കേരളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു സംജ്ഞയാണ് ഹിന്ദു വിരുദ്ധർ എന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ അംഗങ്ങളും അതിന്റെ നേതാവ് ടി. നസിറുദ്ദീനും ഹിന്ദു വിരുദ്ധരാണ്. കഴിഞ്ഞ ദിവസം വനിതാ മതിലിൽ പങ്കെടുത്തവരും പിന്തുണച്ചവരും ഹിന്ദു വിരുദ്ധരാണ്. പ്രൊഫ എം. ലീലാവതി ഹിന്ദു വിരുദ്ധയും വിവരദോഷിയുമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും പണ്ടേ ഹിന്ദു വിരുദ്ധരാണ്. സുപ്രീം കോടതി അടിമുടി ഹിന്ദു വിരുദ്ധമാണ്. ചുരുക്കിപ്പറഞ്ഞാൽ ഇവിടുത്തെ സർവ സംവിധാനങ്ങളും ബുദ്ധിയും വിവരവും വിവേചന ശേഷിയുമുള്ള സർവമാന മനുഷ്യരും ഹിന്ദു വിരുദ്ധരാണ് എന്നാണ് പറയപ്പെടുന്നത്. അങ്ങനെ ഒരു സമൂഹത്തിലെ ബഹു ഭൂരിപക്ഷവും ഹിന്ദു വിരുദ്ധർ എന്ന് ആക്ഷേപിക്കപ്പെടുമ്പോൾ എന്താണതിന്റെ കാരണമെന്നും ആരാണ് യഥാർഥ ഹിന്ദു വിരുദ്ധരെന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്.

ആരാണ് ഹിന്ദു എന്നതു തന്നെയാണ് പല തവണ ചോദിച്ചിട്ടുള്ളതാണെങ്കിലും പ്രധാന ചോദ്യം. അതി വിസ്‌തൃതമായ ഒരു മഹദ് പാരമ്പര്യത്തിന്റെ സ്വാഭാവിക അവകാശികളാണ് ഹിന്ദുക്കൾ. അവരിൽ ബഹുദൈവ വിശ്വാസികളും ഒരു ദൈവത്തെ കൂടുതലും മറ്റുള്ളവരെ കുറച്ചും വിശ്വസിക്കുന്നവരും, കുലദൈവങ്ങൾ എന്ന പേരിൽ മുഖ്യധാരാ ദൈവങ്ങളിൽ നിന്ന് വ്യത്യസ്‌തരായ സ്വകാര്യ ദൈവങ്ങളെ ആരാധിക്കുന്നവരും ചാത്തനേയും മറുതയേയും വീര ബാഹുവിനേയും മറ്റു മുപ്പത്തി മുക്കോടി ദൈവങ്ങളേയും ആരാധിക്കുന്നവരും ദൈവം എന്ന സംഗതി ഇല്ലേയില്ല എന്നു വിശ്വസിക്കുന്നവരും പുരോഹിതൻമാരേയും ആചാരാനുഷ്ഠാനങ്ങളേയും തൃണവൽഗണിക്കുന്നവരും എല്ലാമുണ്ട്. വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യമാണ് ഹിന്ദുത്വം. വിവാഹത്തിലും മരണത്തിലും ഇടപെടാത്ത, ശവമടക്കിന്റേയും മകളുടെ കല്യാണത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ചെയ്യാത്ത വ്യവസ്ഥയാണ് ഹിന്ദുവിന് മതം. അല്ലാതെ മനുഷ്യ വിരുദ്ധതയും അശാസ്‌ത്രീയതയും യുക്‌തിരാഹിത്യവും മാത്രം കൈമുതലായുള്ള രാഷ്‌ട്രീയക്കൂട്ടമല്ല ഹിന്ദുത്വം.

ഹിന്ദു മതത്തിന്റെ അന്തഃസത്ത മനസിലാക്കുകയും ഹിന്ദു ജീവിതരീതി പിന്തുടരുകയും ചെയ്യുന്ന  ആരും യാതൊരു തരത്തിലുള്ള വിവേചനത്തേയും അംഗീകരിക്കുകയില്ല തന്നെ. എന്നാൽ ഹിന്ദു സംരക്ഷകർ എന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള ഒരു കൂട്ടം ചെയ്യുന്നതെന്താണ്? അവർ പറയുന്ന ഹൂളിഗനിസത്തെ അംഗീകരിക്കാത്ത എല്ലാവരേയും ഹിന്ദു വിരുദ്ധർ എന്നു ചിത്രീകരിക്കുന്നു. സംഘടിത മതങ്ങളിൽ പെട്ടവരല്ലാത്ത, സ്വയം മതം ഒരു സംഭവമായി കൊണ്ടു നടക്കാത്ത എല്ലാവരും ഹിന്ദുക്കളാണ്. (അങ്ങനെയാണ് ബ്രിട്ടീഷുകാർ ഹിന്ദു എന്ന വിഭാഗത്തെ ക്ലാസിഫൈ ചെയ്‌തിട്ടുള്ളത്). ആ അർഥത്തിൽ പിണറായി വിജയനും രമേശ് ചെന്നിത്തലയും സുകുമാരൻ നായരും ശ്രീധരൻ പിള്ളയും എല്ലാ വിധത്തിലും  തുല്യരായ ഹിന്ദുക്കളാണ്. ശ്രീധരൻ പിള്ളയുടേത് മാത്രമല്ല പിണറായി വിജയന്റേതും സംരക്ഷിക്കപ്പെടേണ്ട നിലപാട് തന്നെയാണ്. അഥവാ അത്തരത്തിലുള്ള സാർവലൗകികതയാണ് ഹിന്ദുത്വം.

