നിർണ്ണായകമായ രണ്ടു വിധികളാണ് അടുത്തടുത്ത ദിവസങ്ങളിലായി സുപ്രീം കോടതി പുറപ്പെടുവിച്ചത്. രണ്ടും സ്‌ത്രീകളുടെ അന്തസ്സുയർത്താൻ പര്യാപ്‌തമായവ. കാലഹരണപ്പെട്ട നിയമങ്ങൾ തിരുത്തിയെഴുതേണ്ടത് അനിവാര്യതയാണ്. ആദ്യത്തെ വിധി നമ്മുടെ സ്‌ത്രീ സമൂഹത്തെ കാര്യമായൊന്നും സ്‌പർശിക്കാൻ പോകുന്നില്ല. ഭർത്താവ് ഭാര്യയുടെ യജമാനനല്ലെന്നൊക്കെ വായിക്കാൻ നന്ന്. പക്ഷേ പ്രായോഗികതലത്തിൽ അതിന് വല്ല പ്രസക്‌തിയുമുണ്ടോ എന്നത് മറ്റൊരു പ്രശ്‌നമേഖല തന്നെയാണ്. ഭർത്താവിന്റെ യജമാനത്തത്തെ ചോദ്യം ചെയ്യാനുള്ള ഏതു ശ്രമവും അതൊക്കെ അങ്ങ് പള്ളിയിൽ പോയി പറഞ്ഞോ എന്ന ശൈലീകൃതമായ പരിഹാസപ്പേച്ചിൽ (പള്ളിയുടെ സ്ഥാനത്ത് കോടതി എന്നു മാറ്റിപ്പറഞ്ഞേക്കും. അതാണ് പ്രധാനമായ മാറ്റം)ഒടുങ്ങാനേയുള്ളൂ. വിവാഹേതര ലൈംഗിക ബന്ധത്തെക്കുറിച്ചൊക്കെ ആരോഗ്യകരമായി  ചർച്ച ചെയ്യാനുള്ള പക്വത നമ്മുടെ സമൂഹം ആർജിച്ചിട്ടുമില്ല. വളരെ വൈകാരികവും ലോലവുമായ കുടുംബഘടന എല്ലായ്‌പ്പോഴും പെണ്ണിന്റെ ത്യാഗത്തിലും നിശ്ശബ്‌ദതയിലുമാണ് വേരാഴ്ത്തിയിട്ടുള്ളത്. അതിനെ തകർക്കാനുള്ള ശ്രമങ്ങൾ ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കും. അതുകൊണ്ട് ഭർത്താവിന്റെ കാലു കഴുകിക്കുടിക്കുന്ന ശീലാവതി ചരിതങ്ങൾ തന്നെയേ വരും കാലവും വാഴ്ത്താനിടയുള്ളു. എങ്കിലും ദാമ്പത്യത്തിൽ ഇല്ലാത്ത, പക്ഷേ ഉണ്ടാവേണ്ട സമത്വത്തെക്കുറിച്ച് ഓർമ്മിപ്പിക്കാനെങ്കിലും ആ വിധിയിലെ പരാമർശങ്ങൾക്കു കഴിയുന്നു. നിസ്സാരമല്ല അത്.

രണ്ടാമത്തെ വിധി മലയാളി സമൂഹത്തെ കൂടുതൽ പ്രകടമായി ബാധിച്ചേക്കും. വിശ്വാസികളുടെയോ പ്രത്യേക മതത്തിന്റെയോ മാത്രം കാര്യമല്ല അത്.1950 കൾക്കു മുമ്പ് എല്ലാ പ്രായക്കാരായ സ്‌ത്രീകളും ദർശനം നടത്തിയിരുന്ന ശബരിമല ക്ഷേത്രത്തിൽ സ്‌ത്രീകൾക്ക്  പ്രായഭേദമന്യേ  വീണ്ടും പ്രവേശനമനുവദിച്ചു കൊണ്ടുള്ള സുപ്രധാനവിധിക്ക് സമ്മിശ്രമായ പ്രതികരണങ്ങളാണുണ്ടായിട്ടുള്ളത്. വർഷങ്ങളായി മലയാളികൾ  ആശങ്കയോടെ കാത്തിരുന്ന വിധിപ്രസ്‌താവന. സ്വാഭാവികമായും വിശ്വാസികൾ എന്നവകാശപ്പെടുന്ന ഒരു വിഭാഗം ആളുകൾ സ്‌ത്രീ പ്രവേശനത്തെ എതിർക്കുന്നു. ഞങ്ങളുടെ വീട്ടിലെ സ്‌ത്രീകളെ മല ചവിട്ടാൻ വിടില്ല എന്നു നിശങ്കം പ്രസ്‌താവിക്കുന്നു. (ഭർത്താവ് ഭാര്യയുടെ യജമാനനല്ല എന്ന പാവം പിടിച്ചൊരു സുപ്രീം കോടതി പരാമർശം അപ്പോഴൊക്കെ നമ്മളെ നോക്കി ചിരിക്കുന്നുണ്ട്.)

