ഓരോ കഥയ്ക്കു മുന്നിലും പിന്നിലും എത്രയെത്ര കഥകളുണ്ടാകും? കഥയെഴുതാൻ കാരണമായവയിൽ തുടങ്ങി ആ കഥമൂലമുണ്ടാകുന്ന സംഭവങ്ങൾ വരെ. സിനിമകളുടെ കാര്യത്തിലും അതങ്ങനെ തന്നെ. ജീവിത കഥകളാകാം ചിലപ്പോൾ സിനിമയാകുന്നത്. അതല്ല, ഒരു സിനിമ ഒരാളുടെ ജീവിതത്തെ മാറ്റിമറിച്ചതുമാകാം. സിനിമയുമായി ചേർന്നു നിന്നു പ്രവർത്തിച്ചവർക്കും കാഴ്‌ചക്കാർക്കും ഉൾപ്പടെ ആർക്കുമാകാം ഒരു സിനിമ കാരണം ജീവിതത്തിൽ വഴിത്തിരിവ് ഉണ്ടാകുന്നത്. മറിച്ച്, ഇതിലാരുടേയെങ്കിലും ജീവിതത്തിലെ ഒരേട് ചേർത്ത് ഉണ്ടാക്കിയതുമാകാം സിനിമ.

രബീന്ദ്രനാഥ ടാഗോറിന്റെ നഷ്‌ടനീർ എന്ന നോവലിൽ നായികയായ ചാരുലതയോട് അടുക്കുന്ന അമൽ യുവാവായ ടാഗോർ തന്നെയാണ് എന്നാണ് പറയപ്പെടുന്നത്. അമൽ പഠനാവശ്യങ്ങൾക്കായി കൊൽക്കത്തയിൽ വല്യച്ഛന്റെ മകൻ ഭൂപതിയോടൊപ്പം താമസിക്കുമ്പോഴാണ് അങ്ങനെയൊരു ബന്ധം ഉടലെടുക്കുന്നത്. ഭൂപതിയുടെ ഭാര്യയാണ് ചാരുലത.

നഷ്‌ടനീർ ചാരുലത എന്ന പേരിൽ സിനിമയായപ്പോൾ ചാരുലതയായത് മാധവി മുഖർജി. സത്യജിത് റേ മാധവിയെ നായികയാക്കി ചെയ്‌ത രണ്ടാമത്തെ ചിത്രമാണ് ചാരുലത. മഹാനഗർ ആണ് അവർ ഒന്നിച്ച ആദ്യ ചിത്രം. മൃണാൾ സെന്നിന്റെ ചിത്രങ്ങളിലെയൊക്കെ മികച്ച അഭിനയം കണ്ടാണ് സത്യജിത് റേ അവരെ തന്റെ സിനിമയിലേക്ക് ക്ഷണിച്ചത്. മാധവി മുഖർജിക്കാകട്ടെ ആ ക്ഷണം സ്വീകരിക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടത് പോലുമില്ലായിരുന്നു. പഥേർ പാഞ്ചാലിയുടേയും അപരാജിതോയുടേയും അപു സൻസാറിന്റേയും സംവിധായകൻ വിളിക്കുമ്പോൾ മറ്റെന്ത് ആലോചിക്കാൻ!

മഹാനഗറിന്റെ ചിത്രീകരണ വേളയിൽത്തന്നെ റേയിൽ ആകൃഷ്‌ടയായി തീർന്നിരുന്നു മാധവി. പക്ഷേ അദ്ദേഹത്തിൽ നിന്ന് തിരിച്ച് അത്തരം കരുതലും പ്രണയവും അവരിലേക്ക് എത്തിയത് ചാരുലതയുടെ ചിത്രീകരണ കാലത്താണ്.

