ആർ, ആരോടൊപ്പം സഞ്ചരിക്കണം, ആരോടൊപ്പം ഇരിക്കണം തുടങ്ങി ദൈനംദിന സ്വകാര്യ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറാനുള്ള സംഘടിത ശ്രമങ്ങളെ സദാചാര പോലീസിംഗ് എന്ന് വിളിക്കുന്നതിനേക്കാൾ സദാചാര ഗുണ്ടായിസം എന്നു വിളിക്കുന്നതാണ് ശരി. ചെയ്യുന്നത് തെറ്റാണ് എന്ന് സ്വയം ബോധ്യപ്പെട്ടു കൊണ്ടാണ് ഇത്തരക്കാർ മറ്റുള്ളവരെ ആക്രമിക്കുന്നത് എന്നതാണ് സത്യം. അതിൽ നാടു നന്നാക്കലോ, സാമൂഹ്യ സദാചാരം സംരക്ഷിക്കലോ ഒന്നും അവർ ലക്ഷ്യം വക്കുന്നില്ല. നേരെ മറിച്ച് സമൂഹം ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന സുരക്ഷിത ബോധം നഷ്ടപ്പെടുത്തുകയും സുരക്ഷിതത്വം ഓരോരുത്തരുടേയും സ്വകാര്യ ഉത്തരവാദിത്തമാണ് എന്ന് സ്ഥാപിച്ചെടുക്കുകയും ചെയ്യുക എന്നതാണ് ഈ ക്രിമിനലുകളുടെ ഉദ്ദേശം. ഇതിനു പിന്നിൽ കൃത്യമായ ഒരു രാഷ്ടീയവും കാണേണ്ടതുണ്ട്.

ഇന്ത്യയിൽ ഇന്നു കാണുന്ന ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളുടെ ചരിത്രത്തെ ബാബറി മസ്ജിദ് സംഭവത്തിനു മുമ്പും ശേഷവും എന്ന് വേർതിരിക്കാവുന്നതാണ്. മതേതര സംവിധാനങ്ങളെല്ലാം മുസ്ലീം വിരുദ്ധമാണെന്നും ഇസ്ലാമികമായ വ്യവസ്ഥകളിലൂടെ മാത്രമേ ശാശ്വത സമാധാനം ഉണ്ടാകൂ എന്നുമുള്ള തീവ്ര ഇസ്ലാമിക പ്രചരണം അതിനു മുമ്പേ ഇവിടെ ഉണ്ടായിരുന്നു. ബഹു ഭൂരിപക്ഷം മുസ്ലീങ്ങളും ഇതിനെ അവഗണിക്കുകയും ചിലരെങ്കിലും അതിനെതിരെ ശബ്ദമുണ്ടാക്കുകയും ചെയ്തു. പക്ഷേ ബാബറി മസ്ജിദ് തകർക്കപ്പെട്ടതോടെ തങ്ങൾ സുരക്ഷിതരാണ് എന്ന വിശ്വാസത്തിന് ഇളക്കം തട്ടുകയും അതുവരെ പിന്തുണക്കാതിരുന്ന പല വാദങ്ങളേയും അംഗീകരിക്കാൻ മുസ്ലീം സമൂഹം നിർബന്ധിതമാവുകയും ചെയ്തു. ഭയമായിരുന്നു എന്നും മതത്തിന്റെ ആയുധം. അതേ ഭയത്തേയാണ് സദാചാരം എന്ന പേരിൽ സമൂഹത്തിനു മേൽ അടിച്ചേൽപ്പിക്കുന്നത്. സമൂഹത്തിൽ തങ്ങൾ സുരക്ഷിതരാണ് എന്ന പൊതു ബോധത്തെ നിരാകരിക്കുകയും സമൂഹത്തിന്റെ ഐക്യത്തിലല്ല (unity) മറിച്ച് സമാനത (uniformity) യിലാണ് സുരക്ഷിതത്വമുള്ളത് എന്ന ബഹുസ്വരതാ നിരാസത്തിന്റെ അടിസ്ഥാന പാഠം സ്ഥാപിച്ചെടുക്കുന്നതിൽ തീവ്ര മത വാദ കേന്ദ്രങ്ങൾ വിജയിക്കുകയും അങ്ങനെ ബാബറി അനന്തര ഘട്ടത്തിൽ ഇന്ത്യൻ മുസ്ലീം സമൂഹം കൂടുതൽ മത വിധേയരാവുകയും അടഞ്ഞ സമൂഹമായി പരിണമിക്കാനുള്ള പ്രവണത കൂടുതൽ പ്രകടമാവുകയും ചെയ്തു.

