വലിയൊരു ചോദ്യമാണ് ഇന്ത്യയിൽ ഭരണഘടനാ സ്ഥാപനങ്ങളുടെ ഭാവി എന്തായിരിക്കുമെന്നത്. പാർലമെന്റ് എന്ന ജനാധിപത്യത്തിന്റെ ആസ്ഥാനം വെറും നോക്കുകുത്തിയായിട്ട് കാലം കുറച്ചായി. ഭരണപക്ഷവും പ്രതിപക്ഷവും പാർലമെന്റിലെ ജനാധിപത്യ പ്രക്രിയകളെ അക്ഷരാർഥത്തിൽ ഭയപ്പെടുന്നു എന്നതാണ് യാഥാർഥ്യം. ഇന്ത്യയിലെ ഇപ്പോഴത്തെ പാർലമെന്റ് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ആകെ ചേർന്നത് 310 ദിവസമാണ്. അതിനു മുമ്പ് ഇത് ശരാശരി 80 ദിവസമാണെന്നിരിക്കെ 2018 ൽ പാർലമെൻറ് ചേർന്നത് കേവലം 48 ദിവസമാണ് എന്നു കൂടി കേൾക്കുമ്പോഴാണ് ഗവർമെന്റ് പാർലമെന്റിനു കൽപിച്ചിട്ടുള്ള വില എന്താണ് എന്ന് ബോധ്യപ്പെടുക. ചോദ്യങ്ങളെയും ചർച്ചകളെയും എതിർ ശബ്‌ദങ്ങളെയും ഭയപ്പെടുന്ന അധികാരി വർഗം വേറെങ്ങനെ പെരുമാറാനാണ്! ജനാധിപത്യത്തെ ജനാധിപത്യം കൊണ്ടു തന്നെ അട്ടിമറിക്കുകയാണ് ഇന്ത്യയിൽ.

ഭരണഘടനയുടെ സംരക്ഷക പദവിയുള്ള പാർലമെന്റിന്റെ ഗതി ഇങ്ങനെയാണെങ്കിൽ മറ്റ് ഉപസ്ഥാപനങ്ങളുടെ അവസ്ഥ പറയേണ്ടതുണ്ടോ? ലോകം കണ്ട ഏറ്റവും പ്രഗത്‌ഭനായ രഘുറാം രാജനെ നാടുകടത്തിയിട്ടാണ് റിലയൻസ് ഗ്രൂപ്പിന്റെ സ്വന്തക്കാരനായ ഊർജിത് പട്ടേലിനെ റിസർവ് ബാങ്ക് ഗവർണറാക്കിയത്. ഇന്നിപ്പോഴിതാ ഊർജിത് പട്ടേൽ രാജി വക്കുമെന്ന് പറഞ്ഞു കേൾക്കുന്നു. കാരണം രഘുറാം രാജൻ പറഞ്ഞതു തന്നെ. ഗവർമെന്റ് റിസർവ് ബാങ്കിന്റെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നു. രണ്ട് പ്രമുഖ RSS നേതാക്കളെ RBI ഡയറക്റ്റർ ബോർഡിൽ പ്രതിഷ്ഠിക്കുകയും അവരിലൂടെ ഇന്ത്യയുടെ സെൻട്രൽ ബാങ്കിനെ നിലക്കുനിർത്തുകയുമാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. കിട്ടാക്കടം പെരുകാനുള്ള കാരണം RBI ആണെന്നാണ് ധനമന്ത്രി പറയുന്നത്. RBI ചെയ്‌ത കുറ്റമാണ് രസകരം. വായ്‌പയെടുത്ത് വീഴ്ച്ച വരുത്തിയ കക്ഷികൾക്ക് പിന്നെയും വായ്‌പ നൽകുന്നതിന് നിയന്ത്രണങ്ങൾ  ഏർപ്പെടുത്തണമെന്ന് ബാങ്കുകളോട് നിർദ്ദേശിച്ചു. അങ്ങനെ പറ്റില്ല, കോർപ്പറേറ്റുകൾക്ക് നിയന്ത്രണാതീതമായി വായ്‌പ നൽകുകയും റിസർവ് ബാങ്കിന്റെ പക്കലുള്ള കരുതൽ ധനം ഗവർമെന്റിന് വിട്ടുകൊടുക്കുകയും ചെയ്യണമെന്ന സർക്കാർ നിർദ്ദേശം RBI അനുസരിച്ചില്ല. അതായത് യാതൊരു ദീർഘവീക്ഷണവുമില്ലാതെ വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങളെ പറ്റിക്കാനുള്ള ചില താൽക്കാലിക വഴികൾക്ക് കൂട്ടുനിന്നില്ല എന്നതാണ് RBl യുടെ കുറ്റം. തെരഞ്ഞെടുപ്പു വാഗ്‌ദാനങ്ങളൊന്നും പാലിക്കാൻ കഴിയാത്ത ഒരു ഗവർമെൻറ് മറ്റെങ്ങനെയാണ് തെരഞ്ഞെടുപ്പിനെ നേരിടുക?

