നാടെവിടെ എന്നു ചോദിച്ചാല്‍ പറയാന്‍ രണ്ടു നാടുകളുണ്ടെനിക്ക്. കൊടുങ്ങല്ലൂരും, ഇരിഞ്ഞാലക്കുടയും. കൊടുങ്ങല്ലൂരില്‍ ആണ് അമ്മയുടെ വീട്. ഞാന്‍ ജനിച്ചു വളര്‍ന്നത് കൊടുങ്ങല്ലൂരില്‍ ആണ്. ഒന്നാം വര്‍ഷ പ്രീഡിഗ്രി കഴിഞ്ഞ വേനലവധിക്കാണ് ഇരിഞ്ഞാലക്കുടയിലേക്ക് താമസം മാറുന്നത്. കൊടുങ്ങല്ലൂരില്‍ താമസിക്കുന്ന സമയത്തും, അവധിക്കാലങ്ങളിലും വിശേഷസന്ദര്‍ഭങ്ങളിലും ഇരിഞ്ഞാലക്കുടയിലേക്കു യാത്രകള്‍ പതിവാണ്. മറിച്ചും അതുപോലെ തന്നെ. ബന്ധുക്കളും സുഹൃത്തുക്കളും രണ്ടിടത്തും ഒരുപോലെ തന്നെ… ധാരാളം.

കൊടുങ്ങല്ലൂരിന്റേതിൽ നിന്ന് തീകച്ചും വ്യത്യസ്‌ത മായ ഭൂപ്രകൃതിയും ആവാസവ്യവസ്ഥയും ആണ് ഇരിഞ്ഞാലക്കുടയിലേത്. അക്കാലങ്ങളില്‍ പ്രത്യേകിച്ചും. കൊടുങ്ങല്ലൂരിലെ അന്നത്തെ മേത്തല പഞ്ചായത്തിലാണ് ഞങ്ങളുടെ വീട്. ഒരു യഥാര്‍ത്ഥ കേരളീയഗ്രാമത്തിന്‍റെ എല്ലാ രൂപഭാവങ്ങളും കൈക്കൊണ്ട ഭൂപ്രദേശം. തെങ്ങും, കവുങ്ങും, മറ്റു ഫലവൃക്ഷങ്ങളും തിങ്ങിനിറഞ്ഞു വളരുന്ന തൊടികളും, ശീമക്കൊന്നകള്‍ കൊണ്ടു പത്തലിട്ട വേലികളും, കുണ്ടനിടവഴികളും ഒക്കെ ഉള്ള ഗ്രാമഭംഗി തികഞ്ഞ സ്ഥലം. ഇടക്കൊക്കെയുള്ള വെളിമ്പറമ്പുകളില്‍ അരികില്‍ കൈതയും, ഇരിങ്ങണയും തിങ്ങിവളര്‍ന്ന, ആഫ്രിക്കന്‍ പായലും കുളവാഴയും ചണ്ടിയും തിങ്ങി നിറഞ്ഞു നില്‍ക്കുന്ന കുളങ്ങളും, അങ്ങോട്ടും ഇങ്ങോട്ടും ഒഴുകുന്ന തോടുകളും കാണാം. ഇടത്തരം വീടുകളും, കുടിലുകളും ഇടകലര്‍ന്നു കിടക്കുന്ന, ചങ്ങമ്പുഴ തന്‍റെ ഗ്രാമഭംഗിയില്‍ പാടിയ പോലെതന്നെ ‘മലരിക്കാടുകള്‍ തിങ്ങി വിങ്ങി…’ നില്‍ക്കുന്ന ഒരു യഥാര്‍ത്ഥ ഗ്രാമപ്രദേശം.

ഇരിഞ്ഞാലക്കുട ഞാന്‍ ജനിക്കുന്നതിനും ഇരുപത്തിയെട്ട് വര്‍ഷം മുമ്പുതന്നെ നഗരമായി പ്രഖ്യാപിക്കപ്പെട്ട നാടാണ്. അച്ഛന്റെ വീട് ശാന്തിനിവാസ് നിലകൊള്ളുന്ന തെക്കേക്കരയും പരിസരങ്ങളും ആണ് എനിക്കന്ന് ഇരിഞ്ഞാലക്കുട. വളരേ വിശാലമായ നടവഴികളും, വലിയ വലിയ മാളികകളും ഉള്ള ഒരു ചെങ്കല്‍ പ്രദേശമാണ് തെക്കേക്കര. നഗരസഭയുടെ മൈതാനവും, പൂങ്കാവനവും വളരെ അടുത്തുതന്നെയാണ്. പൂന്തോട്ടത്തില്‍ കുട്ടികള്‍ക്ക് കളിക്കാനുള്ള ഉപകരണങ്ങള്‍ ധാരാളം. നഗരസഭയില്‍ നിന്ന് ചൂളംവിളി ഉണ്ടായിരുന്നു അന്ന്. രാവിലെയും രാത്രിയും എട്ടുമണിക്കും, ഉച്ചക്ക് പന്ത്രണ്ടുമണിക്കും ആയിരുന്നു എന്നാണ് ഓര്‍മ്മ. രണ്ടു സിനിമ തിയ്യറ്ററുകള്‍… ബസ്‌സ്റ്റാൻഡിന്റെ അടുത്ത് തന്നെയുള്ള പയനീറും, നഗരസഭക്ക് തൊട്ടടുത്തുള്ള കോന്നിയും. കോന്നിയില്‍ ഫസ്റ്റ്ഷോ നടക്കുമ്പോള്‍ രാത്രി എട്ടുമണിക്ക് നഗരസഭയില്‍ നിന്നുള്ള ചൂളംവിളി കാരണം സംഭാഷണങ്ങള്‍ ഒന്നും കേള്‍ക്കാന്‍ പറ്റില്ല എന്നൊരു ന്യൂനത ഉണ്ടായിരുന്നു അക്കാലത്തൊക്കെ.

മറ്റൊരു അത്‌ഭുതം ആയിരുന്നു കൂടല്‍മാണിക്യസ്വാമിയുടെ ക്ഷേത്രം. അതിവിശാലമായ വളപ്പും, അതിനു ചുറ്റുമുള്ള കൂറ്റന്‍ മതില്‍ക്കെട്ടും, വലിയ തൂണുകളുള്ള കിഴക്കേ, പടിഞ്ഞാറേ നടപ്പുരകളും, നിറയെ കരിമീനുകളുള്ള വിശാലമായ തീര്‍ത്ഥക്കുളവും, കൂത്തമ്പലവും എന്നു വേണ്ട ദീപസ്‌തംഭത്തിനെ ചുറ്റിക്കിടക്കുന്ന കൂറ്റന്‍ ചങ്ങലയും എല്ലാം എല്ലാം അന്നൊക്കെയെനിക്ക് അത്‌ഭുതങ്ങള്‍ തന്നെ. വലിയ രവി എന്ന വളരെ സൌമ്യനായിരുന്ന  ആനയുടെ ചങ്ങലയാണ് അത് എന്ന് എനിക്ക് പറഞ്ഞുതന്നത് അച്ഛമ്മയാണ്. വലിയ രവിക്കു ശേഷം ആ ചങ്ങല കവളപ്പാറക്കൊമ്പനു വേണ്ടിയാണ് ഉപയോഗിച്ചുട്ടുള്ളത് എന്നും അന്ന് അറിഞ്ഞു. കവളപ്പാറക്കൊമ്പന്റെ കഥ അതിനുമുമ്പുതന്നെ  അമ്മ പാടി ഞാന്‍ പലവട്ടം കേട്ടിട്ടുണ്ട്.  മദ്ധ്യവേനലവധിക്കാലത്ത് വരുന്ന പത്തുദിവസം നീണ്ടുനില്‍ക്കുന്ന കൂടല്‍മാണിക്യസ്വാമിയുടെ ഉത്‌സവം  ഏറ്റവും വലിയ ആകര്‍ഷണമാണ്.

