അകാരണമായ ദേഷ്യം, സങ്കടം, പരാതികൾ, അസന്തുഷ്‌ടി, ഒന്നിനോടും താൽപര്യമില്ലായ്‌മ തുടങ്ങിയവയായിരുന്നു സോഫിയയുടെ പ്രശ്‌നങ്ങൾ. കടുത്ത ദൈവ വിശ്വാസിയായിരുന്ന അവൾക്കു പല വൈദികരും കൗൺസിലിങ് നൽകുകയും ചെയ്‌തിരുന്നുവത്രേ. എന്നാൽ ഇതൊന്നും തന്നെ അവളുടെ സ്വഭാവത്തിൽ കാര്യമായ കുറവുകൾ  ഒന്നും തന്നെ ഉണ്ടാക്കിയില്ല എന്നു മാത്രമല്ല, പ്രശ്‌നങ്ങളെ അധികരിക്കുവാൻ മാത്രമേ ഉതകിയുള്ളൂ.

സോഫിയയ്‌ക്ക്‌ ഇരുപത്തേഴു വയസ്സ് പ്രായമായി. അവിവാഹിതയാണ്. വിവാഹാലോചനകൾ നടക്കുന്നുണ്ട്. എന്നാൽ ഒരു വിവാഹത്തിന് അവൾ ഇനിയും സമ്മതം മൂളിയിട്ടില്ല. കമ്പ്യുട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം ഉണ്ടെങ്കിലും അവൾ ജോലിക്കൊന്നും പോയിരുന്നില്ല. ഇപ്പോൾ അതെല്ലാം വിട്ട് ചരിത്രം പഠിക്കണമെന്നും, ചരിത്രാധ്യാപിക ആകണമെന്നുമാണ് അവളുടെ ആഗ്രഹം. പിന്നെയെന്തിന് കമ്പ്യുട്ടർ സയൻസ് പഠിച്ചു എന്ന ചോദ്യത്തിന്, അമ്മയുടേയും ബന്ധുക്കളുടേയും നിർബന്ധത്തിനു വഴങ്ങിയതായിരുന്നു എന്നായിരുന്നു മറുപടി.

വളരെയധികം നിരീക്ഷിച്ചിട്ടും, വിശദമായി സംസാരിച്ചിട്ടും ഗുരുതരമായ എന്തെങ്കിലും മാനസികരോഗങ്ങൾ അവളിൽ കണ്ടെത്താനായില്ല. വിഷാദത്തിന്റെ ചെറിയ ലക്ഷണങ്ങളുണ്ടായിരുന്നെങ്കിലും രോഗം നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങളൊന്നും കണ്ടെത്താനായില്ല.

എന്നാൽ അവളിൽ എന്തോ ഒരു കുറ്റബോധം മറഞ്ഞിരിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. അവളും അത് ശരിവച്ചു. എന്നാൽ അത് എന്താണെന്ന കാര്യത്തിൽ അവൾക്കും വ്യക്‌തതയുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അവളുടെ ജീവിതം പടിപടിയായി അപഗ്രഥിക്കുന്നതാണ് നല്ലതെന്നെനിക്കു തോന്നി.

പതിനാറു വയസ്സിൽ ആയിരുന്നു അവളുടെ അമ്മയുടെ വിവാഹം. പത്താം ക്ലാസ്സ് മാത്രമായിരുന്നു അന്നവരുടെ വിദ്യാഭ്യാസം. വിവാഹം കഴിഞ്ഞു രണ്ടുവർഷങ്ങൾക്കകം സോഫിയ ജനിച്ചു. അമ്മയ്ക്ക് പലപ്പോഴും ഭർത്താവിന്റെ നിലപാടുകളുമായി പൊരുത്തപ്പെടുവാൻ കഴിഞ്ഞിരുന്നില്ല. ഉത്തരവാദിത്വബോധം വളരെക്കുറഞ്ഞ ഒരാളായിരുന്നു അവരുടെ ഭർത്താവ്. ഒരു ജോലിയുണ്ടായിരുന്നത് മാത്രമായിരുന്നു പതിനഞ്ചു വയസ്സിലേറെ മുതിർന്ന ഒരാളെ വിവാഹം കഴിക്കുവാൻ കാരണമായത്. അതും ബന്ധുക്കളുടെ നിർബന്ധത്തിനു വഴങ്ങി മാത്രം.

