കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഇന്നു മുതൽ നമ്മുടെ പ്രവാസി സഹോദരങ്ങൾ തിരികെയെത്തുകയാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നീ വിമാനത്താവളങ്ങളാണ് അവരെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുന്നത്.

ഏഴു ദിവസങ്ങളിലായി പന്ത്രണ്ട് രാജ്യങ്ങളിൽ നിന്നാണ് പ്രവാസികൾ തിരിച്ചെത്തുക ആദ്യഘട്ടത്തിൽ തിരിച്ചെത്തുന്ന ഭൂരിഭാഗവും ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ളവരാകും. അതിൽ തന്നെ മുതിർന്ന പൗരന്മാർ, രോഗികൾ, ഗർഭിണികൾ, കുട്ടികൾ എന്നിവർക്ക് മുൻഗണന. ഇന്ത്യയിലേക്ക് മടങ്ങുന്നവരുടെ ആർ ടി പി സി ആർ പരിശോധന വിവരങ്ങൾ സംസ്ഥാനത്തിന് വിദേശകാര്യ മന്ത്രാലയം വഴി ലഭ്യമാകും.

വിമാനമിറങ്ങിയതിനു ശേഷം എയ്‌റോബ്രിഡ്‌ജ്‌  വഴി പ്രത്യേക മാർക്കിംഗിലൂടെ ടെർമിനലിൽ എത്തണം. ശേഷം തെർമൽ സ്‌കാനറിൽ പരിശോധന നടത്തപ്പെടും. ഉയർന്ന താപനില കാണിക്കുന്നവരെ ഇമിഗ്രേഷൻ കൗണ്ടറിനു മുൻപുള്ള പ്രത്യേക ഐസൊലേഷൻ വാർഡിലേക്കും രോഗലക്ഷണങ്ങൾ ഉള്ളവരെ ആശുപത്രി ഐസലേഷൻ വാർഡിലേക്കും മാറ്റും. അല്ലാത്തവർ ഇമിഗ്രേഷൻ കൗണ്ടറിൽ പരിശോധനകൾ പൂർത്തിയാക്കി കഴിയുമ്പോൾ അടുത്ത കൗണ്ടറിൽ നിന്ന് സാനിറ്റൈസറും മാസ്ക്കും ലഭിക്കും. പിന്നീട് ബാഗേജ് സെക്ഷനിലെത്തി അണുവിമുക്തമായ ലഗേജ് എടുത്ത് കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാകും.. ശേഷം ആരോഗ്യ വകുപ്പിന്റെ ഡെസ്ക്കിലെത്തി, ആവശ്യമെങ്കിൽ പരിശോധന നടക്കും. പിന്നെ, സർക്കാർ നിയന്ത്രണത്തിലുള്ള ക്വറന്റീൻ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. പണം അടയ്ക്കാൻ തയ്യാറുള്ളവർക്ക് കൂടുതൽ സൗകര്യങ്ങളുള്ള ഹോട്ടലുകൾ, റിസോർട്ടുകൾ ഏർപ്പാടാക്കും.

ഇത്രയധികം പ്രവാസികളെ ഒരുമിച്ച് സ്വീകരിക്കുന്നതിനായി സർക്കാർ പൂർണ്ണമായും തയ്യാറെടുത്തു കഴിഞ്ഞു. അവർക്ക് പുനരധിവാസം ഒരുക്കുക എന്ന വലിയ കടമ്പയും നേരിടേണ്ടതുണ്ട്.

ജീവിക്കാൻ മാർഗ്‌ഗം തേടി പോയവരാണ് ഓരോ പ്രവാസിയും. അവരിൽ പലരും തൊഴിൽ നഷ്‌ടപ്പെട്ടാണ് തിരികെയെത്തുന്നത്. പ്രവാസികളും കുടുംബാംഗങ്ങളും അങ്ങേയറ്റം വേദനയിലൂടെയാണ് മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നത്. ‘നാളെ എന്ത്?’ എന്ന വലിയ ചോദ്യം അവരെ വല്ലാതെ വീർപ്പുമുട്ടിക്കുന്നുണ്ട്. പ്രവാസികളെല്ലാം രോഗബാധിതരാണെന്ന മിഥ്യാധാരണ മാറ്റിക്കളഞ്ഞ് അവരെ ചേർത്തു പിടിക്കുക. അത് നമ്മുടെ കടമയാണ്. കടന്നുപോന്ന പ്രളയകാലഘട്ടങ്ങൾ ഉൾപ്പെടെയുള്ള പ്രതിസന്ധിക്കാലത്തെല്ലാം സ്വന്തം നാടിനു വേണ്ടി പ്രവാസികൾ നീട്ടിയ സഹായ കരങ്ങൾ ഓർക്കാതെയിരിക്കരുത്.

കൊവിഡ് വൈറസിൽ നിന്നും പൂർണ്ണമായും രക്ഷപെട്ടു വരുമ്പോൾ നേരിടേണ്ടുന്ന മറ്റൊന്നാണ് സാമ്പത്തിക പ്രതിസന്ധി!

കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വിവിധ പദ്ധതികളിൽ പ്രവാസികൾക്ക് സർക്കാർ അവസരം ഒരുക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ഇപ്പോൾ, നമുക്ക് ഈ മഹാമാരിക്കാലം പ്രതിരോധിച്ചേ മതിയാവു.

ജാഗ്രതയാണ് പ്രതിരോധം.

 

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account