സെമിറ്റിക് മത തീവ്രവാദത്തേയും ഇന്ത്യയിൽ നടക്കുന്ന, കേരളത്തിലും അതിനു വേരുകളുണ്ടെന്ന് ഇപ്പോൾ നമുക്ക് ബോധ്യപ്പെടുന്ന, ക്ലാസിക് ഹിന്ദു തീവ്രവാദത്തേയും ഒരേ സ്‌കൈയിലിൽ അളക്കരുത് എന്നൊരു സമീപനം ചിലരെങ്കിലും വച്ചു പുലർത്തുന്നുണ്ട്. പക്ഷേ സൂക്ഷ്‌മ തലത്തിൽ അതങ്ങനെയല്ല. മുസ്ലീം തീവ്രവാദമാണ് നവ ഹിന്ദു തീവ്രവാദത്തിന്റെ പാഠപുസ്‌തകം. പണ്ടത്തെ പോലെ എല്ലാ ഹിന്ദുവും ഒന്നിച്ചു നിൽക്കണം, മറ്റു മതസ്ഥരെ മുഴുവൻ ഉന്മൂലനം ചെയ്യണം തുടങ്ങിയ വഴികൾ അത്ര എളുപ്പമല്ല എന്നു ബോധ്യപ്പെട്ട ക്ലാസിക് തീവ്രവാദികൾ പുതിയതും എളുപ്പമുള്ളതുമായ പദ്ധതികൾ നടപ്പിലാക്കുകയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ദൈവത്തെ സംരക്ഷിക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ് എന്ന പാഠം. രാജാവിനെ രക്ഷിക്കാൻ സ്വയം കൊല്ലപ്പെടുന്നത് പുണ്യമായി കണക്കാക്കുന്നതാണ് നമ്മുടെ ജനിതക പാരമ്പര്യം. അങ്ങനെയുള്ളവർക്ക് ദൈവത്തെയും സംരക്ഷിക്കുക തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് മനസിലാക്കാൻ വലിയ ബുദ്ധിമുട്ടില്ല. ഇതു തന്നെയാണല്ലോ ഇസ്ലാമിക തീവ്രവാദികളും പിന്തുടരുന്ന പ്രത്യയശാസ്‌ത്രം. ദൈവം മനുഷ്യനാൽ സംരക്ഷിക്കപ്പെടുമ്പോൾ തന്നെ മനുഷ്യൻ ദൈവത്താൽ ശിക്ഷിക്കപ്പെടും എന്ന വിചിത്ര ന്യായത്തിന്റെ അടിസ്ഥാനത്തിലാണ് ലോകം മുഴുവൻ മുസ്ലീം തീവ്രവാദികൾ കൊലപാതകങ്ങൾ നടത്തുന്നത്. അതേ തീവ്രതയിൽ ഇവിടെയിതാ ലോകശാന്തിയുടെ മത വക്‌താക്കൾ ഭക്‌തരെന്ന് സ്വയം വിളിച്ച് ദൈവത്തെ രക്ഷിക്കാനിറങ്ങിയിരിക്കുന്നു. അവരുടെ കൈയിലെ കറുവടികൾ തോക്കുകളാവാനുള്ള സമയമെത്ര എന്നതു മാത്രമാണ് അവശേഷിക്കുന്ന ചോദ്യം.

സെമിറ്റിക് തീവ്രവാദം ആദ്യന്തം ആക്രമിക്കുന്നത് അന്യമതങ്ങളെയല്ല. അവർ നടത്തുന്ന എല്ലാ ആക്രമണങ്ങളും വലിയ തോതിൽ ലക്ഷ്യമിടുന്നത് സ്വന്തം മതവിശ്വാസികളെത്തന്നെയാണ്. ചരിത്രത്തിലിന്നോളമുണ്ടായ ഇസ്ലാമിക ആക്രമണങ്ങളിൽ കൊല്ലപ്പെട്ട അമുസ്ലീങ്ങളുടെ എണ്ണം താരതമ്യേന നിസ്സാരമാണ്. അതു തന്നെയാണ് നവ ഹൈന്ദവ ഭീകരതയുടേയും അടിസ്ഥാനം. ഉത്തരേന്ത്യയിൽ അതു കൊലപ്പെടുത്തിയത് അഹിന്ദുക്കളേക്കാളേറെ അവർണ ഹിന്ദുക്കളെയാണ്. ഇവിടെ ശബരിമല സമരത്തിലും അവർ ആക്രമിക്കുന്നത് ഹിന്ദുക്കളെത്തന്നെയാണ്. തങ്ങളുടെ യുക്‌തിരഹിതമായ കടുംപിടുത്തങ്ങളെ അനുസരിക്കാത്തവർ അവിശ്വാസികളാണെന്നും അവർ കൊല്ലപ്പെടേണ്ടവരാണ് എന്നും അട്ടഹസിക്കുന്നവരുടെ മാതൃക ഇസ്ലാമിക തീവ്രവാദമല്ലാതെ മറ്റെന്താണ്.