ഞങ്ങൾ ശബരിമലയ്ക്കു പോവില്ലെന്ന് ഉറച്ച പ്രഖ്യാപനവുമായി സ്‌ത്രീകളുടെ, അതും വിശ്വാസികളായ സ്‌ത്രീകളുടെ വൻ സംഘവും അവർക്കൊപ്പമുണ്ട്. ഏതെങ്കിലും സ്‌ത്രീ ശബരിമല ചവിട്ടുന്നെങ്കിൽ അവൾ വിശ്വാസിയല്ല, വിശ്വാസത്തെ വെല്ലുവിളിക്കുന്നവളാണ്, അവൾ ഞങ്ങളിൽ പെട്ടവളല്ല എന്നൊക്കെ ദുർബലമായ ചില വിധിതീർപ്പുകളും അവരിൽ നിന്നുണ്ടാവുന്നുണ്ട്. ആചാരങ്ങൾ പാലിക്കാനുള്ളതത്രേ. ലംഘിക്കാനുള്ളതല്ല. ആചാരം, ദുരാചാരം ഇവയ്ക്കിടയിലുള്ള അതിർവരമ്പുകൾ വളരെ നേർത്തതാണെന്ന് അവരറിയുന്നില്ല. സ്‌ത്രീയുടെ

കർത്തൃത്വത്തെയും അവളുടെ ഇടത്തെയും അവകാശബോധത്തെയും തമസ്‌കരിക്കാൻ പുരുഷാധിപത്യ ഘടനയ്ക്ക് കഴിഞ്ഞുവെന്നതിന്റെ അടയാളപ്പെടുത്തലാണ് മുമ്പ് റെഡി റ്റു വെയ്റ്റ് എന്ന പ്രചാരത്തിനും സ്‌ത്രീകൾ തന്നെ മുന്നിട്ടിറങ്ങിയതിന്റെ പിന്നിലുള്ളത്. ഇപ്പോഴും പ്ലക്കാർഡു പിടിച്ച കല്യാണിമാരുടെ ചിത്രങ്ങൾ പ്രചരിക്കുന്നു. (എനിക്ക് 10 വയസ്, കഴിഞ്ഞ വർഷം ഞാൻ അയ്യപ്പനെ കണ്ടു, ഇനി 40 വർഷം കാത്തിരിക്കാൻ ഞാൻ തയ്യാറാണ് എന്നാണവരുടെ കൈയ്യിലെ പ്ലക്കാർഡിലെ ആശയം). ശബരിമലയിൽ കേറണമെന്നു പെണ്ണുങ്ങൾ ആഗ്രഹിച്ചതിന്റെ പ്രത്യാഘാതങ്ങളത്രേ സകലമാന പ്രകൃതിദുരന്തങ്ങളുവെന്ന് സ്‌ത്രീകളെക്കൊണ്ടുതന്നെ പ്രചരിപ്പിക്കുന്ന തന്ത്രവും വ്യാപകമായി നടക്കുന്നു. നൈഷ്ഠികബ്രഹ്മചര്യം, അഷ്ട മൈഥുനങ്ങളിൽ ദർശനസ്‌പർശനാദികൾ ഉൾപ്പെടുമെന്നതിനാൽ അയ്യപ്പന്റെ ചാരിത്ര്യം സ്‌ത്രീ  സാന്നിധ്യം കൊണ്ടു നഷ്‌ടപ്പെടുമെന്ന ഭീതി, ശബരിമല ദർശനം തങ്ങളുടെ മാത്രം നൊസ്റ്റാൾജിയയും വികാരവും അനുഭൂതിയുമൊക്കെയാണെന്നും അതു നശിപ്പിക്കരുതെന്ന ആൺ വിലാപങ്ങൾ, ഇവയും സജീവമായി രംഗത്തുണ്ട്. (മനുഷ്യന്റെ അളവുകളല്ല ദൈവത്തിനു പാകമെന്നെങ്കിലും ഇവർ തിരിച്ചറിഞ്ഞെങ്കിൽ!).

