ഇരട്ടക്കുട്ടികളുടെ സ്വപ്‌നങ്ങളിൽ പുഞ്ചിരിയായ്‌ കടന്നുവരുന്ന മാലാഖമാർ. അതായിരുന്നു ആ പെൺകുട്ടികൾ. അമ്മലാളനകൾക്കും വാത്‌സല്യങ്ങൾക്കും പരിപൂർണ്ണത നൽകാൻ പ്രാപ്‌തിയുള്ള പെൺകതിരുകൾ. ആ പൈതങ്ങളുടെ തേങ്ങലുകൾക്കും കരച്ചിലുകൾക്കുമൊപ്പം ആ വീടിനകവും പുറവും താലോലങ്ങളും കൊഞ്ചലുകളുമായി ശബ്‌ദപുളകിതമായി.

ജീവിതത്തിൽ ആഗ്രഹിക്കുന്നതും എന്നാൽ ലഭിക്കാത്തതുമായ ഫോറിൻ കുപ്പായങ്ങളും പൗഡറും സെന്റുമെല്ലാം രണ്ട്‌ പെൺകുട്ടികളെ ചിത്രശലഭങ്ങളെ പോലെ പാറിപറന്ന് രസിപ്പിച്ചു. മാത്രമൊ, സ്‌കൂളിൽ പോകാനുള്ള കാരണവും അഹങ്കാരവുമെല്ലാം അവർക്ക്‌ അതു തന്നെയായിരുന്നു.

ഉച്ചയൂണിനു സ്‌കൂൾമണി മുഴങ്ങുമ്പോൾ പോറ്റമ്മമാർ വീട്ടുമുറ്റത്ത്‌ ഹാജർ.

ദീനക്കാരിയായ അവരുടെ അമ്മയിൽനിന്ന് കുഞ്ഞുങ്ങളെ ഏറ്റുവാങ്ങുമ്പോൾ പിഞ്ചു പൈതങ്ങളുടെ മുഖം തുടുക്കും, പാൽപുഞ്ചിരികൾ പൊഴിയ്ക്കും.

മുലപ്പാൽ ബന്ധത്തിൽ മാത്രം ഊട്ടിയുറപ്പിച്ച അമ്മയുടെ അടുക്കള യുദ്ധങ്ങൾക്കും കോലാഹാലങ്ങൾക്കും നേരെ അസഹ്യമായ്‌ ചീറികൊണ്ടവർ കുഞ്ഞമ്മമാർക്കു നേരെ ചാടി വീഴും. അവർ കുഞ്ഞുങ്ങളെ ഒക്കത്തുവെച്ച്‌ മറുകയ്യിൽ ബേബിഫുഡും കൊണ്ട്‌ വീടിനുമ്മറവും പിന്നാമ്പുറവുമെല്ലാം കൊണ്ടു നടന്നു. ഒരു സ്‌പൂൺ ഫാരെക്‌സ് കുഞ്ഞുങ്ങളുടെ വായിൽ കുത്തി കയറ്റുമ്പോൾ രണ്ട്‌ സ്‌പൂൺ അമ്മകിടങ്ങളുടെ വയറ്റിൽ ചെന്നു.

നാലുമണിയ്ക്ക്‌ പാലിൽ കുതിർത്ത ആരോറൂട്ട്‌ ബിസ്ക്കറ്റ്‌ രണ്ടെണ്ണം വീതം ഇരട്ടകൾ അകത്താക്കിയപ്പോൾ നാലെണ്ണം വീതം അവർ അകത്താക്കി. അവരെ കുറ്റം പറയുവാനാവില്ല. കാരണം, മക്കൾ എത്രയെണ്ണം കഴിച്ചു എന്നൊക്കെ പെറ്റമ്മ തെളിവെടുപ്പ്‌ നടത്തുമ്പോൾ അവർക്ക്‌ കാലി പാത്രങ്ങൾ കാണിക്കണമല്ലൊ. ഇല്ലെങ്കിൽ കാത്‌ പൊട്ടണ ചീത്തയല്ലെ അവർക്ക്‌ വയറു നിറയെ കിട്ടുക!

അങ്ങനെ ഇരട്ടക്കുട്ടികൾ ഗ്രഹിണി പിടിപ്പെട്ട കുട്ടികളെ പോലെ വായീന്ന് വെള്ളോം ഒലിപ്പിച്ച്‌ നിലത്തിഴഞ്ഞ്‌ നീങ്ങാൻ തുടങ്ങിയപ്പോൾ അവരുടെ പോറ്റമ്മമാർ ചുവന്ന് തുടുത്ത്‌ ഹാഫ്‌സാരി പെണ്ണുങ്ങളായി പുരനിറഞ്ഞു നിന്നു.

