യാത്രകൾ എല്ലാവർക്കും ഇഷ്ടമാണ്. എനിക്കും അതെ. പല തരത്തിലുമുള്ള ത്രില്ലിങ്ങ് യാത്രകളെക്കുറിച്ചു ധാരാളം കേട്ടിട്ടുണ്ട്, പലരിൽ നിന്നും. അത്തരത്തിൽ ഞാൻ നടത്തിയ ഒരു കന്നി ത്രില്ലിങ്ങ് യാത്രയെക്കുറിച്ച് ഇപ്പഴും ഓർമ്മയുണ്ട്. 2015ലെ ജനുവരി മാസം. തണുത്ത രാത്രി. ഇടുക്കിയിലെ കുമളിയിലേക്ക് ഞങ്ങൾ (അച്ഛനും, ചേച്ചിയും, ഞാനും) പോയിക്കൊണ്ടിരിക്കുന്നു. പാത വളരെ വിജനമാണ്. സമയം അർദ്ധരാത്രി. തെരുവു വിളക്കുകളില്ല. ചുറ്റും റബർ തോട്ടങ്ങളാണോ കാടാണോ എന്നൊന്നും അറിയില്ല. കനത്ത ഇരുട്ട്. ഇത്തരം സന്ദർഭങ്ങളിലാണല്ലോ നമ്മുടെ യക്ഷിയും, ചെകുത്താനുമൊക്കെ വരുന്നത്. എല്ലാവരുമുണ്ടായിട്ടും പേടിയായി. പുറത്തേക്കു നോക്കാനും വയ്യ, നോക്കാതിരിക്കാനും വയ്യ. ഇറങേണ്ട സ്ഥലമാണെങ്കിൽ എത്തുന്നുമില്ല.
ഭാഗ്യത്തിന് പാലപ്പൂ ചൂടി വരുന്ന വെള്ള സാരിയുടുത്ത യക്ഷിയെ വഴിയിലെങ്ങും കണ്ടില്ല. (ഇനി ന്യൂ ജനറേഷനല്ലേ, പോണി ടെയിലും കെട്ടി, ജീൻസും ടോപ്പുമിട്ട് വഴിവക്കിലെങ്ങാനും നിന്നിരുന്നോ എന്തോ!)
ഇതിപ്പോൾ ഓർക്കാനൊരു കാരണമുണ്ടായി. അഭിലാഷ് ടോമി ഇന്ത്യൻ മഹാസമുദ്രത്തിന്റെ നടുക്ക് കുടുങ്ങിക്കിടക്കുകയായിരുന്നല്ലോ? പുള്ളിയെ കണ്ടെത്തി രക്ഷിക്കുകയും ചെയ്തു. അദ്ദേഹം ഒരു മത്സരത്തിൽ പങ്കെടുക്കുകയായിരുന്നു. 50 വർഷങ്ങൾ മുമ്പുണ്ടായിരുന്ന സംവിധാനങ്ങൾ വെച്ച് ചുരുങ്ങിയ സമയം കൊണ്ട് ഒരു പായ് വഞ്ചിയിൽ സഞ്ചരിച്ച് ആദ്യം യാത്ര തുടങ്ങിയ സ്ഥാനത്തു തന്നെ തിരിച്ച് എത്തുക എന്നതാണ് ഗോൾഡൻ ഗ്ലോബൽ റേസ് എന്ന ഈ മത്സരത്തിന്റെ പ്രത്യേകത.
വാസ്കോഡ ഗാമയും അൽബുക്കർക്കും, അൽമേഡയും വെറും വടക്കുനോക്കിയന്ത്രവും വളരെ പഴഞ്ചൻ രീതിയിലുള്ള മാപ്പും ഒക്കെ ഉപയോഗിച്ചുതന്നെയാണ് യാത്ര ചെയ്തതെങ്കിലും ഇത്തരത്തിലിന്ന് ഒരു മത്സരം നടത്തുന്നതും പങ്കെടുക്കുന്നതും ദുഷ്കരമാണ്. അതും ഇന്ത്യൻ നടുക്കടലിൽ, ഏറ്റവും അപകടം കൂടിയ മേഖലയിലൂടെ. Horrible തന്നെ!
ആ പായ് വഞ്ചിയിൽ ശരീരത്തിന് പരുക്കേറ്റ് രക്ഷപ്പെടുമോന്നറിയാതെ നടുക്കടലിൽ ഒറ്റയ്ക്ക് കുടുങ്ങിക്കിടക്കുമ്പോൾ അദ്ദേഹം എന്തുമാത്രം പേടിച്ചു കാണണം! അത് എന്തൊരു ഏകാന്തതയാണ്!!
