ഇന്നത്തെ ബസ്സു യാത്രയിലെ വിശേഷം കണ്ടപ്പോൾ ഈ കുറിപ്പിവിടെ ചേർക്കാമെന്ന് തോന്നുന്നു. നവ സാങ്കേതിക കാലത്ത് മനുഷ്യന് ഏതു കാര്യവും തൽസമയം അറിയാനുള്ള സ്മാർട്ട് ഫോണാണ് എല്ലാവരുടേയും കയ്യിലുള്ളത്. പക്ഷേ ഈ ഫോണിൽ മാത്രമായി ഒതുങ്ങുന്നു മനുഷ്യ ജീവിതം എന്നത് ദുഃഖകരമായ അവസ്ഥയാണ് ജനിപ്പിക്കുന്നത്. നഗരത്തിലെ ഗതാഗത കുരുക്കിൽ പെട്ട് നമ്മുടെ വിലപ്പെട്ട സമയവും അപഹരിക്കപ്പെടുന്നു. പക്ഷേ അപ്പോഴും യാത്രക്കാർ നിന്നും ഇരുന്നും ഒന്നുമറിയാതെ ഫോണുകളെ നോക്കി പുഞ്ചിരിച്ച് നിൽക്കയും ഇരിക്കയും ചെയ്യുന്നു. പണ്ടാണെങ്കിൽ സ്വയം ചിരിച്ചാൽ വട്ടാണെന്ന് പറയും. വട്ടിന്റെ രൂപവും ഭാവവും മാറി കുറച്ചു കൂടി ഹൈജീനിക്കായി കാര്യങ്ങൾ. കുരുക്കൊതുങ്ങി ബസ്സ് നീങ്ങിയപ്പോഴും വിശേഷങ്ങൾക്ക് മാറ്റമില്ല.കൊച്ചു കുട്ടികളും കൗമാരക്കാരും യൗവ്വന യുക്തരും മധ്യവയസ്ക്കരും വൃദ്ധരും എല്ലാവരും തന്റെ കയ്യിലെ മൊബൈൽ ഫോണിൽ കുരുങ്ങിക്കിടക്കുന്നു. വളരെ ദുർല്ലഭം പേർ മാത്രം യാത്ര ചെയ്യുന്ന ബോധത്തിൽ സഞ്ചരിക്കുന്നു.

കാലത്തിന്റെ അവസ്ഥയിൽ ഞാനടക്കം ഉള്ള സമൂഹം എത്തിപ്പെടുന്നത് വൻ വിപത്തിലേക്കല്ലെ എന്നു് തോന്നി. ഫോൺ ബാഗിനുള്ളിൽ എടുത്തു വെച്ചിട്ടുണ്ടെങ്കിൽ കൂടി കാഴ്ചയുടെ പ്രേരണയിൽ കയ്യും മനസ്സും ഫോണിലേക്ക് നീളുന്നു. അബോധപരമായ സമീപനത്തിൽ മസ്തിഷ്ക്കത്തേയും ബുദ്ധിയേയും മന്ദീഭവിപ്പിച്ച് സംഘർഷങ്ങളും ആകുലതകളും വരിഞ്ഞുമുറുകുന്നു. മനുഷ്യന്റെ മനസ്സും ചിന്തയും മരവിപ്പിക്കുന്ന ഒരാസന്ന ഭാവി ഒരു പക്ഷേ നമുക്കു മുന്നിൽ തുറക്കാം .അവിടെ നഷടപ്പെടുന്നത് സർഗ്ഗാത്മകതയുടെ നിമിഷങ്ങളാണ്. വായനയൊ എഴുത്തോ മറ്റു പ്രവൃത്തികളൊ ഒക്കെ നിന്നു പോകുന്നു. എഫ്.ബിയും വാട്‍സ്ആപ്പും നോക്കി നോക്കി കണ്ണിനും ബുദ്ധിക്കും ഏൽക്കുന്ന ക്ഷതങ്ങളും നിസ്സാരമല്ല എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അറിയാതെ മാനസിക രോഗങ്ങളിലേക്കും സംഭവങ്ങൾ എത്തിയേക്കാം. ഇവിടെയാണ് ഏതൊന്നിന്റേയും നല്ലതും ചീത്തയും മനസ്സിലാക്കേണ്ടത്.

