  ഉപയോഗിച്ചിരുന്നത്. അടുക്കള ആവശ്യങ്ങള്‍ എന്നുപറഞ്ഞാല്‍ പാചകംചെയ്യാനും, കുടിക്കാനും മറ്റും. കിണറുകുത്തിയതിനുശേഷം ആ കുളം ഏതാണ്ട് ഉപയോഗശൂന്യമായി. ഞാന്‍ ജനിച്ച സമയത്തെ സ്ഥിതി അതായിരുന്നു. മുത്തച്ഛന്‍ അത് നികത്തി അവിടെ  തെങ്ങ്, കവുങ്ങ്, മാവ് എന്നിവ വെച്ചു പിടിപ്പിച്ചു. ഞങ്ങള്‍ തല്ലിത്തേങ്ങ എന്നു വിളിച്ചിരുന്ന ഒരു ബദാം മരവും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. കവുങ്ങിനെ ഞങ്ങള്‍ അടയ്ക്കാമരം എന്നര്‍ത്ഥം വരുന്ന അടക്കാരം എന്നാണ് പറയുക…. കുളം നികത്തിയ സ്ഥലമായതുകൊണ്ട് വീടിന്‍റെ വടക്കുകിഴക്കേഭാഗം നികം എന്നാണ് പില്‍ക്കാലത്ത് ഞങ്ങള്‍ക്കിടയില്‍  അറിയപ്പെട്ടിരുന്നത്.

കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ചാണ്  പറമ്പിലെ പണികള്‍.  തെങ്ങുകയറ്റവും, അടക്ക പറിക്കലും മാത്രമാണ് ഇതിനപവാദങ്ങള്‍. കൃഷ്‌ണൻകുട്ടിയും, അനിയന്‍ കുമാരനും ആയിരുന്നു വീട്ടിലെ അന്നത്തെ പണിക്കാര്‍. കൃഷ്‌ണൻകുട്ടി ആണ് പ്രധാനി. കൃഷ്‌ണൻകുട്ടി ഇല്ലാത്ത ഒരു പണിയും അന്നു വീട്ടിലില്ല. പണിക്കാര്‍ കൂടുതല്‍ വേണമെങ്കില്‍ കൃഷ്‌ണൻകുട്ടി കൂട്ടിക്കോളും.

വീടിന്‍റ മുമ്പിലൊരു നാട്ടുവഴിയായിരുന്നു. വഴിക്കപ്പുറത്തായി, അതായത് ഞങ്ങളുടെ കിഴക്കേതില്‍, തുളസിമൂപ്പത്തിയുടെ പറമ്പാണ്.  ശീമക്കൊന്നപ്പത്തലുകളിട്ട വേലിയുള്ള ആ വലിയ പറമ്പിന്റെ തെക്കു പടിഞ്ഞാറേമൂലക്ക് രണ്ടു ഓലമേഞ്ഞ പത്തുസെന്റ്‌ കുടികിടപ്പ് വീടുകളുണ്ട്. ഞങ്ങളുടെ പറമ്പിന്റെ തെക്കുകിഴക്കേ  ഭാഗത്തിന്റെ നേരെ മുന്നില്‍ തന്നെയായി വരും ഒരെണ്ണം. അതില്‍ ആണ് കുഞ്ഞിക്കാളിയും കുടുംബവും. നല്ല ഉയരത്തില്‍ പ്രായം കൊണ്ട് മുമ്പിലേക്കു കൂനി, തോടയിടാനായി ഞാത്തിയ ചെവികളും, ഏതാണ്ട് മുഴുവനെ നരച്ച മുടിയും ഉള്ള കുഞ്ഞിക്കാളി പായനെയ്യാനും ഓലമെടയാനും അതിവിദഗ്ദ്ധ ആയിരുന്നു. ഓണക്കാലത്ത് ഞങ്ങള്‍ക്കായി പ്രത്യേകം പൂവട്ടികള്‍ മറക്കാതെ ഉണ്ടാക്കിത്തരാറുണ്ടായിരുന്നു കുഞ്ഞിക്കാളി. കുഞ്ഞിക്കാളിയുടെ പ്രതിഫലം വാങ്ങാതെയുള്ള സ്‌നേഹസമ്മാനങ്ങളായിരുന്നു അവ. കുഞ്ഞിക്കാളിയുടെ ആണ്‍മക്കളാണ് കൃഷ്‌ണൻകുട്ടിയും, കുമാരനും.    കൃഷ്‌ണൻകുട്ടിയും ഭാര്യ ജാനുവും മക്കളും, കുമാരനും ഭാര്യ പപ്പുവും മക്കളും, പിന്നെ കുഞ്ഞിക്കാളിയുടെ കല്യാണം കഴിക്കാത്ത മകള്‍ സുശീലയുമാണ് ആ വീട്ടിലെ മറ്റു താമസക്കാര്‍. ജാനുവാണ് വീട്ടിലെ പുറംപണി.

