‘ഒരു വനത്തിലെ ഇലകൾ എന്നപോലെ പുസ്‌തകത്തിൽ വാക്യങ്ങൾ ഇളകിക്കൊണ്ടിരിക്കണം. കാഴ്ച്ചയിൽ അവയെല്ലാം ഒരേ പോലെ തോന്നിയേക്കാമെങ്കിലും എല്ലാം വ്യത്യസ്‌തമായവയാണ്’.

ഗുസ്‌താവ് ഫ്ളോബേർ തന്റെ പുസ്‌തകത്തെപ്പറ്റി കാമുകിക്കെഴുതിയ വാക്യങ്ങളാണിവ. അജയ് പി. മാങ്ങാട്ടെഴുതിയ ‘സൂസന്നയുടെ ഗ്രന്ഥപ്പുര’ എന്ന നോവലിലൂടെ ആദ്യമായി കടന്നുപോകുമ്പോൾത്തന്നെ വായനക്കാരെ വിസ്‌മയിപ്പിക്കാനിടയുള്ളതാണ് ഇളകി മറിയുന്ന വനദൃശ്യങ്ങളുണ്ടാക്കുന്ന സവിശേഷമായ അനുഭൂതി. നിശ്ചലതയില്ലാത്തത്. ദലമർമ്മരങ്ങളുടെ മൃദുധ്വനികൾ കൊണ്ട് നിശബ്‌ദതയെ അതിജീവിച്ചത്. താഴ്ന്ന സ്ഥായിയിലുള്ള ഒച്ചകളും അനക്കങ്ങളും മാത്രം. മിക്ക ദൃശ്യങ്ങൾക്കും തെളിഞ്ഞ നിറങ്ങൾ കൊണ്ടു പൂർത്തിയാക്കിയ സുതാര്യമായ ജലച്ചായച്ചിത്രങ്ങളുടെ മിഴിവ്. അതിഭാവുകത്വങ്ങളും അലങ്കാരങ്ങളും  കഴിയുന്നത്ര ഒഴിവാക്കി വരച്ച ലളിതവും സുന്ദരവുമായ പെയിന്റിങ്ങുകളുടെ സമാഹാരമായി വായിച്ചെടുക്കാവുന്നത്ര/കണ്ടനുഭവിക്കാവുന്നത്ര തികവുള്ള ദൃശ്യങ്ങളുടെ ഭാഷയാണ് ഈ നോവലിനുള്ളത്.

പുസ്‌തകങ്ങളെക്കുറിച്ചുള്ള പുസ്‌തകമെന്നോ, പുസ്‌തകവായനയെ അധികരിച്ചുള്ള നോവലെന്നോ സൂസന്നയുടെ ഗ്രന്ഥപ്പുരയെ വിശേഷിപ്പിക്കാം. ഈ നോവലിലെ കഥാപാത്രങ്ങളെല്ലാം വായനക്കാരാണ്. അന്ധനായ കൃഷ്‌ണൻ പോലും ഓടക്കുഴലിലൂടെ വായനയുടെ സാധ്യതകൾ  തുറന്നിടുന്നു. ഏറിയും കുറഞ്ഞും മിക്കവാറും കഥാപാത്രങ്ങൾ എഴുത്തുകാരുമാണ്. സൂസന്ന, വായിക്കുന്ന പുസ്‌തകത്താളുകളിലെല്ലാം കുറിപ്പുകൾ എഴുതുന്നവളും കടലാസു തുണ്ടുകളിൽ കുറിപ്പുകളെഴുതി സൂക്ഷിക്കുന്നവളുമാണ്. താൻ സാഹിത്യവിമർശകയാകുമെന്ന് അവൾക്കുറപ്പായിരുന്നു. കവിത വിവർത്തനം ചെയ്യുന്നവർ, നോവലെഴുതുന്നവർ, കവിത പോലെ കത്തെഴുതുന്നവർ… ഇങ്ങനെ സൂസന്നയുടെ ഗ്രന്ഥപ്പുരയിലുള്ളവരെല്ലാം ഒരേ സമയം വായനക്കാരും എഴുത്തുകാരുമാകുന്നു. നിരന്തരമായ വായന കൊണ്ട്, വായിച്ചതിനെക്കുറിച്ചുള്ള സംവാദങ്ങൾ കൊണ്ട്, മൗലികമായ എഴുത്തുകൾ കൊണ്ട് സ്വയം നവീകരിക്കുന്നവരുടെ ഒരു കൂട്ടം സ്വാഭാവികമായും സൃഷ്‌ടിച്ചെടുക്കുന്ന സാഹിതീയമായ ഭാവതീവ്രത ഈ നോവലിന്റെ സവിശേഷതയാണ്. എഴുത്തിനെക്കുറിച്ചുള്ള പുസ്‌തകമായിരിക്കുമ്പോൾത്തന്നെ ഇത് വായനയെക്കുറിച്ചുള്ള പുസ്‌തകവുമാണ്. ഒരേ സമയം ഇതിനൊരു സാഹിത്യശിൽപ്പശാല (work shop)യുടെ സ്വഭാവവുമുണ്ടെന്നു തോന്നിപ്പിക്കാം. രചനയുടെ എത്രയെത്രയോ രഹസ്യങ്ങൾ ഇവിടെ വെളിപ്പെടുത്തപ്പെടുന്നുണ്ട്. ആഖ്യാതാവെന്നോ നായകനെന്നോ വിശേഷിപ്പിക്കാവുന്ന അലിയെ മികച്ചൊരു രചനയുടെ സൃഷ്‌ടിയിലേക്കു നയിക്കുന്നത് അത്തരം രഹസ്യങ്ങളും അയാളിടപെടുന്ന എഴുത്തുകാരുടെ, വായനക്കാരുടെ നിർദ്ദേശങ്ങളുമാണ്.

