രഹ്‌ന ഫാത്തിമ അറസ്റ്റ് ചെയ്യപ്പെടുന്നു, മേമുണ്ട സ്‌കൂളിലെ കുട്ടികൾ കിത്താബ് എന്ന നാടകം അവതരിപ്പിക്കുന്നതിൽ നിന്ന് പിൻമാറുന്നു, മതപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കോടതികൾ സമൂഹത്തിന്റെ താൽപര്യം കൂടി പരിഗണിക്കണമെന്ന് ജസ്റ്റീസ് കുര്യൻ ജോസഫ് അഭിപ്രായപ്പെടുന്നു. ഉവ്വ്, നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്. മതവും അധികാരവും പരസ്‌പര പൂരകങ്ങളാണ് എന്ന് തിരിച്ചറിഞ്ഞ ഭരണകൂടങ്ങൾ കൊട്ടുന്ന താളത്തിനനുസൃതമായി പ്രവർത്തിക്കുന്ന ഒരു യാഥാസ്ഥിതിക സമൂഹം എന്ന നിലവാരത്തിലേക്കെത്താൻ നമുക്കിനി അധികം ദൂരമില്ല. മത ജാതി നിബന്ധനകളെ നിരാകരിക്കാനും അവയിൽ നിന്ന് മുക്‌തരാവാനും ഒരു പരിഷ്‌കൃത സമൂഹമാകാനും ശ്രമിക്കേണ്ടതിനു പകരം നമ്മളിപ്പോൾ അനുസരണയുള്ള കുഞ്ഞാടുകളാവാനും ദൈവഭയമുള്ളവരാവാനും മത്‌സരിക്കുന്നു.

രഹ്‌ന ഫാത്തിമയുടെ അറസ്റ്റും സസ്‌പെൻഷനും നൽകുന്ന ശക്‌തമായ ഒരു സന്ദേശമുണ്ട്. കുറ്റവാളിയായി ആരോപിക്കപ്പെടുന്ന ഒരാൾ നിരപരാധിയാണെന്ന് സ്വയം തെളിയിക്കേണ്ടതുണ്ട് എന്ന ഇരുണ്ട കാലത്തിന്റെ നീതിബോധം ഇപ്പോഴും അങ്ങനെ തന്നെ പിന്തുടരപ്പെടുന്നു. അയ്യപ്പന്റെ ബ്രഹ്മചര്യത്തെക്കുറിച്ച്, ദൈവികതയെക്കുറിച്ച് എന്നു വേണ്ട അയ്യപ്പനും ഹൈന്ദവ ദൈവ സങ്കൽപ്പങ്ങളുമായി ബന്ധപ്പെട്ട ഒട്ടെല്ലാ ഘടകങ്ങളും അടിമുടി വിമർശിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്‌ത കാലമാണിത്. അവിടെയൊന്നും വ്രണപ്പെടാത്ത മതവികാരം രഹ്‌ന ഫാത്തിമ എന്ന ഒരു സ്‌ത്രീയുടെ കോമാളിത്തം കൊണ്ട് വ്രണപ്പെട്ടു എന്ന വാദം മറ്റൊരു വലിയ തമാശയാണ്. കറുത്ത വേഷവും ചന്ദനക്കുറിയുമൊക്കെ അയ്യപ്പഭക്തൻമാരുടെ കുത്തകയാണെന്നൊരു നിയമം പോയിട്ട് സാമാന്യമായ കീഴ്വഴക്കം പോലും ഈ നാട്ടിലില്ല. രഹ്‌ന ഫാത്തിമ അവരുടെ അർദ്ധ നഗ്നത പ്രദർശിപ്പിച്ചുവെങ്കിൽ, പൊതു ഇടങ്ങളിൽ അങ്ങനെ ചെയ്യുന്നത് കുറ്റകരമാണെങ്കിൽ (!) അതിനാണ് കേസെടുക്കേണ്ടത്. കാരണം മതനിന്ദ എന്നൊരു കുറ്റം തികച്ചും മണ്ടത്തരമാണെന്നതു തന്നെ. ഒരു വ്യവസ്ഥയും ചിട്ടയുമില്ലാത്ത ഹിന്ദു മതത്തിലെ നിന്ദ എങ്ങനെയാണ് നിർവചിക്കുക..? ഹിന്ദു എന്നത് ഒരു ജീവിതരീതിയാണെന്ന് സുപ്രീം കോടതി തന്നെ റൂളിംഗ് നൽകിയിട്ടുണ്ട്. എന്നിട്ടും നമ്മുടെ പോലീസ് മതനിന്ദക്കുറ്റം ചുമത്തി ഒരു സ്‌ത്രീയെ അറസ്റ്റ് ചെയ്യുകയും അതിനു കാത്തിരുന്ന അവരുടെ തൊഴിലുടമ അവരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തിരിക്കുന്നു.

