തൃശ്ശൂർ പട്ടണത്തെ, പൂരത്തെ, പൂരത്തിന്റെ സ്പിരിറ്റിനെ ഇത്ര ഗംഭീരമായി പകർത്താനും പ്രേക്ഷകരെ അനുഭവിപ്പിക്കാനും ഇന്നോളം ഒരു മലയാളസിനിമക്കും കഴിഞ്ഞിട്ടില്ല എന്നാണ് ‘സവാരി’ വെറും പത്തോ പന്ത്രണ്ടോ പേരോടൊപ്പം കണ്ടുകൊണ്ടിരിക്കുമ്പോൾ മനസ്സിൽ കുറിച്ചത്. എത്ര സംവിധായകർ വന്നു പോയി! അശോക് നായർ എന്ന സംവിധായകാ, അതിൻ്റെ പേരിലാവട്ടെ എൻ്റെ ആദ്യത്തെ അഭിവാദ്യങ്ങൾ.
സുഹൃത്ത് റോബിനാണ് (മീഡിയാ വൺ) ‘സവാരി’ കാണുന്നില്ലേ എന്ന് ചോദിച്ചത്. സത്യത്തിൽ അപ്പോഴാണ് ആ സിനിമയേക്കുറിച്ചു കേൾക്കുന്നത് തന്നെ! വൈകുന്നേരം നന്ദേട്ടൻ വിളിച്ചപ്പോഴും ഈ സിനിമ കാണണമെന്ന് പറഞ്ഞു. അങ്ങനെയാണ് (‘ഭയാനകം’ രാത്രി ഷോ ഇല്ലാത്തത് കൊണ്ടും) കൈരളിയിൽ സെക്കന്റ് ഷോ മാത്രം കളിക്കുന്ന “സവാരി” എന്ന സിനിമ കാണുന്നത്. തിയേറ്ററിലെ പോസ്റ്ററിൽ സൂരാജ് വെഞ്ഞാറമൂടിനെ കണ്ടു. സംവിധാനം ഏതോ ഒരു ‘അശോക് നായർ’.
(മുൻപ് ഷാനവാസ് നരണിപ്പുഴയുടെ ‘കരി’ ഇത് പോലെ ഒരു സുഹൃത്ത് പറഞ്ഞത് കേട്ട് കണ്ടിട്ടുണ്ട്. മലയാള സിനിമയുടെ എല്ലാ മേലാടകളും ഊരിയെറിഞ്ഞ ഗംഭീര സിനിമയായിരുന്നു അത്. ദളിത് രാഷ്ട്രീയം ശക്തമായി അവതരിപ്പിച്ച ഒരു അതുല്യ സിനിമ!)
തൃശൂർ പൂരത്തിന്റെ താളവും ഹരവും പകരുന്ന ടൈറ്റിൽ സോങ് (രചനയും സംഗീതവും ജസ്റ്റിൻ കാളിദാസ്, പാടിയത് ഫ്രാങ്കോ) തീരുമ്പോൾ വെളുക്കും മുൻപേ ഉണർന്നെണീക്കുന്ന സുരാജിന്റെ ഡീറ്റൈൽഡ് ദൃശ്യങ്ങളിലാണ് സിനിമ ആരംഭിക്കുന്നത്. പശ്ചാത്തലത്തിൽ ഹമ്മിങ് ഉൾപ്പെടെ സംഗീതമൊഴുകുന്നു. പശ്ചാത്തല സംഗീതവും അതീവ റിയലിസ്റ്റിക്കായ ദൃശ്യങ്ങളും തമ്മിലുള്ള പൊരുത്തക്കേട് തുടക്കത്തിൽ കല്ലുകടിയായി.