ഇരിഞ്ഞാലക്കുടയിലെ അന്നെനിക്കറിയാവുന്ന കുളങ്ങള്‍ ഒക്കെയും കല്ലുകെട്ടിയ കുളങ്ങളാണ്. കൂടല്‍മാണിക്യസ്വാമിയുടെ ക്ഷേത്രവളപ്പിനു പുറത്തായി കിഴക്കും, തെക്കും, പടിഞ്ഞാറും കല്ലുകെട്ടിയ കുളങ്ങളുണ്ട്. കിഴക്കുഭാഗത്താണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള കുട്ടന്‍കുളം. തെക്കുഭാഗത്ത് ഉണ്ണായിവാരിയര്‍ സ്‌മാരക കലാനിലയത്തിന് അടുത്തായി തെക്കേക്കുളം, പടിഞ്ഞാറു ഭാഗത്തായി പടിഞ്ഞാറേക്കുളം. മറ്റുരണ്ടു പൊതുക്കുളങ്ങള്‍ നാഷണല്‍ ഹൈസ്‌കൂളിന്റെ അടുത്തുള്ള  മണ്ണാത്തിക്കുളവും, ബോയ്‌സ് ഹൈസ്‌കൂളിന്റെ പിന്നിലുള്ള ഞവരിക്കുളവും ആണ്. അച്ഛമ്മയുടെ കൂടെ കുളിക്കാന്‍ പോകാറുള്ള അച്ഛച്ഛന്റെ വീട് ചാലില്‍ മഠത്തിലെ കുളവും ചുറ്റും കല്ലുകൊണ്ട് കെട്ടിയവയാണ്. കൊടുങ്ങല്ലൂരിലെ രണ്ടു പ്രധാനകുളങ്ങളായ പടാകുളവും, അരാകുളവും കല്ലുകെട്ടിയവ അല്ല. വീട്ടിലെ കുളങ്ങളും അങ്ങിനെ തന്നെ.

തിരക്കേറിയ ഇരിഞ്ഞാലക്കുട ബസ്‌സ്റ്റാന്റ് ശാന്തിനിവാസില്‍ നിന്ന് നടക്കാവുന്ന ദൂരത്തില്‍… ബസ്‌സ്റ്റാന്റ് ഭാഗത്തേക്ക്‌ പോകുന്നതിനു “നട” യില്‍ പോകുക എന്നാണ് വിവക്ഷ. ബസ്‌സ്റ്റാന്റിനടുത്താണ് പള്ളിവേട്ട ആല്‍. ബസ്‌സ്റ്റാന്‍ഡില്‍ നിന്ന് മറ്റൊരു പ്രധാന കച്ചവടകേന്ദ്രം ആയ “ഠാണാ” വിലേക്ക് അന്നേ കോണ്‍ക്രീറ്റ് ഇട്ട രാജപാതയാണ്. ഇരുഭാഗത്തുമായി റോഡിനോടു ചേര്‍ന്നുതന്നെ നില്‍ക്കുന്ന വീടുകളും കച്ചവടസ്ഥാപനങ്ങളും… വലിയങ്ങാടി എന്നു പറയും. വലിയങ്ങാടിയില്‍ ക്രിസ്‌തു മസ് സമയത്ത് നക്ഷത്രങ്ങളും, പുല്‍ക്കൂടുകളും റോഡിനിരുവശത്തും നിറയെക്കാണാം. അതിമനോഹരമായ കാഴ്‌ചയാണ് അത്. ഠാണാ കവലയില്‍ അന്നൊക്കെ വാഹനനിയന്ത്രണത്തിനായി വെളുത്ത യുണിഫോര്‍മില്‍ കയ്യില്‍ സ്റ്റോപ്പ്‌ ബോര്‍ഡും പിടിച്ച് ട്രാഫിക്ക് പോലീസുകാരന്‍ നില്‍ക്കുന്നത് കാണാം. ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഭാവിയില്‍ ആരാവണം എന്ന് തങ്കമണി ടീച്ചര്‍ ചോദിച്ചപ്പോള്‍ ട്രാഫിക്ക് പോലീസുകാരന്‍ എന്നു പറയാന്‍ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല. ജനുവരിയില്‍ ആണ് പ്രശസ്‌തമായ ഇരിഞ്ഞാലക്കുട പിണ്ടിപ്പെരുന്നാള്‍. ഒത്തവണ്ണം ഉള്ള വാഴപ്പിണ്ടിത്തടികള്‍ മുറ്റത്ത്‌ കുഴിച്ചിട്ട് അതില്‍ നിറയെ വര്‍ണ്ണക്കടലാസുകള്‍ കൊണ്ടുള്ള കൊടികള്‍ കുത്തി അലങ്കരിച്ചത് എല്ലാ വീട്ടുമുറ്റത്തും കാണാം. “ഠാണാ” വിലെ ഒരു പ്രധാനകെട്ടിടത്തിന്‍റെ മുകളില്‍ ഉള്ള ഗീവര്‍ഗീസ് പുണ്യാളന്റെ വര്‍ണ്ണശബളമായ പ്രതിമയും എനിക്കന്നൊരു പ്രധാന ആകര്‍ഷണം തന്നെ ആയിരുന്നു.

കൊടുങ്ങല്ലൂരില്‍ ഇല്ലാത്ത കാര്യങ്ങളുമായി ബന്ധപ്പെട്ട   ഇരിഞ്ഞാലക്കുടയിലെ മൂന്ന് ദേവസ്സിമാരെ എനിക്കന്നറിയാം. “പനനൊങ്കേ… പനനൊങ്കേ…” എന്നുറക്കെ വിളിച്ചുകൊണ്ട് കിഴക്കുനിന്ന് ഇറക്കം ഇറങ്ങി വരുന്ന ദേവസ്സി ഒന്നാമന്‍. കൊടുങ്ങല്ലൂരില്‍ പനനൊങ്ക് അന്നൊന്നും ഞാന്‍ കണ്ടിട്ടില്ല. അസാധ്യസ്വാദുള്ള ഒരു സംഭവം ആയി ആണ് പനനൊങ്കിനെ അന്നൊക്കെ കാണുന്നത്. വെളുത്തു ചുവന്ന് നല്ല ഉയരമുള്ള ദൃഢഗാത്രൻ, അവിടെയിവിടെയായി നരകയറിയ താടി, കഴുത്തില്‍ ഒരു വെന്തിങ്ങ… വെള്ള മല്ലുമുണ്ടു കൊണ്ടു തയ്ച്ച ബട്ടനില്ലാത്ത മുറിക്കയ്യന്‍ ഷര്‍ട്ട്… മല്ലുമുണ്ടു കുറച്ചുകയറ്റി ഉടുത്തിരിക്കും… ഇതാണ് ചുരുക്കത്തില്‍ ദേവസ്സി ഒന്നാമന്‍. തലയില്‍ ഒരു തോര്‍ത്തുമുണ്ടു കെട്ടി, അതിനുമീതെ ചുമ്മാടും പനനൊങ്കു നിറച്ച കൊട്ടയും വെച്ച് വിയര്‍ത്തൊലിച്ചു ആയാസ്സത്തോടെ കാലുകള്‍ നീട്ടിവെച്ച് വരുന്ന ദേവസ്സി ഉറക്കെ വിളിക്കുമ്പോള്‍ കര്‍ണ്ണഞരമ്പുകള്‍ വീര്‍ത്തുവരുന്നത് കാണാം. വെയിലുകൊണ്ട് മുഖം ഒന്നുകൂടി നന്നായി ചുമന്നു വരും. തലയില്‍ നിന്നിറക്കി തിണ്ണയില്‍ വെച്ച കുട്ടയില്‍ നിന്ന്  ആവശ്യാനുസരണം പനനൊങ്ക് എണ്ണി കുമ്പിളുകുത്തിയ പനയോലയില്‍ തരും. നമുക്കു പിന്നെ ഓരോന്നായി തോല് പൊളിച്ചു തിന്നുക എന്ന കര്‍ത്തവ്യം മാത്രം.

