മുക്കട്ടയിൽ ഇന്നലെ മുതൽ അതാണ് ചർച്ച. ബേക്കറിയിലും ബാർബർ ഷോപ്പിലും കലുങ്കുകളിലും എല്ലായിടത്തും.

ഫ്‌ളെക്‌സുകൾ കാണാതാവുന്നു!

ലോകകപ്പ് ഫുട്ബാളിലെ ഇഷ്‌ട ടീമിനായി കെട്ടിയ ഫ്‌ളെക്‌സുകൾ കാണാതായതാണ് ചർച്ചക്കും തർക്കത്തിനും പെട്ടെന്നുണ്ടായ കാരണം.. ഒറ്റപ്പെട്ട് മുമ്പും ചില പരസ്യങ്ങളുടെ പോയതിൽ ആരുമിത്ര വേവലാതിപ്പെട്ടിരുന്നില്ല.

രാത്രി കെട്ടിയ ഫ്‌ളെക്‌സുകൾ രാവിലേക്ക് കാണുന്നില്ല…

അർജൻറീന ഫാൻസുകാർ ബ്രസീൽ ഫാൻസിനെ കുറ്റം പറയുന്നു.. ബ്രസീലിന് അർജൻറീനയെത്തന്നെയാണ് സംശയം. ഇരുകൂട്ടരെയും തമ്മിലടിപ്പിക്കാൻ ഇംഗ്ലണ്ടുകാർ ചെയ്യുന്ന പണിയാണോയെന്നും ജനസംസാരമുരുളുന്നുണ്ട്

മഞ്ഞ ജേഴ്‌സിയണിഞ്ഞവരുടെ പ്രതിഷേധ പ്രകടനം കവലയുടെ വടക്കെ മൂലയിലൂടെ ബൂട്ടുകളിൽ തീ പാറിച്ച് വരുമ്പോൾ തന്നെയാണ് തെക്കേ മൂലയിലൂടെ നീല ജേഴ്‌സിക്കാരും എത്തിയത്

വാക്കുകൾ വായുവിൽ കുത്തിമറിഞ്ഞ് വലകൾക്കുള്ളിലാവുന്നതിന്റെ പിറകെ കയ്യാങ്കളിയായി.

നാട്ടുകാർ ഏറെപ്പണിപ്പെട്ടാണ് ഇരു ടീമിനെയും സമനിലയിലാക്കിയത്. എന്നാലും ഇരുട്ടുന്നതോടെ ഒറ്റപ്പെട്ട ചില പെനാൾടി ഷൂട്ടുകൾ ഉണ്ടായേക്കാമെന്ന ഭയം കവലയിൽ ഉരുണ്ടു കളിക്കുന്നുണ്ടായിരുന്നു.

നഷ്‌ടപ്പെട്ട ഫ്‌ളെക്‌സുകൾ വീണ്ടും പുനസ്ഥാപിച്ച് രാത്രി വൈകിയാണ് പലരും പവലിയനിലെത്തിയത്. ഉറങ്ങുമ്പോഴും നിലക്കാത്ത ആരവങ്ങൾ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു. കിനാവുകളിൽ ഗോൾ വലകൾ കലങ്ങിമറിഞ്ഞു. രാവിലെ മുക്കട്ടയിലെത്തിയവർ പിന്നെയും ഞെട്ടി.

ഫ്‌ളെക്‌സുകൾ വീണ്ടും കാണാനില്ല..

സംഗതി ഫൈനൽ മാച്ചിന്റെ ഗൗരവമായി. ഒറ്റപ്പെട്ടു ബൈക്കിൽ വന്ന അർജന്റീനയെ ബ്രസീലിന്റെ പടയാളികൾ അറഞ്ചം പുറഞ്ചം തല്ലി. പകരത്തിന് പകരം നീല ജേഴ്‌സിക്കാർ ബ്രസീലുകാരനായ ഓട്ടോക്കാരനെ അള്ളുവച്ച് തടഞ്ഞു. കളി കണ്ടു നിന്ന ഇഗ്ലണ്ടുകാരനെ ആരോ ഫൗൾ വച്ചു വീഴ്ത്തി. ഒന്ന് ഒന്നിന്  ഒന്നാം പകുതി കഴിഞ്ഞു നിൽക്കുന്ന സ്റ്റേഡിയം പോലെ മുക്കട്ട വീർപ്പുമുട്ടി. പരസ്‌പരം ചുകപ്പുകാർഡ് കാണിച്ചു നടന്ന യുവാക്കൾ ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ബോംബുകളായി.

അന്നു വൈകുന്നേരം ചേർന്ന സർവ്വകക്ഷി സമാധാന സമ്മേളനത്തിൽ സമനില വീണ്ടെടുത്ത് പൊതു തീരുമാനത്തിലെത്തി. ഫ്‌ളെക്‌സുകൾക്ക് രാത്രി കാവൽ ഏർപ്പെടുത്താൻ  റഫറിയുടെ ധാരണയായി. കള്ളനെ കണ്ടെത്തുംവരെ വെടിനിർത്തൽ പ്രഖ്യാപിച്ചു.

പെനാൾടി ഷൂട്ടിന് പന്തു കാക്കാൻ നിൽക്കുന്ന ഗോളിയെപ്പോലെ ഒരു പോള കണ്ണടക്കാതെ കാത്തിരുന്നു മുക്കവല. ഇടക്ക് ഒരു ഫ്രീ കിക്ക് പോലെ പറന്നു പൊന്തിയ രാപ്പക്ഷി പോലും അവരുടെ കണ്ണിൽപ്പെട്ടു.