തൊട്ടടുത്ത വീട്ടില്‍ ശങ്കരന്‍, ഭാര്യ അയ്യ, മകന്‍ ഹരിഹരന്‍, ഹരിഹരന്‍റെ ഭാര്യ കുറുമ്പ, ഹരിഹരന്‍റെ മക്കള്‍ എന്നിവരാണ്‌ താമസം. ശങ്കരന്‍റെ മകള്‍ ശാന്തയും ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നു. പിന്നീട് കല്യാണം കഴിഞ്ഞു ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പോയി. ശങ്കരന്‍റെ വീട്ടില്‍ എന്നും വൈകുന്നേരം വയലോപ്പിള്ളിയുടെ കുടിയൊഴിപ്പിക്കലിലെ പല രംഗങ്ങളുടെയും ദൃഷ്യാവിഷ്‌കാരം സ്ഥിരമായി അരങ്ങേറും. ഹരിഹരനാണ് നായകന്‍. മലയാളത്തിലെ ഗോപ്യമായ പല പദപ്രയോഗങ്ങളും മനസ്സിലാക്കിയത് ഹരിഹരനില്‍ നിന്നാണ്. അര്‍ത്ഥത്തിനായി ശബ്‌ദതാരാവലി പരതണ്ട… ഹരിഹരന്‍ തന്നെ വിസ്‌തരിച്ച് അര്‍ത്ഥവും പറയും. കൂടെ കുറുമ്പയുടെ പുറത്ത് ഇടിയും വീഴുന്നുണ്ടാകും. ഒരു തരത്തില്‍ പറഞ്ഞാല്‍ ഞാനെന്ന ഏകലവ്യന്‍റെ ദ്രോണാചാര്യന്‍ ആയിരുന്നു ഹരിഹരന്‍. പിന്നീടു പലപ്പോഴും ആവനാഴിയിലെ അസ്‌ത്രങ്ങള്‍ ഉപയോഗിക്കേണ്ടിവന്നപ്പോഴൊക്കെ ഞാന്‍ ഗുരു ഹരിഹരനെ നന്ദിയോടെ സ്‌മരിക്കാറുണ്ട്. പില്‍ക്കാലത്ത് പല സുഹൃത് സംഗമങ്ങളിലും ഹരിഹരന്‍റെ പാട്ടുകള്‍ പാടി ഞാന്‍ തിളങ്ങിയിട്ടുണ്ട്.  ഗുരുദക്ഷിണ ഒന്നും കൊടുക്കാന്‍ പറ്റിയില്ല എന്ന ഒരു സങ്കടം മാത്രം ബാക്കി. അക്കാലത്ത് എപ്പോഴും ആടി ആടി വരുന്ന ഹരിഹരനെ കാണുന്നതേ പേടി ആയതിനാല്‍ നേരെവന്നാല്‍ വഴിമാറിപ്പോക്കാണ്  പതിവ്.  അസാമാന്യമായ ചങ്കൂറ്റമുള്ളവനായിരുന്നു ഹരിഹരന്‍. തകഴിയുടെ “അനുഭവങ്ങള്‍ പാളിച്ചകള്‍” സിനിമയിലെ സത്യന്‍റെ ചെല്ലപ്പന്‍ പലപ്പോഴും ഹരിഹരനെ ഓര്‍മ്മിപ്പിക്കാറുണ്ട്.