ദേവസ്സി രണ്ടാമന്‍ നടന്നു പോകുന്നത് ഞാന്‍ കണ്ടിട്ടില്ല. അങ്ങേരുടെ സവാരി കാളവണ്ടിയിലാണ്‌… കാളവണ്ടിക്കാരന്‍ ദേവസ്സി പിന്നെ കാളവണ്ടിയില്‍ത്തന്നെ ഇരുന്നല്ലാതെ പിന്നെ എങ്ങിനെയാണ്‌ പോകുക. രണ്ടു  കൂറ്റന്‍ വെള്ളക്കാളകള്‍ വലിക്കുന്ന, വലിയ മരച്ചക്രങ്ങള്‍ ഉള്ള കാളവണ്ടി മുമ്പിലെ റോഡില്‍ക്കൂടെ പോകുന്നത് വീട്ടില്‍ അകത്തിരുന്നുതന്നെ കേള്‍ക്കാം. മരച്ചക്രങ്ങള്‍ റോഡിലുരയുമ്പോള്‍ ഉള്ള “കട…കട…കട..” ശബ്‌ദത്തിനു പുറമേ ദേവസ്സിയുടെ തന്നെ കാളകളെ പ്രോത്‌സാഹിപ്പിക്കുവാന്‍ ആയുള്ള “ക്ല… ക്ല” ശബ്‌ദവും, ഇടയ്ക്കിടയ്ക്ക് ചാട്ടവാര്‍ പൊട്ടിക്കുന്ന ശബ്‌ദവും കേട്ടാല്‍ വീട്ടിനകത്താണെങ്കിലും ഞാന്‍ പുറത്തേക്കോടിവരും. എത്ര നോക്കിനിന്നാലും മതിവരാത്ത കാഴ്‌ചയാണ് അന്നൊക്കെ എനിക്ക് കാളവണ്ടി, കൊടുങ്ങല്ലൂരില്‍ കാണാന്‍ പറ്റാത്ത ഒന്ന്.

ശപ്രശ ആയിക്കിടക്കുന്ന നരച്ചമുടി… മുടി ചീകലൊന്നുമില്ല… താഴേക്കു ഇറങ്ങിക്കിടക്കുന്ന കട്ടികൂടിയ നരച്ചമീശ… കാക്കി ട്രൌസര്‍, കാക്കി മുറിക്കയ്യന്‍ ഷര്‍ട്ട്, ഇവക്കിടയിലൂടെ കത്തിയ വിറകുകൊള്ളി പോലെ എന്നാല്‍ ഞരമ്പുകള്‍ ഉയര്‍ന്നുനില്‍ക്കുന്ന കൈകാലുകള്‍, കറുത്ത് കരുവാളിച്ച നിറം… മുഖത്ത് എപ്പോഴും ഒരുതരം ശോകഭാവം… ഇതാണ് ഓര്‍മ്മയിലുള്ള ദേവസ്സി മൂന്നാമന്‍. നഗരസഭയുടെ ജീവനക്കാരന്‍… തസ്‌തിക “സ്‌കാവെന്ജേര്‍”, അതായത് തോട്ടി. കറുത്ത താറടിച്ച അപ്പിവണ്ടി ശാന്തിനിവാസ്സിന്റെ വടക്കു കിഴക്കേ മൂലയില്‍ ആയുള്ള മൂന്നുംകൂടിയ കവലയില്‍ ഒതുക്കി ഇടും. ഇരുകയ്യുകളിലും കാലി ബക്കറ്റുകളുമായി ദേവസ്സി വീടുകളില്‍ പിന്നാംപുറത്തേക്ക് പോകുന്നതും, പിന്നെ നിറഞ്ഞ ബക്കറ്റുകളുമായി തിരിച്ചുവരുന്നതും, പിന്നെ ഇതെല്ലാം നിക്ഷേപിച്ച വണ്ടി തള്ളിക്കൊണ്ടുപോകുന്നതും ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ വല്ലാത്ത വിഷമം തോന്നുന്നു. കൊടുങ്ങല്ലൂരില്‍ കാണാത്ത ഒരു സമ്പ്രദായം ആയിരുന്നു അതും. കൊടുങ്ങല്ലൂരിലെ പറമ്പുകള്‍ അന്ന് സ്വയംപര്യാപ്‌തമായിരുന്നു എന്നു വേണം കരുതാന്‍.

ശാന്തിനിവാസിലെ താമസ്സം സന്തോഷകരമാകുന്നതില്‍ അയല്‍വാസികളുടെ പങ്കും വളരെ വലുതായിരുന്നു. നേരെ മുന്നിലെ സീതാമന്ദിരം ഇത്തരുണത്തില്‍ എടുത്തുപറയാതെ വയ്യ. സീതാമന്ദിരത്തില്‍ ആണ് സ്‌നേഹത്തിന്‍റെ ആള്‍ രൂപങ്ങളായിരുന്ന ശാരദക്കാളും, ദൊരൈസ്വാമി അച്ഛച്ഛനും കുടുംബവും താമസിച്ചിരുന്നത്. ഇരിഞ്ഞാലക്കുടയിലെക്കുള്ള യാത്രകളില്‍ ഒരു പ്രധാന ആകര്‍ഷണം അന്നൊക്കെ ശാരദക്കളുടെ സ്‌നേഹപരിചരണം ആയിരുന്നു എന്ന് പറഞ്ഞാല്‍ ഒട്ടും തന്നെ അതിശയോക്‌തി  ഇല്ല. അളവറ്റസ്‌നേഹം ഉപാധികളില്ലാതെ വഴിഞ്ഞൊഴുകിയിരുന്നു  സീതാമന്ദിരത്തില്‍ നിന്ന് അന്നൊക്കെ. ശാന്തിനിവാസും സീതാമന്ദിരവും രണ്ടു വീടുകള്‍ ആണെങ്കിലും ഒരേവീട്ടില്‍ എന്ന പോലെ ആയിരുന്നു ഇടപെടല്‍.. അത്ര അടുപ്പം.

എനിക്കോര്‍മ്മ വയ്ക്കുന്ന സമയത്ത് ദൊരൈസ്വാമി അച്ഛച്ഛനും, ശാരദക്കാളും, അവരുടെ ഏറ്റവും താഴെയുള്ള ആണ്‍മക്കള്‍ ഗണേശേട്ടനും, കുമാര്‍ചേട്ടനും ആയിരുന്നു താമസം. ആദ്യകാലങ്ങളില്‍ ശാരദക്കാളുടെ അച്ഛന്‍ ഗണപതിതാത്താ എന്ന് ഞങ്ങള്‍ വിളിക്കാറുള്ള ജയില്‍ സൂപ്രണ്ട് ഗണപതി അയ്യരും ഉണ്ടായിരുന്നു.

ശാന്തിനിവാസ് വടക്കോട്ട്‌ ദര്‍ശനമായി ആണ്. സീതാമന്ദിരം നേരെ മുന്നില്‍ത്തന്നെ തെക്കോട്ട്‌ ദര്‍ശനമായി. ശാന്തിനിവാസില്‍ നിന്ന് ഒറ്റ ഓട്ടം ഓടിയാല്‍ സീതാമന്ദിരത്തില്‍ കയറാം. സീതാമന്ദിരം റോഡില്‍ നിന്ന് കുറച്ച് ഉയരത്തില്‍ ആണ് നിലകൊള്ളുന്നത്. മൂന്നു പടികള്‍ കയറി വേണം വെള്ളി നിറത്തിലുള്ള കുന്തങ്ങള്‍ നിരത്തിവെച്ച പോലുള്ള പടിവാതില്‍ കടക്കാന്‍. പടിവാതിലിന്‍റെ രണ്ടു തൂണുകളും തമ്മില്‍ കാവടി ആകൃതിയില്‍ ഉള്ള ഒരു കമാനത്താല്‍ ബന്ധിപ്പിച്ചിരുന്നു. അതിലാണ് സിമന്റില്‍ എഴുതി വെള്ളചായം പൂശിയ സീതാമന്ദിരം എന്ന പേര് ആലേഖനം ചെയ്തിരുന്നത്. പടിവാതിലിന്‍റെ അരികില്‍ത്തന്നെയായി പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്ന മന്ദാരങ്ങള്‍ ഉണ്ടായിരുന്നു. ചെത്തിയും, പല നിറത്തിലുള്ള ചെമ്പരത്തികളും, മുല്ലയും, നന്ദ്യാര്‍വട്ടവും നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു സീതാമന്ദിരത്തിലന്ന്.