കുറേക്കാലമായി ഭരണകൂടങ്ങളുടെ ഏറാൻ മൂളികളായി പ്രവർത്തിക്കുകയാണെങ്കിലും ഇവിടെയൊരു അന്വേഷണ ഏജൻസി ഉണ്ട് എന്ന് പറയാൻ നമുക്കുണ്ടായിരുന്ന CBI യുടെ അവസ്ഥ പരിതാപകരമാണ്. സ്വന്തക്കാരെ നിയമിച്ച് സുതാര്യത നഷ്‌ട പ്പെടുത്തുകയും അന്ത:ഛിദ്രം വളർത്തുകയും ചെയ്‌ത്‌ സ്ഥാപനങ്ങളുടെ ഘടനയേയും പ്രവർത്തനത്തേയും അട്ടിമറിക്കുക എന്നതാണ് സർക്കാരിന്റെ തന്ത്രം. സത്യസന്ധതയേക്കുറിച്ച് ഘോരമായി പ്രസംഗിക്കുകയും കള്ളം മാത്രം പ്രവർത്തിക്കുകയും ചെയ്യലാണല്ലോ മുതലാളിത്ത ഭരണകൂടങ്ങളുടെ മുഖമുദ്ര. CBI യുടെ വിശ്വാസ്യതയും നിലനിൽപ്പും കൂടി അവതാളത്തിലാക്കിയാൽ പിന്നെയാരേയും പേടിക്കേണ്ടതില്ല എന്നാണ് മോദിഫൈഡ് ഇന്ത്യയിലെ അഭിനവ രാജാക്കൻമാരുടെ ധാരണ. അവർക്കു തന്നെ അറിയാം, ഇന്നല്ലെങ്കിൽ നാളെ എല്ലാ വഴിവിട്ട നടപടികളും പുറത്തു വരുമെന്നും അന്ന് രക്ഷപ്പെടണമെങ്കിൽ ഇപ്പോഴേ പഴുതുകൾ നിർമിക്കേണ്ടതുണ്ടെന്നും. ഇത്തരം ഭരണാധികാരികളെ ചരിത്രത്തിൽ നമുക്ക് വേറെയും കണ്ടെത്താം. ഈജിപ്‌തിലും ഇറാഖിലും പാക്കിസ്ഥാനിലും ശ്രീലങ്കയിലുമെല്ലാം ഭരണഘടനാ സ്ഥാപനങ്ങളെ പക്ഷവൽക്കരിച്ച് എതിർശബ്‌ദങ്ങളെ അടിച്ചമർത്തിയ ഏകാധിപതികൾക്ക് എന്തു സംഭവിച്ചു എന്നും നമുക്കറിയാം.

