നിർണായകമായൊരു സുപ്രീകോടതി വിധിയായിരുന്നല്ലോ ശബരിമലയിൽ പ്രായഭേദമന്യേ ഏത് സ്‌ത്രീകൾക്കും പ്രവേശിക്കാമെന്നുള്ളത്.  തീർച്ചയായും ഇതിനെ  അനുകൂലിക്കുന്ന നിലപാടാണ് എന്റേത്. ശബരിമലയിൽ എന്തായാലും എല്ലാ പ്രായത്തിലുമുള്ള സ്‌ത്രീകൾക്ക് പോകാൻ കഴിയണം.

ഈ കഴിഞ്ഞ വ്യാഴാഴ്‌ച ചിലർ ഒരു ഹർത്താലങ്ങ് പ്രഖ്യാപിച്ചു, ശബരിമല സ്‌ത്രീ പ്രവേശനത്തെ എതിർത്തു കൊണ്ട്. അതിനു മുൻപ് ചില ചേച്ചിമാർ  റോഡ് ഷോകൾ (റോഡ്‌ ഉപരോധവും) നടത്തി. ചിലർ വഴിവക്കിലൊത്തുചേർന്ന് പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിച്ചു.

സത്യത്തിൽ ഇതിന്റെ വല്ല ആവശ്യവുമുണ്ടോ? എന്ത് വന്നാലും സ്‌ത്രീകൾ ശബരിമലയിൽ പോകും. സുപ്രീം കോടതി വിധിയുണ്ടല്ലോ, സ്‌ത്രീ പുരുഷ തുല്യത ഭരണഘടനയിലുള്ളതാണല്ലോ, അതായിരുന്നു എന്റെ വിശ്വാസം. എന്നാൽ നടതുറന്നപ്പോൾ കോടതി വിധി വിശ്വസിച്ച് വന്ന സ്‌ത്രീകളെ ആചാരം, വിശ്വാസം എന്നീ പേരു പറഞ്ഞു തടഞ്ഞു കളഞ്ഞു. നമ്മുടെ കേരളം സാക്ഷരമാണെന്നൊക്കെ നാം പറയുന്നു. എന്നാൽ സമൂഹം ഇന്ന് കാണിച്ചുകൂട്ടുന്നതൊക്കെ കാണുമ്പോൾ അക്ഷരങ്ങൾ അവരുടെ അടുത്തുകൂടെ പോയിട്ടില്ല എന്നാണ് തോന്നുക .

പിന്നെ ഇനിയുംഇതുപോലുള്ള കാട്ടിക്കൂട്ടലുകൾ നടത്തുന്ന സഹോദരങ്ങളോട് ഒരഭ്യർത്ഥനയാണുള്ളത്. എന്തായാലും അടുത്ത മണ്ഡലകാലത്ത് കോടതി വിധി മാനിച്ച് സ്‌ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിച്ചേക്കണേ…

സ്‌കൂളിൽ ഇതേ പ്രശ്‌നത്തെക്കുറിച്ച് സഹപാഠികളോട് സംസാരിക്കുമ്പോൾ അവരിലധികം പേരും ശക്‌തമായി പ്രതികരിച്ചത് പെണ്ണുങ്ങൾ ശബരിമലയ്‌ക്കൊന്നും പോകണ്ട ആവശ്യമില്ല എന്നാണ്. അതു തന്നെയാണ് പൊതുജനങ്ങളിലും ഒരു വിഭാഗം പറയുന്നത്. വാസ്‌തവത്തിൽ എത്ര തെറ്റായൊരു നിലപാടാണവരുടേത്.