ശബരിമലക്കു പോണോ വേണ്ടയോ എന്നത് വ്യക്‌തിപരമായ തീരുമാനം  മാത്രമാണ്. എല്ലാ സ്‌ത്രീകളും മല ചവിട്ടിക്കൊള്ളണം എന്നല്ല സുപ്രീം കോടതി നിർദ്ദേശമെന്നതു കൊണ്ട് പോകാൻ ആഗ്രഹിക്കുന്നവർക്ക് വിലക്കില്ലാതാവുന്നു എന്നു മാത്രമേയുള്ളു ആ വിധിക്കർത്ഥം. വേണ്ടാത്തവർ,

ആചാരലംഘനം ഇഷ്‌ടമല്ലാത്തവർ പോകുന്നില്ല എന്നങ്ങു തീരുമാനിച്ചാൽ അവസാനിക്കുന്ന പ്രശ്‌നം മാത്രമാണിത്. പക്ഷേ അങ്ങനെ തീരാത്ത,  ഒരു പക്ഷേ ദൂരവ്യാപകമായ ഫലങ്ങൾ നമ്മുടെ പുരുഷകേന്ദ്രിത സമൂഹത്തിലുണ്ടാക്കാവുന്ന ചിലതു കൂടി ആ വിധിയുടെ കൂടെയുണ്ട്. അതിന്റെ ഗൂഡരാഷ്‌ട്രീയലക്ഷ്യങ്ങളെക്കുറിച്ചോ, ശരിതെറ്റുകളെക്കുറിച്ചോ അല്ല ചർച്ച ചെയ്യുന്നത്. അതിലെ സാംസ്‌കാരികമായ ശരികളെക്കുറിച്ചും നീതിയെക്കുറിച്ചുമാണ്.

അതിലേറ്റവും പ്രധാനം മതത്തിന്റെ, മതഘടനയുടെ പുരുഷാധിപത്യമാണ് ഇത്തരം സ്‌ത്രീ വിലക്കുകളെന്ന  സുപ്രീം കോടതിയുടെ പരാമർശമാണ്‌. സോഷ്യൽ കണ്ടീഷനിങ്ങിലൂടെ സ്‌ത്രീകളെ അനുസരിപ്പിക്കാനും, സ്വാതന്ത്ര്യം ആവശ്യമില്ലെന്നു അവളെക്കൊണ്ടു തന്നെ പറയിപ്പിക്കാനും കഴിയുന്നത്ര ഗാഢമായ പുരുഷാധിപത്യം. അത് തിരിച്ചറിയപ്പെടുന്നുവെന്നത് ഒട്ടും ചെറിയ കാര്യമല്ല.

ജാതീയവും മതപരവുമായ മേൽക്കോയ്‌മാ ഘടന പുരുഷാധിപത്യത്തിലുറച്ചതാണെന്നും അത് വ്യക്‌തിസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെത്തന്നെയും ഹനിക്കുന്ന രീതിയിൽ സൂക്ഷ്‌മരൂപമാർജിച്ച്  സമൂഹഘടനയിലുടനീളം ആഴത്തിൽ പ്രവർത്തിക്കുന്നുണ്ട് എന്നതും ശബരിമലയിൽ എല്ലാ സ്‌ത്രീകൾക്കും പ്രവേശനമനുവദിച്ചു കൊണ്ടുവന്ന കോടതി വിധിയുടെ  പശ്ചാത്തലത്തിൽ ആവരണങ്ങൾ നീങ്ങി കൂടുതൽ വെളിപ്പെട്ടു കഴിഞ്ഞു. പകുതിയോളം വരുന്ന ജനവിഭാഗത്തിന് നിഷേധിക്കപ്പെട്ട അവസരങ്ങൾ, തുല്യത, മനുഷ്യാവകാശങ്ങൾ  ഇവ തിരിച്ചു കിട്ടുവാനുള്ള മുന്നേറ്റങ്ങളിലൊന്നായി ഈ വിധിയെ കാണാനാവാത്തത്, ആസൂത്രിതവും സ്‌ത്രീ വിരുദ്ധവുമായ സാമൂഹ്യനിർമ്മിതിയുടെ ഇരകളാണ് സ്‌ത്രീകളെന്നു ഒരിക്കൽ കൂടി വ്യക്‌തമാക്കുകയാണ്.