പടിവാതില്‍ കടന്നാല്‍ സിമന്റിട്ട മുറ്റം ആണ്. രണ്ടു ഭാഗത്തും ചെറിയ മതിലുകള്‍. ഇടയ്ക്കു കിഴക്കോട്ടേക്കും, പടിഞ്ഞാറോട്ടും വളപ്പിലേക്ക് കടക്കാന്‍ വഴിയിട്ടിട്ടുണ്ട്. വിശാലമായ പൂമുഖത്തു  കയറാന്‍ പിന്നെയും മൂന്നു പടികള്‍ കയറണം. ബ്ലാക്ക്‌ ഓക്‌സൈഡ് ഇട്ട നിലം. തുറന്ന പൂമുഖമാണ്. കിഴക്കു ഭാഗത്തായി ഇരിക്കാന്‍ തിണ്ണകള്‍. കൂട്ടംകൂടി ഇരുന്ന് സൊറപറയാന്‍ പറ്റിയ സ്ഥലം. അവിടെ ഇരുന്നാല്‍ റോഡിലേക്ക് നല്ല കാഴ്ച്ചയാണ്. ദൊരൈസാമി അച്ഛച്ഛന്‍ ഒരു വിശറിയും ആയി തിണ്ണയില്‍ ചമ്രം പടിഞ്ഞിരിക്കുന്നുണ്ടാകും. വെള്ളമുണ്ടാണു വേഷം. തല ഒരുവിധം കഷണ്ടി, വെളുത്തു  കുറച്ചു തടിച്ച പ്രകൃതം. കുമ്പയും അതിനുമീതെ പൂണൂലും ഒക്കെ ആയി കാണാന്‍ ഒരു ആനച്ചന്തം തന്നെ.  നമ്മളെക്കാണുമ്പോള്‍ കണ്ണിറുക്കിച്ചിരിക്കും. പിന്നെ ചേര്‍ത്തുപിടിച്ച് സ്‌നേഹാന്വേഷണങ്ങള്‍.

പൂമുഖത്തു നിന്ന് കിഴക്കേ മുറ്റത്തേക്കിറങ്ങാം. കിഴക്കേമുറ്റത്ത് തുളസിത്തറ, കുറച്ചു തെക്കോട്ടു മാറിയിട്ട്. നിറയെ തുളസികള്‍. പനിക്കൂര്‍ക്കകളും, തുളസിയും മറ്റും ധാരാളം വളര്‍ന്നു നിന്നിരുന്ന കിഴക്കേമുറ്റം. പൂമുഖത്തിന് അകത്തേക്ക് രണ്ടുവാതിലുകള്‍… ഒന്ന് വടക്കു ഭാഗത്തെ, അതായത് റോഡില്‍ നിന്ന് നോക്കുമ്പോള്‍ കാണുന്ന ചുവരില്‍ കിഴക്കേ അറ്റത്തായി. അത് ഒരു വീതികുറഞ്ഞു നീളത്തില്‍ ഉള്ള ഒരു മുറിയിലേക്കാണ്. അതാണ് ഗണപതിതാത്തായുടെ മുറി. ഞാന്‍ കാണുന്ന സമയത്തൊക്കെ മിക്കവാറും കിടപ്പാണ് ഗണപതിതാത്താ. ഇടക്ക് പൂമുഖത്ത്, വടക്കേ ചുമരിനോട് ഏതാണ്ട് ചേര്‍ത്തുതന്നെ ഇട്ടിരുന്ന മരക്കസ്സേരയില്‍ വന്നിരിക്കും. മെലിഞ്ഞു നീണ്ട ശരീരം, ആറടിയില്‍ മീതെ പൊക്കം കാണും. മുഖത്ത് ഒരു കറുത്തക്കട്ടിക്കണ്ണടയുണ്ടാകും… നരച്ച കുറ്റിരോമങ്ങളും. കയ്യുള്ള വെളുത്ത ബനിയനും, വെളുത്തമുണ്ടും ആയിരിക്കും വേഷം. കാക്കിനിറമുള്ള മഫ്ലര്‍ കൊണ്ട് ചെവി മൂടി, തലയില്‍ ഒരു കെട്ടും കാണാം ചിലപ്പോള്‍. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ ശാരദക്കാളിനെ  ഉറക്കെ വിളിക്കും. ഉദാഹരണം… “ശാരദാ… വിരോധമില്ലാച്ചാല്‍ ഒരു ദ്രാക്ഷ…”. അതായത് ഗണപതിതാത്താക്ക് മുന്തിരി തിന്നാന്‍ ആഗ്രഹം എന്നര്‍ത്ഥം.

ഗണപതിതാത്തായുടെ മുറിയുടെ വടക്കുപടിഞ്ഞാറേ അറ്റത്തായി ഒരു വാതില്‍ ഉണ്ട്. അതിലൂടെ പോയാല്‍ ഊണുമുറിയില്‍ എത്താം. അത്യാവശ്യം വിശാലംതന്നെയാണ് ഊണുമുറി. പടിഞ്ഞാറേഭാഗത്തായി നിറയെ അഴികളുള്ള ജനലിനടുത്തായി മരത്തിന്‍റെ വീതികുറഞ്ഞു നീളത്തിലുള്ള ഊണുമേശ. ഇരിക്കാന്‍ ബെഞ്ചുകളും. റെക്‌സിന്‍ വിരി വലിച്ചടിച്ച മേശയില്‍ ഹോര്‍ലിക്‌സ് കുപ്പികളില്‍ നിറച്ച പലതരം അച്ചാറുകളും, മോരും മറ്റും കാണാം. ഊണുമുറിയുടെ വടക്കേ അറ്റത്തെ വാതിലിലൂടെ മറ്റൊരു മുറിയിലെത്തം. അവിടെയാണ് ആട്ടുകല്ലും മറ്റും. ആ വാതില്‍ എത്തുന്നതിനു മുമ്പ് കിഴക്കേ ചുവരില്‍ ഒരു വാതിലുണ്ട്. അവിടെയാണ് ശാരദക്കാളിന്‍റെ അടുക്കള, അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലം. ഞാന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച ശമയല്‍ വിദഗ്ദ്ധയാണ് ശാരദക്കാള്‍.