പണ്ടത്തെ വായനശാലകളും ആൽമരച്ചുവടുകളും തണ്ണീർ പന്തലുകളും സംവാദങ്ങളുടെ ആരോഗ്യപരമായ ഇടങ്ങളായിരുന്നു. എന്നാൽ ഇന്നത്തെ ആധുനിക സൗകര്യ ഇടങ്ങളൊ? സോഷ്യൽ ഇടങ്ങളും ഗ്രൂപ്പുകളും സാമൂഹ്യ നന്മക്കും വ്യക്തി ബന്ധങ്ങൾ സുദൃഢമായിരിക്കാനും ആയിരിക്കണം. അതിനു പകരം വ്യക്തിഹത്യകളും വൈരാഗ്യങ്ങളും അനുദിനം വർദ്ധിക്കയാണ് പല ഇടങ്ങളിലും. ഇങ്ങിനെയാകുമ്പോൾ ശക്തമായ മാനസിക ഉലച്ചിലുകൾ സംഭവിക്കുകയും, സമൂഹം രോഗാതുരമാകുകയും ചെയ്യുന്നു. ഈയവസ്ഥയിൽ നിന്നും സ്വയം മാറാനേ പറ്റു. ഇല്ലെങ്കിൽ മാനസിക രോഗികളുടെ എണ്ണം കൂടുന്ന ഒരു സമൂഹത്തെയായിരിക്കും നേരിടേണ്ടി വരിക. രാവിലെ എണീറ്റ് ചായ കുടിക്കുന്നതിനു  മുമ്പേ എത്ര സന്ദേശങ്ങൾ എത്ര ലൈക്കുകൾ എന്ന ചിന്തയിൽ മനുഷ്യർ ജീവിക്കാൻ തന്നെ മറന്നു പോകുന്നു. ഇത്രയും പുരോഗമനം ഇല്ലാത്ത കാലത്ത് ഇത്തിരി കൂടിയൊക്കെ നന്മയും സ്നേഹവും വിശ്വാസവും ബഹുമാനവുമൊക്കെ നമ്മുടെ മനസ്സിൽ ഉണ്ടായിരുന്നില്ലേ ?

മനുഷ്യർ റോബോട്ടുകളായി മാറുന്നു.ബസ്സു യാത്രയിൽ ഫോൺ നോക്കി ഇരുന്ന വ്യക്തി ഇറങ്ങേണ്ട സ്ഥലം വിട്ടു പോയി. ബസ്സിടങ്ങൾ മാത്രമല്ല വീട്ടകങ്ങളും പൊതു വഴിയോരങ്ങളും എല്ലാം സ്മാർട്ട് ഫോൺ പുഴയിൽ മുങ്ങിക്കൊണ്ടിരിക്കയാണ്. ബസ്സിറങ്ങി നടക്കുമ്പോൾ വളർച്ചയുടെ കാലം എവിടേക്ക് എന്നൊരു ആധി തലക്കു മുകളിൽ ഒരറക്കവാൾ പോലെ തൂങ്ങിക്കിടന്നു. ഒരു നിയന്ത്രണം ഇല്ലെങ്കിൽ ഒപ്പം എല്ലാ ബന്ധങ്ങളും ശിഥിലമാകുന്ന വലിയൊരു കുരുക്കായി മാറാം.

5 Comments
 1. Pramod 2 years ago

  വളരെ ശരിയാണ്.. സാമൂഹ്യമാധ്യമങ്ങളും മൊബൈൽ ഫോണുകളും ദുരുപയോഗപ്പെടുത്തപ്പെണ്ടുമ്പോൾ, ബന്ധങ്ങൾ ശിഥിലമാകാം.. തെറ്റായ വഴിയിലേക്ക് നീങ്ങാം… നിയന്ത്രണം അത്യാവശ്യമാണ്..

