കേരളീയ സമൂഹം അതിന്റെ പൊതു രൂപത്തിലും അടിസ്ഥാന സ്വഭാവത്തിലും എത്രമേൽ സ്‌ത്രീവിരുദ്ധമാണ് എന്ന ഭീതിദമായ കാഴ്‌ചയാണ് ഏതാനും ദിവസങ്ങളായി നാം കണ്ടു കൊണ്ടിരിക്കുന്നത്. സ്‌ത്രീകളുടേതായി നാം നേരിട്ട എത്രയോ പ്രശ്‌നങ്ങളിൽ ഇരയോടൊപ്പം എന്നു പ്രഖ്യാപിച്ച എല്ലാ സ്‌ത്രീപക്ഷപാതികളും ആത്യന്തികമായി കപട വ്യക്‌തിത്വമാണ് പ്രകടിപ്പിച്ചിരുന്നത് എന്ന് തിരിച്ചറിയുകയാണ് നമ്മളിപ്പോൾ. ശബരിമലയിൽ സ്‌ത്രീകളെ പ്രവേശിപ്പിക്കരുത് എന്ന് വാശി പിടിക്കുകയും പ്രതിഷേധത്തിനും കലാപത്തിനും ആഹ്വാനം ചെയ്യുകയും ചെയ്യുന്നവർ യഥാർഥത്തിൽ ഏത് ആശയത്തിന്റെ വക്‌താക്കളാണ് എന്നത് സങ്കീർണമായ ഒരു ചോദ്യമാണ്.

ഒരു സംസ്‌കൃത സമൂഹം എന്നു വിളിക്കപ്പെടാനുള്ള ഒരു മാനദണ്ഡവും മലയാളികൾ പാലിക്കുന്നില്ല. പാരമ്പര്യം, കീഴ്വഴക്കം എന്നിവയെ യുക്‌തികൊണ്ട് നേരിടുകയും അസംബന്ധങ്ങളെ നിരാകരിക്കുകയും ചെയ്യുക എന്നതാണ് പരിഷ്‌കൃത ജനതയുടെ അടിസ്ഥാന സ്വഭാവം. എന്നാൽ ദൈവത്തിന്റെ കാര്യത്തിൽ യുക്‌തി സ്വീകാര്യമല്ല എന്ന് ഇന്നലെയോളം നമുക്കു മാതൃക എന്ന് കരുതിയിരുന്നവർ പരസ്യമായി നിലപാടെടുക്കുമ്പോൾ വല്ലാത്തൊരമ്പരപ്പ് നമ്മെ വന്നു മൂടുന്നുണ്ട്. എത്ര അശ്ലീലമായിട്ടായിരിക്കും ഇവിടുത്തെ പെൺകുട്ടികളെ, സ്‌ത്രീകളെ ഇവരോരോരുത്തരും ഓരോ തവണയും നോക്കിയിരിക്കുക? പുറമെ സ്‌ത്രീകൾക്കു വേണ്ടി എന്ന് തോന്നിക്കുന്ന വാചാടോപങ്ങൾ നടത്തുമ്പോഴും ഇവരുടെയൊക്കെ ഉള്ളിൽ എന്തു തരം ചിന്തകളാണ് ഉണ്ടായിരുന്നിരിക്കുക?

ശബരിമലയിലെ ആചാരങ്ങൾ നിലനിർത്തുക എന്ന് പറഞ്ഞ് പ്രക്ഷോഭത്തിനിറങ്ങുന്നവർ സ്‌ത്രീകളെ പരസ്യമായി അപമാനിക്കുകയാണ്. നിങ്ങൾ അശുദ്ധിയുള്ളവരാണ് എന്ന് ആവർത്തിച്ചു പറയുന്ന ശാങ്കര സ്‌മൃതിയുടെ വക്‌താക്കളാണവർ. അവരോടൊപ്പം തെരുവിലിറങ്ങുന്ന പെണ്ണുങ്ങളിൽ ഭൂരിഭാഗവും സ്വാഭീഷ്‌ടപ്രകാരമല്ല വരുന്നത്. അവരുടെ രക്ഷിതാക്കളായ പുരുഷൻമാരുടെ കേവലം ആജ്ഞാനുവർത്തികളാണവർ. സ്‌ത്രീ സ്വാതന്ത്ര്യം മലയാളി സമൂഹത്തിൽ ഒരു മരീചിക മാത്രമാണെന്ന് നാം തെളിയിച്ചു കഴിഞ്ഞു.

