ഓരോ ദിവസവും കൊഴിയുന്നത് എന്തൊക്കെ നമ്മിൽ ബാക്കി വച്ചുകൊണ്ടാണ്? കഴിഞ്ഞുപോയ ദിവസങ്ങളുടെയൊക്കെ ബാക്കിപത്രങ്ങളെ ഒന്നിച്ച് ചേർത്താണല്ലോ നാം ഓർമ്മകളെന്ന് പേരിട്ട് വിളിക്കുന്നത്. അത്തരം ബാക്കിവെയ്ക്കലുകളുടെ ആകെത്തുകയാണ് ജീവിതം. എന്റെ സ്വഭാവം, എന്റെയിഷ്‌ടങ്ങൾ, ആഗ്രഹങ്ങൾ, നിരാശകൾ എല്ലാം രൂപപ്പെടുന്നത് ഇത്തരം ബാക്കിയാവലുകളിലൂടെയാണ്. അതിലൊരൊറ്റ ദിവസമെടുത്താൽ അതെന്നിൽ ബാക്കിയാക്കുന്നത് എന്താകും?

ദിവസം ബാക്കി തന്നിട്ട് പോകുന്നതെന്ത് എന്ന ചോദ്യത്തിന് ആദ്യം വരുന്ന ഉത്തരം പ്രത്യാശ എന്നല്ലേ? അതാണോ സത്യം? അത് നാളേക്കുള്ള കാത്തിരിപ്പിനായി പറയുന്ന ന്യായം മാത്രമല്ലേ? പിറ്റേന്ന് സന്തോഷങ്ങളെ കണ്ടുമുട്ടാനിടയുള്ള ദിവസമെങ്കിൽ ഇന്ന് പ്രത്യാശയോടെ ഉറക്കത്തിലേക്ക് (അതോ കാത്തിരിപ്പിന്റെ ഉറക്കമില്ലായ്‌മയിലേക്കോ) കടക്കാം. പക്ഷേ നാളേയ്ക്ക് അങ്ങനെയൊരു പ്രതീക്ഷയില്ല എങ്കിൽ ഇന്നിന്റെ ബാക്കിയായി വരുന്നത് പ്രത്യാശ തന്നെയാകണമെന്നുണ്ടോ. എന്താണ് അവശേഷിക്കുന്നത്? ഒരു ദിവസത്തിന്റെ ഒടുവിൽ ഒന്നോർത്തു നോക്കൂ, ഈ കടന്നുപോയ ജീവിതം നിങ്ങളിൽ എന്താണ് ബാക്കിയാക്കിയത്.

ശിഷ്‌ടജീവിതം ഒരു ശൂന്യതയായി നീണ്ടു കിടക്കുന്നു എന്ന മിസ് കെന്റന്റെ കത്തിലെ വാചകം വായിച്ചപ്പോഴാണ് ജീവിതം തന്നിൽ എന്താണ് അവശേഷിപ്പിച്ചതെന്ന് സ്റ്റീവൻസ് ആലോചിച്ചത്. നോബൽ സമ്മാന ജേതാവായ കസുവോ ഇഷിഗുറയുടെ ബുക്കർ പുരസ്‌കാരം നേടിയ നോവലായ ദിവസത്തിന്റെ ശേഷിപ്പുകൾ (റിമൈൻസ് ഓഫ് ദി ഡെ) ലെ മുഖ്യ കഥാപാത്രമാണ് സ്റ്റീവൻസ്. ‘എന്റെ ജീവിതത്തിന്റെ അവശേഷിച്ച ഭാഗം എങ്ങനെ ഉപയോഗപ്രദമായി വിനിയോഗിക്കാം എന്നറിയില്ല. മറ്റെവിടെയോ എന്റെ ശിഷ്‌ടജീവിതം ഒരു ശൂന്യതയായി നീണ്ടു കിടക്കുന്നു’. മിസ് കെന്റൻ തന്റെ സഹപ്രവർത്തകനായിരുന്ന സ്റ്റീവൻസിന് അയച്ച കത്തിലെ വരികളാണിത്. ഒരുമിച്ച്  ജോലിചെയ്‌തിരുന്ന കാലത്ത് പരസ്‌പരം പറയാതെ കാത്തുവച്ച ഒരു പ്രണയമുണ്ടായിരുന്നു അവർക്കിടയിൽ. ഒരു ശൂന്യതയായി നീണ്ടു കിടക്കുകയാണ് ശിഷ്‌ടജീവിതം എന്ന കെന്റന്റെ വാക്കുകൾ അയാളുടെ ഓർമ്മകളെ കൊളുത്തിട്ടു പിടിക്കുകയാണ് ചെയ്‌തത്. ജീവിതം തന്നിൽ എന്താണ് അവശേഷിപ്പിച്ചത് എന്നയാൾ ചിന്തിച്ചത് അപ്പോഴാണ്.