അവർക്കൊപ്പം ചപ്രതലമുടിയും കൂടുതലും ഹിന്ദി സംസാരിക്കുന്ന ഒരു ബോംബേക്കാരി പെൺകുട്ടിയായി ഇരട്ടക്കുട്ടികളുടെ ചേച്ചി നല്ല കുട്ടിയായ്‌ വളർന്നു.

ഇരട്ടകളെ ആറുമാസം വയറ്റിൽ ചുമക്കുമ്പോൾ ബോംബെ വിട്ട കഥ അമ്മ പിന്നീട്‌ പറഞ്ഞറിഞ്ഞപ്പോൾ മനസ്സിലായി ആ ഹിന്ദി കേട്ട്‌ തൊണ്ണകാട്ടി ചിരിച്ചിരുന്ന കിടാങ്ങൾ എന്തിനായിരിക്കും കടകടാന്ന് ചിരിച്ചിരുന്നതെന്ന്.

ദിനരാത്രങ്ങൾ കൊഴിഞ്ഞു. പെൺകുട്ടികളുടെ അബോധമനസ്സിൽ പോലും സ്വപ്‌നങ്ങളില്ലാത്ത കാലയളവ്‌. സ്വന്തം കൂടപ്പിറപ്പിന്റെ ബിംബങ്ങളായ കുഞ്ഞുങ്ങളെ തീവ്ര ലാളനകൾ കൊണ്ട്‌ അമ്മസങ്കൽപ്പങ്ങളാക്കി മാറ്റിയ രണ്ടു ചെറിയ അമ്മമാരായി അവർ കൗമാരം ആഘോഷിച്ചു.

കുഞ്ഞുങ്ങൾ മുട്ടിലിഴഞ്ഞു. പിച്ചവെച്ചു തുടങ്ങി. കൂടെ ദാവണി പെണ്ണുങ്ങളുടെ മനസ്സും വാചാലമായി തുടങ്ങിയിരിക്കുന്നു. അവർ അശാന്തരായി കാണപ്പെട്ടു. അത്‌ പ്രതിഫലിച്ചത്‌ ഇരട്ടകളിലായിരുന്നു. അങ്ങനെ ചെറിയ അമ്മമാർക്കിടയിൽ പോരും വഴക്കും തുടങ്ങി. ‘എന്റെ കുഞ്ഞ്‌’, ‘നിന്റെ കുഞ്ഞ്‌’ എന്ന ശകാരങ്ങളും കയ്യാംകളിയും അവർക്കിടയിൽ ഒരുപുതിയ ലോകം തുറന്നു വന്നു. അമ്മ സങ്കൽപ്പങ്ങളിൽ നിന്ന് അടർത്തി കൗമാരാ യൗവ്വന യാഥാർത്ഥ്യങ്ങളിലേക്ക്‌ അവർ അവരുടെ മനസ്സ്‌ കൊണ്ടെത്തിച്ചു.

പ്രണയാർദ്ദ്ര വഴികളിലൂടെ സഞ്ചരിച്ച്‌ നിദ്രയിൽ ആഴ്‌ന്നിറങ്ങും നേരങ്ങളിലെ കുഞ്ഞുങ്ങളുടെ കരച്ചിൽ പോറ്റമ്മമാരും വീട്ടുജോലികൾ കഴിഞ്ഞ്‌ തളർന്നുറങ്ങുന്ന പെറ്റമ്മയും കേട്ടതേയില്ല. പാവം, ദീനക്കാരിയായ ‘വെല്ലിമ്മ’* മാത്രം വേദനകളെ ഉറക്കത്തിനു നൽകാനാവാത്ത അസ്വസ്ഥകളിൽ നിന്നുണർന്ന് ഇരട്ടകളുടെ തൊട്ടികളുടെ നടുക്ക്‌ നിന്നുകൊണ്ടവരെ താരാട്ട്‌ പാടി ഉറക്കി.

ഗുളികകളും അനാരോഗ്യവും അവരുടെ കണ്ണുകളെ കൂമ്പിപ്പിക്കുമ്പോൾ താരാട്ടു പാട്ടിന്റെ ഈണം മുറിഞ്ഞു പോകുന്നതിൽ പ്രതിഷേധിച്ച്‌ കുട്ടികൾ തൊണ്ടകീറി കരഞ്ഞു. ഉറങ്ങുന്ന പുത്രിമാരെ ഉണർത്താതിരിക്കുവാനുള്ള ബദ്ധപ്പാടിൽ ആ പാവം തൊട്ടിയുടെ ആട്ടം കൂട്ടുന്നതിനിടയിൽ ഇരട്ടകളുടെ തലകൾ തമ്മിൽ കൂട്ടിയിടിച്ച്‌ ആ ഗൃഹം ഉണർന്നു.

-വർഷിണി വിനോദിനി

*വെല്ലിമ്മ – മുത്തശ്ശി
0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account