സമത്വം, വിവേചനരാഹിത്യം, ഇവ ഉറപ്പു വരുത്തുന്നതിൽ ഭരണകൂടത്തിന്റെ ഉത്തരവാദിത്വം എന്നിവ സ്‌ത്രീകളുടെ മനുഷ്യാവകാശത്തിന്റെ അടിസ്ഥാനമാണ്. ലിംഗവിവേചനത്തെ ചെറുക്കുക, തുല്യത എന്ന ആശയം എല്ലാ രംഗങ്ങളിലും പ്രായോഗികതലത്തിലേക്കു കൊണ്ടുവരിക എന്നിവ സ്‌ത്രീമനുഷ്യാവകാശങ്ങളുടെ പ്രധാന ലക്ഷ്യമായി പരിഗണിക്കുന്ന രേഖകളിൽ ഇന്ത്യയും ഒപ്പുവെച്ചിട്ടുള്ളതുമാണ്.

ലിംഗവിവേചനം, അസമത്വം, വ്യത്യസ്‌ത പരിഗണന, നിയന്ത്രണം ഏർപ്പെടുത്തൽ, ഒഴിവാക്കൽ എന്നിവ നിയമവിരുദ്ധമായിരിക്കുന്ന സാഹചര്യത്തിൽ ശബരിമലയിൽ എല്ലാ സ്‌ത്രീകൾക്കും പ്രവേശനാനുമതി എത്രയോ സ്വീകാര്യവും ഇതുവരെ തുടർന്ന നഗ്നമായ അവകാശലംഘനത്തെ ഇല്ലാതാക്കുന്നതുമാണ്. സാംസ്‌കാരികവും മതപരവും രാഷ്‌ട്രീയവുമായ ആധിപത്യ നിർമ്മിതികളിൽ സ്‌ത്രീയുടെ അന്യവൽക്കരണവും അപ്രത്യക്ഷമാക്കലും അനായാസമാണെന്ന ധാരണകളെ അൽപ്പമൊന്ന് അലോസരപ്പെടുത്തുന്നുണ്ട് ഈ വിധി. സ്‌ത്രീകളുടെ മനുഷ്യാവകാശ ലംഘനമോ ലിംഗനീതി നിഷേധമോ ആയി ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തെ കോടതി നിരീക്ഷിക്കുമ്പോൾ ബാലിശവും സാധാരണവും യുക്‌തിരഹിതവുമായ എതിർവാദങ്ങളിലൂടെയാണ് വിശ്വാസി സമൂഹമെന്നവകാശപ്പെടുന്ന ഭൂരിപക്ഷം സ്‌ത്രീ പ്രവേശനത്തെ നിഷേധിക്കുന്നതെന്നതു ശ്രദ്ധേയമാണ്. കോടതിവിധിയോടു ബന്ധപ്പെട്ട് പ്രചരിക്കുന്ന എണ്ണമറ്റ ട്രോളുകളിലെ ആശയവും വേറൊന്നല്ല.