കൃഷ്‌ണൻകുട്ടിയുടെയും, കുമാരന്റെയും എല്ലാം വീട്ടുംപേര് എന്താണെന്ന് അറിയാമോ? പറയാം… സാക്ഷാല്‍ “പുത്തൂരംവീട്”! “പുത്തൂരം വീട്ടില്‍ ജനിച്ചോരെല്ലാം പൂപോലഴകുള്ളോരായിരുന്നൂ…” എന്ന് പാണന്‍ പണ്ട് പാടിക്കൊണ്ട് നടന്നത് അന്വര്‍ത്ഥമാക്കുന്നതു പോലെയാണ് കൃഷ്‌ണൻകുട്ടിയുടെയും, കുമാരന്റെയും രൂപസൌകുമാര്യം. രണ്ടു പേരും കാഴ്‌ചക്ക് നല്ലതാണ്. കൃഷ്‌ണൻകുട്ടി ശരാശരി ഉയരത്തില്‍, ഗോതമ്പ് നിറമുള്ള ഒരു സുമുഖനാണ്. മുകളിലേക്ക് പറിച്ചു വെച്ച ലേശം നരകയറിയ കൊമ്പന്‍മീശ. ചെറുതായി നര കയറിയ മുടി ഇടത്തോട്ടെക്ക് ചീകി വെച്ചിരിക്കും. വട്ടമുഖം… മിക്കപ്പോഴും സുസ്‌മേരവദനന്‍ ആയിരിക്കും. കൂടെക്കൂടെ മുറുക്കും. വെളുത്ത മുണ്ടേ ഉടുക്കു. മുണ്ട് മടക്കിക്കുത്തിയിരിക്കും. പണിക്കുപോകുന്ന സമയത്തോ, പണിയിലോ ഷര്‍ട്ട് കാണില്ല. ഷര്‍ട്ട് ഇടുന്ന സമയമാണെങ്കില്‍ വെളുത്ത ഫുള്‍ കയ്യന്‍ ഷര്‍ട്ട് കൈ മടക്കി വെച്ചിരിക്കും. കൃഷ്‌ണൻകുട്ടി കാണാന്‍ പ്രേംനസീറിനെപ്പോലെ ആണെന്ന് അമ്മുമ്മയുടെ അടുക്കളസഹായി ശ്രീദേവിചേച്ചി പണ്ടൊരിക്കല്‍ സാക്ഷ്യപ്പെടുത്തിയുട്ടുണ്ട്. പിന്നെ കൂടുതലൊന്നും പറയണ്ടല്ലോ.

കുമാരന്‍ പരമയോഗ്യനാണ്… ആറടിക്കു മുകളില്‍ പൊക്കം. കൃഷ്‌ണൻകുട്ടിയേക്കാള്‍ കുറച്ചു ഇരുണ്ടനിറം. ആംഗലേയത്തില്‍ പറഞ്ഞാല്‍… “ടാള്‍, ഡാര്‍ക്ക്‌ ആന്‍ഡ്‌ ഹാന്‍ഡ്‌സം…” അക്ഷരം പ്രതി അതു തന്നെ. ക്ലീന്‍  ഷേവ് ആണ്…. ഹിന്ദി സിനിമ നടന്‍മാര്‍ ധര്‍മേന്ദ്രയുടേയും, സുനില്‍ ഷെട്ടിയുടെയും കൂടിക്കലര്‍ന്ന ഛായയാണ്… ചിലപ്പോള്‍ സുനില്‍ ഷെട്ടിയുടെ പോലെ ഷേവ് ചെയ്യാതെ കുറ്റിരോമം നിര്‍ത്തിയിരിക്കുന്നത് കാണാം. ധര്‍മേന്ദ്രയുടെ പോലെ തന്നെയുള്ള മുടി, നെഞ്ചത്ത് നിറയെ രോമം… അതിലൂടെ സിക്‌സ് പായ്ക്ക് കാണാം. കൃഷ്‌ണൻകുട്ടിയും സിക്‌സ് പായ്ക്ക് തന്നെ കേട്ടോ… ലുങ്കിയാണ് സാധാരണ വേഷം, പണിക്കു പോകുമ്പോഴോ, പണി എടുക്കുമ്പോഴോ ഷര്‍ട്ട് ഇടില്ല. ലുങ്കി കുറച്ചു കയറ്റി മടക്കിക്കുത്തിയിരിക്കും. മിക്കപ്പോഴും അടിയിലെ ഇളം നീല നിറത്തില്‍ കടുംനീല വരകളുള്ള നിക്കറിന്റെ അറ്റം കാണാം. കുമാരന്‍ നന്നായി ബീഡി വലിക്കും. ബീഡി, തീപ്പെട്ടി, അത്യാവശ്യം ചില്ലറ  ഇത്യാദികള്‍ സൂക്ഷിക്കുന്നത് നിക്കറിന്റെ പോക്കറ്റിലാണ്. നടക്കുമ്പോള്‍ മുന്നിലേക്ക്‌ ഒരു ചെറിയ കൂനുണ്ട്. പൊക്കം കാരണം “വടിവാള്‍” എന്ന് കൂട്ടുകാര്‍ സ്‌നേഹത്തോടെ വിളിച്ചിരുന്നത് പിന്നീട് നാട്ടുകാരും ഏറ്റെടുത്തു. പുത്തൂരംവീട് ലോപിച്ച് പുത്തുക്കുമാരന്‍ എന്നും അറിയപ്പെട്ടിരുന്നു.  കുമാരന്‍ കോട്ടും സ്യൂട്ടും ഇട്ട് ഒരു കൂളിംഗ്‌ ഗ്ലാസ്സും വെച്ചു വന്നാല്‍ ജെയിംസ്‌ ബോണ്ട്‌ മാറി നില്‍ക്കണം എന്ന് ഞങ്ങള്‍ പിള്ളേര്‍ പറയാറുള്ളത് കാര്യമായിത്തന്നെയാണ്.

