ഭക്ഷണം കഴിച്ച് താമസിക്കുന്ന ഹോട്ടലില്‍ എത്തിയിട്ടാദ്യം നോക്കിയത് ക്യാമറയുടെ അവസ്ഥയായിരുന്നു. അതിന് ജലദോഷം പിടിക്കാതെ നോക്കേണ്ടത് നമ്മടെ ആവശ്യമല്ലേതുടച്ചു മിനുക്കി ക്യാമറയെ ഉണങ്ങാനും വിശ്രമിക്കാനും വിട്ട് ഞങ്ങള്‍ ഐസ് ലാന്‍ഡ്‌ കാലാവസ്ഥ റിപ്പോര്‍ട്ട് നോക്കിയിരിപ്പായി. രണ്ട് മൂന്ന് ദിവസത്തേക്ക് റെയ്ക്യാവിക്കില്‍ മഴയാണ്. വരുന്നത് പോലെ വരട്ടെയെന്ന് കരുതിയിരിക്കുമ്പോഴാണ് അക്യുറെയ്റി(Akyureyri)യില്‍ വെയിലിന്‍റെ തെളിച്ചം കണ്ടത്. ഉടനെയവിടെന്ന് ‘പാക്കപ്പ്’ ചെയ്യാന്‍ തീരുമാനിച്ചു. പ്ലാനുകള്‍ ഒറ്റയടിക്ക് മാറി. തീര്‍ച്ചയും മൂര്‍ച്ചയും ഇല്ലാത്ത സ്വഭാവമാണല്ലോ കാലാവസ്ഥക്ക്.. എല്ലാം അടുക്കി വെച്ച് ഉറങ്ങാന്‍ കിടന്നിട്ടും സമാധാനമില്ലായിരുന്നു.

 

 

 

റെയ്ക്യാവിക്കില്‍ നിന്ന് 400 കി.മി. അകലെയാണ് വടക്കെ ഐസ് ലാന്‍ഡിന്‍റെ തലസ്ഥാനമെന്ന് വിളിക്കുന്ന അക്യുറെയ്റി. 18000 ആളുകള്‍ പാര്‍ക്കുന്ന നഗരത്തിന് കാവലായി നില്‍ക്കുന്നത് മലകളും കടലുമാണ്. സ്കീയിംഗിനായാണ് ടൂറിസ്റ്റുകള്‍ ഇവിടെയെത്തുന്നത്. സ്കീ റിസോര്‍ട്ട് മലമുകളിലുണ്ട് അവിടെന്ന് സ്കീ ചെയ്ത് നേരെ കടലിലേക്കെത്താം. റൂട്ട് 1 അഥവാ “റിംഗ് റോഡ്‌” എന്ന ഐസ് ലാന്‍ഡിന്‍റെ നാഷണല്‍ റോഡിലൂടെയാണ്‌ ഞങ്ങള്‍ പോകുന്നത്. ശൈത്യകാലത്ത് ഈ റോഡിലൂടെയുള്ള യാത്ര അപകടം പിടിച്ചതാണ്. ഐസ് ലാന്‍ഡിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൂടെ റിംഗ് റോഡിലൂടെ പോയി തിരിച്ച് റെയ്ക്യാവിക്കില്‍ തന്നെയെത്താം. വട്ടത്തിലുള്ള കളിയാണ്. രാവിലെ എട്ടരക്ക് ഭക്ഷണം കഴിഞ്ഞയുടനെ തന്നെ ഞങ്ങള്‍ മുറി ഒഴിഞ്ഞു കൊടുത്ത് പുറത്തിറങ്ങി.

 

 

 

നേരം വെളുക്കുമ്പോഴേക്കും റിംഗ് റോഡിലേക്ക് കയറാനായി. 1974 ല്‍ പണി പൂര്‍ത്തിയായ റോഡാണിത്.  ചെറുപ്പമല്ല, പ്രായമൊക്കെയുണ്ട്… റോഡിന്‍റെ സ്ഥിതി ആദ്യമേ പറഞ്ഞൂലോ? യാത്രയെ തടസ്സപ്പെടുത്താനായി മൂടല്‍മഞ്ഞ് ഇടയ്ക്കിടയ്ക്ക് കാഴ്ച്ചയെ മറച്ചു കൊണ്ട് പ്രത്യക്ഷപ്പെടും. അതിന് നേരവും കാലവും ഒന്നുമില്ല. മൂടല്‍മഞ്ഞിനോട് കലഹിച്ചുംഒറ്റപ്പെട്ടു കിടക്കുന്ന ഫാമുകളില്‍ ആളുകളുടെ മുഖം തിരഞ്ഞും ഞങ്ങള്‍ മുന്നോട്ട് പോയി. പുറപ്പെട്ടിട്ട് മൂന്ന് മണിക്കൂര്‍ കഴിഞ്ഞയുടനെയൊരു പെട്രോള്‍ സ്റ്റേഷന്‍ കണ്ടു. കുറച്ചു സമയം കാര്‍ നിര്‍ത്തി ചുറ്റുപാടും നോക്കിയപ്പോള്‍ റോഡിന്‍റെ മറുവശത്തൊരു റിസര്‍ച്ച് സെന്‍റര്‍ കണ്ടെങ്കിലും അങ്ങോട്ടൊരു റോഡൊന്നുമില്ല. കാര്യമായെന്തോ അടുത്തുണ്ടെന്ന് മാത്രം മനസ്സിലായി. 

