ഏറെ വൈവിധ്യങ്ങളൊന്നുമില്ലാതെ ഞാൻ ഞാനായി, സാധാരണക്കാരിൽ സാധാരണക്കാരിയായി യാഥാർത്ഥ്യങ്ങളും സങ്കൽപ്പങ്ങളും ഇടതോർന്ന് മിന്നുകെട്ടി ഞാൻ വരികയാണ്…

ആത്‌മകഥയെന്നല്ല, ആത്‌മാവിൽനിന്ന് ഒഴിഞ്ഞു പോകാൻ വിസമ്മതിക്കുന്നവ. മനക്കോണിൽ എപ്പോഴും ഇടം പിടിച്ചു നിൽക്കുന്ന ചെറുസംഭവങ്ങൾ. അവയ്ക്ക്‌ ജീവൻ നൽകാനുള്ള ശ്രമങ്ങൾ. അത്രമാത്രം. ഞാനെന്റെ ലോകം തുറന്നിടട്ടെ…

രാത്രികാലങ്ങളിൽപോലും ഇരട്ടകളെ പ്രസവിയ്ക്കുന്നത്‌ മഹാസംഭവമാക്കാതിരുന്നിരുന്ന ഒരു കാലം. “എന്തിനിത്ര വ്യാകുലതകൾ ..? അപ്രത്തെ കുട്ട്യേടത്തിയും അയൽപക്കത്തെ നബീസുമ്മയും കുടുംബത്തെ പെണ്ണുങ്ങളൊക്കെ പെറണതും പോറ്റണതുമൊക്കെ ഇരട്ടകളെന്നെയല്ലേ…”എന്ന മനോഭാവം പുലർത്തിയിരുന്നിരുന്ന കാലം.

വീർത്തുകെട്ടിവരുന്ന വയർ അടിവയറിനു താങ്ങാനാവുന്നതിനു മുന്നെതന്നെ ആ വയറൊന്ന് തലോടി സർക്കാർ ആശുപത്രിയിലെ പരിശോധനയ്ക്കിടെ ഡോക്ടർ പറഞ്ഞത്രെ, ” ആഹാ.. കുട്ടിയ്ക്ക്‌ ഒന്നല്ല രണ്ടാളാണെന്നാണു ട്ടൊ അനക്കങ്ങൾ അറിയിക്കണത്‌.. സന്തോഷായിട്ടിരിയ്ക്കൂ.. നല്ല പോലെ വിശ്രമിയ്ക്കൂ..”

‘വേഗം പ്രസവിയ്ക്കുക, വയർ കാലിയാക്കുക’, ഈയൊരു വിചാരംമാത്രം ഊണിലും ഉറക്കിലുമാക്കി വിശ്രമങ്ങളില്ലാതെ ഓടിനടന്ന് കണ്ണിൽക്കണ്ട ജോലികൾ ചെയ്തു നടന്നിരുന്നൊരു ഗർഭിണി. അതായിരുന്നു അമ്മ..! പ്രത്യേകമായ സന്തോഷങ്ങളൊ വിലാപങ്ങളൊ ഇല്ലാതെ പതിവ്‌ ദിനചര്യങ്ങളിൽ തുടങ്ങുകയും അവസാനിയ്ക്കുകയും ചെയ്തിരുന്ന ഗർഭക്കാലം..!

കോട്ടൺസാരികൾ അലക്കിവൃത്തിയാക്കി ചതുരകഷ്ണങ്ങളാക്കി ഇസ്തിരിയിട്ട്‌ പ്ലാസ്റ്റിക്‌ കൂടയിൽ അടുക്കിവെച്ചു തുടങ്ങി. അടിവയറ്റിലെ ഇളക്കങ്ങൾക്കും ചവിട്ടുകൾക്കും ധൃതിഗതിയിലുള്ള പുരോഗമനം കണ്ടുതുടങ്ങി. ഇന്ന്, അല്ലെങ്കിൽ നാളെ, ഇപ്പൊ അല്ലെങ്കിൽ ഇച്ചിരി കഴിഞ്ഞ്‌. കാത്തിരിപ്പുകളല്ലാത്ത, ഒഴിഞ്ഞുപോക്കുകൾക്കായുള്ള നിമിഷങ്ങൾ.

അധികം കാക്കേണ്ടി വന്നില്ല. അമ്മയ്ക്ക്‌ വേദന തുടങ്ങി. അധികം ദൂരെയല്ലാത്ത സർക്കാർ ആശുപത്രിയിലെ പരിചിത മാലാഖമുഖങ്ങളെ നോക്കി കൂട്ടുപിടിയ്ക്കാൻ ആഗ്രഹിച്ച ലേബർ റൂം അന്തരീക്ഷം. കുഞ്ഞ്‌ എങ്ങിനെ ജനിയ്ക്കുന്നുവെന്ന് അറിയുവാനുള്ള ജിജ്‌ഞാസ നാലുവർഷങ്ങൾ മുന്നെതന്നെ അനുഭവിച്ചറിയാവുന്നതുകൊണ്ട്‌ വേദനകളെ അവഗണിച്ച്‌ ഡോക്ടറിന്റെ വരവിനായി ഉത്കണ്ഠയോടെയുള്ള കാത്തുകിടപ്പ്‌.