ശബരിമലയിൽ സ്‌ത്രീകൾ പ്രവേശിച്ചാലുണ്ടാകുന്ന തിരക്ക്, സുരക്ഷാ പ്രശ്‌നങ്ങൾ എന്നിവയ്ക്ക് കൂടിയാലോചനകളിലൂടെ പ്രായോഗികമായ പരിഹാരമാർഗ്ഗങ്ങൾ  തീർച്ചയായും സാധ്യമാണ്. വർഷങ്ങൾ കൊണ്ടാണെങ്കിലും ശബരിമലയിലേക്ക് സ്‌ത്രീകൾ പോവുന്നത് സ്വാഭാവികമായ കാര്യമാവും. പക്ഷേ ഭൗതികവും പരിഹരിക്കാവുന്നതുമായ ഇത്തരം പ്രശ്‌നങ്ങളല്ല, അയുക്‌തികവും അമൂർത്തവുമായ വാദങ്ങളാണ് ശബരിമലയിലെ സ്‌ത്രീ പ്രവേശനത്തെ നിഷേധിച്ചുകൊണ്ട് ഉന്നയിക്കപ്പെടുന്നത്. സ്‌ത്രീകൾക്കു നേരെ ബ്രഹ്മചര്യവ്രതമെടുത്ത് മല ചവിട്ടുന്ന പുരുഷന്മാർക്ക് ലൈംഗികമായ ഉണർച്ചകളുണ്ടാകാമെന്നാണ് ഒരു ഭയം. സ്‌ത്രീയെ ശരീരം മാത്രമായി കാണുന്ന, ലൈംഗികോപഭോഗ വസ്‌തുവായിക്കാണുന്ന ആദിമ വാസന ഇന്നും അങ്ങനെ തന്നെ നിലനിൽക്കുന്നുവെന്നതിനപ്പുറം ഈ വാദത്തിൽ മറ്റൊന്നുമില്ല. വ്രതമെടുത്ത് മല ചവിട്ടുന്ന അയ്യപ്പന്മാരുടെ വ്രതശുദ്ധി അവരുടെ തന്നെ ഉത്തരവാദിത്വമാണ്. അതു സംരക്ഷിക്കേണ്ട ബാധ്യത ഏറ്റെടുക്കുകയോ അയ്യപ്പന്മാരുടെ കൺവെട്ടത്തു നിന്ന് ഒഴിഞ്ഞു നിൽക്കുകയോ സ്‌ത്രീകൾ ചെയ്യേണ്ടതില്ല. സാക്ഷാൽ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്‌ടമാകുമെന്ന മറ്റൊരു  വാദത്തിന്റെ ബാലിശത്വത്തെക്കുറിച്ച്  നേരത്തെ പറഞ്ഞു കഴിഞ്ഞു.

ശബരിമലയിലായാലും മറ്റേതിടത്തായാലും പൊതു ഇടങ്ങളുടെ ആക്രമണോത്സുകമായ മൂല്യവ്യവസ്ഥ അവളുടെ ആത്‌മവിശ്വാസത്തെയും അവകാശബോധത്തെയും ഇല്ലാതാക്കിക്കൊണ്ട് അവളെ കൂടുതൽ അപരയാക്കാൻ  നിരന്തരം യത്‌നിക്കുന്നുവെന്നാണ് ഇത്തരം ലൈംഗികാക്രമണ ഭീഷണികൾക്കും ഭീതികൾക്കും പിന്നിലുള്ളത്.

ആർത്തവവും അശുദ്ധിയും സ്‌ത്രീകളുടെ വ്രതാചരണവുമായി ബന്ധിപ്പിച്ചു നടത്തുന്ന പ്രചരണങ്ങൾ ശീലം കൊണ്ടു രൂഢമായ മിഥ്യാ വിശ്വാസങ്ങൾ മാത്രമാണ്. ആർത്തവകാലത്ത് വിശ്രമം അനിവാര്യമായതുകൊണ്ട് അവൾക്ക് അനുവദിക്കപ്പെട്ടതോ അവൾ സ്വയം സ്വീകരിച്ചതോ ആയ ഇളവുകൾ പിൽക്കാലത്ത് ഗുരുതരമായ അശുദ്ധിയായി പരിഗണിക്കപ്പെട്ടതിനപ്പുറം സ്വാഭാവികമായ ആ ശാരീരിക പ്രക്രിയയ്ക്ക്, ശുദ്ധാശുദ്ധങ്ങളുമായി ബന്ധമില്ല. ആ ദിവസങ്ങളിൽ സ്‌ത്രീകൾക്കു കൽപ്പിച്ചിട്ടുള്ള തീണ്ടലും തൊടീലുമടക്കമുള്ള അയിത്താചരണത്തിന് യാതൊരു ശാസ്‌ത്രീയ യുക്‌തിയുമില്ല. സ്‌ത്രീകളുടെ ശാരീരിക ക്ഷമതയുടെയും ആരോഗ്യത്തിന്റെയും സൂചകമാണ് അവളുടെ ആർത്തവം. പ്രകൃതിദത്തമായ ശാരീരികാവസ്ഥയുടെ പേരിൽ സ്‌ത്രീകൾക്കു കൽപ്പിച്ചിട്ടുള്ള വിലക്കുകൾ തിരിച്ചറിയാനോ ആ സമയത്ത് തന്നിൽ ഒരശുദ്ധിയുമില്ലെന്നു മനസിലാക്കാനോ കഴിയാത്ത വിധം ഭൂരിപക്ഷം സ്‌ത്രീകളുടെയും   ചിന്തകളും സ്വത്വബോധവും ആൺകോയ്‌മയാൽ ഗ്രസിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് അപകടം.