പുലർച്ചെയായപ്പോൾ ഒരു നിഴലനക്കം. ബാനർ കെട്ടിയ കാലിന്നരുകിൽ ഒരാൾ പമ്മി നിൽക്കുന്നു. ഇടം വലം നോക്കുന്നു. കാലടക്കത്തിൽ പന്തുമായി എതിരാളികളെ വെട്ടിച്ചു പോകുന്ന കളി വേഗത്തോടെ ഫ്‌ളെക്‌സിന്റെ കെട്ടഴിച്ച് ധൃതിയിൽ മടക്കി ഇരുട്ടിൽ മറയാനൊരുങ്ങുന്നു.

ഒറ്റയടിക്ക് ഗോളാക്കണ്ടയെന്നും ആളെ പിന്തുടർന്ന് താവളം കണ്ടു പിടിക്കാമെന്നും പോയ ഫ്‌ളെക്‌സുകൾ കൂടി കണ്ടെടുക്കാമെന്നും റഫറിയുടെ തീരുമാനം അന്തിമമായി.

നിഴലനക്കം അടുത്ത ബാനറുമഴിച്ച് നടന്നു തുടങ്ങി. മുക്കവലക്കപ്പുറം കടന്ന് പാടം കടന്ന് തോടും കടന്ന് ഒരു കെട്ടിടത്തിന് മുമ്പിലെത്തി. ശ്വാസം വിടാതെ പിന്തുടർന്നവർ ഒന്നിച്ച് ഗോളുറപ്പിച്ച ഗാലറി പോലെ ഇരമ്പി.

കള്ളൻ… കള്ളൻ…

അതൊരു ചെറുപ്പക്കാരൻ തന്നെയായിരിക്കും എന്നു കരുതി ടോർച്ച് തെളിയിച്ചവരെ അമ്പരപ്പിച്ച് വെളിച്ചത്തിന്റെ അറ്റത്ത് ഒരു സ്‌ത്രീ  കോർണർ എടുക്കാൻ വച്ച പന്തുപോലെ ചൂളി നിന്നു.. ഏതു സമയത്തും ഒരടി പ്രതീക്ഷിച്ച് വലയിൽ കുരുങ്ങാനുറച്ച്.

ഇത് കവലേല് പാട്ട പെറുക്കാൻ വന്നവളാ… നാടോടിയാ… കള്ളത്തമിഴത്തി. ആരോ പ്രതിയെ തിരിച്ചറിഞ്ഞു

ചോദ്യം ചെയ്യലിന്റെ വിസിലുകൾ മുഴങ്ങിയപ്പോൾ അകത്തു നിന്നും കുട്ടികൾ എഴുന്നേറ്റതിന്റെ ബഹളം. ഒരിളം പൈതലിന്റെ കരച്ചിൽ. അതുവരെ മൗനം പൂണ്ട അവൾ ഒരു പൊട്ടിക്കരച്ചിലായി.

ചേട്ടമ്മാരെ… ഈ പെര ഒന്നാകെ ചോർച്ചയാ. മഴ ഒരു തുള്ളി പുറത്ത് പോവൂല.. ഞാനും രണ്ടു കുട്ട്യോളും. ഇതിന്റെ മുകളിൽ വിരിക്കാനാണ് ഞാൻ ഈ പ്ലാസ്റ്റിക് ഷീറ്റ് എടുത്തത്.

ടോർച്ചുകളുടെ വെളിച്ചത്തിൽ ഇടിഞ്ഞു വീഴാറായ ഒരു കൊച്ചു കെട്ടിടം തെളിഞ്ഞു. ഇതു വരെ കാണാതായ ഫ്‌ളെക്‌സുകളിൽ നിന്ന് താരങ്ങൾ ഓരോരുത്തരായി ഇറങ്ങിവന്ന് വെളിച്ചത്തിന് മുന്നിൽ ഒരു മാച്ച് തുടങ്ങാനുള്ള പോലെ നിരന്നു നിന്നു.

ചുരുണ്ടു നിന്ന സ്‌ത്രീരൂപം വാതിൽ തള്ളിത്തുറന്ന് അകത്തു കയറി. കണ്ണുകൾ തിരുമ്പിയുണരുന്ന ഒരു പെൺകുട്ടിയുടെ കയ്യും പിടിച്ച്, മറ്റൊരു കുട്ടിയെ ഒക്കത്തും വച്ച് മൈതാനത്തിന്റെ നടുക്ക് ഒരു പന്തുപോലെ ഇരുന്നു.

എന്താ ചെയ്യണങ്കിൽ നിങ്ങള് ചെയ്‌തോളൂ. നനയാണ്ടെ കിടക്കാൻ വേണ്ടീട്ടാ… അല്ലാതെ… അല്ലാതെ…

മഴയത്ത് പാതിയിൽ നിർത്തേണ്ടി വന്ന ഫൈനൽ കളി. കളിക്കാരും കാണികളും മൈതാനത്തിന് പുറത്തേക്ക്  ഒന്നും പറയാതെ നടന്നു.

എല്ലാ രാജ്യങ്ങളുടെയും തലകൾ വല്ലാതെ കുമ്പിട്ടിരുന്നതിന്റെ മുകളിലായി കിഴക്ക് പതിവുപോലെ തെളിയാൻ തുടങ്ങി.

1 Comment
  1. Vipin 3 years ago

    രസമുള്ള കഥ…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account