തെങ്ങുകയറ്റം മാസാമാസം നടക്കും, ഇടവം, മിഥുനം, കര്‍ക്കിടകം മാസ്സങ്ങളൊഴികെ. വീടിരിക്കുന്ന പറമ്പല്ലാതെ വീട്ടില്‍ നിന്ന്  കുറെ പടിഞ്ഞാറുമാറി എരിശ്ശേരിപ്പാലത്തിനടുത്തായി മറ്റൊരു തെങ്ങിന്‍പറമ്പും ഉണ്ടായിരുന്നു അക്കാലത്ത്. പടിഞ്ഞാറേ പറമ്പ് എന്നു ഞങ്ങള്‍ വിളിച്ചിരുന്ന വിശാലമായ ഒരു തെങ്ങിന്‍തോപ്പ്. രണ്ടു പറമ്പുകളിലേയും  തെങ്ങുകയറ്റവും, അനുബന്ധചര്യകളും മൂന്നുനാലു ദിവസ്സങ്ങള്‍ നീണ്ടുനില്‍ക്കും. കുമാരനാണ് തെങ്ങുകയറി തേങ്ങ ഇടുന്ന പണി.

തെങ്ങുകയറുന്ന ദിവസം രാവിലെ തന്നെ ഏണിയും, വാക്കത്തിയും, തളപ്പുമെല്ലാം ആയി കുമാരന്‍ വീട്ടിലെത്തും. കൃഷ്‌ണൻകുട്ടിയും അപ്പോഴേക്കും ഹാജര്‍. കയറുമ്പോള്‍ കാല് വെക്കാന്‍ പാകത്തിന്  ഇടവിട്ടിടവിട്ട്  കുറ്റികളുള്ള  വളവില്ലാത്ത ഒരു മുളങ്കോലാണ്  തെങ്ങുകയറാന്‍ ഉപയോഗിക്കുന്ന ഏണി. ഒരറ്റത്ത് തെങ്ങിന്‍റെ  തന്നെ കൊഴിഞ്ഞില്‍ അര്‍ദ്ധവൃത്താകൃതിയില്‍ വെച്ചുകെട്ടിയിട്ടുണ്ടാകും. അതാണ് തെങ്ങില്‍ ചേര്‍ത്തുവെക്കുന്നതും, ഏണിക്ക് തെങ്ങില്‍ പിടുത്തം കൊടുക്കുന്നതും. ഏണി വലത്തേ തോളത്ത് ഭൂമിക്ക്  സമാന്തരമായി വെച്ചിരിക്കും. വലത്തേ കൈ ഏണിയില്‍ നീട്ടി വെച്ചാണ്‌ സമര്‍ത്ഥമായി സമതുലനാവസ്ഥ കൈ വരിക്കുന്നത്. കയറുകൊണ്ടുള്ള  തളപ്പ് തലയില്‍ വട്ടക്കിരീടം പോലെ ഇട്ടിരിക്കും. ഏണിയുടെ ഉയരത്തില്‍ എത്തിയാല്‍ പിന്നീടുള്ള കയറ്റം തളപ്പ് കാലില്‍ ഇട്ടാണ്.  വാക്കത്തി തോളത്ത് പിടി മുകളിലേക്കായി, ലോഹഭാഗം പിന്നിലേക്കായി, തുമ്പ് മുതുകത്ത് സ്‌പര്‍ശിച്ചുകൊണ്ട് നല്ല സീറ്റിങ്ങില്‍ ഇരിക്കുന്നുണ്ടാകും. അരയില്‍ ഭദ്രമായി കയറില്‍ കെട്ടി ഉറപ്പിച്ച ഒരു കവുങ്ങിന്‍പാളക്കീറിലാണ് വാക്കത്തിയുടെ തുമ്പ് വിശ്രമിക്കുക.