എന്നാൽ പിന്നീടങ്ങോട്ട് പശ്ചാത്തല സംഗീതവും ദൃശ്യങ്ങളും അത്ഭുതകരമാം വിധം ലയിച്ച് സിനിമ ചടുലതയോടെ മുന്നോട്ടു പോയി. സിനിമ കഴിഞ്ഞിട്ടാണ് സംഗീത സംവിധായകൻ ശരത് ആണെന്നറിയുന്നത്. സിനിമയോട് പശ്ചാത്തല സംഗീതം ഇത്രത്തോളം നീതി പുലർത്തുന്നത് അടുത്ത കാലത്ത് കണ്ടിട്ടില്ല.
സുരാജ് വെഞ്ഞാറമൂടിൻ്റെ ഭിന്നശേഷിക്കാരനായ കഥാപാത്രത്തെ എല്ലാവരും വിളിക്കുന്ന പേരാണ് സവാരി. തൻ്റെ എല്ലാമെല്ലാമായ സൈക്കിളിൽ സവാരി എത്തിച്ചേരുന്ന ഇടങ്ങളും വ്യക്തികളുമാണ് സിനിമ. സവാരി എന്ന ഏക നായകനെ പൂർണമായും ഫോക്കസ് ചെയ്യുമ്പോൾ തന്നെ വന്നു പോകുന്ന ഓരോ കഥാപാത്രത്തെയും മിഴിവോടെ അവതരിപ്പിച്ചിരിക്കുന്നു സംവിധായകൻ. അരികിലും മൂലയിലുമായി ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ പോലും ശ്രദ്ധിക്കപ്പെടാറുള്ള നടനാണ് ചെമ്പിൽ അശോകൻ. അദ്ദേഹത്തിൻ്റെ ഞാൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച വേഷമാണ് ഈ സിനിമയിലെ തട്ടുകടക്കാരനായ വർഗീസ്. പ്രവീണയുടെ ടീച്ചറും, ശരണിൻ്റെ പൂക്കാരൻ അശോകനും, സുനിൽ സുഖദയുടെ ജോബും, വി.കെ. ബൈജുവിൻ്റെ സബ് ഇൻസ്പെക്റ്ററും, മണികണ്ഠൻ പട്ടാമ്പിയുടെ പോക്കറ്റടിക്കാരനും എന്നും മനസ്സിൽ നിൽക്കുന്ന, വളരെ സ്വാഭാവികതയുള്ള കഥാപാത്രങ്ങളാണ്.
തൃശ്ശൂർ പൂരത്തിന്റെ യഥാർത്ഥ ദൃശ്യങ്ങളാണ് സിനിമയെ വിസ്മയിപ്പിക്കുന്ന ഒരനുഭവമാക്കി മാറ്റുന്നത്. മുൻപൊരിക്കലുമില്ലാത്ത വിധം പൂരത്തെ അനുഭവിപ്പിക്കാൻ ഈ സിനിമക്ക് കഴിയുന്നു. ഒരുക്കങ്ങളും, പൂരക്കമ്പക്കാരും, രണ്ടു കമ്മറ്റിക്കാരും കൂടി പൂരക്കാലത്തെ കൃത്യമായി വരച്ചിടുന്നു. ഒറിജിനൽ ആൾക്കൂട്ടവും, വെടിക്കെട്ടും ഇലഞ്ഞിത്തറമേളവും കുടമാറ്റവുമൊക്കെ ചിത്രീകരിച്ചത് പിന്നീട് (മുൻപും ആവാം) ഷൂട്ട് ചെയ്ത ദൃശ്യങ്ങളുമായി മനോഹരമായി സമന്വയിപ്പിച്ചിരിക്കുന്നു. (പ്രിജിത്തിന്റെ കാമറയും ജിതിൻ. സി.കെ.യുടെ എഡിറ്റിംഗും).
