ഒരുറക്കം കഴിഞ്ഞുണരുന്ന എനിക്കു നേരെ നീളാൻ അനേകായിരം കയ്യുകളൊന്നും ഉണ്ടായിരുന്നില്ല. കാരണം ഞാനൊരു പെൺകുട്ടിയായ്‌ പോയല്ലൊ. പോരാത്തതിനു മൂന്നാമത്തേതും. ആണും പെണ്ണും എന്നു പറയാനായി രണ്ടുപേരുണ്ടല്ലൊ, പിന്നെന്തിനീ കടുകുമണി എന്നൊരു മട്ടും ഭാവവും എല്ലാവരുടെയും കണ്ണുകൾ എന്നോട്‌ പറഞ്ഞു കൊണ്ടേയിരുന്നു. അതെ, ഓരൊ ഉറക്കമുണരുമ്പോഴും തീവ്രസ്നേഹം പ്രധാനം ചെയ്യുന്ന ഒരു കടാക്ഷമോ കരസ്പർശമോ ഞാൻ അനുഭവിച്ചറിഞ്ഞില്ല.

ഇനി അൽപ്പം എന്റെ അമ്മയെ കുറിച്ചാകട്ടെ…

മാതൃസ്നേഹത്തിനു പ്രതീകമാണെന്റെ അമ്മയെന്നൊന്നും ഊറ്റം കൊള്ളാൻ എനിക്കു അവസരം നൽകാൻ മാത്രം സ്നേഹനിധിയല്ലാത്തൊരു അമ്മ. കുഞ്ഞുങ്ങളുടെ മലമൂത്ര വിസർജ്ജനം മുതൽ ശർദ്ധി, ആർത്തവം, രോഗാവസ്ഥകൾ തുടങ്ങിയ എല്ലാ വൃത്തിഹീനമായ ഏർപ്പാടുകളോടും അറപ്പിന്റേയും വെറുപ്പിന്റേയും കണ്ണുകളോടെ മാത്രം കാണുന്ന പ്രത്യേക സ്വഭാവവിശേഷമുള്ള അമ്മയ്ക്ക്‌ ഇരട്ടകുഞ്ഞുങ്ങളോട്‌ എത്രമാത്രം സ്നേഹമായിരിക്കുമെന്ന് ഇപ്പൊ ഊഹിക്കാമല്ലൊ..

മാതൃസ്നേഹത്തിന്റെ തീവൃതയ്ക്ക്‌ മുൻതൂക്കം നൽകാൻ മാത്രം ആ ഗന്ധങ്ങൾക്ക്‌ ആയില്ല.

പ്രക്ഷുബ്‌ധമായ കാറ്റിൽ ഉലയുന്ന രണ്ടു പട്ടങ്ങളായി തീർന്നു ഇരട്ടകളുടെ ജീവിതാരംഭം. അമ്മവാത്‌സല്യം എന്തെന്നറിയാൻ പാടുപെടുന്ന പുതുനാമ്പുകൾ. സമൂഹം ഒരമ്മയിൽ നിന്ന് പ്രതീക്ഷിക്കുന്നതിനേക്കാൾ അപ്പുറം പിഞ്ചുപൈതലുകൾ അർഹിക്കുന്ന പരിലാളനകൾ. ഇവയൊന്നുമില്ലാതെ, അടുക്കും ചിട്ടയുമില്ലാതെ, പൊട്ടിവിടരുന്ന ദിനരാത്രങ്ങൾക്ക്‌ വിരാമം ഇട്ടുകൊണ്ട്‌ ആ പെൺഹൃദയങ്ങൾ ഞങ്ങളുടെ വീട്ടിൽ വലതു കാൽ വെച്ചു കയറി.

