റൂർക്കി, ബോംബെ വഴി ഇപ്പോഴിതാ മദ്രാസ് ഐ ഐ ടി യിലും എത്തിയിരിക്കുന്നു സസ്യാഹാരികൾക്കും മാംസാഹാരികൾക്കും പ്രത്യേകം പ്രത്യേകം ഭോജന ശാലകൾ. രണ്ടിടത്തേക്കും പ്രവേശിക്കാൻ രണ്ടു കവാടങ്ങൾ, പ്രത്യേകം പാത്രങ്ങൾ. 2014 ഒക്‌ടോബർ മാസത്തിലാണ് അന്നത്തെ മാനവശേഷി വികസന വകുപ്പു മന്ത്രി സ്‌മൃതി ഇറാനി ഇങ്ങനെയൊരു സർക്കുലർ പുറപ്പെടുവിക്കുന്നത്. ഉത്തരേന്ത്യൻ ബ്രാഹ്മണർക്ക് നോൺ വെജ് ആഹരിക്കുന്നവരോടൊപ്പം ഭക്ഷണം കഴിക്കുക അചിന്ത്യവും അപമാനകരവുമാണ്. അതിനാൽ അങ്ങനെയുള്ളവർക്ക് ഭക്ഷണത്തിന് പ്രത്യേക സൗകര്യങ്ങൾ കേന്ദ്ര വിദ്യാലയങ്ങളിൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ് എന്നായിരുന്നു സർക്കാർ നിലപാട്. ഒരുപടി കൂടി കടന്ന് മാംസാഹാരികളേക്കാൾ ബൗദ്ധികമായ ഔന്നത്യം സസ്യാഹാരികൾക്കുണ്ടെന്ന് പറഞ്ഞു വയ്ക്കാനും അന്ന് ഇറാനി മാഡം മറന്നില്ല. മധ്യപ്രദേശിലാണ് ആദ്യം ഈ പദ്ധതി നടപ്പിലാക്കിയത്.

മാംസാഹാരം കഴിക്കുന്നവർ നികൃഷ്‌ടരും നീചരുമാണെന്ന പ്രചാരണത്തിന് ഊർജം പകരുകയും അത് ഗോ സംരക്ഷണമെന്ന സംഘ പരിവാർ മുദ്രാവാക്യത്തിലേക്ക്  ചേർത്തു വക്കുകയും ന്യൂനപക്ഷ വിരുദ്ധത എന്ന ദേശീയ രാഷട്രീയ ലക്ഷ്യത്തിലേക്ക് വിദ്യാർഥികളെ പാകപ്പെടുത്തുകയും ചെയ്യുക എന്ന കുത്സിത ബുദ്ധിയാണ് ഈ പദ്ധതിയുടെ പിന്നിലെന്ന് തിരിച്ചറിയപ്പെടാൻ പ്രയാസമൊന്നുമുണ്ടായില്ല. അതുകൊണ്ടുതന്നെ അത്ര വ്യാപകമായി അത് നടപ്പിലാക്കാൻ സാധിച്ചതുമില്ല. പക്ഷേ പരോക്ഷമാർഗങ്ങളിലൂടെ  ഇത്തരം കുതന്ത്രങ്ങൾ വ്യാപിപ്പിക്കാൻ ഇപ്പോഴും ശ്രമം നടക്കുന്നു എന്നത് ലജ്ജാവഹമാണ്.

കാൻറീനിൽ ചാതുർവർണ്യം നടപ്പിലാക്കുന്നതിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ആർഷ സംസ്‌കൃതിയുടെ സ്വയം പ്രഖ്യാപിത പ്രണേതാക്കളുടെ പ്രവർത്തന പദ്ധതി. എല്ലാ സ്‌കൂളുകളിലും കോളേജുകളിലും ആഴ്ച്ചയിൽ ഒരു ദിവസമെങ്കിലും പൂജയും ഹോമവും നടത്തണമെന്ന് 2014ൽ ഉത്തരവിട്ടത് മഹാരാഷ്‌ട്ര, രാജസ്ഥാൻ സർക്കാരുകളാണ്. (ശനിയാഴ്ചകളാണ് അതിന് നിർദ്ദേശിക്കപ്പെട്ടത്. അധ്യയനം മുടങ്ങിയാലും പൂജ മുടക്കരുത് എന്നും കൽപനയുണ്ടായിരുന്നു). പൂജകൾക്കും മന്ത്രങ്ങൾക്കും അമാനുഷികമായ ശക്‌തി വിശേഷങ്ങളുണ്ടെന്ന് പ്രചരിപ്പിച്ചതും സർക്കാർ ചെലവിലാണ്. രാജ്യത്തെ ശാസ്‌ത്ര സാങ്കേതിക വിദ്യകളുടെ പ്രഭവ കേന്ദ്രങ്ങളും പ്രഭാവ കേന്ദ്രങ്ങളുമാവേണ്ട ഐ.ഐ.ടി ഐ.ഐ.എമ്മുകളിലും മെഡിക്കൽ കോളേജിലുമൊക്കെ പൂജകൾ നടത്തുകയും അവയുടെ ശക്‌തിവിശേഷങ്ങളെക്കുറിച്ചും പ്രസംഗിക്കുകയും ചെയ്യുന്നതിനോളം ലജ്ജാകരമായി വേറെന്തുണ്ട്? ശാസ്‌ത്രീയതയേയും യുക്‌തിപരതയേയും തൃണവൽഗണിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത് എന്നത് നമ്മെ എത്രമേൽ നാണം കെടുത്തേണ്ടതുണ്ട്.

മദ്രാസ് ഐ ഐ ടി യിലും പൂജകൾക്ക് വിദ്യാർഥികൾക്ക് ക്ഷണമുണ്ട്. കേരളവർമ കോളേജിൽ ക്ഷേത്രമുണ്ടെന്നും അവിടെ മാംസാഹാരം കഴിക്കരുതെന്നും പറഞ്ഞ് സംഘാംഗങ്ങൾ നടത്തിയ കോപ്രായങ്ങൾ നാം കണ്ടതാണ്.  തൃശൂർ രാമവർമപുരം പോലീസ് കാൻറീനിൽ മാംസാഹാരം നിരോധിച്ച ഉത്തരവിനെ ചെറുത്തു തോൽപ്പിച്ചതും അത്ര പഴയ ചരിത്രമല്ല. വിദ്യാലയങ്ങളെ ക്ഷേത്രങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ നിഗൂഢമായ ചില ലക്ഷ്യങ്ങൾ കൂടിയുണ്ട്. കേവലം ബ്രാഹ്മണ കേന്ദ്രീകരണത്തിനുള്ള ശ്രമം എന്നതിനെ ചുരുക്കി കാണുന്നത് അപക്വമായേക്കും. സ്‌ത്രീകളെ മുഖ്യധാരയിൽ നിന്ന് അകറ്റി നിർത്തുക എന്നൊരു സെമിറ്റിക് ലക്ഷ്യം കൂടിയുണ്ട് ഈ നീക്കങ്ങൾക്കു പിന്നിൽ. പൂജകളിലും ഹോമങ്ങളിലും പങ്കെടുക്കാനാവാത്ത പ്രായപൂർത്തിയായ പെൺകുട്ടികളും  അധ്യാപികമാരും (അതാണല്ലോ ആചാരം) ചുരുങ്ങിയത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്നെങ്കിലും പിൻമാറും എന്ന് ആചാരങ്ങളുടേയും പ്രാർഥനകളുടേയും വക്‌താക്കൾ കരുതുന്നു. സ്‌ത്രീകൾ പിന്തള്ളപ്പെടുന്ന ഒരു സമൂഹത്തെ ചൊൽപ്പടിക്കു നിർത്തുക എന്നത് സാമാന്യേന എളുപ്പമാണ് എന്നവർക്കറിയാം.

ആഹാരത്തിൽ വിവേചനമുണ്ടാക്കുന്നതിലൂടെ ദേവാലയവൽക്കരണവും അതു വഴി വിദ്യാഭ്യാസത്തിന്റെ മതവൽക്കരണവുമാണ് തമസിന്റെ ശക്‌തികൾക്കും അസഹിഷ്‌ണുതയുടെ പ്രയോക്‌താക്കൾക്കും വെറുപ്പിന്റെ വ്യാപാരികൾക്കും ആവശ്യം. അതിനുവേണ്ടി അവർ ഏതു കുത്സിത മാർഗവും അവലംബിക്കും.

1 Comment
  1. ഇങ്ങനെ കാണണോ …..സ്ട്രയിറ്റ് കാഴ്ച പോരെ

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account