ഇരുനൂറ് വർഷത്തിലധികം പഴക്കമുള്ള പുരാതനമായ ബ്രിട്ടനിലെ ഡാർലിങ്‌ടൺ കൊട്ടാരത്തിലെ ബട്ട്ലറാണ് സ്റ്റീവൻസ്. കെട്ടിട ഉടമയായ പ്രഭുവിനെ പരിചരിച്ചും അതിഥികളെ സൽക്കരിച്ചും ഒരു പരാതിക്കും ഇടവരുത്താതെ അയാൾ തന്റെ ജോലി ചെയ്‌തുകൊണ്ടിരുന്നു. പക്ഷെ കാലം കടന്നുപോയത് അറിഞ്ഞില്ല. തനിക്കൊപ്പം വളർന്ന പോപ്ലാർ മരങ്ങൾ തളിർത്ത് പൂവിട്ട് ഇപ്പോൾ ചില്ലകൾ കരിഞ്ഞ് ഉണങ്ങി നശിക്കാറായിരിക്കുന്നു. താനും നരകയറി കിളവനായി. കൗമാരവും യൗവനവും കൈമോശം വന്നു. താൻ ഇനിയും ജീവിച്ചിട്ടുപോലുമില്ല എന്ന് സ്റ്റീവൻസ് തിരിച്ചറിയുന്നു. ഭർത്താവുമൊത്തുള്ള കെന്റന്റെ ഇപ്പോഴത്തെ ജീവിതവും അത്ര സുഖകരമല്ല. ഇംഗ്ലണ്ടിലെ ഉൾഗ്രാമത്തിൽ താമസിക്കുന്ന അവരെ കാണാൻ സ്റ്റീവൻസ് ഓർമ്മകളെയും കൂട്ടുപിടിച്ചു യാത്രയാകുന്നതതാണ് നോവലിന്റെ കഥ.

കഥയല്ല ജീവിതം. വായിച്ച വരിയുടെ ഭംഗി തുടർവായനക്ക് കൊതിപ്പിക്കുന്ന പുസ്‌തകങ്ങളും ഇതുവരെയുള്ള വായനയുടെ മടുപ്പുകൊണ്ട് ഉപേക്ഷിക്കുന്ന പുസ്‌തകങ്ങളുമില്ലേ? അതുപോലെ ജീവിതം സന്തോഷമായി മുന്നോട്ടു കൊണ്ടുപോകുകയോ വിരസതകൊണ്ട് മടക്കിവെയ്ക്കുകയോ ചെയ്യാം.

ഓരോ നിമിഷവും മിഴിവാർന്നതായിരുന്ന ഒരു ദിവസം വിടവാങ്ങുന്നതു പോലും രണ്ട് തുള്ളി കണ്ണീരുതിർത്തിയാകും. നാളെ മുതലുണ്ടാകാവുന്ന നഷ്‌ടബോധത്തെയോർത്തുള്ള കണ്ണീർ. അത്ര സന്തോഷമുള്ള ദിവസം ബാക്കിയാക്കുന്നത് ഓർമ്മകെളെയാകാം. മുന്നോട്ടുള്ള ജീവിതത്തിൽ മറക്കാനിടയില്ലാത്ത ദിവസങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ. ഇഷിഗുറോയുടെ സ്റ്റീവൻസിനെപ്പോലെ, പിന്നീട് ഒരിക്കൽ കെട്ടഴിക്കാനുള്ള ഓർമ്മകളാവാം അവയൊക്കെ.

