രാമായണ കഥകള്‍ പലരാലും ആവര്‍ത്തിച്ച്  വായിക്കപ്പെട്ടിട്ടുണ്ട്. ഓരോ വായനയും പുതിയ സമസ്യകളെ ഉണ്ടാക്കിയിട്ടുമുണ്ട്. രാമായണ കഥകള്‍ക്ക് സാറാ ജോസഫ് നടത്തിയ പുതു വായനയാണ്  ‘പുതുരാമയണം’. വാത്മീകിയുടെ കഥാപാത്രങ്ങളുടെ പുതിയ ഭാവങ്ങളാണ് കഥാകാരി കണ്ടെടുക്കുന്നത്. ഒരു സ്ത്രീപക്ഷ വായനയായും അതിലുപരി അരികുവല്‍ക്കരിക്കപ്പെട്ട കഥാപാത്രങ്ങളുടെ മനസിലൂടെയുള്ള സഞ്ചാരമായും ഈ കഥകളെ വായിക്കാം.

പുതുരാമായണത്തിന്  ആമുഖം എഴുതിയിരിക്കുന്നത് സച്ചിദാനന്ദനാണ്.

ഓരോ കാലത്തും ഓരോ നാട്ടിലും വ്യത്യസ്തമായ  രാമായണ വായനകള്‍ ഉണ്ടായിരുന്നു. രാമനെ മാത്രം കേന്ദ്രികരിച്ചുള്ള രാമായണ വായനകള്‍  ആദ്യ കാലങ്ങളില്‍ത്തന്നെ മാറ്റിവായിക്കപ്പെട്ടു. രാമന്‍ ഉത്തമ പുരുഷോത്തമനായും ദൈവമായും വായിക്കപ്പെട്ടതിനോപ്പം തന്നെ രാമനേക്കാള്‍ മറ്റു കഥാപാ ത്രങ്ങള്‍ക്ക്  പ്രധാന്യമുള്ള വായനകള്‍ വന്നിട്ടുണ്ട്. മലയാളത്തില്‍ രാമായണങ്ങളുടെ ഒരു ഉപപാരമ്പര്യം  തന്നെയുണ്ട്.

സാറാ ജോസഫിന്‍റെ പാപത്തറയുടെ ആമുഖത്തിലാണ് പെണ്ണെഴുത്ത് എന്ന സംജ്ഞ  മലയാളത്തില്‍ ഉപയോഗിക്കുന്നത്. തന്‍റെ ആദ്യ കൃതികളിലൂടെ സാറ ജോസഫ് പുരുഷഭാഷയെ പ്രശ്‌നവല്‍ക്കരിച്ചു. പുതുരാമായണതിലെ കഥാപാത്രങ്ങള്‍ കഥയില്‍ തങ്ങളുടെ  ഇടമെവിടെ എന്ന ചോദ്യമാണ്  ഉന്നയിക്കുന്നത്.

‘അശോക’ എന്നാ കഥ വിശകലനം ചെയ്യുമ്പോള്‍  അഗ്നിപരീക്ഷണത്തിന്‌ മുമ്പേയുള്ള സീതയുടെ മാനസികാവസ്ഥകളാണ് ആവിഷ്ക്കരിക്കുന്നത്. സീത അശോകവനിയുടെ ഭാഗമായി മാറിയിരിക്കുന്നു. രാക്ഷസസ്ത്രീകള്‍ സീതയ്ക്ക് തോഴിമാരും സഖിമാരും ആവുന്നു. അശോകവനിയിലെ ശിംശപാവൃക്ഷം സീതയെ താങ്ങുന്ന, ഭൂമിയെ താങ്ങുന്ന തിര്യക്കായി നിലകൊള്ളുന്നു. സീതയും ലങ്കയും പലപ്പോഴും ഒന്നാണെന്ന് തോന്നിപ്പോവുന്നു. യുദ്ധക്കാറ്റടിക്കുന്ന ലങ്കയുടെ മണ്ണില്‍ വിധവകളെയും ഭ്രാതൃവഞ്ചകനായ ലങ്കാതിപതിയെയും സീതയേയും ആണ് നമ്മള്‍ കാണുന്നത്. ‘അസ്നാതാ ദ്രഷ്ടുമിചാമി ഭര്‍ത്താരം’  എന്ന്  ആവര്‍ത്തിച്ച്  പറയുന്ന സീത സമുദ്രസ്‌നാനമല്ല, അഗ്നിസ്‌നാനമാണ്  ഒഴിവാക്കാനാഗ്രഹിക്കുന്നത്.

‘ഭൂമിരാക്ഷസം’, ‘കാന്താരതാരകം’, ‘ഒരു പ്രയോപവേശത്തിന്‍റെ കഥ’, ‘തായ്കുലം’, ‘കറുത്ത തുളകള്‍’, ‘കഥയിലില്ലാത്തത്’ എന്നിവയാണ് മറ്റു കഥകള്‍. മുന്നേയും പലതരത്തില്‍ വായിക്കപ്പെട്ട ഭാഗങ്ങളാണ്  ഇവ. ഇവിടെ സാറാ ജോസഫിന്‍റെ കഥകള്‍ അരികിലൊതുങ്ങിപ്പോയ കഥാപാത്രങ്ങളെ കേന്ദ്രീകരിക്കുന്നു.

പുതുരാമായണം
സാറാ ജോസഫ്
കറന്റ് ബുക്സ് , തൃശ്ശൂര്‍.

3 Comments
  1. Anil 4 years ago

    Nice review

  2. Babu Raj 4 years ago

    നല്ല റിവ്യൂ. ഒന്നുകൂടി വിശദമാക്കാമായിരുന്നു.

  3. Chandana pramod 2 years ago

    I like it

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account