ഏറ്റവും ഒടുവിൽ ഇന്ത്യയിലെ പരമോന്നത കോടതിയോട് നടപ്പാക്കാൻ കിയുന്ന വിധികളേ പുറപ്പെടുവിക്കാവൂ എന്ന് തിട്ടൂരമിറക്കുന്നിടത്ത് എത്തി നിൽക്കുകയാണ് നാം. ഭരണഘടനയോ നിയമമോ അല്ല ഞങ്ങളുടെ താൽപര്യമാണ് കോടതി സംരക്ഷിക്കേണ്ടത് എന്ന അമിത് ഷായുടെ പ്രസ്‌താവന ഒരാവേശത്തിനു പുറത്ത് സംഭവിച്ചതൊന്നുമല്ല. കോടതികൾക്കുള്ള കൃത്യമായ മുന്നറിയിപ്പാണത്. നിങ്ങളുടെ ഔന്നത്യവും തകർത്തു തരിപ്പണമാക്കാൻ ഞങ്ങൾക്ക് സാധ്യമാണ് എന്ന ധാർഷ്‌ട്യമാണത്. പഴയ ബ്രിട്ടീഷ് കോടതികളെ ഓർമയില്ലേ, ഭരണകൂടം ആവശ്യപ്പെടുന്ന വിധികൾ എഴുതി വായിക്കുന്ന, ഭഗത് സിംഗിനേയും രാജ്‌ഗുരുവിനെയും തൂക്കിക്കൊല്ലാൻ വിധിച്ച അതേ മാതൃകയാണ് കോടതികൾ പിന്തുടരേണ്ടത് എന്ന സൂചനയാണത്.

ഭരണഘടനയേക്കാളുപരി വേദങ്ങളേയും പുരാണങ്ങളേയും ആചാരങ്ങളേയും കീഴ്വഴക്കങ്ങളേയും അംഗീകരിക്കുന്ന വെറുപ്പിന്റെ വക്‌താക്കൾക്ക് നിർണായക ശേഷിയുള്ള ഒരു രാജ്യത്ത് ഭരണഘടനാ സ്ഥാപനങ്ങളുടെ മാത്രമല്ല, ഭരണഘടനയുടെ തന്നെ ഭാവി അത്ര സുരക്ഷിതമാണെന്ന് തോന്നുന്നില്ല.

3 Comments
 1. Prasad 9 months ago

  രാജഭരണ മാതൃകയിലുള്ള ഏകാധിപത്യപരമായ ഭരണമാണ് സർക്കാറിനാവശ്യം: അത്തരമൊരു ഭരണത്തിന് സാമാന്യ വിദ്യാഭ്യാസം പോലും ആവശ്യമില്ലല്ലോ” ” അതു കൊണ്ട് അവർ ഒരിക്കലും സാധ്യമാകാത്ത പുരാതന രാജവാഴ്ചയുടെ പുനർനിർമ്മാണത്തിനായി ശ്രമിക്കുമ്പോൾ ജനാധിപത്യ രാജ്യമെന്ന സത്യവും ഭരണഘടനയും വലിയ ഒരു തലവേദന തന്നെയാണ്” ”

  • Author
   manojveetikad 9 months ago

   ജനാധിപത്യമെന്നു തോന്നുന്ന ഏകാധിപത്യമാണ് മുതലാളിത്തത്തിനു പ്രിയം. സോഷ്യലിസ്റ്റ് നിലപാടുകള്‍ അശ്ലീലമെന്നു കരുതുന്ന സര്‍ക്കാരില്‍ നിന്ന് മറ്റെന്താണു പ്രതീക്ഷിക്കാനാവുക.

 2. Hari Krishnan K 9 months ago

  കേൾക്കുമ്പോൾ സത്യമെന്നു തോന്നുന്ന നുണകൾ നിരത്തി ലേഖനങ്ങൾ എഴുതി എത്ര നാൾ ആളുകളെ പറ്റിയ്ക്കാൻ പറ്റും?

  പാർലമെന്റിൽ ചർച്ചകൾ തടസ്സപ്പെടുത്താൻ പ്രതിപക്ഷ കക്ഷികളുടെ ഉത്സാഹം . എല്ലാവരും കാണുന്നതാണ്. ചർച്ചകൾ നടത്താൻ തീരെ താല്പര്യം ഇല്ലാത്ത പ്രതിപക്ഷത്തെ പുറത്താക്കി പാർലമെന്റ് നടപടികൾ നടത്തുക എന്നതല്ലാതെ എന്താണ് സർക്കാരിന് ചെയ്യാൻ പറ്റുക? അത്രയും വേണ്ട എന്ന് അവരും വിചാരിച്ചു കാണും. അനാവശ്യമായ പിടി വാശി ഉപേക്ഷിച്ചു പാർലമെന്റിൽ ചർച്ചകൾ നടത്താൻ മുന്നോട്ടു വരേണ്ടത് പ്രതി പക്ഷമാണ്. കാരണം പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തുന്നത് അവരാണ്. ഭരണപക്ഷമല്ല.

  ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്ന് വിശേഷിപ്പിക്കുന്ന നിയമ നിർമ്മാണ സഭകളെ കുറിച്ച് നമ്മുടെ ചില പാർട്ടിക്കാരുടെ ബഹുമാനം കുറച്ചു നാൾ മുൻപ് എല്ലാവരും കേരളം നിയമ സഭയിൽ കണ്ടതാണ്. ബഹുമാനം കൂടിയതിനാൽ സ്‌പീക്കറുടെ കസേരയൊക്കെ എവിടെയോ എത്തി. ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടാൻ പറ്റാത്തതിന്റെ കലിപ്പ് മുഴുവനും തീരുന്നത് ജനങ്ങൾ ലൈവ് ആയി കണ്ടിട്ട് കുറച്ചു കാലമേ ആയിട്ടുള്ളു.

  രഖു റാം രാജനെ ആരാണ് നാട് കടത്തിയത്? അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞതിനു ശേഷമാണു ആൾ പോയത്. കലാവധി കഴിഞ്ഞാൽ ആ പോസ്റ്റിൽ ഇരിക്കാൻ പാടില്ല എന്ന് അറിയാമല്ലോ. പിന്നെ വേണെമെങ്കിൽ കാലാവധി സർക്കാരിന് നീട്ടി കൊടുക്കാമായിരുന്നു. സ്ഥാനത്തു തുടരാൻ സെലെക്ഷൻ കമ്മിറ്റിക്കു മുൻപിൽ അപേക്ഷിയ്ക്കാൻ അദ്ദേഹം തയാറായില്ല.. കുടുംബവുമൊത്തു ജീവിയ്ക്കണം അതിനു കാരണം പറഞ്ഞത്. അപേക്ഷിക്കാത്ത ആളെ എങ്ങനെ നിയമിക്കും?

  ഈ എഴുതിയത് വായിച്ചാൽ തോന്നും ഊർജിത് പട്ടേലിനെ മോദി സർക്കാർ അംബാനിയുടെ കൈയ്യിൽ നിന്ന് എടുത്തു റിസേർവ് ബാങ്കിൽ കൊണ്ട് വന്നു പ്രതിഷ്ടിച്ചതാണ് എന്ന്. ഊർജിത് പട്ടേലും ലോകം അറിയുന്ന ഒരു സാമ്പത്തിക വിദഗ്ദൻ ആണ്. അദ്ദേഹം മൻമോഹൻ സിങ് സർക്കാർ 2013ൽ നിയമിച്ച റിസേർവ് ബാങ്കിന്റെ ഉപ ഗവർണർ ആയിരുന്നു. കെനിയൻ വംശജൻ ആയ അദ്ദേഹത്തിന് പാസ്പോര്ട് കൊടുക്കാൻ ശുപാർശ ചെയ്തത് അന്നത്തെ പ്രധന മന്ത്രി ആയിരുന്നു. ഇനി മൻമോഹൻ സിങ്ങും മോദി പറഞ്ഞത് കൊണ്ടാണ് ഇദ്ദേഹത്തെ റിസേർവ് ബാങ്കിൽ നിയമിച്ചത് എന്നൊന്നും പറയരുതേ!!!

  എന്ത് പറഞ്ഞാലും അംബാനിയെ തെറി വിളിക്കുക എന്നത് പലരുടെയും ശീലമായി പോയി. അതും ജിയോ സിം ഉപയോഗിച്ച് കൊണ്ട് തന്നെ..പലരും പറയുന്നത് കേട്ടാൽ തോന്നും അംബാനി ആണ് ഇന്ത്യയിലെ എല്ലാ പ്രശ്നങ്ങളുടെയും മൂല കാരണം എന്ന്!!!. ഇന്ന് ഇന്ത്യയിൽ ഉള്ള വ്യവസായികളിൽ ഏറ്റവും വലിയ വ്യവസായി ആണ് അദ്ദേഹം. നിയമ പ്രകാരം ഉള്ള ഏതു കച്ചവടവും ചെയ്യാൻ മൗലികമായ അദ്ദേഹത്തിന് ഉണ്ട്. ഇനി അദ്ദേഹം തെറ്റായ രീതിയിൽ ആണ് കച്ചവടം ചെയ്യുന്നു എങ്കിൽ ഈ പറയുന്ന പാർട്ടികൾക്ക് കോടതിയെ സമീപിക്കത്തില്ലേ? അല്ലാതെ വെറുതെ വായിൽ തോന്നിയത് വിളിച്ചു പറയണമോ?