പൂമുഖത്തിന്‍റെ പടിഞ്ഞാറു ഭാഗത്തായി അകത്തേക്ക് വേറൊരു വാതിലുണ്ട്, തളത്തില്‍ എത്തുന്നത്. ആ തളത്തില്‍ നേരെ പുറത്തേക്ക് തുറക്കുന്ന ജനലുകള്‍ ഇല്ലാത്തതുകൊണ്ടാകാം ചെറിയ ഇരുട്ടുണ്ട്. തളത്തിന്റെ വടക്കു പടിഞ്ഞാറേ മൂലയില്‍ ആണ് ദൈവങ്ങളുടെ പടങ്ങളും, വിളക്കുവെയ്ക്കുന്നതും മറ്റും. തളത്തിന്‍റെ വടക്കേച്ചുവരിന്‍റെ മദ്ധ്യഭാഗത്തായി ആണ് ഊണുമുറിയിലേക്കുള്ള പ്രധാനവാതില്‍. ഒറ്റക്കാണെങ്കില്‍ തളത്തില്‍ക്കൂടെ പോകാന്‍ എനിക്ക് പേടിയായിരുന്നു. സ്വതവേ ഇരുണ്ട ആ മുറിയില്‍ ചുവരില്‍ നിറയെ മരിച്ചുപോയവരുടെ ചിത്രങ്ങള്‍ നിരന്നിരുന്നിരുന്നു… ശാരദക്കാളുടെ മരിച്ചുപോയ രണ്ടു ജ്യേഷ്‌ടന്മാരുടെ ചിത്രങ്ങളും ആ ചുവരുകളില്‍  അന്നുണ്ടായിരുന്നു. അവര്‍  എല്ലാവരും ചുവരില്‍ ഇരുന്ന് എന്നെ തുറിച്ചുനോക്കുന്നതു പോലെ തോന്നും. അതുകൊണ്ട് ആവുന്നത്ര ഗണപതിതാത്തായുടെ മുറിവഴി പോകാന്‍ ആണ് ഞാന്‍ ശ്രമിക്കുക. ഇനി അഥവാ തളം വഴിയാണെങ്കില്‍ ചുമരുകളില്‍ നോക്കാതെ  ഒറ്റ ഓട്ടം വെച്ചു കൊടുക്കും. തളത്തിന് വടക്കു ഭാഗത്ത്‌ വീതികുറഞ്ഞ് നീളത്തില്‍ മറ്റൊരു മുറിയുണ്ട്. പുസ്‌തകങ്ങളും, പെട്ടികളും ഒക്കെ അവിടെയാണ് സൂക്ഷിച്ചിരുന്നത്. പൂമുഖത്തുനിന്ന് തളത്തില്‍ കയറുമ്പോള്‍ ഇടതു ഭാഗത്തായി ഒരു കിടപ്പു മുറിയും ഉണ്ടായിരുന്നു. മരത്തിന്‍റെ തട്ടും, അതില്‍ തൂങ്ങിക്കിടക്കുന്ന വലിയ ഒരു പങ്കയും ഉള്ള ആ മുറിക്ക് വെള്ളിനിറമുള്ളചായം പൂശിയ അഴികളുള്ള വലിയ ജനലുകള്‍ ആയിരുന്നു. അതിനോട് ചേര്‍ന്ന് ഓരോവകവും. തളത്തിനുമുകളിലും മരത്തിന്‍റെ തട്ടായിരുന്നു.

ശാന്തിനിവാസില്‍ എത്തിയാല്‍ ഉടന്‍ സീതാമന്ദിരത്തിലേക്കോടും. ശാരദക്കാള്‍ മിക്കവാറും അടുക്കളയിലോ പരിസരങ്ങളിലോ ആയിരിക്കും. അച്ഛമ്മയുടെ സ്വന്തം അനിയത്തി ആണ് ശാരദക്കാള്‍ എന്നു തോന്നാറുണ്ട് എനിക്ക്. കൈതപ്പൂവിന്റെ നിറം…  അച്ഛമ്മയെപ്പോലെ തന്നെ സുന്ദരി… ഉടുക്കുന്നത് ചേല ആണെന്നു മാത്രം.  ഞങ്ങളെക്കണ്ടാല്‍ ശാരദക്കാള്‍ക്കും വളരെ സന്തോഷം. സല്‍ക്കാരങ്ങള്‍ തുടങ്ങുകയായി. കാപ്പിയില്‍ ആണ് തുടക്കം.  ശാരദക്കാളുടെ കാപ്പി അന്നെന്നല്ല ഇന്നും എനിക്ക് ലോകാത്‌ഭുതങ്ങളില്‍പെട്ട ഒന്നാണ്. ഒരു സ്റ്റീല്‍ ഗ്ലാസ്സിലൊഴിച്ച ഡിക്കാഷനില്‍, ആവശ്യത്തിന് പാലും പഞ്ചസാരയും ചേര്‍ത്ത് ഡവറയില്‍ ഒഴിച്ച് ചെറുതായി ചൂടാറ്റിയത് ഊതി ഊതി കുടിക്കുമ്പോഴുള്ള രസം ഒരു സ്റ്റാര്‍ബക്കിലും കോസ്റ്റകോഫിയിലും എനിക്ക് കിട്ടിയിട്ടില്ല. സ്‌നേഹം കാച്ചിക്കുറുക്കിച്ചേര്‍ത്ത ഡിക്കാഷന്‍… അതാണ് ചുരുക്കത്തില്‍ ശാരദക്കാളുടെ കാപ്പി… കൂടെ മുറുക്കോ പരിപ്പുവടയോ മറ്റോ കാണും കേട്ടോ…

ശാരദക്കാളുടെ ദോശയും ചട്‌ണിയും അസാദ്ധ്യ സ്വാദാണ്. ചൂടായി ചുട്ടെടുത്ത ദോശ മൂന്നോനാലോ ഒരട്ടിയായി വെച്ച് അതിനുമീതെ സമൃദ്ധമായി ചട്‌ണി ഒഴിക്കും. മുകളില്‍ നിന്ന് നമ്മള്‍ തിന്നുന്നതിന് അനുസരിച്ച് ചട്‌ണി താഴേയുള്ള ദോശയേയും കുതിര്‍ത്തുകൊണ്ടിരിക്കും. അവസാനത്തെ ദോശയും തിന്ന് പാത്രത്തില്‍ ബാക്കിയുള്ള ചട്‌ണിയും കൂടെ വടിച്ചുനക്കിയാല്‍ സംഗതി പ്രമാദം. ശാരദക്കാളുടെ ഇഡ്ഡലി പൂപോലെയാണ്, വായിലിട്ടാല്‍ അലിഞ്ഞുപോകും എന്നു തോന്നും. തുണിശീലയിട്ടാണ് ഇഡ്ഡലി ഉണ്ടാക്കുക. ഇതിനെല്ലാം മാവാട്ടുന്നതും ശാരദക്കാള്‍ തന്നെയാണ് കേട്ടോ… ഇഡ്ഡലിയും ദോശയും കഴിക്കുമ്പോള്‍ ഒപ്പിത്തിന്നാന്‍ ഉണ്ടാക്കുന്ന പൊടിയും ബഹുവിശേഷം തന്നെ. ലോകത്തെവിടെയായാലും എനിക്കേറ്റവും ഇഷ്‌ടമുള്ള പ്രാതല്‍ ഇന്നും ഇഡ്ഡലിയോ, അല്ലെങ്കില്‍ ദോശയോ ആണ്.

അച്ചാറുകളും, കൊണ്ടാട്ടങ്ങളും അസ്സലായി ഉണ്ടാക്കും ശാരദക്കാള്‍. പലപ്പോഴും അച്ച്ഛന്റെ കയ്യില്‍ ഞങ്ങള്‍ക്കായി കൊടുങ്ങല്ലുര്‍ക്കും കൊടുത്തയക്കാറുണ്ട്. എന്തു തൊട്ടാലും കൈപ്പുണ്യം അസാദ്ധ്യം… സാമ്പാറും, അവിയലുമെല്ലാം ഗംഭീരം തന്നെ…  ഒരിക്കല്‍ താളു വെച്ചുണ്ടാക്കിയ ഒരു കറിയുടെ സ്വാദ് ഇപ്പോഴും വായിലുണ്ട്. പാചകസമയത്തായാലും അല്ലെങ്കിലും ശാരദക്കാളെ ചുറ്റിപ്പറ്റി നില്‍ക്കും ഞങ്ങള്‍. ഒരുപാടു ഗുണപാഠങ്ങള്‍ ഉള്ള ഒരുപാട് കഥകളും പറഞ്ഞു തരും ഞങ്ങള്‍ക്ക്. ആശാരിമൂലയില്‍ മഴക്കാറു കണ്ടാല്‍ മഴ നിശ്ചയം എന്നും, അതിന്‍റെ പിന്നിലേ കഥയും ഞങ്ങള്‍ക്ക് പറഞ്ഞുതന്നത് ശാരദക്കാളാണ്.

