എല്ലാ തത്വദീക്ഷകളും നിരാകരിച്ച് സാമാന്യയുക്‌തിയേയും പൗരസ്വാതന്ത്ര്യത്തേയും വെല്ലുവിളിച്ച് ശബരിമല സമരമെന്ന ആഭാസ നാടകം തുടരുകയാണല്ലോ. ശബരിമലക്ക് തീർഥയാത്ര നടത്തൽ മലയാളിക്ക് അത്ര ഒഴിവാക്കാൻ പറ്റാത്ത കാര്യമൊന്നുമല്ല എന്ന് നമുക്ക് മനസിലായി വരുന്നുണ്ട്. ഭക്‌തിയും ദൈവവുമൊക്കെ ചില തൽപര കക്ഷികളുടെ മാത്രം അതിജീവനത്തിന്റെ പ്രശ്‌നമാണ് എന്നും കാലം തെളിയിക്കും. പക്ഷേ ഈ അട്ടഹാസങ്ങൾക്കും പോർവിളികൾക്കുമിടയിൽ തകർന്നു തരിപ്പണമായിപ്പോകുന്ന ഒരു വലിയ വിഭാഗം സാധാരണ മനുഷ്യരെ നാം കാണാതെ പോകുന്നു.

MC റോഡ് വഴി മണ്ഡലകാലത്ത് യാത്ര ചെയ്‌താൽ കൂത്താട്ടുകുളം മുതൽ ഹൈറേഞ്ചിൽ മുഴുവൻ പാതയോരത്ത് പഴങ്ങളുടെ താൽക്കാലിക വിൽപന കേന്ദ്രങ്ങൾ കാണാം. ഈ സീസണിൽ വിളവെടുക്കാൻ പാകത്തിലാണ് കോട്ടയത്തും ഇടുക്കിയിലും കൈതച്ചക്ക പോലുള്ള പഴവർഗങ്ങളുടെ കൃഷി ആസൂത്രണം ചെയ്യുന്നത്. റോഡരികുകളിൽ താൽക്കാലികമായി സ്ഥാപിക്കപ്പെടുന്ന എത്രയോ കഞ്ഞി, ചായ കടകൾ വലിയൊരു ജനതയുടെ ഉപജീവന മാർഗമാണ്. പൂരപ്പറമ്പിൽ പൊരിയും മുറുക്കും വിൽക്കുന്നവർ അവരുടെ ഒരു വർഷത്തേക്കുള്ള ആഹാരമാർഗമാണ് ഒരു സീസണിൽ നിന്നുണ്ടാക്കേണ്ടത്. സീസൺ കച്ചവടം പാളിപ്പോയാൽ അവശേഷിക്കുന്നത് പട്ടിണിയാണ്.

ടൂറിസ്റ്റ് ബസുകളും ചെറിയ വണ്ടികളും ഓടിച്ച് ജീവിക്കുന്നവരെ നോക്കുക. പ്രളയം അവരുടെ തൊഴിലവസരങ്ങൾ മുഴുവൻ തകർത്തു കളഞ്ഞതിനു പുറമേയാണ് അവസാന പ്രതീക്ഷയായ മണ്ഡല തീർഥാടനവും പ്രതിസന്ധിയിലാകുന്നത്. മൂലധനമായി ഒരു ഡ്രൈവിംഗ് ലൈസൻസ് മാത്രമുള്ള എത്രയോ പാവം മനുഷ്യരുടെ അന്നമാണ് അത്യാഗ്രഹികളും നീതിബോധമില്ലാത്തവരുമായ ഒരു കൂട്ടം സ്വാർഥൻമാർ നിഷേധിക്കുന്നത്.

