നദീതീരങ്ങളിലൂടെ കൂടിക്കലർന്നത് സംസ്‌ക്കാരത്തിന്റെ അടയാളങ്ങളാണെങ്കിൽ നദി ജീവിതം തന്നെ ആയിരിക്കണമല്ലോ. ഒരു പുഴയും ഒഴുകിയത് മണ്ണിലൂടെ മാത്രമായിരിക്കില്ല.

കെെവഴികൾ ചേർന്നു ചേർന്ന് പുഴകൾ വലുതായി, കടലിലേക്ക് ഒഴുകി. പുഴയുടെ ഏതോ ഉത്ഭവങ്ങൾക്കും സുതാര്യമായ ഉറവുകൾക്കും അനേകായിരം ചുഴിരഹസ്യങ്ങൾ കാത്തുവെക്കുന്ന സമുദ്രത്തിനുമിടയിലാണ് പുഴയുടെ ജീവിതം.

പുഴയുടെ ജീവിതമെന്നത് അപരജീവിതമാകുന്നു. നദിയായും നദീതീരമായും അത് എത്രയോ ജീവിതങ്ങളിൽച്ചേരുന്നു. ഓരോ വർഷകാലത്തും നിറഞ്ഞൊഴുകുന്ന പുഴ അവശേഷിപ്പിച്ചിരുന്നത് സമൃദ്ധമായ ജെെവശേഖരവും കൂടിയാണല്ലോ. തീരങ്ങളിലടിഞ്ഞ ആ ജെെവികതയിലാണ് നെല്ലുമുതൽ കരിമ്പുവരെ വിളഞ്ഞത്. അതിലൂടെയാണ് കഥകളും കവിതകളും മിത്തുകളുൾച്ചേർന്ന മഹാരഹസ്യങ്ങളും പൂത്തത്. വരരുചി ഉപേക്ഷിക്കലുകളുടെ യാത്ര തുടർന്നത്. മലയാളത്തിലേക്ക് ജ്ഞാനപീഠം വന്നത്.

തീരാത്ത പാപഭാരങ്ങളും പേറി യുദ്ധാവസാനം അവശേഷിച്ച പാണ്ഡവർ നാടുമുഴുവനലഞ്ഞ്, ഒടുവിൽ വന്നെത്തിയത് ഈ നദിക്കരയിലാണ്. നിളയിൽ തർപണം നടത്തി ഭാരതഖണ്ഡം നൽകിയ മോക്ഷവുമായി അവർ മഹാപ്രസ്ഥാനത്തിലേക്ക് നടന്നുവെന്ന് ലക്കിടിയിൽ ഒഴുകുന്ന തെളിനീരുകളുടെ പറഞ്ഞുതീരാത്ത കഥ. കഥയ്ക്കപ്പുറം അവിടെ നിള ഭാരതപ്പുഴയാകുന്നു.

പുഴയില്ലാതെ എന്താണ് ബാക്കിയുണ്ടാവുക. ജെെവം എന്ന വാക്ക് അനവധിയായി ആഘോഷിക്കുമ്പോൾ പുഴ എന്ന ജെെവ ജീവിതത്തെ ഓർക്കുക, പുഴയെ അറിയുക. ‘പുഴ മുതൽ പുഴവരെ’ എന്ന് സി രാധാകൃഷ്‌ണൻ.

പതിറ്റാണ്ടുകൾക്കുമുമ്പ്, കുറ്റിപ്പുറത്ത് പുഴയ്ക്കു കുറുകേ പാലം വന്നപ്പോൾ മുകളിൽ കേറിനിന്ന് കവി പാടിയത് പുഴയുടെ അന്നത്തെ സൗന്ദര്യത്തെക്കുറിച്ചല്ല എന്ന് ഇപ്പോൾ ഓർക്കേണ്ടതാണ്.

”മനുഷ്യർ ആക്രമിച്ചില്ലായിരുന്നെങ്കിൽ
പുഴ എക്കാലവും
അങ്ങനെത്തന്നെ നിറഞ്ഞൊഴുകിയേനേ.
പുഴയെ വീണ്ടെടുക്കാൻ മീനുകൾക്കാവില്ല
മരങ്ങൾക്കോ മൃഗങ്ങൾക്കോ ആവില്ല..
നമുക്ക് കഴിയും..നമുക്ക്..!
നെഞ്ചിലൂടൊരു പുഴയൊഴുകുന്നവർക്ക്..”

സാറാ ജോസഫിൻറെ വാക്കുകൾ.

– രാജേഷ് മേനോൻ

3 Comments
 1. Vishnu 4 years ago

  നല്ല ഓർമ്മപ്പെടുത്തൽ

 2. Sudhakaran 4 years ago

  good one, thanks

 3. Baburaj 4 years ago

  നമുക്ക് കഴിയും..നമുക്ക്..!
  നെഞ്ചിലൂടൊരു പുഴയൊഴുകുന്നവർക്ക്..”

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account