 

അവിടെന്ന് അധികമൊന്നും പോകേണ്ടി വന്നില്ല, പ്രധാന പാതയില്‍ നിന്ന് മറ്റൊരു റോഡുണ്ട്‌. വണ്ടി അതിലേക്കു ഇറക്കി നിര്‍ത്തിയപ്പോഴാണ് “അപായസൂചന” കണ്ടത്. ഇതത് തന്നെ… ലാവാ ഫീല്‍ഡ്!!’ അവിടെയിറങ്ങി ചുറ്റുമൊന്ന് നോക്കികണ്ണെത്താദൂരത്തോളം ഭൂമിയെ ചവച്ചു തുപ്പിയിട്ടിരിക്കുന്നത് പോലെ. അപായസൂചന എന്തിനു വെച്ചതാണെന്ന് അറിയാത്തതിനാല്‍ അവിടെ നിന്നില്ല. സ്പീഡ് നന്നേ കുറച്ചിട്ടാണ് പിന്നെ പോയത്. പ്രതീക്ഷയൊന്നും തെറ്റിയില്ല, കുറച്ചു ദൂരം പോയപ്പോള്‍ റോഡിനരികിലുള്ള സ്ഥലത്ത് രണ്ടു വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടു. മലയടിവാരത്തില്‍ വച്ചിരിക്കുന്ന ബോര്‍ഡുകളില്‍ വളരെ പിശുക്കിയാണ് വിവരങ്ങള്‍ കൊടുത്തിരിക്കുന്നത്. മലയിറങ്ങിവരുന്നൊരു സ്ത്രിയോട് അന്വേഷിച്ചപ്പോള്‍, “ഞാന്‍ ഒന്നും പറയുന്നില്ലനിങ്ങള്‍ കയറി നോക്കൂ”ന്നും പറഞ്ഞ് അവര്‍ അവരുടെ വാഹനത്തിനടുത്തേക്ക് പോയി.


താഴെ നിന്ന് മേലോട്ട് നോക്കിയിട്ടൊന്നും കാര്യമില്ല, കയറിയെത്തുക തന്നെ വേണം. ആളുകള്‍ക്ക് കയറാനുള്ള വഴി മരപലകയിട്ട് വച്ചിട്ടുണ്ട്. അതിങ്ങിനെ വളഞ്ഞു പുളഞ്ഞ് മേലോട്ട് പോവുകയാണ്. അതിലൂടെ തന്നെ കയറാന്‍ ശ്രദ്ധിക്കണമെന്ന് താഴെ ബോര്‍ഡില്‍ പ്രത്യേകം എഴുതിയിട്ടുണ്ട്. വഴിയുടെ കിടപ്പ് കണ്ടപ്പോള്‍ ഞാന്‍ കരുതി തൊട്ടടുത്തല്ലേന്ന്… എവിടെ? കയറിയിട്ടും കയറിയിട്ടും പടികളുടെ എണ്ണം കൂടുകയല്ലാതെ കുറയുന്നില്ല. പാതി ദൂരം കഴിഞ്ഞാല്‍ വിശ്രമിക്കാനുള്ള ഇരിപ്പിടമുണ്ട്. അത് കണ്ടപ്പോള്‍ മനസ്സിലായി ഈ കയറ്റം അടുത്തൊന്നും തീരൂലാന്ന്. കിതപ്പാറ്റി വീണ്ടും കയറി തുടങ്ങിയപ്പോഴാണ് ലില്ലിപുട്ടിലെ മനുഷ്യരെ പോലെ മുകളില്‍ രണ്ടുപേര്‍ നില്‍ക്കുന്നത് കണ്ടത്. താഴേന്ന് ഞാന്‍ അവരെ കണ്ടിരുന്നില്ല, ഇപ്പോള്‍ ചെറുതായിട്ട് കാണാം. അത്രയും ഉയരത്തിലാണവര്‍. കിതച്ചും ഇരുന്നും ഒരുവിധത്തില്‍ കയറിയെത്തിയത് വലിയൊരു അഗ്നിപര്‍വ്വതമുഖത്തിലേക്കായിരുന്നു.