ആചാരലംഘനമെന്ന മഹാവിപത്താണ് ശബരിമലയിൽ എല്ലാ പ്രായക്കാരായ സ്‌ത്രീകളും പ്രവേശിച്ചാലുണ്ടാകുന്ന മറ്റൊരു വൻപ്രതിസന്ധി. ആചാരങ്ങൾ അധികാരഘടനയുമായി അഭേദ്യമായി ബന്ധപ്പെട്ടവയാണ്. ഓരോരോ കാലത്തും അധീശവർഗ്ഗത്തിന്റെ വിവിധങ്ങളായ ആവശ്യങ്ങൾക്കു വേണ്ടി സൃഷ്‌ടിക്കപ്പെട്ടവ. അധീശത്വത്തിന്റെയും വിധേയത്വത്തിന്റെയും ചിഹ്നങ്ങൾ മതാചാരങ്ങളിൽ സവിശേഷം തെളിഞ്ഞു കാണാം. നീചവും പൈശാചികവുമെന്ന്  സ്വാമി വിവേകാനന്ദനെപ്പോലുള്ളവർ പരാമർശിച്ച എത്രയോ കേരളീയ മതാചാരങ്ങൾ ഇന്ന് ഇല്ലാതായിക്കഴിഞ്ഞു. അചാരാനുഷ്ഠാനങ്ങൾ ഒരിക്കലും അലംഘനീയങ്ങളല്ല.  അവ കാലാനുസൃതമായി പരിഷ്‌കരിക്കപ്പെടേണ്ടതും ചലനാത്മകവുമാകണം. അല്ലാത്ത പക്ഷം അവയെ വിളിക്കുക ജീർണ്ണാചാരങ്ങളെന്നു തന്നെയാണ്.

കേരളീയ നവോത്ഥാനം, ഇന്ത്യയുടെ മറ്റെല്ലാ പ്രദേശങ്ങളെക്കാളുമധികമായി ആചാരലംഘനങ്ങളിലൂടെ മാത്രമാണ് സഫലമായതെന്ന ചരിത്ര സത്യവും ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. ജാതീയമായി കീഴാളരായവരുടെയും സ്‌ത്രീകളുടെയും അതിജീവന ശ്രമങ്ങളായിരുന്നു നവോത്ഥാനത്തെ രൂപപ്പെടുത്തിയത്. അവയെല്ലാം തന്നെ ജാതി-മതാധിഷ്ഠിതവുമായിരുന്നു. സവർണ്ണവും ആൺകോയ്‌മാ നിഷ്ഠവുമായ മത ഘടന നിർണ്ണയിച്ച സാമൂഹികാവസ്ഥകളോടുള്ള പ്രതിരോധങ്ങൾ. വസ്‌ത്രസ്വാതന്ത്ര്യം, ക്ഷേത്ര പ്രവേശനം, പന്തിഭോജനം കീഴാളരുടെയും സ്‌ത്രീകളുടെയും വിദ്യാഭ്യാസം, പുലയ സ്‌ത്രീകളുടെ കല്ലും മാലയും അറുക്കൽ  തുടങ്ങിയവയെല്ലാം ജാതീയമർദ്ദനത്തിന്റെയും വിവേചനത്തിന്റെയും സുദീർഘ ചരിത്രത്തിലെ നിർണ്ണായക വഴിത്തിരിവുകളാണ്. നമ്പൂതിരി സ്‌ത്രീകളുടെ സ്‌മാർത്തവിചാരവും, പുലപ്പേടി, മണ്ണാപ്പേടി പോലുള്ള ക്രൂരമായ ആചാരങ്ങളും സൂചിപ്പിക്കുന്നത് സവർണ്ണ സ്‌ത്രീകളും മതാചാരങ്ങളുടെ ഇരകളായിരുന്നുവെന്നു തന്നെയാണ്.