പുസ്‌തകങ്ങളെക്കുറിച്ചുള്ള ഒരു പുസ്‌തകം നേരിടാവുന്ന ഏറ്റവും വലിയ പ്രതിസന്ധി അതിന്റെ എഴുത്തുകാരൻ തന്നെയായിരിക്കുമെന്നു തോന്നുന്നു. നിരന്തരവും ഗാഢവുമായ വായനയിലൂടെ അയാൾ സ്വാംശീകരിച്ച ജ്ഞാനം, അയാളുണ്ടാക്കിയെടുത്ത അഭിരുചികൾ, അനുശീലനങ്ങൾ, ആസ്വാദനരീതി, അങ്ങനെ എന്തെല്ലാമുണ്ടോ അതെല്ലാം അതേപടി വിനിമയം ചെയ്യാനുള്ള ഉപാധിയായി അയാൾ തന്റെ രചനയെ കണ്ടെന്നു വരാം. അതെല്ലാം കെട്ടിയേൽപ്പിക്കപ്പെടേണ്ട ഇരകളായി അയാൾ വായനക്കാരെയും കാണാം. വളരെ സൂക്ഷിച്ചു മറികടക്കാത്ത പക്ഷം അയാളുടെ പുസ്‌തകം സ്വന്തം പാണ്ഡിത്യത്തിന്റെയോ വായനാശേഷിയുടെയോ സ്വയം പ്രഖ്യാപനം മാത്രമായിത്തീരും. ആത്‌മരതിയുടെ, അഹന്തയുടെ പ്രകടമായ അടയാളപ്പെടുത്തലുകൾ.

സൂസന്നയുടെ ഗ്രന്ഥപ്പുരയിൽ നിരവധി ഏഴുത്തുകാർ, അവരുടെ രചനകൾ, രചനാപരമായ പ്രതിസന്ധികൾ തുടങ്ങിയവ ആവർത്തിച്ചു കടന്നു വരുന്നുണ്ട്. ചില അധ്യായങ്ങൾ പ്രധാന കഥാതന്തുവിൽ നിന്നു വിഘടിച്ചു നിൽക്കുന്നുവെന്ന പ്രതീതി സൃഷ്‌ടിച്ചു കൊണ്ട് എഴുത്തുകാരുടെ സ്വത്വപരവും രചനാപരവുമായ സങ്കീർണതകളെക്കുറിച്ചു ചർച്ച ചെയ്യുന്നു.  കാഫ്‌കയുടെ ഇരുൾ മൂടിയ ജീവിതം, നോവലിലുടനീളം ആവർത്തിക്കപ്പെടുന്ന ബോർഹസ്,  ദസ്‌തയേവ്‌സ്‌കിയുടെ വേദനാ നിർഭരമായ റഷ്യൻ ജീവിതം, ഫ്ളോബർ, റെയ്‌മണ്ട് കാർവർ, സെയ്ബാൾഡ്, സരമാഗു, എമിലി ഡിക്‌സൺ, നിരന്തരം കഥ പറഞ്ഞ  ഷഹറസാദും അവളോടു കഥ പറയാനാവശ്യപ്പെട്ട ദിനാർസാദും, ആയിരത്തൊന്നു രാവുകളുടെ ചരിത്രം, റൂമി, ഗോയ്ഥേ, ചെഖോവ്, തുർഗനേവ്, റിച്ചാർഡ് ബർട്ടൻ, നെരൂദ, ടാഗോർ, ചങ്ങമ്പുഴ, കോട്ടയം പുഷ്‌പനാഥ്, ….. ഇനിയുമെത്രയോ പേർ. വിശാലമായ വായനയുള്ള ഒരാളെ സംബന്ധിച്ച് ഈ ആഖ്യാനങ്ങൾ പലതും പ്രത്യക്ഷത്തിൽ പുതുമയുള്ളതാവണമെന്നില്ല. കഥയിൽ നിന്നു മാറി നിൽക്കുന്ന ഇത്തരം ഉപാഖ്യാനങ്ങളുടെ പ്രസക്‌തി എഴുത്തുകാരന്റെ ആത്‌മരതിയുടെ പ്രത്യക്ഷീകരണമെന്നതു മാത്രമാണോ എന്ന ശങ്കയുമുണ്ടാക്കാം. ഇവരെക്കുറിച്ച് ഇത്രയും ആഴത്തിൽ അറിയാത്ത വായനക്കാരെ സമാധാനിപ്പിക്കാൻ കുറച്ചു കൂടി എളുപ്പമാണെന്നേയുള്ളു. പക്ഷേ അവർക്കും