ഇതൊക്കെ പറയുന്ന കൂട്ടത്തിൽ ഒരു കാര്യം ഞാൻ ചോദിക്കട്ടേ? ശബരിമലയിൽത്തന്നെ എഴുതിവെച്ചിരിക്കുന്നു, തത്ത്വമസി എന്ന്. അതായത് അതു നീയാകുന്നു. അങ്ങനെ വരുമ്പോൾ ദൈവം നമ്മൾ തന്നെയാണ്. നമ്മുടെ കൂടെയുള്ളവരും ദൈവമാണ്.  ഈ പരമസത്യം മനസില്ലാക്കാതെ ചുമ്മാ ആ തിരക്കിനിടയിലേക്ക്‌ ഇടിച്ച് കയറുന്നു കുറെ ഭക്‌തർ.  മറ്റൊരു കാര്യം, അയ്യപ്പൻ ആളും ബഹളവുമില്ലാത്ത കാട്ടിൽ പ്രതിഷ്ഠയായിരിക്കുന്നത് സ്വസ്ഥത മോഹിച്ചാവില്ലേ? അങ്ങോട്ട് ശരിക്കും ആരും പോകാതിരിക്കുകയാണ് നല്ലത്. പ്രകൃതിയെങ്കിലും നശിക്കാതിരിക്കുമല്ലോ! പക്ഷേ അതുണ്ടാവില്ല. അതു കൊണ്ട് സ്‌ത്രീകളെയും  ദർശനത്തിനനുവദിക്കണം.

അയ്യപ്പൻ മാത്രമല്ലല്ലോ മാളികപ്പുറത്തമ്മയും ശബരിമലയിൽ പ്രതിഷ്ഠയാണല്ലോ? രണ്ടു പേർക്കും തുല്യ പ്രാധാന്യമാണ്. അവിടെ തന്നെയുണ്ട് സ്‌ത്രീപുരുഷ സമത്വം. അപ്പോൾ എന്തായാലും ആരാധനയ്ക്കും സമത്വം വേണം.

മലയിൽ പോയി കലാപമുണ്ടാക്കിയ അയ്യപ്പന്മാരോടും പോകാനിരിക്കുന്ന അയ്യപ്പന്മാരോടും ഞാൻ ഒന്ന് പറയാം: സ്‌ത്രീ  ദേവിയാണ്, അമ്മയാണ്, അമ്മായിയമ്മയാണെന്ന് ചുമ്മാ പറഞ്ഞുനടന്നാൽപ്പോര, ആ അമ്മയ്ക്ക്, അമ്മായിക്ക്, ദേവിക്ക്  എന്തുകൊണ്ട് അയ്യപ്പസന്നിധിയിൽ പോയിക്കൂടാ, എന്തിനവളെ തടയുന്നു എന്നൊരു ചോദ്യവും നിങ്ങൾ നിങ്ങളോട് തന്നെ ചോദിക്കണം.

ഞാൻ ഇതുവരെ ശബരിമലയിൽ പോയിട്ടില്ല. അയ്യപ്പനെ തൊഴുതിട്ടില്ല. അല്ലെങ്കിലും ദൈവങ്ങളെ  അമ്പലങ്ങളിൽ നേരിട്ട് കണ്ട് ചെന്ന് പ്രാർത്ഥിക്കുന്നതിന് പകരം ഞാൻ ദൈവികമായ മനുഷ്യസാന്നിധ്യങ്ങളിൽ സന്തോഷിക്കുകയാണ് ചെയ്യാറ്. പക്ഷേ ഭക്‌തിയുടെ വഴി ഓരോരുത്തർക്കും ഓരോന്നായിരിക്കുമല്ലോ. ഇഷ്‌ടമുള്ളത് തിരഞ്ഞെടുക്കാം. അതൊരിക്കലും മറ്റുള്ളവരുടെ ആരാധനാ സ്വാതന്ത്ര്യത്തെയും അവകാശത്തെയും ചോദ്യം ചെയ്യുന്നതാകരുത്‌. ഇപ്പോൾ നടക്കുന്നത് അതാണ്. വൃശ്ചികമാസം നട തുറക്കുമ്പോൾ സ്‌ത്രീകൾക്കും അവിടെ പ്രവേശിക്കാൻ കഴിയട്ടെ. തത്വമസി എന്ന് അവരെ നോക്കി എല്ലാവർക്കും പറയാനും കഴിയട്ടെ.

– സ്വരൺദീപ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account