വനിതാ മതിലിൽ പങ്കെടുത്തവരിൽ എൺപത് ശതമാനവും ഹിന്ദുക്കൾ തന്നെയായിരുന്നു. അതായത് ഇന്നാട്ടിലെ വലിയൊരു വിഭാഗം ഹിന്ദുക്കളും അഭിനവ ഹിന്ദു സംരക്ഷകരെ തള്ളിപ്പറയുന്നു. ശബരിമലയിൽ പ്രവേശനം ആവശ്യപ്പെട്ട യുവതികളൊക്കെയും സംശയ ലേശമെന്യേ ഹിന്ദുക്കളാണ്. അവരെ പിന്തുണക്കുന്നവരും ഹിന്ദുക്കളാണ്. കനകദുർഗയും ബിന്ദുവും ഹിന്ദുക്കളാണ്. അതായത് ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ താൽപര്യങ്ങൾക്ക് എതിരു നിൽക്കുന്നവരെയാണ് ഹിന്ദു വിരുദ്ധർ എന്നു വിളിക്കേണ്ടതെങ്കിൽ ആ ആക്ഷേപം അതിന്റെ പൂർണാർഥത്തിൽ അർഹിക്കുന്നത് ഹിന്ദു സംരക്ഷണത്തിന്റെ വ്യാജ വേഷം കെട്ടിയ ഭാ. ജ. പാ സംഘ പരിവാർ ഉപജാപകക്കൂട്ടമാണ്. ഹിന്ദുവിന്റെ ഉന്നമനവും തുല്യതയും ലക്ഷ്യം വെക്കുന്ന ഒരു സംഘടന ഓരോ ഹിന്ദുവിനും എല്ലാ തരത്തിലുമുള്ള അവകാശങ്ങൾ ലഭിക്കുന്നു എന്നുറപ്പു വരുത്താനാണ്  ശ്രമിക്കുക എന്നിരിക്കെ ഹിന്ദുത്വ വിരോധം ഒരു അജണ്ടയായി കൊണ്ടു നടക്കുന്നതും നുണകളും കെട്ടുകഥകളും ഉപയോഗിച്ച് ഹിന്ദുക്കളെ ഭിന്നിപ്പിക്കുന്നതും സംഘപരിവാരമാണ് എന്നത് പകൽ പോലെ വ്യക്‌തമാണ്.

അടിമുടി ഹിന്ദു വിരുദ്ധമാണ് സംഘ പരിവാരം. അവർ സ്‌ത്രീകളെ ഏറ്റവും മോശം പദങ്ങളുപയോഗിച്ചാണ് സംബോധന ചെയ്യുന്നത്. വിവാഹാലോചനയിൽ താൽപര്യമുള്ളവരോട് ജനുവരി ഒന്നാം തിയതി ഉച്ചകഴിഞ്ഞ് പെണ്ണു കാണാൻ ഇറങ്ങിക്കോളൂ, കുടുംബത്തിൽ പിറന്ന പെൺകുട്ടികളെ അപ്പോൾ കാണാം എന്നായിരുന്നു ഇന്നലത്തെ ഒരു ജുഗുപ്‌സാവഹമായ തമാശ. അഡ്വ. ആശയുടെ ഫേസ് ബുക്ക് പേജിൽ കണ്ട വാചകങ്ങളൊന്നും ഒരു കാലത്തും നമുക്ക് മറക്കാനാവില്ല. ഹൈന്ദവ ഭൂരിപക്ഷത്തിന്റെ താൽപര്യങ്ങളെ നിരാകരിക്കുന്ന, ഭൂരിപക്ഷ ഹിന്ദു സ്‌ത്രീകളെ പുലയാട്ടു പറയുന്ന സംഘപരിവാരത്തോളം ഹിന്ദു വിരുദ്ധമല്ല മറ്റൊന്നും.

1 Comment
  1. Mahendar Mahi 3 years ago

    Well said

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account