എല്ലാ കാര്യങ്ങളിലുമെന്നപോലെ ശാസ്‌ത്രീയതയുടേയും ശാസ്‌ത്ര ബോധത്തിന്റേയും കാര്യത്തിലും നാം അതിവേഗം പിന്നാക്കം നടക്കുകയാണ്. അന്ധവിശ്വാസങ്ങളിലും ദുരാചാരങ്ങളിലും മുങ്ങിപ്പോയിരുന്ന സമൂഹത്തെ പുരോഗതിയുടേയും മാനവികതയുടേയും പന്ഥാവിലേക്ക് കൈപിടിച്ചു നയിച്ചത് ശാസ്‌ത്രാവബോധത്തിന്റെ പ്രചാരകരും ശാസ്‌ത്രീയതയുടെ വക്‌താക്കളുമാണ്. പക്ഷേ അവരൊക്കെ ഇപ്പോൾ നിശ്ശബ്‌ദരാക്കപ്പെട്ടിരിക്കുന്നു. ശാസ്‌ത്രപഠനത്തിന് ഏറ്റവും കൂടിയ പരിഗണന കിട്ടുന്ന കാലത്താണ് ശാസ്‌ത്രീയത നിരാകരിക്കപ്പെടുന്നത് എന്നതാണ് വിചിത്രം.

റോക്കറ്റ് വിക്ഷേപിക്കാൻ കൊണ്ടു പോകുന്ന വാഹനത്തിന് മുന്നിൽ പൂജ നടത്തുന്നത് മുതൽ അതേ ബഹിരാകാശ വാഹനത്തിന്റെ ചെറു മാതൃക ക്ഷേത്രത്തിൽ കൊണ്ടു പോയി പൂജിക്കുന്നത് വരെയുള്ള വിഡ്ഢിത്തങ്ങൾ ഒരു ഭാഗത്ത് നടക്കുമ്പോൾ ശാസ്‌ത്രത്തെ തന്നെ പുനർനിർവചിക്കാനുള്ള രാഷ്‌ട്രീയ ശ്രമങ്ങൾ മറുവശത്ത് നടക്കുന്നു.

മഹാഭാരത കാലത്ത് ഇന്റർനെറ്റ് ഉണ്ടായിരുന്നു എന്നും നാരദൻ അക്കാലത്തെ ഗൂഗിളായിരുന്നു എന്നുമൊക്കെ പറയുന്ന പമ്പര വിഡ്ഡിത്തങ്ങൾ അങ്ങനെ വെറുതെ പറയുന്നതൊന്നുമല്ല. ആൾക്കൂട്ടങ്ങൾക്കു മാത്രം സ്വന്തമായുള്ള വലിയൊരു രാഷ്‌ട്രീയ സാധ്യതയുടെ പ്രയോഗവൽക്കരണമാണ് അത്തരം പ്രചാരണ പ്രവർത്തനങ്ങളുടെ ആത്യന്തിക ഉദ്ദേശ്യം. എല്ലാം പഴയതാണ് ശരി എന്നും പഴമയിലേക്ക് മടങ്ങലാണ് മഹത്തരമെന്നുമുള്ള പ്രചാരണത്തിന് പലപ്പോഴും ശാസ്‌ത്രത്തിന്റെ പിന്തുണയുണ്ടെന്നു പോലും വിശ്വസിക്കുന്നു നമ്മളിപ്പോൾ.

കാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾക്ക് ഒറ്റമൂലി ചികിത്‌സയും മാജിക്കൽ റെമഡിയും സാധ്യമാണ് എന്നു വിശ്വസിക്കാൻ മാത്രം അശാസ്‌ത്രീയരായിപ്പോയിരിക്കുന്നു നമ്മൾ. കൂട്ടപ്രാർഥനകളും ദൈവദാസൻമാരുടെ മാധ്യസ്ഥവും രോഗശാന്തിയുണ്ടാക്കുന്നു എന്നു വിശ്വസിക്കുന്നു എന്ന് സമ്മതിക്കാൻ ഒട്ടും ലജ്ജയില്ലാത്തവരായിരിക്കുന്നു നമ്മൾ. ശാസ്‌ത്രപരീക്ഷ എഴുതാൻ പോകുന്നവർ പേന പൂജിച്ചും മന്ത്രിച്ചൂതിയും വെഞ്ചരിച്ചുമാണല്ലോ ഉപയോഗിക്കുന്നത്. കേരളത്തിൽ വയനാട് ജില്ലയിലെ ഒരു പ്രശസ്‌ത സ്‌കൂൾ കഴിഞ്ഞ വർഷം ബാംഗ്ലൂരിൽ നടന്ന ഒരു ശാസ്‌ത്ര നാടക മത്സരത്തിൽ പങ്കെടുക്കാൻ പോവുന്നതിന് മുമ്പ് അവരുടെ ഫേസ് ബുക്ക് പേജിൽ കുറിച്ചതിങ്ങനെ – ഞങ്ങൾ ശാസ്‌ത്ര നാടക മത്സരത്തിനു പോകുന്നു, എല്ലാവരുടേയും പ്രാർഥനകളുണ്ടാവണം. അതത്രയേയുള്ളൂ.. ശാസ്‌ത്രം പഠിക്കുകയും ശാസ്‌ത്രബോധമില്ലാതിരിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് നമ്മുടേത്.

