രാജസദസ്സില്‍ നൃത്തം ചെയ്യാനെത്തിയ സിന്‍ഡ്രല്ല വേവലാതിയോടെ തിരിച്ചുപോരുമ്പോള്‍ അവളുടെ കണ്ണാടിച്ചെരുപ്പ് ഊര്‍ന്നുപോകുന്നുണ്ട്. ആ ലാവണ്യാംശമാണ് സുന്ദരിയായ അവളെ കണ്ടുപിടിയ്ക്കാന്‍ രാജകുമാരനെ സഹായിയ്ക്കുന്നത്. കവിതയ്ക്കു പാകമായ അത്തരം ഒരു കണ്ണാടിച്ചെരുപ്പാണ് പലപ്പോഴും കവിതയിലേയ്‌ക്കെത്തിക്കുക. ഒരാളുടെ മുഴുവന്‍ കവിതകളിലോ ഒരു കവിതയിലുടനീളമോ ഈ സൗന്ദര്യം തുളുമ്പിനില്‍ക്കണമെന്നില്ല. കഴിഞ്ഞ ആഴ്ച്ച മാതൃഭൂമി പ്രസിദ്ധപ്പെടുത്തിയ ‘വയറന്‍ പുലി’ എന്നകവിതയിലെ ‘വയറിനുപുറത്ത് പെറ്റുകിടക്കും ഒരു വരയന്‍പുലി’ എന്ന പ്രയോഗം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും മറ്റു രണ്ട് കവിതകളിലേയ്‌ക്കെത്തിക്കുകയും ചെയ്‌തു. അമ്മുദീപയുടെ ‘കാവല്‍’ എന്ന കവിതയും എസ്. കലേഷിന്‍റെ ‘വരകള്‍’ എന്ന കവിതയുമാണ് അവ.

നിലാവിന്‍റെ വന്‍കരയെന്നോ
പേടമാന്‍ മിനുപ്പെന്നോ
താന്‍ ഒരിക്കല്‍ ഓമനിച്ച
നുണുങ്ങുഭൂഖണ്ഡത്തില്‍
പുലിപെറ്റതുകണ്ട്
പ്രിയതമന്‍
പിണങ്ങുകയോ
പകയ്ക്കുകയോ ചെയ്യും (അഖില പ്രിയദര്‍ശിനി)

പെറ്റ പെണ്ണുങ്ങളുടെ അടിവയര്‍ ചുറ്റിപ്പിടിച്ച്
കിടന്നുറങ്ങുമ്പോള്‍
പതുപതുപ്പ്
ഇളംചൂട്
സുഖം!
കൂമന്‍ മൂളിയാലും
കാലന്‍കോഴി കൂവിയാലും പേടിതോന്നില്ല
പേടിസ്വപ്‌നം കാണില്ല
പുലി കാക്കും
ഉറപ്പ് (അമ്മുദീപ)

ഗര്‍ഭിണിപ്പെണ്ണിന്നുള്ളില്‍
കിടക്കും കുഞ്ഞന്‍
ചെല്ലവിരല്‍ത്തുമ്പാല്‍
ഉള്‍സ്തരത്തിന്മേല്‍
കോറിയത്
വയറിന്‍ പുറംതോലില്‍
പുലിത്തോല്‍ വരകളായ് (എസ്. കലേഷ്)

അഖില പ്രിയദര്‍ശിനി വരവീണ വയറിനെ അപകര്‍ഷതയായാണ് കവിതയില്‍ അടയാളപ്പെടുത്തുന്നത്. പുരുഷന്‍റെ കാഴ്ച്ചയിലെ സ്‌ത്രീയാണ് ഇതില്‍ പ്രത്യക്ഷപ്പെടുന്നത്.