അമ്മയുടെ അമ്മയും ഒടുവിലത്തെ രണ്ട്‌ അനിയത്തിമാരും ചേർന്നൊരുങ്ങുന്ന ഗൃഹഭരണ അന്തരീക്ഷം അവിടെ പടുത്തുയർന്നു. ഇരട്ട കുഞ്ഞുങ്ങൾക്ക്‌ ധൈര്യപൂർവ്വം കൈകാലിട്ടടിച്ച്‌ വളരാമെന്ന കുഞ്ഞുകുട്ടി ആശ്വാസവചനങ്ങൾ താരാട്ടുകളായി ആ വീട്ടിൽ മാറ്റൊലി കൊണ്ടു. ആ മൂന്ന് പെൺഹൃദയങ്ങൾ ഞങ്ങൾക്ക്‌ പോറ്റമ്മമാരും ആയി തീർന്നു.

അങ്ങനെ മുതിർന്ന അനിയത്തി പെണ്ണിന്റെ കൈകളിൽ എന്റെ കൂടപ്പിറപ്പും ഇളയവളുടെ മടിത്തട്ടിൽ ഞാനും ചാഞ്ചാടി ചാഞ്ഞുറങ്ങി.

മുതിർന്ന കൂടപ്പിറപ്പിനെ മാതൃതുല്യം സ്നേഹിക്കുന്ന അനിയത്തി കിടാങ്ങൾക്ക്‌ ഇരട്ടക്കുട്ടികളുടെ ജനനം ഒരു ആഘോഷമായി തീർന്നു. തങ്ങൾ ഭൂമിയിൽ പിറന്നു വീണത്‌ ഈ ഒരു അവസരത്തിനായിരുന്നുവെന്നവർ മനസ്സാൽ തീരുമാനമെടുത്തു. അവരുടെ കൗമാരവും യൗവ്വനവും സ്കൂളിൽ പോകുവാനും മറ്റു വിഷയങ്ങളിൽ ഏർപ്പെടുവാനും അല്ല, കുഞ്ഞുങ്ങളെ പോറ്റി വലുതാക്കലെന്നാണെന്ന് അവർ അഭിമാനം കൊണ്ടു. അങ്ങനെ അവർ സ്വയം അവരുടെ ജീവിതത്തിനു പുതിയ അർത്ഥങ്ങൾ ഉണ്ടാക്കി.

അവരുടെ ഈ ഊറ്റങ്ങൾക്ക്‌ മറ്റൊരു വൈകാരികതലം കൂടി ഉണ്ടായിരുന്നു.

സ്നേഹവും വിദേശ സാമഗ്രികളും ആഢംബര വസ്തുക്കളും ഈ പാവം പെൺകുട്ടികളുടെ ഭക്ഷണമുൾപ്പെടെയുള്ള ജീവിതരീതികൾക്ക്‌ പുതിയ മാറ്റം നൽകി. അതിനു കാരണക്കാരനായ ഇരട്ടക്കുട്ടികളുടെ അച്ഛനോട്‌ മാനസികമായൊരു സ്നേഹാദരവ്‌ കാത്തു സൂക്ഷിച്ചിരുന്നു, അവർ. സഹോദരീഭർത്താവ്‌ കിരീടമില്ലാത്ത രാജാവായി സംസാരിച്ചു. ലോകത്തിലെ ഏറ്റവും ഉയർന്ന പുരുഷകേസരിയായി പ്രതിഷ്ഠിച്ചു. മറ്റു സഹോദരീഭർത്താക്കന്മാരെല്ലാം ഇരട്ടക്കുട്ടികളുടെ അച്ഛനെപ്പോലെയായിരിക്കണമെന്ന് മുതിർന്ന മറ്റു മൂന്ന് സഹോദരിമാരെ ചൊടിപ്പിച്ചു. ആ സ്നേഹശക്‌തി അവരെയെല്ലാം ഒരുപോലെ ബന്ധിപ്പിച്ചു.

-വർഷിണി വിനോദിനി

1 Comment
  1. Shafeeq 2 years ago

    ആരുമില്ലാത്തവർക്കു ദൈവം തുണ…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account