 

Volcanic Zone – Grábrók Crater

ഗ്രബ്രോക് ക്രേറ്റെര്‍സ്(Grábrók Crater)” എന്ന് വിളിക്കുന്ന മൂന്ന് അഗ്നിപര്‍വ്വതമുഖങ്ങളുണ്ടവിടെ. നേരത്തെ കണ്ടവരില്‍ ഒരാള്‍ മാത്രം വീണ്ടും മുകളിലേക്ക് കയറുന്നുണ്ട്. കൂട്ടുകാരി ഇനി വയ്യാന്നും പറഞ്ഞ് അവിടെത്തന്നെ നില്‍പ്പാണ്. കാറ്റില്ലാഞ്ഞത് ഭാഗ്യമായി… ഇല്ലെങ്കില്‍ പാറി അതിനകത്തേക്ക് വീഴും. അഗ്നിപര്‍വ്വതമുഖത്തിന് ചുറ്റുമുള്ള മലകള്‍ സ്വാഭാവികമായിത്തന്നെ ഉണ്ടായതാണത്രേ. ഇതിന്‍റെ പ്രാധാന്യമറിയുന്നതിനു മുമ്പ് ഇവിടെ ഖനനം നടന്നിരുന്നു. 1962 മുതല്‍ ഇതൊരു പ്രകൃതി സ്മാരകമായി ഐസ് ലാന്‍ഡ്‌ സംരക്ഷിക്കുകയാണ്. 3600 വര്‍ഷം പഴക്കമുള്ളതാണീ അഗ്നിപര്‍വ്വത പ്രദേശം. ഇപ്പോള്‍ വളരെ ശാന്തമാണ്. പക്ഷെ ഉള്ളിലെന്താണെന്ന് ആര്‍ക്കറിയാം. മൂന്നെണ്ണത്തിലെ ഏറ്റവും ചെറുതായ ലിറ്റ്ല (Litla) സ്ഥലം സംരക്ഷിക്കപ്പെടുന്നതിനു മുമ്പ് ഖനനത്തില്‍ നശിച്ചു പോയി. ഞങ്ങള്‍ നില്‍ക്കുന്നത് “സ്റ്റോറ(Big)”യുടെ മുകളിലാണ്. ഭൂമി തുപ്പിയ കൊടും ചൂടില്‍ വെന്തുരുകി ഉറച്ചു പോയ മണ്ണിന് പാറയെക്കാള്‍ ഉറപ്പും ബലവുമുണ്ട്. ചുവപ്പും കറുപ്പും ഇടകലര്‍ന്ന കട്ടകളെടുത്ത് മണത്തു നോക്കി. പ്രത്യേകിച്ചൊന്നും തോന്നിയില്ല. സ്നേഫെല്‍സ്നെസ് പെനിന്‍സുല(Snæfellsnes Peninsula)യുടെ മുക്കാല്‍ ഭാഗവും ലാവാ പാടമാണ്. അപ്പോള്‍ ആ വിസ്ഫോടനത്തിന്റെ ശക്തിയെന്തായിരുന്നിരിക്കും!

 

A portion of Snæfellsnes Peninsula

മലയുടെ താഴെ കുഞ്ഞു കുഞ്ഞു വീടുകള്‍ കാണാം. 1997 ല്‍ മൈക്ക് ജാക്ക്സണ്‍ സംവിധാനം ചെയ്ത വോള്‍ക്കാനോ(Volcano)” എന്ന സിനിമയിലെ ചില രംഗങ്ങള്‍ മനസ്സിലൂടെ പാഞ്ഞു പോയി. വീണ്ടുമൊരിക്കല്‍ കൂടിയതെനിക്ക് കാണാനാവുമെന്ന് തോന്നുന്നില്ല. യാത്രയില്‍ കണ്ടുമുട്ടിയ സുഹൃത്ത്‌ ലാവാ പാറകളില്‍ ചെവി വെച്ചു നോക്കാന്‍ പറഞ്ഞിരുന്നു. ഭൂമിയുടെ അസ്വസ്ഥത കേള്‍ക്കാനാവുത്രേ. ശംഖുകള്‍ ചെവിയോട് ചേര്‍ത്ത് കടലിരിമ്പം കേള്‍ക്കാനിരുന്ന പഴയ പാവാടക്കാരിയായി ഞാന്‍. കൌതുകത്തോടെ ഞാനാ പാറകളില്‍ ചെവി ചേര്‍ത്ത് പിടിച്ചു. ലാവാ പാറകളില്‍ പായലുകള്‍ നിറഞ്ഞിരിക്കുന്നു. അതിനെ ചവിട്ടാനോ നശിപ്പിക്കാനോ പാടില്ല. മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താനുംഫലഭൂയിഷ്ഠമാക്കാനും ഇവ വേണമെന്ന് പഠിച്ചിട്ടുണ്ടെങ്കിലുംഒരു കുറ്റിച്ചെടി പോലും വളരാത്ത ലാവാ പാടങ്ങളില്‍ അവയുടെ കര്‍മ്മമെന്താണെന്ന് ഇപ്പോഴും പഠന വിഷയമാണ്. മലയിറങ്ങിയിട്ടും മനസ്സ് വല്ലാത്തൊരു അവസ്ഥയിലായിരുന്നു.