ഏണി തെങ്ങില്‍ ഭദ്രമായി ചാരിവെച്ച്  കുമാരന്‍ തെങ്ങുകയറ്റം തുടങ്ങും. വീട്ടിലെ തെങ്ങുകളെല്ലാം വളരെ ഉയരമുള്ളവ ആയിരുന്നു. സമയാസമയങ്ങളില്‍ വെള്ളവും, വളവും കൊടുത്ത് കുട്ടികളേപ്പോലെ നോക്കി പരിപാലിക്കും മുത്തച്ഛൻ അന്നൊക്കെ… ഏണിയിലെ മൊട്ടുകളില്‍ കാല്‍ വെച്ചു വെച്ച് കുമാരന്‍ ഏണിയുടെ ഏറ്റവും മുകളില്‍ എത്തും… ഏറ്റവും മുകളില്‍ വെച്ചുകെട്ടിയിരിക്കുന്ന കൊഴിഞ്ഞിലില്‍ കാലുറപ്പിച്ച് ഇടതുകൈ തെങ്ങിനെ ചുറ്റിപ്പിടിച്ച് വലതുകൈ കൊണ്ട് തലയില്‍ നിന്ന് കയറൂരി സമര്‍ത്ഥമായി കാലില്‍ ഇടും. കാലില്‍ തളപ്പ് വലിച്ചുറപ്പിച്ച് കാലുകള്‍ രണ്ടും തെങ്ങിന്‍റെ രണ്ടു ഭാഗത്തുമായി ചേര്‍ത്തു പിടിക്കും.. പിന്നെ തെങ്ങില്‍ കയ്യുകള്‍ മാറിമാറിക്കുത്തി മുകളിലേക്ക് കുതിക്കുകയായി… ഓരോ പ്രാവശ്യം കുതിക്കുമ്പോളും, തളപ്പിട്ട കാലുകള്‍ അടുത്ത ലക്ഷ്യത്തില്‍ വന്നുറക്കും. ശരവേഗത്തില്‍ മുകളില്‍ എത്തും കുമാരന്‍. വിളഞ്ഞ തേങ്ങാക്കുല നോക്കി വെട്ടിയിടും. വെട്ടുന്നതിനു മുമ്പേ ഉറക്കേ “പൂ… ഹോയ്…. പൂ… ഹോയ്” എന്നുറക്കെ വിളിക്കും. തേങ്ങ താഴേക്ക്‌ വരുന്നു, ശ്രദ്ധിക്കണം എന്നറിയിക്കാനുള്ള കുമാരന്‍റെ വിദ്യയാണ് ഈ കൂവല്‍. തെങ്ങില്‍  കയറിയാല്‍ തേങ്ങയിടല്‍ മാത്രമല്ല, കുല ഇടിയാതെ മുട്ടു കൊടുക്കുക, അല്ലെങ്കില്‍ കയറു വെച്ചു വലിച്ചു കെട്ടുക മുതലായ പണികളുമുണ്ട്. മെടയാന്‍ പറ്റിയ നല്ല ഓലകള്‍ നോക്കി വെട്ടി ഇടുകയും വേണം.

കുമാരന്‍  തേങ്ങയും, ഓലയും മറ്റും വെട്ടിയിടുമ്പോള്‍ കൃഷ്‌ണൻകുട്ടി താഴത്തെ കാര്യങ്ങള്‍ നോക്കും… തേങ്ങകള്‍ പെറുക്കിക്കൂട്ടുക, ഓലകള്‍ വലിച്ചു മാറ്റി ഒരരികില്‍ അട്ടിയിടുക മുതലായ പണികള്‍… സഹായത്തിന് ഭാര്യ ജാനുവും ഉണ്ടാകും. തെങ്ങു കയറ്റം കഴിയുമ്പോഴേക്കും ഞങ്ങള്‍ക്കായി ഒരു കുല കരിക്കും നല്ലതു നോക്കി മറക്കാതെ വെട്ടിയിടും കുമാരന്‍. പൂക്കുല ആവശ്യമെങ്കില്‍ അതും. കയറ്റം കഴിഞ്ഞ് ഏറ്റവും നല്ല തേങ്ങകള്‍ പത്തോ പന്ത്രണ്ടോ തിരഞ്ഞ്‌ മാറ്റിയിടും. അത് കുമാരുനള്ളതാണ്. കൂലി വാങ്ങിച്ചുപോകുന്നതിന്‍റെ കൂടെ ആ തേങ്ങകളും കൊണ്ടുപോകും. തേങ്ങകളുടെ ഒരു ഭാഗത്തായി തോല്‍ പൊളിച്ച് അവ വള്ളികള്‍ കൊണ്ട് കൂട്ടിക്കെട്ടി ഏണിയുടെ ഇരുഭാഗത്തായി സമതുലനം ചെയ്‌ത്‌ തൂക്കിയിട്ടാണ് കൊണ്ടുപോകുന്നത്. മൂന്നോ നാലോ തേങ്ങകള്‍ ഇടത്തേ കയ്യിലും കാണും.