ഇതിനു മാറ്റമുണ്ടാക്കേണ്ട പുരോഗമന പ്രസ്ഥാനങ്ങളാവട്ടെ മറ്റു പല കാരണങ്ങൾ കൊണ്ട് മൗനം ദീക്ഷിക്കുന്നു. അശാസ്‌ത്രീയതയും മസ്‌തിഷ്‌ക പ്രക്ഷാളനങ്ങളും അരങ്ങു വാഴുമ്പോൾ വ്യക്‌തി സമൂഹ സ്വാതന്ത്ര്യങ്ങളുടെ വ്യാജ ന്യായീകരണങ്ങളുടെ മറവിൽ സ്വന്തം ഉത്തരവാദിത്തം മറന്നു പോവുകയാണ് നമ്മൾ.

ശാസ്‌ത്രത്തെ മതങ്ങൾ തട്ടിയെടുക്കുകയാണ്. എല്ലാ ശാസ്‌ത്രീയ നിലപാടുകൾക്കും മതത്തിൽ ഉദാഹരണങ്ങൾ കണ്ടെത്തുകയും ശാസ്‌ത്രം എന്ന വ്യാജേന മതത്തെ ഒളിച്ചു കടത്തുകയും ചെയ്യുകയാണ്. മിക്കപ്പോഴും ശാസ്‌ത്രം ദൈവത്തെ നിഷേധിക്കുന്നില്ല എന്നൊരു നിഴൽ നിലപാട് സ്വീകരിച്ചാണ് മതങ്ങൾ ഈ ആധിപത്യം നേടിയെടുക്കുന്നത്. മെഡിക്കൽ എക്‌സിബിഷൻ ഓൺ ഇസ്ലാം എന്നൊരു പ്രദർശനം കണ്ടു ഈയിടെ. മറ്റൊന്നുമില്ല, ഇസ്ലാം ശാസ്‌ത്രീയമാണ് എന്നു സ്ഥാപിക്കാനുള്ള ശ്രമം എന്ന നിലക്ക് ശാസ്‌ത്രത്തെ മതവൽക്കരിക്കുന്നതിനുളള അനവധി ശ്രമങ്ങളിൽ മറ്റൊന്നു കൂടി.

ശാസ്‌ത്രത്തെക്കാൾ മതത്തെയും വിശ്വാസങ്ങളേയും ആചാരങ്ങളേയും അംഗീകരിക്കുന്ന ഒരു സമൂഹമായി നാം അതിവേഗം മാറുകയാണ്. മതംകൊണ്ട് ഉപജീവനം കഴിക്കുന്ന പുരോഹിത സമൂഹവും മതം കൊണ്ട് അധികാരം നിലനിർത്തുന്ന ഭരണവർഗവും കൂടി നമ്മെ നാശത്തിന്റെ പാതയിലേക്ക് നയിച്ചു കൊണ്ടിരിക്കുകയാണ്. ശാസ്‌ത്രബോധമില്ലാതെയാവുന്ന ഒരു തലമുറ രൂപപ്പെട്ടു കഴിഞ്ഞു എന്നത് നഗ്‌ന യാഥാർഥ്യമാണ്. അതുകൊണ്ടുതന്നെ ശാസ്‌ത്രീയതയുടെ പ്രചരണത്തിനുള്ള പരിപാടികൾ ഇനിയും വൈകിക്കൂടാ..

-മനോജ് വീട്ടിക്കാട്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account