പ്രായോഗിക രാഷ്‌ട്രീയത്തിന്റെ വക്‌താക്കളായ വർത്തമാനകാല ഭരണകൂടങ്ങൾക്ക് ജനങ്ങൾ മിക്കപ്പോഴും അപ്രധാന ഘടകങ്ങളാണ്. പ്രത്യേകിച്ച് കൂട്ടമായി നിയന്ത്രിക്കാനോ സ്വാധീനിക്കാനോ കഴിയാത്ത നാമമാത്ര ന്യൂനപക്ഷങ്ങളോട് ഒരു ഭരണകൂടത്തിനും യാതൊരു താൽപര്യവുമില്ല എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ആലപ്പാട് കടപ്പുറത്ത് നടക്കുന്ന നിരാഹാര സമരത്തോടും പ്രതിഷേധങ്ങളോടും കേരളത്തിലെ മുഖ്യധാരാ രാഷ്‌ട്രീയ കക്ഷികൾ പുലർത്തുന്ന ചിറ്റമ്മനയം.

ആലപ്പാട്ടെ ജനങ്ങൾ നടത്തുന്നത്  അതിജീവനത്തിനുള്ള അവസാനത്തെ പോരാട്ടമാണ്. സാമ്പത്തിക വാണിജ്യ താൽപര്യങ്ങൾ ഒന്നിച്ചു നിന്ന് ഒരു നാടിനെത്തന്നെ ഇല്ലാതാക്കുന്നതിനെതിരെയുള്ള ചെറുത്തു നിൽപാണ്. 89 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുണ്ടായിരുന്ന ഈ പ്രദേശത്ത് ഇപ്പോൾ അവശേഷിക്കുന്നത് 9 ചതുരശ്ര കിലോമീറ്റർ കരഭൂമി മാത്രം. കടലിനും കായലിനും ഇടയിൽ കിടക്കുന്ന മനോഹരമായിരുന്ന ഈ ആവാസകേന്ദ്രം കടലിനടിയിലാവാൻ ഇനി അധിക നാളുകൾ വേണ്ട എന്നർഥം.

ചവറ മുതൽ കായംകുളം വരെയുള്ള തീരദേശത്ത് ഇൽമനൈറ്റ്, മോണോസൈറ്റ് തുടങ്ങിയ ആണവ മൂലകങ്ങൾ വൻതോതിൽ അടങ്ങിയിട്ടുള്ള  ധാതുമണലിന്റെ നിക്ഷേപം 1925 ലാണ് തിരിച്ചറിയപ്പെടുന്നത്. ബ്രിട്ടീഷുകാരും തുടർന്ന് പല സ്വകാര്യ കമ്പനികളും പിന്നീട് 1955 ൽ ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ് എന്ന പൊതുമേഖലാ കമ്പനി സ്ഥാപിച്ച് സർക്കാരും തീരദേശത്തെ വിവേകശൂന്യമായി മാന്തിയെടുത്തു. ഇപ്പോൾ അവശേഷിക്കുന്ന പത്തു ശതമാനം കരയെങ്കിലും ബാക്കി വേണമെന്നാണ് ആലപ്പാടിന്റെ ആവശ്യം.