ഇനിയൊരിയ്ക്കലും
പുറത്തിറങ്ങി
ഒന്നു കാറ്റേറ്റുലാത്താന്‍
വിധിയില്ലെന്നറിഞ്ഞ്
ഇരുളില്‍ ഒളിച്ച്
മുറുമ്മിക്കൊണ്ടിരിക്കും
എന്നെഴുതുമ്പോള്‍ പുരുഷനിര്‍മിതമായ സൗന്ദര്യസങ്കൽപ്പങ്ങളില്‍ അപകര്‍ഷപ്പെടുന്ന സ്‌ത്രീയെക്കാണാം. എന്നാല്‍ പുലിയോളമോ അതിലേറെയോ വീറുള്ള വരയന്‍പുലിയാണ് അമ്മുദീപയുടെ ‘കാവല്‍’ എന്ന കവിതയില്‍. ഇതിനുമുമ്പ് നമ്മള്‍ ഈ അമ്മയെക്കണ്ടത് പൂതപ്പാട്ടിലാണ്. നരിയായും പുലിയായും ചെല്ലുന്ന പൂതത്തെ പുലിയെക്കാള്‍ ശക്‌തയായി നേരിടുന്നുണ്ടവര്‍. പ്രിയദര്‍ശിനി വരയുള്ള വയറിനെ പരിമിതിയായി കാണുമ്പോള്‍ അമ്മുദീപ അതിനെ വീറായും വീര്യമായും കാണുന്നു. കലേഷിന്‍റെ കവിതയില്‍ പറയുന്ന ‘വയറിന്‍ പുറന്തൊലിയിലെ പുലിത്തോല്‍’ ദീപയുടെ കവിതയിലെത്തുമ്പോള്‍ പുലിയായി മാറുന്നിടത്ത് സ്ത്രൈണമായ ആര്‍ജവം പ്രവര്‍ത്തിച്ചിട്ടുണ്ട്. അത് തൊലിപ്പുറത്തെ സ്‌പര്‍ശിക്കുന്ന അപകര്‍ഷമല്ല. അഖില പ്രിയദര്‍ശിനിയുടെ കവിതയില്‍ ഒരു പെണ്ണിന്‍റെ അമ്മയിലേക്കുള്ള മാറ്റം തൊലിപ്പുറത്ത് സംഭവിയ്ക്കുന്നതാണ്. എന്നാല്‍ മാതൃത്വം ആന്തരികബലമായി പ്രവര്‍ത്തിയ്ക്കുന്നു എന്നതാണ് ദീപയുടെ കവിതയെ വ്യത്യസ്‌തമാക്കുന്നത്. അതുകൊണ്ടുതന്നെ പലകാലങ്ങളില്‍ എഴുതപ്പെട്ട ഈ കവിതകള്‍ പ്രത്യക്ഷത്തില്‍ ഒന്നാണെന്ന് തോന്നുമ്പോഴും അവ പലതായിട്ടിരിക്കുന്നുണ്ട്. പുലിത്തോലും പുലിയും തമ്മിലുള്ള വ്യത്യാസം പോലെ.

പി. രാമന്‍റെ എട്ടു കവിതകളാണ് മാതൃഭൂമിയെ ശ്രദ്ധേയമാക്കിയ മറ്റൊന്ന്. അയുക്‌തിയുടെ സൗന്ദര്യമാണ് ‘ഒരു ഷര്‍ട്ട്’ എന്ന കവിതയിലെ കവിത. മുറി തുറക്കുമ്പോള്‍ പുലിയെപ്പറ്റി മാത്രം ചിന്തിച്ചുകൊണ്ടിരുന്ന മുറി ഞെട്ടിയുണര്‍ന്ന് കുതിച്ചുചാടുന്നു. ഓടി പുറത്തുകിടക്കുന്നതിനിടയില്‍ പുലി നിഴലില്‍ പിടിച്ചുതൂങ്ങുന്നു. കുറേ നാളുകള്‍ക്കുശേഷം നിഴല്‍ച്ചോരക്കറ ശരീരം വിഴുങ്ങുവാന്‍ ഷര്‍ട്ടിന്‍റെ രൂപത്തില്‍ ചുമരില്‍ തൂങ്ങിക്കിടക്കുന്നു. കാലപരവും ഭാവുകത്വപരവുമായ ജാഗ്രത പി. രാമന്‍റെ ഭാഷയുടെ ‘ആഴങ്ങളില്‍ കൊത്തുപണി ചെയ്യുന്നു’ണ്ട്. അതുകൊണ്ടുതന്നെ പ്രമേയപരമോ ഭാഷാപരമോ ആയ ചെടിപ്പ് ഈ കവിതകളെ ബാധിച്ചിട്ടില്ല.

മണ്ണിനോടും അതിനെ ചുറ്റിപ്പറ്റിയുള്ള ഓര്‍മകളോടുള്ള അഭിനിവേശമാണ് ‘ഓര്‍മണ്ണ്’ എന്ന കവിത. അടയ്ക്കാപ്പുത്തൂരിന്‍റെ ഓര്‍മയ്ക്ക് എന്ന് കവിതയുടെ തലക്കെട്ടിനോടുചേര്‍ന്ന് അത് സൂചിപ്പിച്ചിട്ടുണ്ട്. ഓര്‍മയ്ക്കും മണ്ണിനും തമ്മില്‍ ഭേദങ്ങളില്ല എന്നു പറയുന്ന കവിതയില്‍ ഇവരണ്ടും കാരിരുമ്പിനാല്‍ തീര്‍ത്ത പൂട്ടുപോലെ, തുറക്കാനാവാതെ കനംതൂങ്ങിക്കിടക്കുന്നു. അത്താഴത്തിന്‍റെ ബാക്കി അയല്‍പക്കക്കാരെ വിളിച്ചുകൊടുക്കുന്ന ഓര്‍മയാണ് ‘വിളി’ എന്ന കവിതയില്‍. ഇതിലെ  ഗൃഹാതുരതയെ മറികടക്കാന്‍ ഭാഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ രഗില സജി എഴുതിയ ‘നോട്ടം, കാഴ്ച്ച  എന്നിവ’ എന്ന കവിതയും വേറിട്ടുനില്‍ക്കുന്നു. വ്യത്യസ്‌തമായ നോട്ടങ്ങളും കാഴ്ച്ചകളും അടയാളപ്പെടുത്തിക്കൊണ്ട് അത് കവിതയുടെ പഴയ നോട്ടങ്ങളെയും ശീലങ്ങളെയും അസാധുവാക്കുന്നു.

– സുഷമ ബിന്ദു പി

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account