  ആദ്യം പ്രചരിപ്പിച്ച നുണ എന്നത് അംബാനിയുടെ ഭാര്യയുടെ ബന്ധു ആണ് ഈ ഊർജിത് പട്ടേൽ എന്നായിരുന്നു. അത് പൊളിഞ്ഞു.അപ്പോഴാണ് അംബാനിയുടെ കമ്പനിയിൽ ഇയാൾ ഒരു 17 കൊല്ലം മുൻപ് ജോലി ചെയ്ത കാര്യം വച്ച് അംബാനിയുടെ ആൾ ആണ് എന്ന രീതിയിൽ പ്രചാരണം തുടങ്ങിയത്. ആ കമ്പനിയിൽ കൊല്ലം മാത്രമേ ആൾ ജോലി ചെയ്തിട്ടുള്ളു.കരിയറിന്റെ തുടക്കത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പിൽ കിട്ടിയ ജോലി അദ്ദേഹത്തിന്റെ കഴിവിന്റെ അംഗീകാരമാണ്.അതിനു ശേഷം അദ്ദേഹം പല സ്ഥാപനങ്ങളിലും ജോലി എടുത്തിട്ടുണ്ട്.IMF ലും ഇന്ത്യ ഗവൺമെന്റിന്റെ പല സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.അങ്ങനെ ഉള്ള ഒരാളെ വെറും അംബാനിയുടെ ആളായി തരം താഴ്ത്തുന്നത് തീരെ മോശപ്പെട്ട കാര്യമാണ്.
  അത് പോലെ സർക്കാരും rbi യും തമ്മിൽ ഉള്ള പ്രശ്നങ്ങൾ ഈ പറഞ്ഞ കരണങ്ങള ഒന്നും കൊണ്ടല്ല. കിട്ടാക്കടം പെരുകാൻ ഉള്ള കാരണം 2008 -2014 കാലഘട്ടങ്ങളിൽ ഇത്തരം കടങ്ങൾ കൊടുക്കുന്നതിൽ RBI ഒരു നിയന്ത്രണവും കൊണ്ട് വന്നില്ല എന്നത് കൊണ്ടാണ് എന്ന് ധനകാര്യ മന്ത്രി പറഞ്ഞത് മുതൽ ആണ് ഇത് രൂക്ഷമായത്. അന്ന് രാഷ്‌ടീയ സമ്മർദ്ദത്തിൽ ബാങ്കുകൾ ലോണുകൾ കൊടുത്തിരുന്നു എന്ന് ആക്ഷേപം ഉണ്ടായിരുന്നതാണ്. ഊർജിത് പട്ടേലും ഇതിനു ഉത്തരവാദി ആയിരുന്നു എന്നൊരു ധ്വനി അതിൽ ഉണ്ടായിരുന്നു.എന്തായാലും അതിനെ തുടർന്ന് RBI കർശന നിയന്ത്രണങ്ങൾ ബാങ്കുകളിൽ ഏർപ്പെടുത്തി. ചില ബാങ്കുകളെ ബ്ലാക്ക് ലിസ്റ്റ് .ചെയ്യുകയും ഉണ്ടായി. അങ്ങനെ ഉള്ള ബാങ്കുകൾക്ക് ലോൺ കൊടുക്കാൻ കുറെ നിയന്ത്രണങ്ങൾ കൊണ്ട് വന്നു. ഈ നിയന്ത്രണങ്ങൾ ബാങ്കുകളുടെ പ്രവർത്തനങ്ങളെ തന്നെ ബാധിക്കുമെന്ന് കേന്ദ്രം .അഭിപ്രായപ്പെട്ടു റിസ്ക് കുറഞ്ഞ ലോൺ കൊടുക്കാൻ അവരെ അനുവദിക്കണം എന്നാണ് സർക്കാരിന്റെ അഭിപ്രായം. ലോൺ കൊടുക്കാതെ ഇരുന്നാൽ വ്യവസായങ്ങൾ തകരും. പുതിയത് വരികയുമില്ല. വ്യവസായങ്ങൾ വന്നാലേ വികസനം സാധ്യമാവൂ എന്നാണ് എല്ലാ ഭരണ കൂടങ്ങളുടെയും നിലപാട്. അല്ലാതെ കോര്പറേറ്റുകൾക്കു വീണ്ടും ലോൺ കൊടുക്കാത്തത് ആണ് പ്രശനം എന്ന് പറയുന്നത് വെറുതെ ആളുകളെ തെറ്റി ധരിപ്പിക്കാൻ ആണ്.