കെട്ടു നിറക്കാവശ്യമായ സാധനങ്ങൾ എന്ന ബോർഡ് നാം കാണാറുള്ളത് വൻകിട സൂപ്പർ മാർക്കറ്റുകളിലോ വലിയ ടെക്സ്റ്റൈൽ ബസാറുകളിലോ അല്ല. അങ്ങാടികളിലെ ചെറിയ കച്ചവടക്കാരാണ് അത്തരം സാധനങ്ങൾ വിൽപ്പന നടത്തുന്നത്. അമ്പത് ലക്ഷം മലയാളികൾ 200 രൂപയുടെ ഒരു മുണ്ടും 20 രൂപയുടെ ഒരു മാലയും 100 രൂപയുടെ മറ്റ് സാധനങ്ങളും വാങ്ങിക്കാറുണ്ട് എന്നു മാത്രം കണക്കുകൂട്ടിയാൽ മതി വരുത്തി വക്കുന്ന നഷ്‌ടം എത്ര വലുതാണെന്ന് ബോധ്യപ്പെടാൻ. ഇതിൽ നിന്നൊക്കെ നികുതി കിട്ടും എന്നു കൂടി ഓർക്കുക. മിൽമ മാത്രം 2 കോടി ലിറ്റർ നെയ്യ് വിൽക്കുന്നു ഒരു മണ്ഡലകാലത്ത് എന്ന് കണക്കുകൾ പറയുന്നു. മിൽമ വിൽക്കുന്നത് കേരളത്തിലെ ഗ്രാമങ്ങളിൽ പശു വളർത്തി ജീവിക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യരുടെ വിയർപ്പാണ്.

കേരളത്തിനു ചുറ്റുമുള്ള എല്ലാ സംസ്ഥാനങ്ങളിൽ നിന്നും തീർഥാടകർ വരുന്നു എന്നതു കൊണ്ടു തന്നെ കേരളത്തിലുടനീളം നടക്കുന്ന ഒരു ഷോപ്പിംഗ് ഫെസ്റ്റിവൽ കൂടിയാണ് മണ്ഡല കാലം. കേരളത്തിന്റെ വിപണിയിൽ അടിമുടി ഉണർവുണ്ടാകുന്ന കാലം. ഒപ്പം കേരളത്തിലങ്ങോളമിങ്ങോളമുള്ള എല്ലാ ചെറുകിട നാമമാത്ര ക്ഷേത്രങ്ങളിലും മോശമല്ലാത്ത വരുമാനം ലഭിക്കുന്നതും ഇക്കാലത്താണ്. വലിയ വരുമാനമുള്ള ക്ഷേത്രങ്ങൾ സ്വന്തമാക്കാനുള്ള തത്രപ്പാടിനിടയിൽ വിളക്കെണ്ണ വാങ്ങാനും അവശ്യം വേണ്ട നിവേദ്യത്തിനും വഴിയില്ലാത്ത, ഭഗവാൻമാർ കൂട്ടത്തോടെ പട്ടിണി കിടക്കുന്ന ഇത്തരം ക്ഷേത്രങ്ങളെക്കൂടിയാണ് ഇക്കൂട്ടർ പ്രതിസന്ധിയിലാക്കുന്നത്. മാലയിടാൻ വരുമ്പോഴും കെട്ടു നിറക്കാൻ വരുമ്പോഴും കിട്ടുന്ന ഊർജ്ജത്തിലാണ് അടുത്ത ഒരു വർഷം അവ അതിജീവിക്കുന്നത്.

പമ്പയിലും സന്നിധാനത്തും നടക്കുന്ന കണക്കിൽ പെടുന്ന വിപണിയെക്കുറിച്ച് ഇവിടെ പരാമർശിക്കുന്നില്ല. വിപണിയുടെ സാമ്പത്തിക മൂല്യവുമല്ല ചർച്ചാ വിഷയം. ചായക്കട നടത്തിയും രാത്രി മുഴുവൻ ഉറങ്ങാതെ തട്ടുകട നടത്തിയും വണ്ടിയോടിച്ചും വഴിവാണിഭം നടത്തിയും തോർത്തും മുണ്ടും മാലയും ചന്ദനത്തിരിയും നിർമിച്ചും വിറ്റും ജീവിക്കുന്ന ലക്ഷക്കണക്കിന് പാവപ്പെട്ട മനുഷ്യരുടെ ജീവിതം അനിശ്ചിതത്വത്തിലാക്കിയ സാമൂഹ്യബോധമോ സാമാന്യബുദ്ധിയോ തൊട്ടു തെറിച്ചിട്ടില്ലാത്ത ആൾക്കൂട്ടമാണല്ലോ നമ്മെ നിയന്ത്രിക്കുന്നതും നയിക്കുന്നതും എന്ന് തിരിച്ചറിയുമ്പോഴുള്ള ആത്‌മനിന്ദ മാത്രമാണ് ഈ കുറിപ്പിന് അടിസ്ഥാനം.

2 Comments
  1. Anil 3 weeks ago

    State govt to blame

  2. Vipin 3 weeks ago

    Good point, but whom to actually blame for this fiasco?

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account