ഇന്ത്യൻ രാഷ്‌ട്രീയം അപ്രതീക്ഷിതമായി കേരളത്തിലേക്ക് കേന്ദ്രീകരിക്കുകയാണ്. നെഹ്രു കുടുംബത്തിലെ  രാജകുമാരൻ രാഹുൽ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തിൽ  നിന്നു (കൂടി) പാർലമെന്റിലേക്ക് മത്‌സരിക്കുമ്പോൾ യുദ്ധത്തിന്റെ പരിതോവസ്ഥകൾ  തന്നെ മാറിപ്പോകുന്നു. ഇന്ത്യ എന്നത് ഉത്തരേന്ത്യയാണെന്നും  ഇന്ത്യയുടെ രാജാവ്  താനാണെന്നും സ്വയം  വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ പെടാപ്പാടു പെടുകയും ചെയ്യുന്ന നരേന്ദ്ര മോദിക്ക് ഇന്ത്യക്ക് കേരളം വരെ നീളമുണ്ടെന്ന് അംഗീകരിക്കേണ്ടി വരുന്നു എന്നതാണ് ഈ പൊറാട്ടു നാടകത്തിലെ ഒരു ഭാഗം. മോദിക്ക് തന്റെ സ്ഥിരം പ്രചരണ രീതിയായ റോഡ് ഷോയും ഏകാംഗ പ്രകടനങ്ങളും മാറ്റി വച്ച്  അദ്ദേഹം ഏറ്റവുമധികം വെറുക്കുന്ന (ഭയക്കുന്ന) കേരളത്തിൽ വന്ന് തെരഞ്ഞെടുപ്പ് വേദിയിൽ പ്രസംഗിക്കേണ്ടി വരുന്നു എന്നത് ചില്ലറക്കാര്യമല്ല. ഒരു സീറ്റ് പോലും കിട്ടാൻ സാധ്യതയില്ലാത്ത ഒരു സംസ്ഥാനത്ത് വിലയേറിയ തെരഞ്ഞെടുപ്പ് പ്രചാരണ സമയം ധൂർത്തടിക്കേണ്ടി വരുന്നതിന് ഒരേ ഒരു കാരണമേയുള്ളൂ – രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധി ഹിന്ദുക്കളെ ഭയന്ന് ജിഹാദികളുടെ നാട്ടിലേക്ക് ഒളിച്ചോടിയിരിക്കുന്നു എന്നാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. അദ്ദേഹത്തിന് തന്റെ വാക്കുകൾ വിഴുങ്ങേണ്ടി വരും. കേരളത്തിൽ വന്ന് കേരളീയർ മുഴുവൻ ജിഹാദികളാണെന്ന് പറയുന്നതും, കേരളത്തിലെ വോട്ടർമാർ ഹിന്ദുക്കൾക്ക് വോട്ടു ചെയ്യണമെന്ന് പറയുന്നതും ഒരുപോലെ ആത്‌മഹത്യാപരമാണ്, ഹൈന്ദവ ദേശീയ വാദികൾക്ക്.

എത്രയൊക്കെ ആവർത്തിച്ചു വർഗീയത പറഞ്ഞ് പ്രചരിപ്പിച്ച് വരുതിയിലാക്കാൻ ശ്രമിച്ചാലും മോദി ഷാ സംഘപരിവാർ നിയന്ത്രണത്തിൽ നിൽക്കാത്ത കുറച്ച് മാധ്യമങ്ങൾ ഇന്ത്യയിലുണ്ട്. അവരോടൊപ്പം അന്താരാഷ്‌ട്ര മാധ്യമങ്ങൾ കൂടി കേരളത്തിലേക്ക് വരുന്നു എന്നതാണ് ഈ കഥയിലെ മറ്റൊരു ഭാഗം. സംഘപരിവാർ ശക്‌തികൾ പ്രചരിപ്പിക്കുന്നതു പോലെ കേരളം തീവ്രവാദികളുടേയും ദേശവിരുദ്ധരുടേയും നാടല്ല എന്നും അക്ഷരാർഥത്തിൽ ജനാധിപത്യവും മതനിരപേക്ഷതയും സോഷ്യലിസവും പുലരുന്ന ഒരു ദേശമാണ് എന്നും തിരിച്ചറിയാനും അതിന് പ്രചാരം നൽകാനും ചിലരെങ്കിലും തയ്യാറാവുക തന്നെ ചെയ്യും.  ഉത്തരേന്ത്യയിൽ കാണപ്പെടുന്ന ജാതി മത സ്‌പർദ്ധയോ പശു രാഷ്‌ട്രീയമോ അല്ല ഇന്ത്യൻ രാഷ്‌ട്രീയമെന്നും നിരന്തരമായ സംവാദങ്ങളും ആശയസമരങ്ങളും നടക്കുന്ന കേരളത്തിൽ സംഘപരിവാരത്തിന് വേരുറപ്പിക്കാൻ കഴിയാത്തത് എന്തു കൊണ്ടാണെന്നും ലോകത്തോട് വിളിച്ചു പറയാനുള്ള അവസരമായി രാഹുലിന്റെ സ്ഥാനാർഥിത്തത്തെ നമുക്ക് വിലയിരുത്താനാവും.

എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരൊക്കെയും രാജ്യദ്രോഹികളാണ് എന്ന നിലപാട് യഥാർഥത്തിൽ ലക്ഷ്യം വക്കുന്നത് ഹിന്ദുക്കളല്ലാത്തവരൊക്കെയും രാജ്യദ്രോഹികളാണ് എന്ന ഭയാനകമായ രാഷ്‌ട്രീയ പക്ഷപാതിത്വത്തിന്റെ പ്രസ്ഥാനവൽക്കരണമാണ്. ദക്ഷിണേന്ത്യ, പ്രത്യേകിച്ച് കേരളം അത്തരത്തിൽ ജിഹാദികളുടേയും ദേശവിരുദ്ധരുടേയും കേന്ദ്രമാണ് എന്ന സംഘപരിവാർ പ്രചാരണം തകർത്തു കളയാൻ അന്താരാഷ്‌ട്ര മാധ്യമങ്ങളുടെ ഇടപെടലിന് സാധിക്കാതിരിക്കില്ല. അതുകൊണ്ട് രാഹുൽ ഗാന്ധിയെ  കളിക്കളത്തിൽ  കിട്ടിയ ഈ അവസരം രാജ്യത്തിന്റെ യഥാർഥ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും യഥാർഥ ദേശവിരുദ്ധർ ആരാണെന്ന് പൊതുജനത്തെ ബോധ്യപ്പെടുത്താനുമായി ഉപയോഗപ്പെടുത്താനാണ് ഇടതു പക്ഷവും കോൺഗ്രസും ശ്രമിക്കേണ്ടത്. എന്തുകൊണ്ടെന്നാൽ, അത്തരം ചർച്ചകളൊക്കെയും കേരളത്തിന്റെ അതിരുകൾക്കപ്പുറത്ത് പിന്നേയും പിന്നേയും ചർച്ച ചെയ്യപ്പെടും.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account