ചാരുലതയായി അനായാസം പരകായപ്രവേശം ചെയ്‌ത മാധവിയുടെ അഭിനയം എക്കാലത്തേയും നല്ല ഒരു കഥാപാത്രത്തെയാണ് ഇന്ത്യൻ സിനിമയ്ക്ക് നൽകിയത്. സിനിമയിൽ ഏറ്റവും നന്നായി അഭിനയിക്കുമ്പോൾത്തന്നെ ജീവിതത്തിൽ ഒട്ടുമേ അഭിനയമില്ലാത്ത ഒരു ബന്ധം ക്യാമറയ്ക്ക് പിന്നിൽ പൂവിടുകയായിരുന്നു.

ചില ബന്ധങ്ങൾ ന്യായീകരിക്കപ്പെടുന്നതു തന്നെ അത് പരസ്‌പരം ഏറ്റവും മികച്ചതിനെ പുറത്തെടുക്കാനുള്ള ചേർന്നു നിൽപ്പാകുമ്പോഴാണ്. അത്തരത്തിലൊന്നു തന്നെ ആയിരുന്നു ആ ബന്ധമെന്ന് സത്യജിത് റേ പറഞ്ഞിട്ടുമുണ്ട്. തനിക്ക് കിട്ടണമെന്നാഗ്രഹിച്ച ശ്രദ്ധയും പ്രണയവും ഭാര്യ മോങ്കുവിന്റെ ഇടയ്ക്കുള്ള നിസ്സംഗതയിൽ നഷ്‌ടപ്പെടുന്നു എന്ന് തോന്നിയിരുന്ന കാലമായിരുന്നു റേയ്ക്ക് അത്. മാധവിയിൽ നിന്ന് കരുതലും പ്രോത്‌സാഹനവും റേയ്ക്കും അവരാഗ്രഹിച്ചതിലും ഗംഭീര കഥാപാത്രങ്ങൾ മാധവിക്കും ലഭിച്ചു. സിനിമയുടെ ലോകത്തെ പരസ്‌പര പൂരകങ്ങളായ മനസുകളാകുകയായിരുന്നു അവരിരുവരും. സത്യജിത് റേയുടെ ജീവിത മദ്ധ്യാഹ്നത്തിലെ, വളരെ സന്തോഷകരമായ ഒരിടപെടൽ ആയിരുന്നു മാധവിയുമായി ഉണ്ടായിരുന്നത്. റേയും മോങ്കുവും നാൽപ്പതുകളിലെത്തിയിരുന്നു. മോങ്കുവിന്റെ നിസ്സംഗത സ്വാഭാവികമായിരുന്നു.  റേയ്ക്ക് അത് വീണ്ടും വസന്തം തേടുന്ന കാലവും. ഇരുപതുകളുടെ തുടക്കത്തിലെത്തിയിട്ടേ ഉണ്ടായിരുന്നള്ളൂ  മാധവി. പൂക്കാൻ ആഗ്രഹിക്കുന്ന ചില്ലക്ക് പ്രണയവസന്തമേകാൻ അവർക്കായി എന്നു വേണം കരുതാൻ.

ജീവിതത്തിൽ ചില കാര്യങ്ങൾ മനസ്സില്ലാ മനസോടെ ഉപേക്ഷിക്കേണ്ടി വരാറുണ്ട്.  ആ തീരുമാനം മാറ്റിമറിച്ചു കൊണ്ട് വീണ്ടും ഒഴിവാക്കിയതിനെത്തന്നെ തേടിച്ചെല്ലേണ്ടി വരാറുമുണ്ട്. അങ്ങനെ ചാരുലതയ്ക്കു ശേഷം ‘കാപുരുഷി’ലും മാധവി നായികയായി.