വീടിന്‍റെ തെക്കേ അതിര്‍ത്തിയോട് ചേര്‍ന്ന് പടിഞ്ഞാറോട്ട് ഒരു ഇടവഴിയാണ്. കാത്തോള്ളിലെ വീടുകളാണ് ആ വഴിയില്‍… അതു ചെന്നവസാനിക്കുന്നത് കാത്തോള്ളിലെ തറവാട്ടിലും… കാത്തോള്ളില്‍ തറവാട് എത്തുന്നതിനു മുമ്പായി വലതു ഭാഗത്തായി തുറന്നുകിടക്കുന്ന പറമ്പ് ആയിരുന്നു… ആ പറമ്പ് വഴിയെ വടക്കുപടിഞ്ഞാറേ ദിശയിലേക്ക് നടന്നാല്‍ അങ്ങേ അറ്റത്ത് ആയാണ് ഞങ്ങളുടെ പടിഞ്ഞാറേ പറമ്പ്… പോകുന്ന വഴിയില്‍ ആ പറമ്പിലെ അന്നത്തെ കുടികിടപ്പുകാരുടെ വീടുകളും, ആഫ്രിക്കന്‍ പായല്‍ നിറഞ്ഞ കുളങ്ങളും, തോടുകളും, കൈതക്കാടുകളും എല്ലാം കാണാം.

പടിഞ്ഞാറെ പറമ്പിലെ തെങ്ങുകയറ്റത്തിന് ഒരു വ്യത്യാസമുണ്ട്, വെട്ടിയിടുന്ന തേങ്ങയുടെ എണ്ണം നോക്കണം. ഈ പണി ഞങ്ങള്‍ പിള്ളേര്‍ക്കാണ്. പെറുക്കിക്കൂട്ടുമ്പോള്‍ കൃഷ്‌ണൻകുട്ടി എണ്ണം പറയും. അതു എഴുതിവെച്ചാല്‍ മതി. അവസാനം ആകെത്തുകയും കൂട്ടണം.  റോഡ്‌ വഴി കൈവണ്ടികളില്‍ ആയാണ് അവിടെ നിന്ന് തേങ്ങയും, ഓലയും പിന്നീട് വീട്ടിലെത്തിക്കുന്നത്. വീട്ടിലെത്തിയാല്‍ വീണ്ടും എണ്ണം ഒത്തുനോക്കി ഉറപ്പിക്കണം. വരുന്നവഴിയില്‍ തേങ്ങ നഷ്‌ടപ്പെടുന്നില്ല എന്നുറപ്പുവരുത്താനാകണം ഇത്. കൃഷ്‌ണൻകുട്ടിയെ മണിയടിച്ചാല്‍ കൈവണ്ടിയില്‍ തേങ്ങകളുടെയും, തെങ്ങോലകളുടെയും മുകളില്‍ ഇരുന്ന് വീട്ടിലെത്താം.

വെട്ടിയിട്ട ഓലകള്‍ പിന്നീട് കുമാരനും കൃഷ്‌ണൻകുട്ടിയും കൂടെ നെടുകെ കീറി പകുതിഭാഗങ്ങള്‍ ആക്കും. കീറിയ ഓല വലിച്ച് കുളത്തില്‍ കൊണ്ടിടുന്ന പണി ജാനുവിനാണ്. ഓലകള്‍ വെള്ളത്തില്‍ കിടന്ന് പാകത്തിലായാല്‍  വലിച്ചുകൊണ്ടുവന്ന് അട്ടിയിടും. ഈ ഓലകളാണ് പിന്നീട് മെടഞ്ഞെടുക്കുന്നത്. ജാനുവും, സുശീലയും, പപ്പുവും എല്ലാം നിരന്നിരുന്ന് ഓല ഭംഗിയായി മെടഞ്ഞുകൂട്ടും. ആദ്യകാലങ്ങളില്‍ കുഞ്ഞിക്കാളി ആയിരുന്നു നേതൃത്വം നല്‍കിയിരുന്നത്. കുഞ്ഞിക്കാളിക്ക് വയ്യാതെ ആയതില്‍പിന്നെ ജാനുവും.