1822 മുതൽ 1859 വരെ നടന്ന ചാന്നാർ ലഹള സമകാലസാഹചര്യങ്ങളിൽ ഏറ്റവുമധികം ഉദ്ധരിക്കപ്പെടുന്നതാണ്. മാറുമറച്ച് ആചാരം തെറ്റിച്ച ചാന്നാർ സ്‌ത്രീകളെ അപമാനിക്കാൻ അന്നത്തെ  ഭരണകൂടവും  സവർണ ആൺകോയ്‌മക്കു കൂട്ടുനിന്നു. മുല മറച്ചു നടക്കാൻ ചാന്നാർ സ്‌ത്രീകൾക്കവകാശമില്ലെന്ന് ദിവാൻ ഉത്തരവിറക്കി. പ്രാകൃതമായ ശിക്ഷകളെയും അപമാനങ്ങളെയും അതിജീവിച്ച് 1859 ൽ വസ്‌ത്രധാരണത്തിനുള്ള എല്ലാ വിലക്കുകളും നീക്കിക്കൊണ്ട് അനുകൂല ഉത്തരവുണ്ടാകുന്നതുവരെ ആ കീഴാള സ്‌ത്രീകൾ സമരം ചെയ്യുകയും ദുരാചാരങ്ങൾ തകർക്കപ്പെടേണ്ടതാണെന്ന പൊതുബോധം സമൂഹ മനസിൽ സൃഷ്‌ടിക്കുകയും ചെയ്‌തു. സവർണ പുരുഷാധിപത്യ നിയമങ്ങളെ ധിക്കരിക്കാനുള്ള ആദ്യ ശ്രമമായിട്ടാണ് ചാന്നാർ ലഹളയെ സ്‌ത്രീ ചരിത്രം അടയാളപ്പെടുത്തുന്നത്‌. അതിനു മുമ്പും പിന്നീട് പതിറ്റാണ്ടുകളോളവും മാറു മറയ്ക്കേണ്ടതാണെന്ന ബോധം കേരളീയ സംസ്‌കാരത്തിലുണ്ടായിരുന്നില്ല. മാറു മറയ്ക്കാൻ ഞങ്ങൾ വേശ്യാസ്‌ത്രീകളല്ല, എന്നു പ്രഖ്യാപിച്ചവരും, മാറുമറയ്ക്കാൻ ചേല പുതയ്ക്കണമെന്ന ടിപ്പു സുൽത്താന്റെ കൽപ്പനയെ മുല പോയാലും മാറുമറയ്ക്കില്ല എന്നു ധിക്കരിച്ചവരും 18, 19 നൂറ്റാണ്ടുകളിലെ ചരിത്ര പുസ്‌തകങ്ങളിൽ ധീരവനിതകളായി ഇടം പിടിച്ചിട്ടുണ്ട്. ആചാര ലംഘനം അവരെ സംബന്ധിച്ചും മഹാപാതകമായിരുന്നു. ഇന്ന് ശബരിമലയിൽ പോവില്ലെന്നു ശഠിക്കുന്ന സ്‌ത്രീകളുടെ മുൻഗാമികൾ. അവിടെ നിന്ന്1930 കളിലെത്തുമ്പോഴേക്കും സ്‌ത്രീയുടെ വസ്‌ത്രധാരണ സ്വാതന്ത്ര്യവും ശരീര സങ്കൽപ്പവും കൃത്യമായി രൂപപ്പെടുകയും മേൽവസ്‌ത്രം  മാറ്റി, മാറിടം തുറന്ന് ദൈവത്തിന്റെയും  മേൽജാതി പുരുഷന്മാരുടെയും മുമ്പിൽ ആദരവു പ്രദർശിപ്പിക്കുന്ന ആചാരം അവർ തള്ളിക്കളയുകയും ചെയ്യുന്നതു കാണാം. ക്ഷേത്രത്തിനുള്ളിൽ പരിഷ്‌കാരമൊന്നും വേണ്ട എന്ന കൊച്ചി രാജാവിന്റെ പ്രഖ്യാപനം കേട്ട്, നായർ സ്‌ത്രീകളെ മാറു മറയ്ക്കാതെ കാണാനാഗ്രഹിക്കുന്ന ദേവൻ അമ്പലത്തിലിരിപ്പുണ്ടെങ്കിൽ, അതിനെ ഉടൻ ധ്വംസിക്കുകയോ അതിനു കഴിയുന്നില്ലെങ്കിൽ ക്ഷേത്രത്തോട് നിസഹകരിക്കുകയോ വേണമെന്ന് മന്നത്തു പത്‌മനാഭൻ സ്‌ത്രീകളോടു ആഹ്വാനം ചെയ്യുന്നത് 1931 ലാണ്.