ഇത്രയധികം പുസ്‌തക പരാമർശങ്ങൾ, ഗ്രന്ഥകാര സൂചനകൾ എന്തിനെന്ന് സംശയം തോന്നാം. തീർച്ചയായും ഇത്തരമൊരു പുസ്‌തകത്തിൽ എഴുത്തുകാരൻ അഭിമുഖീകരിക്കേണ്ടി വരുന്ന ഏറ്റവും വലിയ പ്രശ്‌നം തന്നെയാണത്. പക്ഷേ ആ സങ്കീർണതയെ , സന്ദേഹാസ്‌പദമായ അവസ്ഥയെ സമർത്ഥമായി അതിജീവിക്കുവാൻ കഴിഞ്ഞതിന്റെ തെളിവാണ്  സൂസന്നയുടെ ഗ്രന്ഥപ്പുര.  ഈ പുസ്‌തകത്തിലെ ഒരു പരാമർശം പോലും അധികപ്പറ്റല്ല എന്നും , പ്രമേയത്തോട് ഇഴുകിച്ചേരുന്നതാണ് ഇതിലെ വിപുലമായ ഗ്രന്ഥ/ഗ്രന്ഥകാര സൂചനകളെന്നും തിരിച്ചറിയുന്നത്, (ഒരു ഉദാസീന വായനയിലൂടെ അതു സാധ്യമാകണമെന്നില്ല) അങ്ങേയറ്റം കൗതുകകരമാണ്. ഒന്നും വെറുതെയല്ല, എഴുത്തുകാരന്റെ പുസ്‌തകപരിചയം പരസ്യപ്പെടുത്താനുമല്ല. എത്രയോ സ്വാഭാവികമായും സഹജമായും അതൊക്കെ നോവലിന്റെ ഭാഗമാവുന്നു. ഒരുപക്ഷേ മലയാളത്തിൽ ആദ്യമാവാം ഇത്തരമൊരു പരീക്ഷണം. ‘ഒരു കഥ അതിനു മുൻപേയുണ്ടായ മറ്റൊരു കഥയെ തൊടുന്നതാണ് സാഹിത്യം. താൻ വായിച്ച പുസ്‌തകങ്ങളെപ്പറ്റിയുള്ള തന്റെ അനുഭവസാക്ഷ്യമാണ് താനെഴുതുന്ന കഥകൾ എന്ന ബോർഹസിന്റെ വാക്കുകൾ ഞാൻ എന്നും ഓർക്കും. നാം അതുവരെ വായിച്ചതിന്റെ ആഹ്ലാദം പങ്കുവെയ്ക്കുമ്പോഴാണ് പുതിയ കഥകൾ ജനിക്കുന്നത്’. (പുറം: 35 ) വായിച്ചതിന്റെ ആനന്ദമോ അനുഭൂതിയോ പങ്കുവെയ്ക്കലാണ് എഴുത്തെന്ന് അജയ് കൃത്യമായി തന്റെ നിലപാട് എത്രയോ സഹജമായിവിടെ സ്ഥാപിച്ചു കഴിഞ്ഞു. ഒന്നിൽ നിന്നു മറ്റൊന്നിലേക്ക് അവിരാമം സഞ്ചരിക്കുന്ന കഥയെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും മറ്റൊരിടത്തും സൂചിപ്പിക്കുന്നു. ഒരു കഥയും അങ്ങനെ അവസാനിക്കുന്നില്ല. അതിനു കാലങ്ങൾ കഴിഞ്ഞും ദേശങ്ങൾ താണ്ടിയും തുടർച്ചകളോ ആവർത്തനങ്ങൾ തന്നെയോ ഉണ്ടാവാം, അതിനുള്ള ദൃഷ്‌ടാന്തമാണ് സൂസന്നയുടെ ഗ്രന്ഥപ്പുര എന്ന പുസ്‌തകം. പരാമർശിതമായ ഗ്രന്ഥസന്ദർഭങ്ങൾ കഥാസന്ദർഭങ്ങളോട് അതിസൂക്ഷ്‌മമായും സൗന്ദര്യാത്‌മകമായും ഗാഢബന്ധത്തിലാവുന്നു. ആ രീതിയിൽ രണ്ടിനെയും വികസിപ്പിക്കാനും വ്യവസ്ഥപ്പെടുത്താനും സാധിക്കുകയെന്നത് ലളിതമായ ആഖ്യാനകൗശലമല്ല. രണ്ടു തരം