വൈകുന്നേരങ്ങളില്‍ അയ്യങ്കാവിലേക്ക് തൊഴാന്‍ ശാരദക്കാളുടെ കൂടെപ്പോകാം. തിരിച്ചുവന്നാല്‍പ്പിന്നെ ഗണപതി അമ്പലത്തിലേക്ക് വിളക്ക് വെക്കാന്‍ പോണം. തെക്കേക്കരയിലെ ഗണപതി അമ്പലം അന്ന് അത്ര നല്ല സ്ഥിതിയില്‍ ഒന്നും അല്ലായിരുന്നു. പിന്നീട് ബോംബയിലെക്ക് പോകുന്നതുവരെ ശാരദക്കാള്‍ ആണ് എന്നും അവിടെ സന്ധ്യക്ക് വിളക്ക് വെച്ചിരുന്നത്. ഗണപതിക്ക് ഏത്തമിടാന്‍ എന്നെ പഠിപ്പിച്ചതും ശാരദക്കാള്‍ തന്നെയാണ്. അക്കാലത്ത് തെക്കേക്കരയില്‍ ഒരുപാടു തമിള്‍ ബ്രാഹ്മിണ കുടുംബങ്ങള്‍ ഉണ്ടായിരുന്നു. വഴിയില്‍ വെച്ച് അവരെ ആരെയെങ്കിലും ഒക്കെക്കാണും. ചിലപ്പോള്‍ തലയില്‍ കുടുമ വെച്ച് ഒരു മേല്‍മുണ്ട്‌ പുതച്ച് സൈക്കിളില്‍ പോകുന്ന മൂര്‍ത്തി വാധ്യാരോ അല്ലെങ്കില്‍ സിഗരറ്റ് ചൂണ്ടുവിരലിനും നടുവിരലിനും ഇടയില്‍ പിടിച്ച് ആഞ്ഞുവലിച്ച് പുക വിടുന്ന പാപ്പണ്ണായോ ആകാം… സേന്ഹാന്വേഷണങ്ങള്‍ക്കിടയില്‍ നമ്മളെക്കണ്ട് ഇതാരാണ് എന്ന ചോദ്യം വന്നാല്‍ “രാധാകൃഷ്‌ണന്‍ മാഷുടെ മൂത്ത കൊളന്ത താന്‍.. അവന്‍ പേരു ബാലു.. കൊടുങ്ങല്ലുരാക്കും.. ഇപ്പോ വെക്കേഷന്‍ അല്ലവാ..” അല്ലെങ്കില്‍ “ചിന്നപ്പമേനോന്‍ ഇല്ലവാ… അവാരുടെ പേരക്കുട്ടി” എന്നു പറഞ്ഞു പരിചയപ്പെടുത്തും.

വളരേ ലോലമായ മനസ്സായിരുന്നു ശാരദക്കാളുടെത്. ചെറിയ ചെറിയ കാര്യങ്ങള്‍ മതി വിഷമം വരാന്‍.  ഗണേശേട്ടന്‍ എഞ്ചിനീയറിംഗിന് പഠിക്കുന്ന സമയം. വാര്‍ഷികദിനത്തിനോമറ്റോ ഗണേശേട്ടന്‍ പങ്കെടുക്കുന്ന നിശ്ചലദൃശ്യം.. മകന്‍റെ കലാപരിപാടികള്‍ കാണാന്‍ ശാരദക്കാളും പോയിരുന്നു. യേശുവായി ചോരയൊലിച്ചു കുരിശില്‍ക്കിടക്കുന്ന ഗണേശേട്ടനെക്കണ്ട് ശാരദക്കാള്‍ വാവിട്ടു നിലവിളിച്ചു പോല്‍. എങ്ങിനെ നിലവിളിക്കാതിരിക്കും… ആ സമയത്തു ഗണേശേട്ടനെക്കണ്ടാല്‍ യഥാർത്ഥ യേശു മാറിനില്‍ക്കണം എന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. മറ്റൊരു സന്ദര്‍ഭത്തില്‍ കുമാര്‍ചേട്ടന്‍ ബോംബെയില്‍ നിന്ന് മടങ്ങിവന്നത് കടുത്ത പനിയുമായിട്ടാണ്. നിര്‍ത്താതെ കരഞ്ഞുകൊണ്ട് രാത്രി മുഴുവന്‍ ഉറക്കമൊഴിഞ്ഞ് നനച്ചതുണി നെറ്റിയില്‍ മാറ്റിമാറ്റി ഇട്ടുകൊണ്ടിരുന്ന ശാരദക്കാളെ ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. ഗണേശേട്ടന് പരീക്ഷക്കാലത്ത് പേടികൂടുതലാണ് അക്കാലത്ത്… തെറ്റിദ്ധരിക്കണ്ട കേട്ടോ…  ജയിക്കുമോ എന്ന പേടിയല്ല… എല്ലാം ശരിയായി എഴുതാന്‍ പറ്റുമോ എന്ന ശങ്ക… എന്തുവന്നാലും അവസാനം ഒന്നാമന്‍ ആകുകയും ചെയ്യും. എഞ്ചിനീയറിംഗിന് ഗണേശേട്ടന് ഒന്നാംറാങ്ക് ആയിരുന്നു. പരീക്ഷക്കാലത്ത് ഗണേശേട്ടനേക്കാള്‍ പ്രയാസം അനുഭവിക്കുന്നത് ശാരദക്കാള്‍ ആയിരിക്കും. പിന്നീട് എനിക്കും ഇതേ പ്രശ്‌നമുണ്ടായിരുന്നു.  അച്ഛന്റെ വീട്ടുകാര്‍ ഒരേസ്വരത്തില്‍ പറയും.. “ഇവന്‍ നമ്മുടെ ഗണേശന്‍റെ പോലെയാണ്…”. സാന്ദര്‍ഭികമായി… എന്‍റെ ആദ്യത്തെ ബയോഡാറ്റ ഉണ്ടാക്കിത്തന്നത് ഗണേശേട്ടന്‍ ആണ്. എഞ്ചിനീയറിംഗ് കഴിഞ്ഞ് തെക്കും വടക്കും തേരാപാര നടക്കുന്ന സമയം. ഗണേശേട്ടന്‍ നാട്ടില്‍ ഒരു ഹ്രസ്വസന്ദര്‍ശനത്തിന് വന്നിരിക്കുന്നു. എന്നോട് ബയോഡാറ്റ ചോദിച്ചു. നമ്മളതിനൊന്നും അന്ന് മിനക്കെട്ടിട്ടില്ല. ഉടനെ ഒരു കടലാസ്സെടുത്ത് കാര്യങ്ങളൊക്കെ ചോദിച്ച് രണ്ടു പേജില്‍ ഒതുങ്ങുന്ന മനോഹരമായ ഒരു ബയോഡാറ്റ ഉണ്ടാക്കിത്തന്നു. അവിടുന്നായിരുന്നു നമ്മുടെ തുടക്കം.