തീവ്രമായ ഇടപെടലുകളിലൂടെ, കലാപങ്ങളിലൂടെ, ആചാരലംഘനങ്ങളിലൂടെ മാത്രമാണ് പരമ്പരാഗത മത സമീപനങ്ങളിലും നിലനിന്നിരുന്ന ആചാരങ്ങളിലും മാറ്റം വന്നത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമില്ലാതാക്കാൻ അമ്പലങ്ങൾക്ക് തീ കൊളുത്തുക എന്നു പറഞ്ഞ വി.ടിയെപ്പോലുള്ള തീവ്ര വിപ്ലവകാരികൾ സാമൂഹ്യ പരിഷ്ക്കരണത്തിന്റെ രാസത്വരകങ്ങളായിരുന്നു.

നവോത്ഥാന കാലത്തെ സാമൂഹ്യബോധവും കലാപോന്മുഖമായ വ്യക്‌തിസ്വത്വവും നഷ്‌ടപ്പെടുന്നതും ആധുനികത കൂടുതൽ കൂടുതൽ പരസ്‌പരവൈരുധ്യവും യാഥാസ്ഥിതികത്വവും പ്രദർശിപ്പിക്കുന്നതും ആശങ്കാജനകമാണ്. മതാധിഷ്ഠിതമായ പാരമ്പര്യവൽക്കരണത്തിന്റെ  സ്വഭാവമാണ് കേരളീയാധുനികതയുടേതെന്ന നിരീക്ഷണങ്ങളെ അക്ഷരാർത്ഥത്തിൽ പിന്തുടരുന്നു നമ്മുടെ ചിന്തകൾ. ആചാരലംഘനം അസാധ്യമാണെന്ന രീതിയിൽ പ്രകോപിതരാവുന്നവർ ആചാരങ്ങൾ മനുഷ്യർക്കു വേണ്ടിയാണെന്നും, മനുഷ്യസൃഷ്‌ടമാണെന്നും  ആചാരങ്ങൾക്കു വേണ്ടിയല്ല മനുഷ്യരെന്നുമുള്ള യാഥാർത്ഥ്യം കാണാതെ പോവുന്നു. അയവുകളില്ലാതെ, അവയ്ക്കു പിന്നിലെ യുക്‌തി / യുക്‌തിരാഹിത്യങ്ങളെക്കുറിച്ച് അലസമായിപ്പോലും ആലോചിക്കാൻ തയ്യാറാവാതെ ആധുനിക സമൂഹം കർശനമായി ആചാരങ്ങൾ പാലിക്കുന്നതിൽ നിഷ്ഠ കാട്ടുന്നത് ആശങ്കാജനകമാണ്.

സ്‌ത്രീകൾ ശബരിമല യാത്രയിൽ നിന്ന് ആദ്യകാലത്ത് ഒഴിഞ്ഞു നിന്നതിനും  ഒഴിവാക്കിയതിനും വഴി  ദുർഗ്ഗമമായതു തന്നെയാവണം കാരണം. അയ്യപ്പന്റെ നൈഷ്ഠികബ്രഹ്മചര്യവുമായി ബന്ധിപ്പിച്ച് പിന്നീടതു ആചാരമായി മാറുന്നു. കാലപ്പഴക്കം എല്ലാ ആചാരങ്ങളെയും നിർജീവവും ജീർണ്ണവുമാക്കുന്നുണ്ട്, അല്ലെങ്കിൽ അവ സ്വയം പരിഷ്‌കരിച്ചു കൊണ്ടിരിക്കണം. അതാണിപ്പോൾ ചരിത്രത്തിൽ രേഖപ്പെടുത്താൻ പോവുന്ന ഈ വിധിയിലൂടെ സംഭവിച്ചത്.

രാഷ്‌ട്രീയ ജാഗ്രതയോടെ യാഥാസ്ഥിതികതയെ മറികടക്കാൻ, മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ, സ്‌ത്രീയുടെ പദവിയും അന്തസും വീണ്ടെടുക്കാൻ, പുരുഷാധികാരത്തിൽ നിന്നു വിശ്വാസത്തെയും സ്വത്വത്തെയും വീണ്ടെടുക്കാൻ ലഭിച്ച സുവർണാവസരവുമാണിത്.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account