ഗബ്രിയേൽ ഗാർസിയ മാർക്വേസിന്റെ ദി ഷിപ്പ് റെക്കഡ് സെയിലർ എന്ന കഥ ഞങ്ങൾ പഠിക്കുന്നുണ്ട്. അതിലെ ലൂയിസ് അലക്സാണ്ടറോ വേലസ്കോയും നടുക്കടലിൽ ഷിപ്പ് തകർന്ന് ഒറ്റപ്പെടുന്ന ഒരു സന്ദർഭമുണ്ട്. കടൽ യാത്രകളിലെ ഏകാന്തതയാണ് ഈ കഥ വരച്ചിടുന്നത്.
പാപ്പിയോൺ എന്നൊരു നോവലുണ്ട്, ഞാനിപ്പോൾ വായിക്കുന്നതാണ്. അതിൽ ചെയ്യാത്ത തെറ്റിന് ജയിലിലായ നായകൻ (അദേഹം തന്നെയാണ് നോവലെഴുതിയ ഹെൻറി ഷാരിയറ്റ്) ജയിൽ ചാടി കടലിലൂടെ വെനിസ്വൂലയിലേക്കു രക്ഷപെടാൻ ശ്രമിക്കുന്നുണ്ട്, ഇതേ പോലെ ഒരു ചെറിയ പായ് വഞ്ചി മാത്രം. വടക്കുനോക്കിയന്ത്രം പോലുമില്ല. ലൈഫ് ഓഫ് പൈ എന്ന സിനിമയിലും കപ്പൽ തകർന്ന് കടലിൽ കുടുങ്ങിപ്പോയ കുട്ടികളുടെ കഷ്ടപ്പാടുകളുണ്ട്.
ഞങ്ങളുടെ സ്കൂൾ സ്ഥാപിച്ച ഇംഗ്ലീഷുകാരൻ എഡ്വാർഡ് ബ്രണ്ണൻ കപ്പൽയാത്രയിൽ വഴി തെറ്റിയും കപ്പൽ തകർന്നുമാണ് തലശ്ശേരിയിൽ എത്തിച്ചേർന്നത്. ദിശമാറി വന്ന നവോത്ഥാനത്തിന്റെ കാറ്റായിരുന്നു അദ്ദേഹം. ബ്രണ്ണൻ സായിപ്പും തകർന്ന കപ്പലിൽ ഭയന്നു വിറച്ചു കാണും. ഒരു കര കണ്ടപ്പോൾ എത്ര ആശ്വാസത്തോടെയാവും ഇവിടെ ഇറങ്ങിയിട്ടുണ്ടാവുക! (അതിനെക്കുറിച്ച് ഞാൻ വേറൊരിക്കൽ എഴുതാം). എന്തായാലും ഇവരൊക്കെ ജീവൻ പണയം വെച്ചാണ് കടലിലൂടെ സഞ്ചരിച്ചതും രക്ഷപെട്ടതും. അതൊന്നും മത്സരമോ കളിയോ അല്ലായിരുന്നു.
Now, come to the point…
അഭിലാഷ് ടോമിയെ രക്ഷിക്കാനായത് വലിയൊരു നേട്ടം തന്നെയാണ്. അതിനുമപ്പുറത്ത് ഇത്തം സാഹസിക യാത്രകൾ അതിരു കടന്ന സാഹസമായി പോകുന്നു എന്നത് വലിയൊരു വസ്തുതയാണ്. ഭ്രാന്തന്മാരുടെ റേസ് എന്ന ഗോൾഡൻ ഗ്ലോബൽ റേസ് വളരെ ദുർഘടം തന്നെയാണ്. എല്ലാ സൗകര്യങ്ങളുമുള്ള കാലത്ത് ജീവൻ പണയം വെച്ച് പഴഞ്ചൻ രീതിയിൽ ഇമ്മാതിരി റേസ് നടത്തുന്നതെന്തിനാണ്?
നന്നായി എഴുതി. പിന്നെ, ഈ റേസ് ഒക്കെ ഒരു കച്ചവടമല്ലേ? എല്ലാ സ്പോർട്സും പോലെ….
well said. Keep writing
നന്നായെഴുതി
അപ്പുണ്ണീ അസ്സലായിട്ടുണ്ട്ട്ടോ ഇനിയും എഴുതൂ അച്ഛനേയും അമ്മയേയും ചേച്ചിയേയും ബഹുദൂരം പിന്നിലാക്കി കൊണ്ട് ഇനിയും എഴുതൂ