അനുഭവമേഖലകളുടെ – വായനക്കാരന്റെയും എഴുത്തുകാരന്റെയും – സമന്വയമാണ് സൂസന്നയുടെ ഗ്രന്ഥപ്പുര. എഴുത്തുകാരൻ വായിച്ചറിഞ്ഞ കഥകൾ, സന്ദർഭങ്ങൾ, അനുഭവങ്ങൾ പുനക്രമീകരണങ്ങളിലൂടെ, സൂക്ഷ്‌മ  വ്യതിയാനങ്ങളിലൂടെ തന്റെ/താനെഴുതുന്ന കഥയിലേക്കും വിളക്കിച്ചേർക്കുകയാണ്. ഒരു രചനയിലൂടെ സൃഷ്‌ടിക്കപ്പെടുന്ന അർത്ഥതലങ്ങൾ, മുമ്പേ വായിച്ച കൃതികളുടെ സംവാദതലങ്ങൾ ഇവ രണ്ടും ചേർന്നു സൃഷ്‌ടിക്കുന്ന വ്യവഹാരമേഖലയാണ് ഈ പുസ്‌തകത്തിന്റെ പ്രമേയസ്ഥലി.

ഘടനാപരമായ ദൃഡതയ്ക്കു വേണ്ടി ഈ നോവൽ സ്വീകരിക്കുന്നത് ചിതറിക്കിടക്കുന്നുവെന്നു തോന്നിപ്പിക്കുന്ന അനേകം ഘടനകളെയാണെന്ന വൈരുദ്ധ്യമാണ് അത്‌ഭുതപ്പെടുത്തുക. ആന്തരികമായി ഈ ശിഥിലഘടനകൾ ഒന്നിക്കുകയും ഗ്രന്ഥത്തിന്റെ ദൃഡത ഉറപ്പു വരുത്തുകയും ചെയ്‌തിരിക്കുന്നു.

1990 ൽ രണ്ടു കൗമാരപ്രായക്കാർ നീലകണ്ഠൻ പരമാരയെന്ന പഴയ അപസർപ്പക നോവലിസ്റ്റിന്റെ അപ്രകാശിത പുസ്‌തകത്തിന്റെ കൈയ്യെഴുത്തുപ്രതി തേടി നടത്തുന്ന യാത്രയിലാണ് നോവലിന്റെ ആരംഭം. പുസ്‌തകവായന ജീവിത ശൈലി തന്നെയായ അഭിയും അലിയും. മറയൂരിലെത്തുന്ന അവരെ സൂസന്നയുടെ ഗ്രന്ഥപ്പുര വിസ്‌മയിപ്പിക്കുന്നു. പക്ഷേ അവർ തേടിയ കൈയ്യെഴുത്തുപ്രതി അവിടെയില്ല. സൂസന്നയുടെ മരണശേഷം അവളത് അലിക്കു വേണ്ടി കരുതി വെച്ചിരുന്നുവെന്ന് മനസിലാവുന്നു. വിഷാദത്തിന്റെ ശരീരഘടന എന്ന പേരിൽ അയാൾ നടത്തിയ അപൂർണ വിവർത്തനത്തിന്റെ ഏതാനും പേജുകൾ. അപ്പോഴേക്കും കാലം 2014ലെത്തിക്കഴിഞ്ഞിരുന്നു. ഇക്കാലയളവിൽ അലിയും അഭിയും അമുദയും സൂസന്നയും ചന്ദ്രനുമൊക്കെ ജീവിച്ച വിചിത്രമായ ജീവിതങ്ങൾക്കൊപ്പം എത്രയോ കാലങ്ങളിലെ, ഏതൊക്കെയോ ദേശങ്ങളിലെ എത്രയെത്ര എഴുത്തുകാരുടെ ജീവിതങ്ങളും അവരുടെ കൃതികൾക്കുള്ളിലെ ജീവിതങ്ങളും ഇടകലരുന്നു. വേർതിരിക്കാനാവാത്ത വിധം, വേർപിരിച്ചെടുക്കേണ്ട ആവശ്യമില്ലാത്ത വിധം. ആദ്യ പുസ്‌തകത്തിന്റെ പരാജയത്തെത്തുടർന്നു നിരാശനായ, ആ പരാജയത്തിലൂടെ ശുദ്ധീകരിക്കപ്പെട്ട ഫ്ളോബറിന്റെ ഛായ ഇക്ബാലിലുണ്ട്. റൈറ്റേഴ്‌സ് ബ്ലോക്കും ദാരിദ്ര്യവും കൊണ്ട് യാതനകളനുഭവിച്ച