സർവ സ്വാതന്ത്ര്യത്തിന്റെ മതമായ ഹിന്ദുവിന്റെ നിലപാടുകൾ ഇപ്രകാരമാവുമ്പോൾ മേമുണ്ട സ്‌കൂളിനെതിരേയും കിത്താബ് നാടകത്തിനെതിരേയും മുസ്ലീം യാഥാസ്ഥിതിക മൗലിക വാദികൾ (fundamentalist) പ്രതിഷേധ സ്വരമുയർത്തുന്നതിനെ വിമർശിക്കുന്നതെങ്ങനെ? കിത്താബ് ഇസ്ലാം മതവിശ്വാസങ്ങൾക്കു വിരുദ്ധമാണത്രേ.  നാടകവും സിനിമയും കഥയുമൊക്കെ മത വിശ്വാസങ്ങൾക്കനുസൃതമായി വേണം എന്ന് ശഠിക്കാൻ ആർക്കെന്തധികാരം? ഇസ്ലാമിന്റെ സംരക്ഷണം പ്രകടനം നടത്തിയ മത രാഷ്‌ട്രീയ സംഘത്തിന് ആരാണ് പതിച്ചു നൽകിയത് തുടങ്ങി ഒട്ടേറെ ചോദ്യങ്ങളുണ്ട്. ഇസ്ലാമിന്റേതെന്നല്ല, ഒരു മതത്തിന്റേയും വിശ്വാസങ്ങളെ തൃപ്‌തിപ്പെടുത്തേണ്ട ബാധ്യത ഒരാൾക്കുമില്ല, പ്രത്യേകിച്ച് കലാകാരൻമാർക്ക് ഒട്ടുമില്ല. കാരണം കല സമൂഹത്തെ കർശനമായി നിരീക്ഷിക്കാനും വിമർശിക്കാനുമുള്ള ഉപാധിയാണ്.

ഉണ്ണി ആർ എഴുതിയ വാങ്ക് എന്ന കഥയിൽ നിന്ന് ആശയമുൾക്കൊണ്ടാണ് കിത്താബ് രൂപപ്പെടുത്തിയത് എന്ന് നാടകകൃത്ത് പറയുന്നു. തന്നോട് അനുമതി ചോദിച്ചില്ല എന്ന് ഉണ്ണിയും അദ്ദേഹത്തിന്റെ ഉപജാപകവൃന്ദവും ആവലാതിപ്പെടുകയും ചെയ്യുന്നു. സാങ്കേതികത അവിടെ നിൽക്കട്ടെ. തന്റെ കഥയിൽ ഒരു മതനിന്ദയും താൻ ഉദ്ദേശിച്ചിട്ടില്ല എന്ന് സമർഥിക്കാനാണ് കഥാകൃത്തും അദ്ദേഹത്തെ പിന്തുണച്ച് രംഗത്തു വന്ന എസ് ഹരീഷ്, വിനോയ് തോമസ്, വി.എം. ദേവദാസ് തുടങ്ങിയ എഴുത്തുകാരും ശ്രമിക്കുന്നത്. മതനിന്ദ എന്ന ഉമ്മാക്കിയെ നമ്മുടെ സാംസ്‌കാരിക പ്രവർത്തകർ ഭയപ്പെടുന്നു എങ്കിൽ നാം എവിടേക്കാണ് യാത്ര ചെയ്യുന്നത് എന്ന കാര്യത്തിൽ സംശയങ്ങൾക്ക് ഇടമില്ല.

ഏറ്റവും ഒടുവിൽ ജസ്റ്റീസ് കുര്യൻ ജോസഫ് പറയുന്നു, മതകാര്യങ്ങളിൽ ഇടപെടുമ്പോൾ കോടതി സമൂഹത്തെക്കൂടി പരിഗണിക്കണമെന്ന്. ഇന്ത്യയിലെ ഒരു വലിയ ദുരന്തമാണത്, സമൂഹം എന്നത് തെരുവിൽ അട്ടഹസിക്കുന്ന ആൾക്കൂട്ടമാണ് എന്ന തെറ്റിദ്ധാരണ നമ്മുടെ പൊതു നിലപാടുകളെ വല്ലാതെ സ്വാധീനിക്കുന്നു. ഭൂരിപക്ഷ താൽപര്യങ്ങൾക്കനുസൃതമായി തീരുമാനങ്ങളെടുക്കുന്നതാണ് ശരി എന്ന് നമ്മളെങ്ങനെയോ ധരിച്ചു വശായിരിക്കുന്നു. പക്ഷേ അതല്ല ഇന്ത്യൻ ജനാധിപത്യത്തിന്റേയും ഭരണഘടനയുടേയും അന്തഃസത്ത. സമൂഹത്തിലെ ഏറ്റവും ദുർബലനായ ഒരാളുടെ പോലും താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുമ്പോഴാണ് ജനാധിപത്യം യാഥാർഥ്യമാകുന്നത്. അത് കേവലം ഭൂരിപക്ഷത്തിന്റെ തേർവാഴ്‌ചയല്ല.

സമൂഹത്തെ ചൊൽപ്പടിക്കു നിർത്താൻ മതം അതിന്റെ സർവ ശക്‌തിയുമെടുത്ത് പൊരുതും. അതിനെ അതിജീവിക്കുക അത്ര എളപ്പമാവില്ല. പക്ഷേ മത താൽപര്യങ്ങൾക്കു വിധേയമായി പ്രവർത്തിക്കാൻ സന്നദ്ധമാകുന്ന ഭരണകൂടങ്ങളും സമൂഹവും നമ്മെ നയിക്കുന്നത് പിന്നിലേക്കാണ്. അതുകൊണ്ട് ചെറുത്തു നിന്നേ മതിയാവൂ. അതിജീവിച്ചേ മതിയാവൂ.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account