എത്രയോ പേർക്ക് ദിവസത്തിന്റെ ശേഷിപ്പ് നിരാശയും തകർച്ചയുമാകാം. അത്തരം ചില ദിവസങ്ങളിലല്ലേ ചിലർ കെട്ടഴിഞ്ഞ ഓർമ്മക്കയറിനറ്റത്ത്, നിരാശപ്പെടാൻ ഇനിയൊരു ദിവസം അവശേഷിപ്പിക്കുന്നില്ല എന്ന തീരുമാനത്തിൽ കുരുങ്ങുന്നത്. കഴിഞ്ഞു പോയ ദിവസങ്ങളുടെ അവശേഷിപ്പുകൾ അവരുടെ ജീവിതത്തെത്തന്നെ ശേഷിപ്പിക്കാതെ പോകുന്നു.

കഴിവിന്റെ ഒരു കണിക പോലും പുറത്തെടുക്കാതെ അലസദിനം തീർക്കുന്നയാൾക്ക് ദിവസം ബാക്കി വയ്ക്കുന്നത് കുറ്റബോധമായിരിക്കും. അലസതയുടെ പാരഗ്രാഫുകൾ കൂട്ടിച്ചേർത്തെഴുതിയ അരസികൻ ജീവിത പുസ്‌തകമുള്ളയാൾക്ക് കുറ്റബോധവുമുണ്ടാകില്ല. ഒഴുക്കിൽപ്പെട്ട ഇല പോലെയുള്ള ജീവിതങ്ങൾ. ഇന്നത്തെ ദിവസം ഒന്നും ബാക്കിയാക്കാതെ ഉപയോഗിക്കാതെ നഷ്‌ടപ്പെടുത്തി എന്ന് നിരാശപ്പെടാത്ത ഇവരും ജീവിതത്തിലൊരുവേള നഷ്‌ടപ്പെട്ട, തിരിച്ചുപിടിക്കാനാവാത്ത മതിവരാത്ത പകലുകളെയോർത്ത് നിരാശപ്പെടും. പക്ഷേ അലസത കഴിഞ്ഞു പോയ ജീവിതത്തിന്റെ ബാക്കിപത്രമായി വിഷാദകാലത്ത് ഒപ്പം കൂടിയതാണെങ്കിൽ പ്രതീക്ഷക്ക് പിന്നേയും വകയുണ്ട്. ‘ഞാൻ മുറിവിട്ടു പുറത്തേക്കെങ്ങും പോകാറില്ല. പത്രവും വരുത്തുന്നില്ല. ഋതു മാറുന്നതറിയാൻ മുറ്റത്തൊരു ചെടി നട്ടു’ എന്ന് മേതിൽ എഴുതുന്നത് പോലെ ഋതുക്കൾ മാറുമ്പോൾ മാനം തെളിയുകയും പുതുനാമ്പുകൾ തല പുറത്തു കാട്ടുകയും ചെയ്യാതിരിക്കുകയില്ലല്ലോ!

ദിവസം നമ്മളിലെന്ത് ബാക്കിവച്ചു എന്നതുപോലെ നമ്മൾ മറ്റുള്ളവരിലെന്ത് മാറ്റിവച്ചു എന്ന് ദിനാന്ത്യത്തിൽ ആലോചിച്ചാലോ? ആരിലെങ്കിലും നല്ല ഒരോർമ്മ ബാക്കി വയ്ക്കാൻ ഇന്നു കഴിഞ്ഞുവോ? പലരും ജീവിതത്തിലേക്ക് വന്നു പോകുമ്പോൾ നമ്മിലവർ ബാക്കിയാവാറില്ലേ? സുഖമേറും ഓർമ്മയായും നോവായുമൊക്കെ. അതേപോലെ അവനവനെ ചിലയിടങ്ങളിൽ അവശേഷിപ്പിച്ച് പോരാറുമുണ്ടല്ലോ. മറ്റൊരാളുടെ ഓർമ്മ പുസ്‌തകത്തിലെ ഏടുകളാവുന്ന ദിവസങ്ങളിൽ ഇടക്കിടെ നമ്മളും എഴുതപ്പെട്ടിരിക്കുന്നു.