വർഷങ്ങളായി സമരത്തിന്റെ പാതയിലാണ് ആലപ്പാട്. കോടിക്കണക്കിന് രൂപയുടെ കരിമണൽ ഖനനവും വിൽപനയും  അത്യന്തം വാണിജ്യ പ്രാധാന്യമുള്ള ഘടകമാണ്. അതിലുപരി ആണവ മൂലകങ്ങൾ വേർതിരിച്ചെടുക്കാൻ സാധിക്കുന്ന ധാതുമണലിന്റെ  സുരക്ഷിതമായ കൈകാര്യം ചെയ്യൽ ഭരണകൂടങ്ങളെ സംബന്ധിച്ച് രാജ്യസുരക്ഷയെക്കൂടി ബാധിക്കുന്ന പ്രശ്‌നമാണ്. അതു തന്നെയാണ് വിഷയത്തിൽ ഇടപെടാതെ വിട്ടു നിൽക്കാൻ സംസ്ഥാന സർക്കാരിനേയും കേന്ദ്ര സർക്കാരിനേയും പ്രേരിപ്പിക്കുന്ന വസ്‌തുത. പക്ഷേ സ്വന്തം കാൽക്കീഴിലെ മണ്ണ് മാന്തിയെടുത്തു കൊണ്ടുപോകുന്നതിനെതിരെ ഒരു ജനത പ്രതിഷേധിക്കുമ്പോൾ, രക്ഷിക്കണേ എന്ന് നിലവിളിക്കുമ്പോൾ, അതിനോട് കണ്ണടക്കുന്നത് തീർത്തും മനുഷ്യത്വ രാഹിത്യവും ജനാധിപത്യവിരുദ്ധവുമാണ്. ചെങ്ങറയിലും വൈപ്പിനിലും പിന്തുടർന്ന അതേ നയം തന്നെയാണ് ആലപ്പാടിന്റെ കാര്യത്തിലും നമ്മുടെ ഭരണകൂടങ്ങൾ പിന്തുടരുന്നത് എന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു.

കഴിഞ്ഞ സുനാമി ഏറ്റവും കൂടുതൽ ബാധിച്ചത് ആലപ്പാടിനെയായിരുന്നു. 7500 ലധികം കുടുംബങ്ങളെ അന്ന് മാറ്റിപ്പാർപ്പിക്കേണ്ടി വന്നു. ഇപ്പോൾ സ്ഥിതി അതിലും ഗുരുതരമാണ്. സാധാരണയിൽ കൂടുതൽ ശേഷിയുള്ള തിരമാലകൾക്കുപോലും തകർക്കാൻ കഴിയുന്ന അത്ര ദുർബലമാണ് ആലപ്പാട് ഇന്ന്.  ഖനനം തുടങ്ങുന്നതിനു മുമ്പ് മൂന്നര കിലോമീറ്ററായിരുന്നു കടലും കായലും വേർതിരിക്കുന്ന കരയുടെ വീതി. എന്നാൽ ഇപ്പോഴത് പലയിടത്തും 90 മീറ്ററാണ് എന്നറിയുമ്പോഴാണ് ദുരന്തത്തിന്റെ തീവ്രത മനസിലാവുക.

ആ കരയിൽ ജീവിക്കുന്ന പാവപ്പെട്ട മനുഷ്യർ നമ്മുടെ സഹോദരങ്ങളാണ്. സ്വന്തം വീടിനു ചുവട്ടിൽ കരിമണലാണ് എന്ന ഒരൊറ്റ കാരണം കൊണ്ട് ജീവിതത്തിൽ നിന്ന് ആട്ടിയോടിക്കപ്പെടേണ്ടവരല്ല അവർ. അവരെ രക്ഷിക്കാനും അവരുടെ മണ്ണ് അവരുടേത് തന്നെയാണ് എന്നുറപ്പിക്കാനും കേന്ദ്ര സംസ്ഥാന ഗവർമെൻറുകൾ അടിയന്തിരമായി ഇടപെട്ടേ മതിയാകൂ. ലാഭമല്ല, വ്യവസായമല്ല, മനുഷ്യനാണ് വലുത്. 80 ലധികം കൊല്ലമായി തുടരുന്ന ധാതു മണൽ ഖനനം നിർത്താനും ആലപ്പാട് ഉൾപ്പെടെ തീരദേശത്തെ ജീവിതങ്ങൾ സംരക്ഷിക്കാനും അലംഭാവം തുടരുന്നത് മനുഷ്യവർഗ്ഗത്തോട് ചെയ്യുന്ന ക്രൂരമായ കുറ്റകൃത്യമാണ്.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account