തിരുവമ്പാടിക്കാരുടെയും പാറമേക്കാവുകാരുടെയും പ്രസിഡണ്ടുമാരായി ജയരാജ് വാര്യരുടെ വേണു മേൻനും ശിവജിയുടെ ഉണ്ണിമാഷും വാശിയോടെ മത്സരിക്കുന്നത് രസകരമാണ്. എതിർപക്ഷത്തെ തോൽപ്പിക്കുന്നതിലുപരി തങ്ങൾക്കു ജയിക്കാനാണ് മത്സരമെന്ന്, സഹജമായ അൽപ്പത്തരങ്ങൾക്കിടയിലും തിരിച്ചറിവുള്ള മനുഷ്യരുടെ മത്സരം! ഇരുവരുടെയും സംഘാംഗങ്ങളും (നന്ദകിഷോറും മറ്റും) കലക്കി. ഓരോരുത്തരും വ്യത്യസ്തരായി. എല്ലാവരും കൂടെ ‘തൃശൂർ പൂരം’ അതിന്റെ എല്ലാ സ്പിരിറ്റോടും കൂടി പ്രേക്ഷകരിലെത്തിക്കുന്നു.
സവാരി സൈക്കിളുരുട്ടി പോകുന്ന വഴികൾ തൃശൂരിനെ കൃത്യമായി അടയാളപ്പെടുത്തുന്നു. തെരുവുകൾ, റോഡുകൾ, ഇടവഴികൾ, വ്യത്യസ്ത വഴിയോരങ്ങളിലെ വ്യത്യസ്ത നിലവാരത്തിലുള്ള വീടുകൾ, റൌണ്ട്, പൂരപ്പറമ്പുകൾ, പണക്കാരന്റെയും പിച്ചക്കാരൻ്റെയും അതിനിടയിലുള്ള അനേകം പേരുടെയും ജീവിതം എന്നിങ്ങനെ ഇതൊരു പരിപൂർണ്ണ തൃശൂർ അനുഭവമാകുന്നു.
ഈ കഥാപാത്രങ്ങളെയും ഇടങ്ങളെയും കഥയിൽ കൊരുത്തെടുത്ത് ഹൃദ്യവും അപ്രതീക്ഷിതവുമായ ഒരു ക്ലൈമാക്സിലേക്ക് നയിക്കുന്നിടത്ത് സംവിധായകനിലെ തിരക്കഥാകൃത്ത് ജാഗ്രത പുലർത്തിയിരിക്കുന്നത് കാണാം.
തികച്ചും നന്മയുടെ പക്ഷത്തു നിന്ന്, മനുഷ്യരുടെ രാഷ്ട്രീയം ലളിതമായി പറയുന്ന ഒരു സിനിമയാണ് സവാരിയെന്ന് ചുരുക്കിപ്പറയാം. നല്ല സിനിമയെന്നാൽ എന്തെന്ന് അഭിനേതാക്കളുടെയോ സംവിധായകന്റെയോ താരമൂല്യം നോക്കാതെ പ്രേക്ഷകർ വിലയിരുത്തുന്ന ഒരു കാലത്തേ ഇത്തരം സിനിമകൾക്ക് മുടക്കുമുതൽ തിരിച്ചു കിട്ടൂ എന്നതാണ് ദുഃഖസത്യം. ഓപ്പൺഡ് ഐസ് ക്രിയേഷൻസും റോയൽ വിഷനും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. അതിനു പിന്നിലെ പേരറിയാത്ത മനുഷ്യരും സംവിധായകനും ഒഴിഞ്ഞ തിയേറ്ററുകൾ കണ്ട് നല്ല സിനിമയുടെ വഴികൾ ഉപേക്ഷിച്ചു പോയില്ലെങ്കിലേ അത്ഭുതമുള്ളൂ .
പിൻകുറിപ്പ്: സംവിധായകൻ അശോക് നായർ കണ്ടിരിക്കാനിടയില്ലാത്ത ‘പൂമ്പാറ്റകളുടെ പള്ളിക്കൂടം’ എന്ന ഡോക്യൂമെന്ററിയെ ഓർക്കാതെ ഈ കുറിപ്പ് പൂർത്തിയാകില്ല. (മികച്ച ഡോക്യൂമെന്ററിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയ ചിത്രം. സംവിധാനം ബൈജുരാജ്)
– ഉമേഷ് വള്ളിക്കുന്ന്