സോഫിയ ജനിച്ചു രണ്ടുവർഷങ്ങൾക്കുള്ളിൽത്തന്നെ ഭർത്താവ് അവരെ വിട്ട് സ്വന്തം ഗൃഹത്തിലേക്ക് താമസമാക്കി. അയാളുടെ അമ്മയുടെയും സഹോദരങ്ങളുടെയും ആഗ്രഹങ്ങൾക്കൊത്തുമാത്രം പ്രവർത്തിക്കുന്ന അയാളുടെ, ശമ്പളത്തിൽ മാത്രമായിരുന്നു അവരുടെ കണ്ണുകൾ. അതുകൊണ്ടുതന്നെ അവർ അയാളെ ഭാര്യയിൽ നിന്നും മകളിൽ നിന്നും പൂർണ്ണമായി അകറ്റുകയും ചെയ്‌തു.

സോഫിയയുടെ ജീവിതത്തിൽ തുടർന്നുണ്ടായ ഇരുപതു വർഷങ്ങളിൽ ഒരിക്കൽ പോലും പിതാവിനെ കണ്ടിട്ടുണ്ടായിരുന്നില്ല. ഇങ്ങനെയൊരാൾ ഉണ്ടെന്നല്ലാതെ, അയാൾ എങ്ങനെയിരിക്കുമെന്നു പോലും അവൾക്കറിയില്ലായിരുന്നു.

അക്കാലങ്ങളിലെല്ലാം അവളുടെ അമ്മ അവളെ വളർത്തുന്നതിനുള്ള ബദ്ധപ്പാടുകളിലായിരുന്നു. അതിനിടയിൽ അവർ ബന്ധുക്കളുടെ സഹായത്താൽ പഠനം തുടരുകയും, സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും വിദ്യാഭ്യാസത്തിൽ ബിരുദവും നേടുകയും ചെയ്‌തു. ഇപ്പോൾ നല്ലൊരു വിദ്യാലയത്തിലെ അധ്യാപികയുമാണ്. അത്യാവശ്യം സാമ്പത്തിക ഭദ്രതയൊക്കെ വന്നു കഴിഞ്ഞു.

സോഫിയയ്‌ക്ക്‌ ഇരുപത്തിനാല് വയസ്സുള്ളപ്പോഴാണ് അവളുടെ പിതാവ് തിരിച്ചെത്തുന്നത്. കാര്യമായ പെൻഷൻ ഇല്ലാതിരുന്ന ജോലി ആയിരുന്നു അയാളുടേത്. പെൻഷനായതോടെ വരുമാനവും കുറഞ്ഞു. അത്തരം ഒരാളെ വേണ്ടയെന്ന് അയാളുടെ സഹോദരങ്ങൾ തീരുമാനിച്ചതോടെയാണ് അയാൾ ഇവരെ തേടിയെത്തിയത്. അയാളോട് യാതൊരുവിധ സഹതാപമോ, സ്‌നേഹമോ ഇല്ലാതിരുന്നിട്ടും, ബന്ധുക്കളുടെ നിർബന്ധത്തിനു വഴങ്ങി കൂടെ കൂട്ടുകയായിരുന്നു അവളുടെ അമ്മ.

എന്നാൽ അയാളെ തന്റെ പിതാവായി ഉൾക്കൊള്ളുവാൻ സോഫിയയുടെ മനസ് തയ്യാറായിരുന്നില്ല. അയാളോട് സംസാരിക്കുമെങ്കിലും, അവൾക്ക് അയാളോട് സ്‌നേഹമോ ബഹുമാനമോ ഉണ്ടായിരുന്നില്ല. അമ്മയുമായുള്ള അയാളുടെ സഹവാസം അവൾക്കു അനിഷ്‌ടവുമായിരുന്നു. അമ്മയോടിതു പറയുമ്പോഴെല്ലാം ‘എന്ത് ചെയ്യുവാൻ, ഭർത്താവായി പോയില്ലേ?’ എന്നായിരുന്നു മറുപടി. ഇത് അമ്മയോടുള്ള നീരസത്തിനും കാരണമായിരുന്നിരിക്കണം.