പക്ഷേ റേയെ അവർ സ്വന്തമായിക്കാണുന്നു എന്നതുകൊണ്ട് അവർക്ക് റോൾ കൊടുക്കുക എന്നത് ബാധ്യതയാകുന്നത് അദ്ദേഹത്തിന്റെ പ്രവർത്തന രീതികൾക്ക് നിരക്കാത്തതായിരുന്നു. കാര്യങ്ങൾ ആ വിധം നീങ്ങുന്നു, അവരത് പ്രതീക്ഷിക്കുന്നു എന്നു വന്നപ്പോൾ  ആ ബന്ധത്തേപ്പറ്റി വീണ്ടുവിചാരത്തോടെ ചിന്തിച്ചേ മതിയാകൂ എന്നദ്ദേഹം തിരിച്ചറിഞ്ഞു.

ചില ബന്ധങ്ങൾ അൽപ്പായുസ്സാണ്.  ജീവിത യാഥാർത്ഥ്യങ്ങളെ അങ്ങനെത്തന്നെ സ്വീകരിക്കാനുള്ള പക്വത ഒരാൾക്കായി എന്നതും വളരെ സ്‌നേഹം ഉളളിലുള്ള മറുപാതിയായി മോങ്കു ഉണ്ടായിരുന്നതും ഈ ബന്ധത്തിന്റെ ആയുസ്സ് കുറച്ചു.

ഒൻപത് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് എതിർപ്പുകൾ അവഗണിച്ച് റേ മോങ്കു എന്ന ഓമനപ്പേരിൽ വിളിച്ചിരുന്ന ബിജോയയെ വിവാഹം കഴിച്ചത്. ‘ഇനിയൊരു ജീവിതമുണ്ടെങ്കിൽ അത് മോങ്കുവുമായിട്ട് മാത്രം. അല്ലെങ്കിൽ ഈ ജീവിതത്തിൽ എനിക്കൊരു സ്‌ത്രീയുണ്ടാവുകയില്ല’ എന്ന ശക്‌തമായ നിലപാടിൽ നിന്നാണ് റേ തന്നേക്കാൾ പ്രായത്തിൽ മുതിർന്ന മോങ്കുവിനെ വിവാഹം കഴിച്ചത്. ആ നിലപാടിനെതിരായി ചെയ്യുന്നതെന്തും മോങ്കുവിനോടുള്ള വഞ്ചനയാകും എന്ന വീണ്ടു വിചാരം അദ്ദേഹത്തെ മാധവിയിൽ നിന്നും അകറ്റി. കുടുംബ ഭദ്രത തകർത്തും, എന്നും താങ്ങായ ഭാര്യയെ വേദനിപ്പിച്ചും ഒരു ബന്ധം കാത്തു സൂക്ഷിക്കാൻ തനിക്കാകില്ല എന്ന് സൂചന നൽകി അദ്ദേഹം മാധവിയിൽ നിന്ന് അകന്നു. ആ തിരിഞ്ഞു നടപ്പിലും അവർ പരസ്‌പരം ഏറെ ബഹുമാനിച്ചിരുന്നു. പിന്നീടെന്നും മാധവിയും അദ്ദേഹത്തോട് ആ അകലം സൂക്ഷിച്ചു.

ഹൃദയത്തിൽ ഇടം നേടിയവർ പിന്നീട് അകന്നു പോയാലും അവർക്കായി ഇത്തിരിയിടം എന്നുമവിടെ ബാക്കിയുണ്ടാകും. പക്ഷേ അവിടെയിരുന്ന് ചിന്തകളേയും പ്രവൃത്തികളേയും ബന്ധങ്ങളേയും നിയന്ത്രിക്കാൻ പിന്നീടവർക്കാകില്ല. പരസ്‌പര ബഹുമാനം ഉള്ളപ്പോൾത്തന്നെ സമാന്തരമായി ഒഴുകുന്ന രണ്ട് വ്യത്യസ്‌ത പുഴകളായിരിക്കും അവർ. ജീവിതമൊഴുകിത്തീരുമ്പോൾ ഒരേ കടലിൽ ലയിക്കേണ്ടവർ.

– വിനീത പ്രഭാകർ പാട്ടീൽ

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account