വേദന മുറുകി. ഡോക്ടറും ഹെഡ്നേഴ്സും ആശുപത്രിമണവും തിങ്ങിമുട്ടിയ്ക്കുന്ന ലേബർ റൂം. ഒരിയ്ക്കൽ മറന്നുവെച്ച പ്രസവവേദനയുടെ ഉയിർത്തെഴുന്നേൽപ്പ്‌.

ഒരു ആൺകുഞ്ഞിന്റെ കരച്ചിൽ കെട്ടു. അമ്മ പുഞ്ചിരിച്ചു. ഡോക്ടർ അമ്മയെ അഭിനന്ദിച്ച്‌ നേഴ്സിനു ആംഗ്യഭാഷയിൽ നിർദ്ദേശം കൊടുത്ത്‌ ലേബർ റൂമിൽനിന്ന് പുറത്തേയ്ക്കിറങ്ങി. ആൺകുഞ്ഞിനെ കുളിപ്പിയ്ക്കുന്നതിനായി ഒരു പാത്രത്തിൽ കിടത്തി മറ്റൊരു നേഴ്സിനെയേൽപ്പിച്ച്‌ ഹെഡ്നേഴ്സ്‌ കൈകൾ കഴുകി വൃത്തിയാക്കി എന്തിനോ ഒരുങ്ങുന്നു. ഒരു കസേര ലേബർകട്ടിലിനു അറ്റത്തേയ്ക്കായി വലിച്ചിട്ട്‌ ഏതൊ ഒരു വാരിക കയ്യിലെടുത്ത്‌ വായനയ്ക്കൊരുങ്ങുകയാണ് അവർ.

അകത്തൊരു കുഞ്ഞ്‌… പുറത്തൊരു കുഞ്ഞ്‌.. ഇരട്ടക്കുട്ടികളുടെ അമ്മ അന്തംവിട്ടു കിടന്നു.. ഇനിയെന്ത്‌..???

“നിങ്ങൾക്ക്‌ വായനയ്ക്കിരിയ്ക്കാനുള്ള മുഹൂർത്തമാണൊയിത്‌..?” അമ്മ ചൊടിച്ചു..

“അടുത്തതിനു ഇനിയും സമയമുണ്ട്‌, കൊച്ചേ..”

ഹെഡ്നേഴ്സപ്പോൾ വാരികയിലെ നായികയുടെ പേറെടുക്കുകയായിരുന്നു.

കരയുവാനും ചിരിയ്ക്കുവാനുമാവാതെ ലേബർ റൂമിലെ രക്‌തവാസനയും കുഞ്ഞിന്റെ മണവും ശ്വസിച്ചു കിടക്കുന്ന നിമിഷങ്ങൾ. വല്ലാത്ത പിരിമുറക്കം. തലയ്ക്കും, നെഞ്ചിനും, അടിവയറ്റിനും. ഇനി ക്ഷമിയ്ക്കാൻ വയ്യ. കാൽച്ചുവട്ടിലെ വായനക്കാരിയുടെ മുതുകത്ത്‌ കാലെത്തിച്ചൊരു ചവിട്ടുകൊടുത്ത്‌ ഒരു പെൺകുഞ്ഞിന്റെ ആഗമനം അറിയിച്ചു, അമ്മ. മുഖം വിളറി പുസ്തകം താഴെയിട്ട്‌ പേറെടുക്കാൻ ആ സ്ത്രീ ഒരുങ്ങുമ്പോഴേയ്ക്കും ആ പെൺകുട്ടിയുടെ വരവ്‌ സംഭവിച്ചു കഴിഞ്ഞിരുന്നു.

കയ്യിൽ ഒതുങ്ങുന്ന ഒരു ആൺകുഞ്ഞ്‌. ഒരു എലിക്കുട്ടിയുടെയത്രേം പോന്ന പെൺകുട്ടി. ആൺകുട്ടിയെ പ്രസവിച്ച്‌ പതിനഞ്ചു നിമിഷങ്ങൾക്കുശേഷം ഒരു പെൺകുട്ടിയെ പ്രസവിച്ച്‌ അങ്ങനെയാ സ്ഥാനപ്പേരു കരസ്ഥമാക്കി അമ്മ, “ഇരട്ടക്കുട്ടികളുടെ അമ്മ ”

“ആദ്യത്തെ പെൺകുട്ടിയ്ക്കു ശേഷമൊരു ആൺകുട്ടി… ഓ.. പിന്നേയുമൊരു പെൺകുട്ടി..” ഇരട്ടക്കുട്ടികളെ കാണാൻ വന്നവരുടെ കണ്ണിനും കയ്യിനും പിടിയ്ക്കാത്തവളായി യാതൊരു ശല്യങ്ങളുമില്ലാതെ ഒന്നുമറിയാത്തവളെപോലെ ഇടയ്ക്കിടെ ദീർഘനിശ്വാസങ്ങൾ വിട്ട്‌ ഏതൊ ഒരു വെളിച്ചം നിറഞ്ഞ ദുനിയാവിൽ ഞാനുറങ്ങി….!

-വർഷിണി വിനോദിനി

3 Comments
  1. Anil 4 years ago

    Interesting writing. Good beginning, the narration and of course the birth

  2. P K N Nair 4 years ago

    ആത്‌മകഥയെന്നല്ല, ആത്‌മാവിൽനിന്ന് ഒഴിഞ്ഞു പോകാൻ വിസമ്മതിക്കുന്നവ… nice note.

  3. Haridasan 4 years ago

    Good read…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account