വഴി

ഒപ്പം നടന്നു,
തീർന്നില്ല വഴികൾ
എല്ലാ വഴികളും
നിന്നിലെത്തുമെങ്കിലും
* * * * *

മൗനം

ഒച്ചകളെല്ലാം
എങ്ങോ പറന്നുപോയ്
മൗനം മാത്രം ഒരു കൊമ്പിലിരുന്നു
ആ തണലിൽ ഇരുന്ന്
നാമതിന്റെ പാട്ടു കേട്ടു.
* * * * *

നിഴലുകൾ

ഒരേ വെളിച്ചത്തിൽ നിന്നു
പരസ്‌പരം തൊടാനാവാതെ
നിനക്ക് തൊട്ടു പിന്നിലായിരുന്നു ഞാൻ
നോക്കൂ ഒരൊറ്റ നിഴൽ !
വേറിടാനാവാതെ.
* * * * *

ഹണിമൂൺ

മഞ്ഞു വീണു,
മുല്ലപ്പൂ പൊഴിയുമ്പോലെ
ഒരു പൈൻ മരമായി
നാം നിന്നു
നമ്മുടെ നിശ്വാസം
ഇലകളായ്
ഇളകിക്കൊണ്ടിരുന്നു
* * * * *

പിക്‌നിക്

പെയ്യാനാവാത്ത
രണ്ടു മഴകളുടെ ആകാശം
താഴ്വരയിലേക്ക്
നോക്കി നിന്നു
ഒരു ചുംബനം അശാന്തമായി
അവരിലൂടെ ചുറ്റിപ്പറന്നു.
* * * * *

ദൂത്

അരൂപിയായ ഹംസം
ദൂത് കൊണ്ടുവന്നു.
നളനും ദമയന്തിയുമായി
മൊബൈൽസ്‌ക്രീനിൽ നിശ്ശബ്‌ദമിരുന്നു.
* * * * *

വാക്കുകൾ

ആർക്കൊക്കെയോ
പറയാൻ കഴിയാതെ പോയ
രണ്ടു വാക്കുകളാണ് നാം
നീ ചേർന്നിരിക്കൂ
ഒരു കവിതയാകാം.
* * * * *

ദേവലോകം

പ്രണയിക്കുമ്പോൾ
നാം ദൈവത്തിന്റെ
രണ്ടു കണ്ണുകൾ.
അതിലൂടെ ദൈവം
ലോകം കാണുന്നു
* * * * *

നോട്ടം

നീ എന്റെ കണ്ണിൽ
നോക്കിയിരിക്കുന്നു
നിന്നെ നിറച്ചു വെച്ച
ഒരു കടലിലേക്ക്
നോക്കുമ്പോലെ .
* * * * *

പാട്ട്

കുറച്ചു നേരം
നാമൊരു പാട്ടിന്റെ
വരികളായി
ആകാശത്തോ ഭൂമിയിലോ
അല്ലാതെ ഏതോ താളത്തിൽ.
പാട്ട് തീരാതിരുന്നെങ്കിൽ!

1 Comment
  1. Babu Raj 2 years ago

    good lines..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account