കൂട്ടിയിട്ടിരുക്കന്ന തേങ്ങകള്‍ കരാറുകാര്‍ വന്ന് പൊതിച്ചെടുത്ത് കൈവണ്ടിയിലാക്കി കൊപ്രയാക്കാന്‍ മില്ലിലേക്ക് കൊണ്ടുപോകും. കട്ടപ്പാരയില്‍ വെച്ച് തേങ്ങ പൊതിക്കുന്നത് കാണാന്‍ നല്ല രസമാണ്. തോട് ഒരു വശത്തും, പൊതിച്ച തേങ്ങ മറുവശത്തും വീഴും. പൊതിച്ച തേങ്ങ എണ്ണിമാറ്റുന്നത് മറ്റൊരു കലയാണ്.. നന്നാല് തേങ്ങ വെച്ചാണ്‌ എണ്ണി മാറ്റുക….” ഒന്ന്….. ഒന്ന്…  ഒന്ന്…  രണ്ട്… രണ്ട്… മൂന്ന്… മൂന്ന്… മൂന്ന്…” എന്നിങ്ങനെ എണ്ണിക്കൊണ്ടിരിക്കും. എണ്ണത്തിന്റെ നാലിന്റെ ഗുണിതമായിരിക്കും ആകെ എണ്ണം. വീട്ടിലേക്ക് ആവശ്യമുള്ള തേങ്ങ മാറ്റിയിട്ടിരിക്കും.

ഓല വെട്ടിയിട്ട വഴുത ഞങ്ങളുടെ ഒരു പ്രധാന കളിപ്പാട്ടമായിരുന്നു ആ കാലത്ത്. നല്ല വഴുത നോക്കിയെടുത്ത് അതു കൊണ്ടുള്ള വാള്‍പ്പയറ്റ്.  അങ്കത്തട്ടില്‍ ആരോമല്‍ ചേകവര്‍ പാഞ്ഞുകയറി എന്ന് പാടി ഞങ്ങള്‍ പറമ്പില്‍ കൂട്ടിയ പൊലികളിലേക്ക് ചാടിക്കയറും. അവിടെനിന്ന് താഴേക്ക് പറന്നുവെട്ടും. മെടഞ്ഞ ഓലവെച്ച്  ഞങ്ങള്‍ക്ക്  കളിപ്പുര ഉണ്ടാക്കിത്തരാറുണ്ട് കൃഷ്‌ണൻകുട്ടി.

കുമാരന്‍ പഴംചൊല്ലുകളുടെ രാജകുമാരനായിരുന്നു. മഴ തൊഴിച്ചുപെയ്യുന്ന ഒരു കര്‍ക്കിടകത്തിലെ ഏതോ ഒരു ദിവസം… വീടിനടുത്തുള്ള ശിവരാമന്റെ പലചരക്കുകടയില്‍ ഞങ്ങള്‍ വെടി പറഞ്ഞ് ഇരിക്കുകയാണ്… പൊരിമഴയത്ത് മഴയും നനഞ്ഞ് കുമാരന്‍ ആ വഴി വന്നു….  കയ്യില്‍ കുറെ വരട് തേങ്ങയും തൂക്കിപ്പിടിച്ചിട്ടുണ്ട്.. ആകെ വിഷണ്ണനായി കാണപ്പെട്ട കുമാരനോടു ശിവരാമന്‍ വിശേഷം ചോദിച്ചു … “എന്തൂട്ടണ് കുമാരാ…. മഴായിട്ട് ഒരു ദമ്മില്ലല്ലാ…”.  കയ്യിലുള്ള തേങ്ങ നിലത്തിട്ട് കുമാരന്‍ കടയിലേക്ക് കയറി… തലയിലെയും, ദേഹത്തേയും വെള്ളം ഒന്ന് കുടഞ്ഞു കളഞ്ഞു… ലുങ്കി പൊക്കി നിക്കറിന്റെ പോക്കറ്റില്‍ നിന്ന് ബീഡിയും തീപ്പെട്ടിയും എടുത്ത്  ഒന്ന് നിവര്‍ന്നു നിന്നു… ബീഡി കത്തിച്ച് ആഞ്ഞൊന്നു വലിച്ചു… പുക ഊതിപ്പുറത്തു വിട്ട് റോഡില്‍ തകര്‍ത്തു പെയ്യുന്ന മഴയില്‍ നോക്കി വിഷാദസ്വരത്തില്‍, സ്വതസിദ്ധമായ ശൈലിയില്‍ മൊഴിഞ്ഞു … “പെണ്മൊഴി കേട്ടാല്‍ പെരുവഴി ആധാരണേ… അത് അമ്മായാലും ശരി, ഭാര്യായാലും ശരി, പെങ്ങളായാലും ശരി…”. എന്താണ് അത്യാഹിതം എന്നറിയണമല്ലോ… പെണ്ണുകേസ് ആണെന്ന് കേട്ടപ്പോള്‍ ശിവരാമന്‍ കടക്കുള്ളില്‍നിന്ന് വരാന്തയിലെക്കിറങ്ങി… മഴയുടെ ശബ്‌ദത്തില്‍ ഇനി എങ്ങാനും ശരിക്കും കേട്ടില്ലെങ്കിലോ… മറ്റു കാണികളും ഒന്നുകൂടി ഉഷാറായി.  എല്ലാവരും കൂട്ടത്തോടെ… “എന്തുപറ്റി കുമാരേട്ടാ…”. പുറത്തേക്കൊന്നു കാറിത്തുപ്പി കുമാരന്‍ തുടര്‍ന്നു.. “ഒന്നും പറയണ്ട മക്കളേ…  മ്മ്‌ടെ അമ്മേടെ വാക്ക് കേട്ട് മ്മള്  കുറെ വരടിട്ടിതണേ… കര്‍ക്കടമാസ്സത്തി കൊടുക്കാന്നും പറഞ്ഞേ… ഇപ്പെന്തായി… പത്ത് പൈസ വെലേല്ലാന്നേ…  പണ്ടത്തേലും കൊറച്ച് കാശിപ്പ… ഇതാണിവര്‍ടേക്ക കാര്യം… ഒന്ന് തൊണ്ട നനച്ചട്ട് ആഴ്‌ച  ഒന്നായേ…”