ചെറുപ്പത്തില്‍ എനിക്ക് ശബരിമല ശാസ്‌താവിനെ വലിയ കാര്യമായിരുന്നു. ഒരിക്കല്‍ ഞാന്‍ ഇരിഞ്ഞാലക്കുടയില്‍ ഉള്ളപ്പോള്‍ ആണ് ‘ശബരിമല ശ്രീ ധര്‍മ്മശാസ്‌താ’ സിനിമ കൊടുങ്ങല്ലൂര്‍ എസ്സെനില്‍ റിലീസ് ത്. ശ്രീ ധര്‍മ്മശാസ്‌താ കാണണം എന്ന് ഞാന്‍ വാശി പിടിച്ചപ്പോള്‍ അച്ഛന്‍ കുമാര്‍ ചേട്ടനെ ആ കര്‍ത്തവ്യം ഏല്‍പ്പിച്ചു. കുമാര്‍ ചേട്ടന്‍ അന്ന് പത്താംക്ലാസ്സ്‌ കഴിഞ്ഞു നില്‍ക്കുകയായിരുന്നു എന്നാണ് ഓര്‍മ്മ. മാറ്റിനിക്കാണ് പോയതെങ്കിലും മടങ്ങി ഇരിഞ്ഞാലക്കുടയില്‍ എത്തിയപ്പോഴേക്കും നേരം നല്ലവണ്ണം ഇരുട്ടിയിരുന്നു. ഞങ്ങളേയും കാത്ത് പരിഭ്രമിച്ച് സീതാമന്ദിരത്തിന്റെ പുറത്ത്   പടിയില്‍ കാത്തുനിന്നിരുന്ന ശാരദക്കാളിനെ ഇന്നലെ എന്നപോല്‍ ഞാന്‍ ഓര്‍ക്കുന്നു.

ശാരദക്കാളുടെ മൂത്തമകന്‍ ചന്ദ്രന്‍ അന്നേ ഒരു മോഡല്‍ ആയിരുന്നു. ബോംബെയിലുള്ള ചന്ദ്രണ്ണ തലവേദന വന്ന് അനാസിന്‍ കഴിക്കുന്നതും, വിക്‌സ് പുരട്ടുന്നതും, കൂടുതല്‍ ഊര്‍ജ്ജത്തിനായി ഹോര്‍ലിക്‌സ് കുടിക്കുന്നതും ഞങ്ങള്‍ അക്കാലത്ത് കോന്നിയിലും, പയനീരിലും സ്ഥിരം കാണാറുണ്ട്… പ്രസിദ്ധ നര്‍ത്തകിയും, പ്രശസ്‌ത ചലച്ചിത്ര നടിയും ആയ സുധാചന്ദ്രന്‍റെ അച്ഛന്‍. സുധയുടെ നൃത്തം കാണാന്‍ അയ്യങ്കാവിലേക്കും, പിന്നെ കൂടല്‍മാണിക്യത്തിലേക്കും പൊരിമഴയത്ത് പിന്നീട് ഞാന്‍ ഓടിയിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ രണ്ടിടത്തും ഞാന്‍ എത്തുമ്പോഴേക്കും നൃത്തം കഴിഞ്ഞെന്നു മാത്രം. ആശാരിമൂലയില്‍ മഴക്കാറുണ്ടായിരുന്ന ഒരു വൈകുന്നേരം ആയിരുന്നു അന്നത്തേത്.

രണ്ടാമത്തെ മകന്‍ സ്‌കന്ദണ്ണയും ബോംബെയില്‍ തന്നെയായിരുന്നു. സാക്ഷാല്‍ ടാറ്റായുടെ വലം കൈ. സ്‌കന്ദണ്ണയും സഹധര്‍മ്മിണി വനജക്കയും നാട്ടില്‍വന്ന ഒരു മദ്ധ്യവേനലവധിക്ക് സ്‌കന്ദണ്ണയുടെ പുറത്തുകയറി അണ്ണാ പൂളിക്കൊണ്ടിരുന്ന പ്രിയൂര്‍മാമ്പഴം ഇടമുറിയാതെ തുടരെ തുടരെ വാങ്ങിക്കഴിച്ചത് ഞാന്‍ ഓര്‍ക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ അമ്മയുടെ പോലെ തന്നെ നന്മയുടെ നിറകുടങ്ങളായ മക്കളും…

സ്‌നേഹസ്വരൂപിണിയായ ശാരദക്കാള്‍ രണ്ടവസരങ്ങളില്‍ എന്നോട് ദേഷ്യപ്പെട്ടിട്ടുണ്ട്. ആദ്യത്തേത്… ഒരു ദിവസം ഉച്ചതിരിഞ്ഞ സമയം. ശാന്തിനിവാസ്സില്‍ എല്ലാവരും ഊണൊക്കെക്കഴിഞ്ഞ് മയക്കത്തിലാണ്. എനിക്കാണെങ്കില്‍ വല്ലാത്ത മടുപ്പ് തോന്നി. എത്രനേരം എന്നുവെച്ച് ഒറ്റക്കിരിക്കും. അപ്പോഴാണ് സീതാമന്ദിരത്തിലേക്ക് വെച്ചടിച്ചാലോ എന്ന ഒരു തോന്നല്‍. നേരെ സീതാമന്ദിരത്തിലേക്ക് ഓടി. ശാരദക്കാള്‍ ദോശക്ക് മാവരച്ചുകൊണ്ടിരിക്കുന്നു. കണ്ട ഉടനെ എന്നോടു ചോദിച്ചു “വീട്ടില്‍ പറഞ്ഞല്ലേ വന്നത്”. എല്ലാവരും കിടന്നുറങ്ങുമ്പോള്‍ ആരോടു ചോദിയ്ക്കാന്‍. ഞാന്‍ “അതെ” എന്ന് തന്നെ പറഞ്ഞു. ഇതിനിടയില്‍ ശാന്തിനിവാസ്സില്‍ അച്ഛമ്മയും മറ്റും ഉറന്നെഴുന്നേറ്റപ്പോള്‍ എന്നെക്കാണാന്‍ ഇല്ല. എല്ലാവര്‍ക്കും പരിഭ്രമമായി. അച്ഛമ്മ സംശയം തോന്നി സീതാമന്ദിരത്തില്‍ വന്നു നോക്കിയപ്പോള്‍ ഞാന്‍ അവിടെയുണ്ട്. ശാരദക്കാളിനന്ന് വല്ലാത്ത വിഷമം ആയി, പ്രധാനമായും നുണ പറഞ്ഞതില്‍… രണ്ടുമൂന്നു ദിവസത്തേക്ക് വലിയ ഗൌരവം ആയിരുന്നു.

രണ്ടാമത്തേതും ഒരു നുണയുടെ തന്നെ കഥയാണ്. ഒരു ദിവസം അച്ഛന്റെ കൂടെ ഇരിഞ്ഞാലക്കുടയില്‍ നിന്ന് തൃശ്ശൂര്‍ക്ക് പോകേണ്ട കാര്യമുണ്ടായിരുന്നു. ടാക്‌സിയിലാണ് പോയത്. പോകുന്ന വഴി പൂച്ചിണ്ണിപ്പാടത്തിന്റേയും പെരുമ്പിള്ളിശ്ശേരിയുടേയും ഇടയില്‍ എവിടെയോ ദൊരൈസ്വാമി അച്ഛച്ഛന്‍ ജോലി ചെയ്യുന്ന വര്‍ക്ക്‌ഷോപ്പ് അച്ഛന്‍ കാണിച്ചുതന്നു. ഇരിഞ്ഞാലക്കുടയില്‍ തിരിച്ചെത്തി പതിവുപോലെ സീതാമന്ദിരത്തിലേക്കോടി. തമാശക്കായി ശാരദക്കാളോട് ഞാന്‍ വെച്ചുകാച്ചി “ദൊരൈസ്വാമി അച്ഛച്ഛന്‍റെ വര്‍ക്ക്‌ഷോപ്പ് കണ്ടല്ലോ. ഞങ്ങള്‍ അവിടെ ഇറങ്ങി ചായ ഒക്കെക്കുടിച്ചാണ് വന്നത്..” ശാരദക്കാള്‍ അത് കാര്യമാക്കി എടുത്തു, വലിയ സന്തോഷവുമായി. വൈകുന്നേരം ദൊരൈസ്വാമി അച്ഛച്ഛന്‍ വരുന്നതിനുമുമ്പ് തമാശ പറഞ്ഞതാണ് എന്ന് പറയാന്‍ ആയിരുന്നു എന്‍റെ പദ്ധതി. കഷ്‌ടകാലത്തിനു ഞാന്‍ പിന്നെ അതു മറന്നുപോയി. ഞാന്‍ നുണ പറഞ്ഞതാണ് എന്ന് ദൊരൈസ്വാമി അച്ഛച്ഛന്‍ വന്നപ്പോള്‍ ശാരദക്കാള്‍ക്ക് മനസ്സിലായി. അന്നും വല്ലാത്ത ഗൌരവത്തില്‍ ആയി. അച്ഛനോട് പറയുകയും ചെയ്‌തു. അച്ഛന്റെ വക എനിയ്ക്ക് നല്ല നുള്ളും കിട്ടി… ശാരദക്കാളോട് തെറ്റേറ്റു പറയാന്‍ സുഗ്രീവാജ്ഞയും വന്നു. ഞാന്‍ തെറ്റേറ്റു പറയുക മാത്രമല്ല ഇനി ജീവിതത്തില്‍ ഒരിക്കലും നുണ പറയില്ല എന്നും അന്ന്  പ്രതിജ്ഞ ചെയ്‌തു. ആവുന്നത്ര അതു പാലിക്കാനും ഞാന്‍ ശ്രമിക്കാറുണ്ട്. സ്‌നേഹം കൊണ്ട് എങ്ങിനെ മറ്റുള്ളവരെ കീഴടക്കാം എന്നത് ശാരദക്കാളില്‍ നിന്ന് പഠിക്കണം.