ശബരിമലയിലെ സ്‌ത്രീ പ്രവേശന വിധിക്ക് കേരളത്തിലെ സർക്കാരാണ് ഉത്തരവാദി എന്നു കുറ്റപ്പെടുത്തുകയും കലാപാഹ്വാനം നടത്തുകയും ചെയ്യുന്ന രാഷ്‌ട്രീയക്കാർക്ക് വ്യക്‌തമായ ലക്ഷ്യങ്ങളുണ്ട്. ഇന്ത്യയിൽ എവിടെയൊക്കെ ചർച്ച ചെയ്‌തില്ലെങ്കിലും പാളിപ്പോയ സാമ്പത്തിക പരിഷ്‌കരണങ്ങളും കോർപ്പറേറ്റ് പ്രീണനവും ജനവിരുദ്ധ മുതലാളിത്ത നിലപാടുകളും കേരളത്തിൽ സംഘപരിവാരത്തിന് വലിയ പ്രതിസന്ധി സൃഷ്‌ടിക്കുമെന്ന് അവർക്കറിയാം. തീർച്ചയായും അതിൽ നിന്ന് മലയാളിശ്രദ്ധ വഴിതിരിച്ചു വിടുകയും വൈകാരിക വിഷയങ്ങൾ സ്‌ഫോടനാത്‌മകമാക്കി തെരഞ്ഞെടുപ്പ് കഴിച്ചു കൂട്ടുകയുമല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്ന് ബോധ്യമുള്ള സംഘപരിവാർ മറ്റെന്താണ് ചെയ്യുക. അവരോടൊപ്പം ചേർന്ന് കോടതി വിധിക്കെതിരെ പ്രവർത്തിക്കുന്നവർ ചെയ്യുന്നത് അഴിച്ചു കളഞ്ഞ ചങ്ങലകൾ സ്വയം കാലിൽ കുരുക്കുന്നതിനു തുല്യമാണ്.

ഇവിടെ പരാജയപ്പെട്ടാൽ നമ്മെ കാത്തിരിക്കുന്നത് വൻ ദുരന്തമാണ്. ആചാരങ്ങളത്രയും പാലിക്കപ്പെടാനുള്ളതാണ് എന്ന വാദത്തെ അംഗീകരിക്കുന്നത് ആത്‌മഹത്യാപരമാണ്. കുത്തിയോട്ടം, ഗരുഡൻ തൂക്കം, നാവിലും കവിളിലും ശൂലം തറക്കൽ, നിണബലി തുടങ്ങി പുനർജനിക്കാൻ അവസരം കാത്തിരിക്കുന്ന ഒട്ടനവധി ആചാരങ്ങൾ ഇവിടെയുണ്ട്. അവയുടെയൊക്കെ വക്‌താക്കൾ നമുക്കിടയിലുണ്ട് എന്നത് യഥാർഥ്യവുമാണ്.

യുക്‌തിയുടെ പിൻബലമേതുമില്ലാതെ കേവലം പൊള്ളയായ വാദങ്ങളാണ് കോടതി വിധിയെ എതിർക്കുന്നവർ പറയുന്നത്. നീണ്ട പന്ത്രണ്ടു വർഷം ആർക്കൊക്കെ ഏതൊക്കെ വാദങ്ങൾ വേണമെങ്കിൽ അവതരിപ്പിക്കാൻ അവസരം നൽകിയിട്ടും സ്ഥാപിച്ചെടുക്കാൻ കഴിയാത്ത സ്വന്തം നിലപാടുകളെ സംരക്ഷിക്കാൻ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഇപ്പോൾ കൂട്ടു പിടിക്കുന്നത് ദേവപ്രശ്‌നത്തെയാണ്. നിയമത്തേയും ഭരണഘടനയേയും വെല്ലുവിളിക്കുക എന്നത് ഏകാധിപത്യ പ്രവണതയുടെ പ്രകടനാത്‌മകതയാണ്. പാരമ്പര്യത്തോടും കീഴ്വഴക്കങ്ങളോടുമുള്ള വിധേയത്വം ഫാസിസത്തിന്റേയും. അടിമുടി ഫാസിസ്റ്റ് വൽകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു നമ്മൾ. പ്രിയപ്പെട്ട സ്‌ത്രീകളേ, ശബരിമലക്കു പോവുകയോ പോവാതിരിക്കുകയോ ചെയ്യുക നിങ്ങളുടെ താൽപര്യമാണ്. പക്ഷേ ഇവിടെ ഇപ്പോൾ നടക്കുന്നത് നിങ്ങൾക്കെതിരെയുള്ള പടയൊരുക്കമാണ്. സ്‌ത്രീ രണ്ടാം തരം പൗരനാണെന്ന് ആവർത്തിച്ചുറപ്പിക്കാനുള്ള പുരുഷ സമൂഹത്തിന്റെ തന്ത്രപരമായ നീക്കമാണ് ഈ ബഹളങ്ങൾ. അതിനു വഴങ്ങാതിരിക്കാനുള്ള ആർജ്ജവമെങ്കിലും നിങ്ങൾ കാണിക്കേണ്ടതുണ്ട്.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account