ഡോസ്റ്റോവ്‌സ്‌കിയുടെ ഇഡിയറ്റ്‌ന്റെ രചനാകാലത്തിന്റെ മുദ്രകൾ മറ്റു ചിലേടത്തു പതിഞ്ഞിരിക്കുന്നു. ഇങ്ങനെ ഓരോ പരാമർശ സന്ദർഭത്തെയും നോവലിലെ സന്ദർഭത്തോടു ബന്ധപ്പെടുത്തി വായിച്ചെടുക്കാനാവുന്നുണ്ട് . എഴുത്തുകാരന്റെ  തിരഞ്ഞെടുപ്പുകൾ എങ്ങനെയായിരുന്നുവെന്നതിന്റെ കൂടി സൂചനയായി വായിക്കാവുന്നതാണ്. ‘ഇരുന്നൂറോ മുന്നൂറോ പേജുള്ള ഒരു പുസ്‌തകം മുഴുവനും വായിച്ചിട്ട് അതിലെ കഥ ഒരാൾ പറയുകയാണെങ്കിൽ അതിൽ നിന്ന് എന്തെല്ലാം സന്ദർഭങ്ങൾ തിരഞ്ഞെടുക്കണമെന്ന് പറച്ചിലുകാരൻ സ്വയം തീരുമാനിക്കണം, അതിന്റെ ലയം നഷ്‌ടമാകാതെ പറഞ്ഞവതരിപ്പിക്കണം’ (പുറം:18). അജയ് പി. മങ്ങാട്ട് ഏറെക്കുറെ കൃത്യമായിത്തന്നെ തിരഞ്ഞെടുപ്പു നടത്തിയിട്ടുണ്ട്, തന്റെ സ്വന്തം കഥാസന്ദർഭങ്ങളോടു ലയാത്‌മകമായതിനെ ഇണക്കിച്ചേർത്തിട്ടുമുണ്ട്. ചിലേടങ്ങളിലതു പാളിപ്പോകുന്നുണ്ട്, പക്ഷേ അതും ക്ഷമിക്കാവുന്നത്.

സൂസന്നയുടെ ഗ്രന്ഥപ്പുര യഥാർത്ഥത്തിൽ സൂസന്നയുടേതല്ല, നോവലിലെ എല്ലാ കഥാപാത്രങ്ങളുടേതുമാണ്. അലിയുടെ നരേഷനിൽ ഇടയ്ക്ക് അവൾ മങ്ങിപ്പോകുന്നുമുണ്ട്. ഇടയിലെവിടെയോ വെച്ച് സൂസന്ന കഥയ്ക്കു വെളിയിലായതുപോലെ തോന്നിപ്പോവുന്നു. കഥ പൂർണമായും അലിയുടേതാവുന്നു. സൂസന്നയുടെ കഥാപാത്രത്തിനു സംഭവിച്ച ആ മങ്ങലും വെളിച്ചമില്ലായ്‌മയും നോവലിലെ ഒരു അശ്രദ്ധയായിത്തന്നെ അനുഭവപ്പെടുകയും ചെയ്യും.തുടക്കത്തിൽ അവതരിപ്പിക്കപ്പെട്ട സൂസന്ന അങ്ങനെയല്ല. എപ്പോഴും പുസ്‌തകം വായിച്ചിരുന്നവൾ, പുസ്‌തകങ്ങളിലൂടെ ദീർഘ സഞ്ചാരങ്ങൾ നടത്തിയവൾ. മിണ്ടാതിരിക്കുമ്പോഴും കണ്ണുകൾ കൊണ്ട് രസകരമായി സംസാരിച്ചിരുന്നവൾ. പക്ഷേ അവൾ പിന്നീട് വായനയെയും എഴുത്തിനെയും നിരസിക്കുന്നു. താനിനി വായിക്കാൻ പോകുന്ന ഒരേയൊരു പുസ്‌തകം അലി എഴുതാൻ പോകുന്ന നോവലാണെന്നവൾ പറയുന്നുണ്ട്. അവളുടെ മുറിയിൽ പൊടിയടിഞ്ഞവശേഷിച്ച രണ്ടേ രണ്ടു പുസ്‌തകങ്ങളുടെ ഗ്രന്ഥകർത്താക്കൾ  ചെഖോവും ബോർഹസുമാണെന്ന് അലി കണ്ടെത്തുന്നുണ്ട്. ചെഖോവ് അവളുടെ പ്രിയ കഥാകാരൻ. ബോർഹസ് അവളെപ്പോഴും കൂടെക്കൊണ്ടു നടന്നയാൾ. ബോർഹസ് വായിച്ചു വായിച്ചാണ് അവൾ കടുഗന്ധമുള്ള ചെടികൾക്കിടയിലെ, പുല്ലു നിറഞ്ഞ വരമ്പിൽ, വീണു കിടക്കുന്ന പുസ്‌തകത്തിന്റെ അരികിൽ,  പുറത്തു കാണുന്ന വയറുമായി, ചരിഞ്ഞു കിടന്നുറങ്ങിപ്പോയത്. തനിക്കറിയാത്ത ലോകത്ത്, തനിക്ക് പ്രവേശനമില്ലാത്ത സ്ഥലത്ത് അവൾ താമസിക്കുന്നുവെന്ന് ജോസഫ് തിരിച്ചറിയുന്നതുമപ്പോഴാണ്. അയാൾ മറ്റെല്ലാ പുസ്‌തകങ്ങളെയും തിരസ്‌കരിച്ച് വായിക്കേണ്ട ഒറ്റ പുസ്‌തകമായി ബൈബിൾ കൈയ്യിലെടുക്കുന്നു. ഡോസ്റ്റോവ്‌സ്‌കിയിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നുമില്ലെന്നു നിഷേധിച്ച് കടുത്ത മതവാദിയായ ടോൾസ്റ്റോയിയിലേക്ക് സൂസന്ന തിരിയുന്നത്, അവസാനത്തെ പ്രത്യക്ഷപ്പെടലിൽ ഏറ്റവും പ്രിയപ്പെട്ടതിനെ വിട്ടു നൽകുകയെന്ന ജോസഫിന്റെ വാക്കുകൾ അവളിലുണ്ടാക്കിയ ആഘാതം ഇതെല്ലാം ചേർത്തുവെച്ചാണ് അവൾ ഗ്രന്ഥപ്പുരയിലെ പുസ്‌തകങ്ങളൊന്നടങ്കം കത്തിച്ചു കളഞ്ഞതിനെ വ്യാഖ്യാനിക്കേണ്ടതെന്നു തോന്നുന്നു.

നിഗൂഡതയാണ് സൂസന്നയുടെ ഗ്രന്ഥപ്പുരയിലെ കഥാപാത്രങ്ങളുടെ സവിശേഷത. നിഷ്‌കളങ്കമായൊരു വന്യനൈർമ്മല്യമവരെ മൂടി നിൽക്കുന്നു. അവരുടെ രഹസ്യങ്ങളെ, അതു സൃഷ്‌ടിക്കുന്ന സമസ്യകളെ പൂരിപ്പിക്കേണ്ടതാവട്ടെ, നോവലിലെ ഗ്രന്ഥസൂചനകളിലൂടെയും. അമുദയുടെ കവിതയിലെന്നോണം ‘സ്വപ്‌നം അവസാനിച്ചപ്പോൾ നോവൽ എന്നെ മറന്നു വെച്ചതാണോ’ എന്നു സന്ദേഹിപ്പിക്കുന്നത്രയും നിഗൂഡത, പാഠാന്തര ബന്ധം. അമുദയിലേക്കും ഫാത്വിമയിലേക്കുമുള്ള വഴി എത്രയോ സമർത്ഥമായി, സാന്ദർഭിക മെന്നോണം ആരംഭത്തിൽത്തന്നെ എഴുത്തുകാരൻ തുറന്നിടുന്നുണ്ട്. എമിലി ഡിക്കിൻസണും സൂസൻ ഹണ്ടിങ്‌ടണുമായുള്ള ബന്ധത്തെക്കുറിച്ചു പറയുന്നിടത്താണത്. ഓപ്പൺ മീ കെയർഫുളി എന്ന പേരിൽ സമാഹരിച്ച, എമിലി സൂസനയച്ച കത്തുകൾ. മറ്റെവിടെയും പോകാതെ, വിവാഹിതയാകാതെ ,സൂസനോടൊഴികെ മറ്റാരോടും പ്രണയമില്ലാതെ കഴിഞ്ഞ എമിലി. (പുറം: 30) എനിക്ക് ഫാത്വിമയോടു പ്രണയമാണ്, നിന്നോടും എന്ന് അലിയോടു പറയാനിരിക്കുന്ന അമുദയുടെ, അതിന്റെ പേരിൽ ആക്രമാസക്‌തയാവുമെന്നുറപ്പുള്ള  ഫാത്വിമയുടെ രേഖാചിത്രണമാവണം എമിലി ഡിക്കിൻസനിലൂടെ മുന്നേ നടത്തിയത്.