പഞ്ഞമാസങ്ങള്‍ എന്നറിയപ്പെട്ടിരുന്ന ഇടവം, മിഥുനം, കര്‍ക്കിടകം മാസങ്ങളില്‍ ഉപയോഗിക്കാനായി മാറ്റി ഇട്ട തേങ്ങകള്‍ വരടാകും. അതായത് വെട്ടിനോക്കിയാല്‍ വെള്ളം ഉണ്ടാകില്ല… വറ്റിക്കാണും. ഈ വരടിന് നല്ല വിലകിട്ടും. സാമ്പത്തിക ശാസ്‌ത്രത്തിലെ സപ്ലൈ ആന്‍ഡ്‌ ഡിമാന്‍ഡ് തിയറി തന്നെ അടിസ്ഥാനം. തേങ്ങ വരടാക്കി കര്‍ക്കിടകത്തില്‍ വിറ്റാല്‍ കാശു കൂടുതല്‍ കിട്ടുമെന്ന് കുഞ്ഞിക്കാളി മകനെ ഉപദേശിച്ചതാണ് സംഭവം. നിര്‍ഭാഗ്യവശാല്‍ ആ കൊല്ലം തേങ്ങക്ക് വിലയിടിവായിരുന്നു, കുമാരന്‍ വിചാരിച്ച വില കിട്ടിയില്ല. പണിയും കുറവുള്ള സമയം. വൈകീട്ടത്തെ സേവയും നടക്കുന്നില്ല. എല്ലാം കൂടി വല്ലാത്ത വിഷമസ്ഥിതി… ചുരുക്കിപ്പറഞ്ഞാല്‍ അതാണ് കാര്യം.

കുമാരനും, കൃഷ്‌ണൻകുട്ടിയും സരസന്മാര്‍ ആയിരുന്നു. അക്കാലത്തെ ഞങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത കണ്ണികളായിരുന്നു കുഞ്ഞിക്കാളിയും, കൃഷ്‌ണൻകുട്ടിയും, കുമാരനും ജാനുവും എല്ലാം…. അവരുടെ കഥകള്‍ ഇതുകൊണ്ട് തീരുന്നില്ല… നിര്‍ഭാഗ്യവശാല്‍ അവരാരും തന്നെ ഇന്നില്ല… നിഷ്‌കളങ്കരായ ആ ഗ്രാമീണരുടെ ഓര്‍മ്മക്കുമുമ്പില്‍ പ്രണാമം.

3 Comments
  1. Kumar 2 years ago

    Very nostalgic and reading pleasure…

  2. Lakshmi Priya 2 years ago

    Nannayittundu ❤️

  3. Haridasan 2 years ago

    ഓര്‍മ്മകളിലൂടെ ഭൂതകാലത്തിലേക്കൂളിയിട്ടു പോകുന്നത് പറഞ്ഞറിയിക്കാനാവാത്ത ഒരു സുഖമാണ്….”. Very true… well written.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account