ശാരദക്കാളുടെ ജ്യേഷ്ഠന്‍ കന്നണ്ണാ എന്ന് ഞങ്ങള്‍ വിളിക്കുന്ന കല്യാണസുന്ദരയ്യര്‍ അക്കാലത്ത് ഇടക്കൊക്കെ ഇരിഞ്ഞാലക്കുട സന്ദര്‍ശിക്കും. കന്നണ്ണയുടെ കയ്യില്‍ എപ്പോഴും വില്‍സിന്‍റെ പായ്ക്കറ്റും, ചുണ്ടില്‍ പുകയുന്ന സിഗരറ്റും ഉണ്ടാകും. ഞങ്ങളെക്കണ്ടാല്‍ ഉടന്‍ കന്നണ്ണാ തുടങ്ങും… “ആ… കൊടുങ്ങല്ലൂര്‍ക്കാര് എത്തീട്ടുണ്ടല്ലോ… കോഴിത്തലപെറുക്കികള്… പെങ്ങള് അടിച്ചുകൂട്ടും… ആങ്ങളമാര് പെറുക്കിക്കൊട്ടേലിടും..” കൊടുങ്ങല്ലൂര്‍ അമ്പലത്തില്‍ പണ്ടുണ്ടായിരുന്ന കോഴിവെട്ട് മനസ്സില്‍ വെച്ചാണ്‌ ഞങ്ങളെ ദേഷ്യം പിടിപ്പിക്കാന്‍ കന്നണ്ണയുടെ തട്ട്… ശാരദക്കാള്‍ ചിരിച്ചുകൊണ്ട് പറയും.. “ശുമ്മാതിരി കന്നണ്ണാ… അവാങ്കളെ  പീരിപിടിപ്പിക്കറുതുക്കുതാനല്ലവാ…”

ഗണപതിതാത്തായും, ദൊരൈസ്വാമി അച്ഛച്ഛനും മരിച്ചതിനു ശേഷം മക്കള്‍ ശാരദക്കാളെ ബോംബയിലെക്ക് കൊണ്ടുപോയി. അതിനകം അവരെല്ലാവരും ജോലിയായി ബോംബയിലെക്ക് പോയിരുന്നു. ഞങ്ങളെ വളരെയധികം വേദനിപ്പിച്ച ഒരു സംഭവം ആയിരുന്നു അത്. ഇനിയെന്നാണ് കാണുക എന്ന ചിന്ത മാത്രം ബാക്കിയായി. സീതാമന്ദിരം പിന്നീട് പല കൈകള്‍ മറിഞ്ഞു. ഇന്നവിടെ സിനിമാതാരം ടോവിനോ തോമസ്സിന്റെ വീടാണ്.

വര്‍ഷങ്ങള്‍ക്കുശേഷം ഒട്ടും പ്രതീക്ഷിക്കാതെ ശാരദക്കാളുടെ കൂടെ മൂന്നുനാലു ദിവസം താമസ്സിക്കാനുള്ള ഭാഗ്യം ഞങ്ങള്‍ക്കുണ്ടായി. ടാന്‍സാനിയായില്‍ നിന്നുള്ള ഒരു മടക്കയാത്രയില്‍ വിമാനം ബോംബെയില്‍ വൈകി എത്തിയതുകൊണ്ട് കൊച്ചിക്കുള്ള വിമാനം പോയ്‌ക്കഴിഞ്ഞിരുന്നു. നാലു ദിവസം കഴിഞ്ഞേ ഞങ്ങള്‍ നാലുപേര്‍ക്കും, അതായത് അമ്മയും ഞങ്ങള്‍ മൂന്നുപേരും, ഒരുമിച്ചു പോകണമെങ്കില്‍ ടിക്കറ്റുള്ളൂ. “ഉര്‍വശീശാപം ഉപകാരം” എന്നു പറഞ്ഞപോലെ, ശാരദക്കാളെക്കാണാനും സ്‌നേഹലാളനങ്ങള്‍ അനുഭവിക്കാനും ഞങ്ങള്‍ക്ക് ഭാഗ്യം ഉണ്ടായി. അതോടൊപ്പം ശാരദക്കാളുടെ ദോശയും, ഇഡ്ഡലിയും, എല്ലാത്തിനും ഉപരി “സ്‌നേഹം കാച്ചിക്കുറുക്കിയ ഡിക്കാഷന്‍” വീണ്ടും പലവട്ടം കഴിക്കാനുള്ള അവസരവും… പിന്നീടൊരിക്കലും ശാരദക്കാളെ നേരില്‍ക്കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. “സ്‌നേഹമാണഖിലസാരമീയൂഴിയില്‍…” എന്ന് എന്നെപ്പഠിപ്പിച്ച സ്‌നേഹസ്വരൂപിണി ആയിരുന്ന ഒരു മാലാഖയാണ് ശാരദക്കാള്‍. ആ ഓര്‍മ്മകള്‍ക്കുമുമ്പില്‍ ശിരസ്സു നമിക്കുന്നു… പ്രണാമം.

2 Comments
  1. കുറുമാൻ 2 years ago

    പതിവുപോലെ തന്നെ മനോഹരമായെഴുതിയിരിക്കുന്നു മനോജേട്ടാ. ശാരദക്കാളുടെ ഡിക്കോഷൻ കാപ്പിയും, പൂപോലെയുള്ള ഇഡ്ഡലിയും, (ശീലയിൽ ഒഴിച്ചുണ്ടാക്കുന്ന ഇഡ്ഡലിയൊക്കെ ഇപ്പോ ചരിത്രമായി), നിരത്തി വച്ച ദോശയും, മുകളിൽ ഒഴിക്കുന്ന ചട്നിയും (ചുമന്ന ടൈപ്പാണെന്ന് മനസ്സ് പറയുന്നു), മുറുക്കും, പരിപ്പുവടയും ഒക്കെ കണ്മുന്നിൽ കാണാൻ തരപെട്ടു. എത്രയോ തവണ സൈക്കിളിൽ സീതാ മന്ദിരത്തിനു മുന്നിൽ കൂടെ പോയിരിക്കുന്നു.

    ശാരദക്കാളുടെ ഈ ഓർമ്മക്ക് മുന്നിൽ എന്റെയും പ്രണാമം.

  2. Mani 2 years ago

    രുചിയേറുന്ന ഓർമ്മക്കുറിപ്പ് !!

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account