ഇത്തരത്തിൽ മത സ്ഥാപനങ്ങൾ എന്നും മതത്തിന്റെ ആധികാരിക വക്താക്കൾ എന്നും സ്വയം പ്രഖ്യാപിക്കുന്നവരിലൂടെ സമൂഹത്തിന്റെ ബഹുസ്വരതക്കു സംഭവിക്കുന്ന തകർച്ചയും സാമുദായികമായ കേന്ദ്രീകരണവും അധികാരത്തിലേക്കള്ള എളുപ്പമാർഗവുമാണ് എന്ന് ഇപ്പോൾ മറ്റുള്ളവരും തിരിച്ചറിഞ്ഞിരിക്കുന്നു. ഇസ്ലാമിക സദാചാര ഗുണ്ടകൾ ഇസ്ലാമിക നിയമങ്ങൾ എന്നു പറയുമ്പോൾ ഹിന്ദു സദാചാര ക്രിമിനലുകൾ ഭാരതീയ സംസ്കാരം എന്ന് ആക്രോശിക്കുന്നുവെന്നേയുള്ളു. എല്ലാം ഒന്നു തന്നെയാണ്. വ്യക്തി സ്വാതന്ത്ര്യങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല. അതിനൊക്കെ വളരെ മേലെയാണ് സമൂഹം. എന്നാൽ സമൂഹം എന്നതോ സമുദായം എന്നതിന്റെ പര്യായം മാത്രമാവേണ്ടതുമാണ്. ഞങ്ങൾ നിർവചിച്ചിട്ടുള്ള നിയമങ്ങൾ അനുസരിച്ച് ജീവിക്കാൻ മാത്രമേ സാധ്യമാകൂ എന്ന തുറന്ന പ്രഖ്യാപനമാണ് ഓരോ സദാചാര ഗുണ്ടാ ആക്രമണവും. ശാരീരിക ആക്രമണത്തേക്കാൾ സാമൂഹ്യ ആക്രമണം ഇരയുടെ നടുവൊടിക്കുമെന്ന് ആക്രമിക്കുന്നവർക്കറിയാം. അതാണ് ഭയത്തിന്റെ പ്രവർത്തന തത്വം. സാവധാനം എല്ലാവരും പ്രതികരണവും പ്രതിഷേധവും നിർത്തുമെന്നതാണ് നമ്മുടെ അനുഭവം . മറ്റെല്ലാ ആക്രമണങ്ങളിലും അന്യമത വിരോധമാണ് പ്രവർത്തിക്കുന്നതെങ്കിൽ സദാചാര കൈയേറ്റങ്ങളിൽ ഇരയും വേട്ടക്കാരനും ഒരേ മതക്കാരാവുന്നതാണ് പതിവ്. കൂടുതൽ സങ്കുചിതമാവാനും അങ്ങനെ കൂടുതൽ മനുഷ്യ വിരുദ്ധമാവാനുമുള്ള മതങ്ങളുടെ ശ്രമം തന്നെയാണ് സദാചാര ഗുണ്ടായിസത്തിന്റേയും അടിസ്ഥാനം. അതാവട്ടെ, അധികാരത്തിലേക്കുള്ള എളുപ്പവഴിയുമാണ്. മതവും അധികാരവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാവുമ്പോൾ ഇതിലേറെ നല്ലതൊന്നും നമുക്കു പ്രതീക്ഷിക്കേണ്ടതില്ല.

2 Comments
  1. Haridasan 5 years ago

    “മതവും അധികാരവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാവുമ്പോൾ …”- correctly said!

  2. Pramod 5 years ago

    ശരിയാണ്, നല്ലൊത്തൊന്നും പ്രതീക്ഷിക്കേണ്ട!

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account