അവളുടെ പിതാവിനോടുള്ള മനോഭാവം മാറ്റുന്നതിനായിരുന്നു അവളെ ചില വൈദികരുടെ കൗൺസിലിംഗുകൾക്കു വിധേയയാക്കിയത്. എന്നാൽ അതെല്ലാം അവളുടെ കുറ്റബോധം വളർത്തുന്നതിന് മാത്രമായിരുന്നു സഹായിച്ചത്. അവരുടെയെല്ലാം സന്ദേശങ്ങൾക്ക് ഒരേ സ്വരമായിരുന്നു. സ്വന്തം പിതാവല്ലേ? എന്ത് തന്നെയായാലും സ്വീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യേണ്ടത് മകളുടെ കടമയാണ്. അല്ലെങ്കിൽ അത് പാപമാണ്. ദൈവവിശ്വാസിയായ അവളിൽ കുറ്റബോധം വളർന്നില്ലെങ്കിലല്ലേ അത്‌ഭുതപ്പെടേണ്ടതുള്ളൂ?

എല്ലാവരുടെയും വാക്കുകളിൽ നിന്ന് അവളെന്തോ ഗുരുതരമായ തെറ്റ് ചെയ്യുകയാണെന്ന തോന്നൽ അവളുടെ മനസ്സിൽ വേരുറച്ചിട്ടുണ്ടാകാം. എന്നാൽ അതിനെ മറികടന്ന് അവളുടെ പിതാവിനെ സ്‌നേഹിക്കുവാനോ, അംഗീകരിക്കുവാനോ അവൾക്കായതുമില്ല. ഇതാണവളുടെ പ്രശ്‌നമെന്ന് അവൾ മനസ്സിലാക്കിയതുമില്ല.

അംഗീകരിക്കുകയോ അംഗീകാതിരിക്കുകയോ സോഫിയയുടെ മാത്രം ഇഷ്‌ടമാണെന്നും, അത് കാര്യകാരണങ്ങൾ വിലയിരുത്തിയാകണമെന്നും മാത്രമാണ് ഞാൻ അവളോട് പറഞ്ഞത്. പെട്ടെന്ന് ചിലതുമായി പൊരുത്തപ്പെടാൻ ചിലർക്കാകില്ലെന്നും, എന്നാൽ ഇത്തരം ചിന്തകൾ ഒരിക്കലും പാപമാകില്ലെന്നും, അത് മനുഷ്യസഹജമാണെന്നും ഞാനവളെ പറഞ്ഞു മനസ്സിലാക്കി. ഒപ്പം അവളുടെ സ്‌നേഹം പിടിച്ചെടുക്കുവാൻ വേണ്ട ശ്രമങ്ങൾ നടത്തുവാൻ അവളുടെ പിതാവിനെ ഓർമ്മിപ്പിക്കണമെന്ന് അവളുടെ അമ്മയോടും ആവശ്യപ്പെട്ടു. അവൾക്കു പൊരുത്തപ്പെടുവാൻ ആവശ്യമായ സമയവും സാഹചര്യവും കൊടുക്കണമെന്നും അവരെ ബോധ്യപ്പെടുത്തി. മടങ്ങുബോൾ എന്തോ വലിയൊരു ഭാരം ഇറക്കിവച്ച ഭാവം സോഫിയയുടെ മുഖത്തുണ്ടായിരുന്നു.

സ്‌നേഹം പിടിച്ചെടുക്കുക എളുപ്പമല്ല എന്നറിയാഞ്ഞിട്ടല്ല, എന്നിരിക്കിലും സ്‌നേഹം കൊടുത്താൽ അത് തിരിച്ചുകിട്ടാതിരിക്കില്ല. ഇതൊരു സോഫിയയുടെ മാത്രം കഥയാകണമെന്നില്ല. ഇത്തരത്തിൽ ഒരുപാട് സോഫിയമാർ നമ്മുടെ ഇടയിലുണ്ടാകും. കുടുംബ ബന്ധങ്ങളുടെ വിജയം പരസ്‌പര സ്‌നേഹത്തിലും വിശ്വാസത്തിലുമാണ്.

– Dr. Suneeth Mathew BHMS, M.Phil(Psy), FCECLD

2 Comments
  1. ഡോ.ബിജു.കെ.പി. 2 weeks ago

    മനോഹരമായിയെഴുതിയ ഒരു അനുഭവകഥ!

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account