  അംബാനിയെ പോലെ ഇന്ത്യയിലെ പ്രശ്ങ്ങൾക്കു എല്ലാം കാരണമായി പുരോഗമന വാദികൾ പറയുന്ന മറ്റൊരു കൂട്ടരാണ് RSS. ഈ ലേഖനത്തിൽ അവരെ കുറിച്ചും പറയുന്നുണ്ട്. പതിനെട്ടു അംഗ ബോർഡിൽ ഉള്ള രണ്ടു ആളുകളെ കുറിച്ചാണ് പറയുന്നതെന്നു മനസ്സിലായി.അതിൽ ഒരാൾ എക്കണോമിസ്റ്റും ചാർട്ടേർഡ് അക്കൗണ്ടന്റും ആണ്. അംബാനിയുടെ ശത്രുവും ആഗോള വല്കരണത്തിനു എതിരെ സംസാരിക്കുകയും ചെയ്യുന്ന ഇദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് ആണ് എന്ന് പറയാഞ്ഞത് അദ്ദേഹത്തിന്റെ ഭാഗ്യം!!!. രണ്ടാമൻ ബാങ്കിങ് മേഖലയിലെ വിദഗ്ദൻ ആണ്. ബാങ്കുകളുടെ CEO, chairman തുടങ്ങി പദവികൾ വഹിച്ചിട്ടുള്ള അദ്ദേഹം ഇന്ത്യൻ ബാങ്കിങ് അസോസിയേഷന്റെ ഹോണററി സെക്രട്ടറി ആയിരുന്നു. എന്തായാലും രണ്ടു പേരും യോഗ്യത .ഉള്ളവർ തന്നെ. അല്ലാതെ നമ്മുടെ യുവജന കമ്മീഷൻ ചെയർമാനേ പോലെ രാഷ്‌ടീയം മാത്രം നോക്കി നടത്തിയ നിയമനം അല്ല. പിംന്നെ RSS അനുഭാവി എന്നത് ഒരു അയോഗ്യത അല്ല. അങ്ങനെ ഏതെങ്കിലും
  രാഷ്‌ടീയ ബന്ധം ഒരു അയോഗ്യത ആണ് എങ്കിൽ ഈ കേരളത്തിൽ ഇപ്പോൾ ഉള്ള പല സ്ഥാനങ്ങളും ഒഴിയേണ്ടി വരും. ദേവസ്വം ബോർഡ് നിയമനങ്ങൾ പോലും രാഷ്‌ടീയ ബന്ധം നോക്കി നടത്തുന്ന നാട്ടിൽ യോഗ്യത ഉള്ള ആളുകളെ നിയമിച്ചത് ഒരു തെറ്റായി കാണാൻ പറ്റില്ലല്ലോ.

  ഇതൊന്നും അറിയാതെ ആവില്ല എഴുതുന്നത് എന്ന് അറിയാം.എങ്കിലും ഇന്നത്തെ കാലത്തു ഒന്ന് വെച്ചാൽ ഇത്തരം വിവരങ്ങൾ എല്ലാവര്ക്കും കിട്ടും എന്ന് ഓർക്കുന്നത് നല്ലതാവും.എഴുത്തുകാരന്റെ വിശ്വാസ്യത ഒരുപ്രധാന ഘടകമാണ്.അറിഞ്ഞു കൊണ്ട് അസത്യം പ്രചരിപ്പിക്കുന്നത് ഒരിക്കലും നല്ല കാര്യമല്ല. ഇനി ഇതൊക്കെ വായിച്ചിട്ടു മനസ്സിലാവാതെ പോയത് ആണെങ്കിൽ ഒന്നും ഇല്ല.

  തമസോമാ ജ്യോതിർ ഗമയ ……………

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account