ടാഗോറിന്റെ ഘരേ ബായ്രേ (ഹോം ആൻഡ് ദ വേൾഡ്‌) എന്ന പ്രശസ്‌ത നോവലിനെക്കുറിച്ച് നോവലിൽ പറയുന്നുണ്ട്. അലി വായിക്കുന്ന പുസ്‌തകങ്ങളിലൊന്നു മാത്രമല്ലത്. ‘പ്രണയം എന്നും ഒറ്റതിരിഞ്ഞു നിൽക്കും. അതാണ് അതിന്റെ പ്രകൃതം. വഴിയോരത്തെ പൊടിയിൽ അശ്രദ്ധമായി നിർലോഭം പൂവിടും. ഇരിപ്പുമുറിയിലെ പൂപ്പാത്രത്തിൽ പിടിച്ചു വെച്ചാൽ എത്ര പരിചരിച്ചാലും അതു പൂവിടില്ല’ ( പുറം: 107). ഇത് സൂസന്നയിലെ എല്ലാ പ്രണയങ്ങൾക്കും ബാധകമാവുന്നു. സൂസന്ന, മുത്തുമണി, ജല, അമുദ, ഫാത്വിമ, ലക്ഷ്‌മി, സബീന, മതി … തുടങ്ങി ഒരു  പ്രണയിനിയും പരിചരണങ്ങൾക്കു വഴങ്ങുന്നവളല്ല. അവർ കാട്ടുചെടികൾ പൂവിടുന്ന പോലെ വന്യമായി പ്രണയിക്കുന്നു. ‘അവളുടെ യഥാർത്ഥവും സ്വതന്ത്രവുമായ സത്തയിൽ നിങ്ങൾ അവളെ കാണുകയാണെങ്കിൽ അവൾക്കു മേൽ കൃത്യമായ ഒരവകാശവും ഉന്നയിക്കാൻ നിങ്ങൾക്കാവില്ല (പുറം: 108) ടാഗോറിന്റെ വാക്കുകൾ ഈ നോവലിലെ എല്ലാ പുരുഷന്മാർക്കും കൂടിയുള്ളതാണ്. സ്വതന്ത്രകളായ, ബുദ്ധിമതികളായ സ്‌ത്രീകൾ, എല്ലായ്‌പ്പോഴും അസാമാന്യമായ സർഗ്ഗാത്‌മകതയാൽ തിളയ്ക്കുന്നവർ, അവരെ ബന്ധിതകളാക്കാൻ ആർക്കും സാധ്യമല്ല. അതിനുള്ള ചെറിയ ശ്രമങ്ങൾക്കു പോലും വലിയ വില കൊടുക്കേണ്ടതുണ്ട്.

അനാട്ടമി ഓഫ് മെലൻകളി എന്ന പുസ്‌തകത്തെക്കുറിച്ച് നോവലിൽ നിരന്തരം സൂചനകളുണ്ട്. അഭിയും അലിയും അന്വേഷിച്ചു പോയ കൈയ്യെഴുത്തപ്രതി അതുമായി ബന്ധപ്പെട്ടതായിരുന്നു. റോബർട്ട് ബർട്ടൻ വിഷാദം എന്ന കഠിനമായ രോഗാവസ്ഥയുടെ ആഴങ്ങൾ തിരഞ്ഞു പോയി എഴുതിയത്, 6വട്ടം മാറ്റിയെഴുതിയത്, ഓരോ പ്രാവശ്യവും വലുപ്പം കൂടി വന്നത്. ആ പുസ്‌തകമാണ് ഡീ അഡിക്‌ഷൻ ചികിത്‌സാക്കാലത്ത് സൂസന്നയുടെ അപ്പൻ തണ്ടിയേക്കൻ വായിക്കുന്നത്. ബോർഹസ് അതിനെക്കുറിച്ചു പറയുന്നു.

വിചിത്രമോ സ്വാഭാവികമോ  ആവാം, സൂസന്നയുടെ ഗ്രന്ഥപ്പുരയിലെ കഥാപാത്രങ്ങളെല്ലാവരും വിഷാദത്തിന്റെ ദംശനമേറ്റവരാണ്. നോവലിന്റെ ബാഹ്യ-ആന്തരഘടനകളിലുടനീളം വിഷാദം കരിനീലിച്ചു കിടക്കുന്നു. ആത്‌മാന്വേഷണപരമായ അനുഭവങ്ങളും ധ്യാനാത്‌മകമായ അനുഭൂതികളും നിറഞ്ഞ പുസ്‌തകത്തിന് ഗഹനമായൊരു വിഷാദസ്‌പർശമുണ്ടാകുന്നത് വൈരുദ്ധ്യം തന്നെയായി തോന്നാം.