ടി. പത്‌മനാഭന്റെ കടൽ എന്ന കഥ വായിച്ചിട്ടില്ലേ? ‘ഞാൻ പണ്ട് ഡയറി എഴുതിയിരുന്നു. ആ ഡയറികളും എനിക്ക് കിട്ടിയ കുറേ എഴുത്തുകളുമാണിത്’. അമ്മ മകളോട് പറയുന്നതാണ്. അവർ പണ്ട് ബനാറസിൽ സംഗീതം പഠിച്ചിരുന്നു. വിവാഹശേഷവും പഠനം തുടരാൻ ഭർത്താവ് അനുവദിച്ചു. അതുകൊണ്ടാണ് കല്യാണത്തിന് സമ്മതിച്ചത്. വെക്കേഷന് വീട്ടിൽ നിൽക്കുമ്പോൾ ബനാറസിൽ നിന്ന് കത്തുകൾ വന്നിരുന്നു. ഒരു ദിവസം ഭർത്താവ് രഹസ്യമായി അതൊക്കെയെടുത്തു വായിച്ചു. അമ്മയുടെ ഡയറിൽ അതേക്കുറിച്ചു ഇങ്ങനെയാണു എഴുതിരിക്കുന്നത്: ‘എന്നോട് നേരെ ചോദിക്കാമായിരുന്നല്ലോ ആരാണ് നിനക്ക് എഴുതുന്ന ഈ ആൾ. നിങ്ങൾ തമ്മിലുള്ള ബന്ധമെന്താണ്. അങ്ങനെ ചോദിക്കുക തന്നെ വേണ്ട. ഒരു സൂചന തന്നാൽ മതിയല്ലോ. ഇതാ നിങ്ങൾ വായിച്ചു നോക്കിക്കൊള്ളൂ എന്ന് പറഞ്ഞു ഒരു വിഷമവും കൂടാതെ തരുമായിരുന്നല്ലോ ഞാൻ’.

അതോടെ ശിഥിലമായത് ഭർത്താവുമായുള്ള ഹൃദയബന്ധമാണ്. ഒടുവിൽ മരിക്കാറായ നാളിൽ ആ കത്തുകളും ഡയറിയും മകൾക്ക് വായിക്കാൻ നൽകുകയാണ് അമ്മ. അവർ തുടർന്ന് പറയുന്നു: ‘എനിക്ക് വേണമെങ്കിൽ ഇതൊക്കൊ നശിപ്പിച്ചു കളയാമായിരുന്നു. ഈ എഴുത്തുകൾ നശിപ്പിക്കുക എന്നുവച്ചാൽ അതെഴുതിയ ആളിനെ തന്നെ നശിപ്പിക്കുക എന്നാണ്; ആ ആളുടെ ഓർമ്മ എന്നിൽ നിന്ന് പറിച്ചു കളയുക എന്നാണ്. അതെനിക്ക് ചെയ്യാൻ കഴിയില്ലല്ലോ’. കടൽ കാണാൻ കൊതിച്ച് എന്നാൽ ഒരിക്കലും അതിനാകാതെ മരിച്ചുപോകുന്ന ആ അമ്മയുടെ ജീവിതത്തിലെ അവശേഷിപ്പുകളാണ് ആ സ്‌നേഹോർമ്മക്കുറിപ്പുകൾ.

പ്രണയമേ നിന്നിലേക്ക്‌ നടന്നൊരെൻ
വഴികളോർത്തെന്റെ പാദം തണുക്കുവാൻ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരിനേരം ഇരിക്കണേ

എന്ന് റഫീഖ് അഹമ്മദ് എഴുതിയത് പോലെ ഓർമ്മകൾ മാത്രമല്ല ചില സാന്നിധ്യങ്ങളും ദിവസത്തിന്റെയും ജീവിതത്തിന്റെ മുഴുവനും ശേഷിപ്പുകളായിത്തീർന്നെന്നിരിക്കും.

– വിനീത പ്രഭാകർ പാട്ടീൽ

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.

Forgot your details?

Create Account