 2. ഒന്ന് രണ്ടു കാര്യങ്ങള്‍ കൂടി പറയാതെ പോകുന്നത് ശരിയല്ല എന്ന് തോന്നി. പോസ്റ്റില്‍ പറയുന്ന വിഷയം വളരെ ശരിയാണ് എന്ന് മനസ്സിലാക്കുന്നു . പക്ഷെ അതിനൊപ്പം തന്നെ വായന മുരടിക്കുന്നു എന്നത് പുസ്തക വായന എന്ന് തിരുത്തി പറയേണ്ടി വരുന്നില്ലേ . കിന്റില്‍ പോലുള്ള സംവിധാനം , സ്മാര്‍ട്ട് ഫോണുകള്‍ ഒക്കെ വായനയ്ക്ക് ഒരുപാട് തലങ്ങള്‍ ഒരുക്കുന്നുണ്ട്‌ . മറ്റൊന്ന് നാം ഇപ്പൊഴും ചിന്തിക്കുന്നത് ആ നഷ്‌ടമായ ആലിന്‍ ചുവടുകള്‍ ആണ് . നമുക്ക് ഇന്ന് നഗരങ്ങള്‍ ഇല്ല ഗ്രാമങ്ങളും നമുക്കുള്ളത് ഉപനഗരങ്ങള്‍ ആണ് സബര്‍ബന്‍സ് . ഇവിടെ ഗ്രാമമോ നഗരമോ ഇല്ലാതെ പോയ ഒരു ലോകത്തില്‍ കോണ്ക്രീറ്റ് ചുവരുകള്‍,മാര്‍ബിള്‍ തറകള്‍ മാത്രമാണ് ഉള്ളത് . ബന്ധങ്ങള്‍ എന്നത് രണ്ടു തരം പൌരന്മാരുടെ ഇടയില്‍ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു . നഗരജീവികളും വൃദ്ധ സദനത്തിലെ ജീവിതങ്ങളും , എല്ലാരും പ്രാക്ടിക്കല്‍ ആയിരിക്കുന്നു ഫലമോ സൌഹൃദങ്ങള്‍ എങ്ങും തന്നെ ഇല്ലാതായി. പ്രായോഗിക ജീവിതത്തിന്റെ ഇരകള്‍ ആണ് ഇന്നോരോരുത്തരും . നെറ്റില്‍ മുഴുവന്‍ സമയവും ചിലവഴിക്കാന്‍ ആഗ്രഹിച്ച തലമുറയെ നാം വളര്‍ത്തി എടുത്തു , നാം തന്നെ അതിന്റെ ഉത്പന്നങ്ങള്‍ ആയി സ്വയം . അതു കൈക്കുള്ളില്‍ എത്തിയപ്പോള്‍ നാം മുഴുവന്‍ സമയ വിര്ച്യുല്‍ ലോകത്തിന്റെ സന്തതികള്‍ ആയി. ഇവിടെ അവധിക്കാലം പോലുള്ള സമയങ്ങളില്‍ എങ്കിലും കുട്ടികളില്‍ നിന്നും ഇത്തരം സംവിധാനങ്ങള്‍ കൊടുക്കാതെയും രക്ഷകര്‍ത്താക്കള്‍ ഉപയോഗിക്കാതെയും ഇരിക്കാന്‍ ശ്രമിച്ചാല്‍ കുറച്ചു പ്രകൃതി യാത്രകള്‍ നടത്തിയാല്‍ അവര്‍ അടുത്ത തലമുറകള്‍ ഒരു പക്ഷെ ആ കാഴ്ചകളിലൂടെ അതിലേക്ക് ആകൃഷ്ടരായി പതിയെ മാറിയേക്കും എന്നൊരു ചിന്ത വെറുതെ തോന്നുന്നുണ്ട് ഈ വായനയില്‍ .

 3. Anil 2 years ago

  A point of concern …

 4. Indira Balan 2 years ago

  പൂർണ്ണമായും തെറ്റെന്ന് സൂചിപ്പിച്ചിട്ടില്ല. ഓരോ സാങ്കേതികവിദ്യയും വളർച്ചയുടെ പടവുകൾ എന്നത് നിസ്തർക്കം ഓരോന്നിന്റേയും ഉപയോത്തിന്റെ നല്ലതും ചീത്തയും തിരിച്ചറിയേണ്ടതുണ്ടെന്നും പറഞ്ഞിട്ടുണ്ടല്ലൊ…

 5. Babu Raj 2 years ago

  നന്നായിട്ടുണ്ട്..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.

Forgot your details?

Create Account