ഇസ്ലാമിക് ഫണ്ടമെന്റലിസ്റ്റുകളുടെ പ്രധാന ശത്രുക്കൾ സ്‌ത്രീകളാണ്. ദൈവദൃഷ്‌ടിയിൽ സ്‌ത്രീ അശുദ്ധയെന്ന് അവർ വിശ്വസിക്കുന്നു. അവളെ ഭോഗവസ്‌തുവായി പരിഗണിക്കുകയും പുരുഷന്റെ സ്വകാര്യ സമ്പത്തായി നിജപ്പെടുത്തുകയും ചെയ്യുന്നു. അതിൽ നിന്നും ഒട്ടും വ്യത്യസ്‌തമല്ലല്ലോ ശബരിമലയിൽ ഹിന്ദു തീവ്രവാദികളുടെ നിലപാടും. കേരളത്തിലുടനീളം സ്‌ത്രീക്ക് അശുദ്ധിയുണ്ട് എന്നവർ പാടി നടക്കുന്നു. സ്‌ത്രീയെ അവളുടെ വ്യക്‌തിത്വം പരിഗണിക്കാതെ ആൾക്കൂട്ടങ്ങൾക്ക് വിട്ടു കിട്ടണമെന്ന് ആക്രോശിക്കുന്നു. സ്‌ത്രീ ഒരു വ്യക്‌തിയേയല്ല എന്ന് പരിഹസിക്കുന്നു. ഇനി എവിടെയാണ് ഇസ്ലാമിക തീവ്രവാദവും ഹിന്ദു തീവ്രവാദവും തമ്മിൽ അന്തരമുള്ളത്?

സെമിറ്റിക് മതങ്ങൾ അവരുടെ അണികളെ ഉപയോഗിച്ച് അധികാരം നേടുന്നതു പോലെ, ഹിന്ദു വർഗീയത എങ്ങനെ അധികാരത്തിനുപയോഗപ്പെടുത്താം എന്നതാണ് BJP സംഘപരിവാരങ്ങളുടെ എക്കാലത്തേയും ഗവേഷണം. അതിനവർ ഏതു മാർഗവും സ്വീകരിക്കും. പക്ഷേ ഇപ്പോൾ നടത്തുന്നത് ഒരു സമൂഹത്തിന്റെ അടിസ്ഥാന സംസ്‌കൃതിയുടെ നട്ടെല്ലൊടിക്കുന്ന നീചപ്രവൃത്തികളാണ്. ഇപ്പോൾ തെരുവിൽ അഴിഞ്ഞാടുന്നവർ പഠിച്ച പാഠങ്ങൾ ഒരിക്കലും തിരുത്താനാവാത്തതാണ്. ഹിന്ദു തീവ്രവാദം അതിന്റെ സംഘടിത രൂപത്തിൽ കേരളത്തിൽ സംഭവിക്കുകയാണ്. ഭീകരവാദം കൊളുത്തിയവർ വിചാരിച്ചാലും കെടുത്താനാവാത്ത ഖാണ്ഡവാഗ്നിയാണ്. അതു നമ്മുടെ ജീവിതങ്ങളെ അടിമുടി കത്തിച്ചു കളയും. നമ്മുടെ സാമൂഹ്യ വ്യവസ്ഥയെ അട്ടിമറിക്കും. ഭയമാണ് തീവ്രവാദത്തിന്റെ മൂലധനം. അതവർ നമുക്കിടയിൽ നിക്ഷേപിച്ചു കഴിഞ്ഞു.

1 Comment
  1. Sunil 2 months ago

    ഈ കവിതയ്ക്കും രഹനയ്ക്കും വേണ്ടിയാണോ ഹിന്ദുക്കളെ മുഴുവൻ തീവ്രവാദികളാക്കുന്നത്?

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account