‘സൂസന്നയുടെ വീട്ടിലെ പ്രഭാതത്തിൽ കൽത്തൊട്ടിയിലേയ്ക്ക് വെള്ളം വീഴുന്ന സ്വരം പോലും വിഷാദം ജനിപ്പിക്കുന്നതായിരുന്നു’ ( പുറം: 63). സൂസന്നയെ പ്രണയിച്ച് തിരസ്‌കൃതനായ കാർമേഘത്തോട് പവിഴം പറയുന്നു, ‘രതിയിലും വിഷാദവാൻ’. അമുദയുടെ അച്ഛൻ അഖിലൻ, ജല,  അലി, അമുദ, ഇക്ബാൽ, ജോസഫ്, മെലീന, പോൾ…. വിഷാദമില്ലാത്തവരായി ഇവിടെ ആരുമില്ല. വിഷാദമുറഞ്ഞു കൂടിയ രൂപമാണ് വെള്ളത്തൂവൽ ചന്ദ്രന്റേത്. തനിക്കു തന്നെ അപരിചിതമായ മറ്റൊരു പ്രാണനെയും ആത്‌മാവിൽ വഹിച്ച് നാടു തോറും അലഞ്ഞവൻ. എപ്പോഴും നിരസിക്കപ്പെടുന്ന പുരുഷൻ, അറിയാത്ത ഒരു വ്യക്‌തിയെ അയാളുടെ വഴികളിൽ തിരഞ്ഞു പോകുന്ന (പു: 44) പോലെ അലി ചന്ദ്രനെ പിന്തുടരാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ ജലയുമായുള്ള പ്രണയമല്ലാതെ അതിന്റെ പരിണതികളൊന്നും അലിക്കു കണ്ടെത്താനാവുന്നില്ല.

അതിവൈകാരികമല്ലാത്ത നോവലിലെ ആഖ്യാനത്തിന് എല്ലായിടത്തും ഒരേ സ്ഥായിയാണ്. മനപൂർവ്വം സ്വീകരിച്ചതായിരിക്കണം ആ ശൈലി. വേറിട്ടുനിന്നു കൊണ്ട് എല്ലാത്തിനെയും ആഴത്തിൽ ഏറെക്കുറെ വസ്‌തുനിഷ്ഠനിഷ്ഠമായിത്തന്നെ നോക്കിക്കാണാൻ അതുകൊണ്ടു സാധിക്കുന്നു. സ്വയം പൂർണമായ ദൃശ്യങ്ങളുടെ, ആഖ്യാനങ്ങളുടെ സഞ്ചയമായിട്ടാവണം പുസ്‌തകത്തിന്റെ ഘടന രൂപകൽപ്പന ചെയ്‌തിരിക്കുന്നതും. ബാഹ്യമായ ആത്‌മബന്ധങ്ങളേക്കാൾ ആന്തരികമായ ലയം കൊണ്ട്, സമാനതകൾ കൊണ്ടാണ് കഥാപാത്രങ്ങൾ ചേർന്നു നിൽക്കുന്നത്. മറയൂർ, കൊച്ചി, ബോഡിനായ്ക്കനൂർ, മധുര തുടങ്ങി പരിമിതമായ സ്ഥലരാശികൾ. കൊച്ചിയെക്കുറിച്ച് വേനലുമായി ബന്ധപ്പെട്ടതാണ് അലിയുടെ ഓർമ്മകളെല്ലാം. ട്രയലിൽ കാഫ്‌ക ചിത്രീകരിച്ച നഗരത്തിന്റെ വിരസതയത്രയും അലി അനുഭവിച്ച കൊച്ചിയിലുമുണ്ട്.

നിരവധി കൊളുത്തുകളുടെ സമാഹാരമാണ് സൂസന്നയുടെ ഗ്രന്ഥപ്പുര. ഓരോന്നും വായനക്കാരനെ മറ്റൊന്നിലേക്കു കൊണ്ടു പോവുന്നു. ഒരിക്കൽ കുരുങ്ങിക്കഴിഞ്ഞാൽ മോചനമില്ലാത്ത വിധം വീണ്ടും വീണ്ടും അതിലേക്കു തന്നെ തിരിച്ചു വരേണ്ടി വരുന്നു. ഓരോ വായനയിലും പുതിയ അർത്ഥ സാധ്യതകൾ, പാഠാന്തര ബന്ധങ്ങൾ തുറന്നിടാനും അതിനു കഴിയുന്നു. ‘നിന്നെ ഞാനോർക്കുന്നുവെന്ന്’ ഇവിടെ ഓരോന്നും മറ്റൊന്നിനോടു പറഞ്ഞു കൊണ്ടേയിരിക്കുന്നു.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account