 

 

ഇടയ്ക്കിടെ ഫോട്ടോയെടുക്കാന്‍ നിര്‍ത്തിയിരുന്നതിനാല്‍ ബ്ലോണ്‍ഡുഓസി (Blönduós) ലില്‍  എത്തുമ്പോള്‍ നേരം ഉച്ചയായി. കാറിനു മാത്രമല്ല ഞങ്ങള്‍ക്കും വിശന്നിരുന്നു. ഐസ് ലാന്‍ഡ്‌ ഫിഷ്‌ സൂപ്പുംറേയ് ബ്രെഡു(Rye Bread)മായിരുന്നു കഴിച്ചത്. ചൂടുറവകളുടെ സമീപത്തെ മണ്ണിനടിയില്‍ ഒരു ദിവസം മുഴുവന്‍ കുഴിച്ചിട്ടിട്ടാണ് പണ്ട് റേയ് ബ്രെഡുണ്ടാക്കിയിരുന്നത്. ഇപ്പോഴും അങ്ങിനെയുണ്ടാക്കുന്നവരുണ്ടെന്ന് കടയിലെ പെണ്‍കുട്ടി പാതി ഇംഗ്ലീഷിലും ഐസ് ലാന്‍ഡിക്കിലുമായി പറഞ്ഞു തന്നു. ഭക്ഷണമൊക്കെ കഴിച്ച് മിടുക്കരായി ഞങ്ങള്‍ ജി.പി.എസ് പറയുന്നതനുസരിച്ച് ഇടത്തോട്ടും വലത്തോട്ടുമൊക്കെ തിരിഞ്ഞ് വര്‍മാഹ്ളി(Varmahlíð)യെന്ന കൊച്ചു ടൌണിലെത്തി. ഇന്‍ഫോര്‍മേഷന്‍ സെന്‍ററില്‍ കയറിയത് കാലാവസ്ഥയുടെ ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാനാണ്. സെന്‍റര്‍ പൂട്ടി ഇറങ്ങാന്‍ തുടങ്ങുകയായിരുന്ന സ്ത്രീ ഞങ്ങളെ കണ്ടതും തിരിച്ചു കയറി. യാതൊരു മുഷിവും കൂടാതെ ഞങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി തന്നു. ആവേശം കണ്ടിട്ടാവണം അവരുടെ മേശപ്പുറത്തിരുന്നൊരു  ഭൂപടമെടുത്ത് ഒരു വഴി അടയാളപ്പെടുത്തി അതിലൂടെ അക്യുറെയ്റിയിലേക്ക്   പോകാന്‍ നിര്‍ദേശിച്ചു. “It’s an interesting route, you will like it…” കേള്‍ക്കാന്‍ കാത്ത് നിന്നത് പോലെ ഞങ്ങള്‍ ചാടിയിറങ്ങി. അവര്‍ പറഞ്ഞ വഴി റിംഗ് റോഡില്‍ നിന്ന് മാറിയ റൂട്ടാണ്. ജി.പി.എസില്‍ കാണിക്കുന്നുമുണ്ട്. എല്ലാം കിറുകൃത്യം. വഴിയാണെങ്കില്‍ മോശവുമില്ല. വൈക്കിങ്ങുകള്‍ ഉപയോഗിച്ചിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്ന രണ്ട് മൂന്ന് വീടുകളും അതിനോട് ചേര്‍ന്ന പള്ളിയും ഒക്കെ കണ്ടു ഞങ്ങളങ്ങിനെ പാട്ടും പാടി പോവാണ്. റൂട്ട് 75 കടന്ന് 76 ലേക്ക് കയറി. Skagafjordur എന്ന വടക്കേ ഐസ് ലന്‍ഡിലെ ഒരു ഫിയോര്‍ടി (Fjord) ലെത്തിയിരിക്കുന്നു. കടലിലേക്ക്‌ ഇറങ്ങി നില്‍ക്കുന്ന കൂറ്റന്‍ പാറക്കെട്ടുകളുള്ള സൗദാര്‍ക്രോക്കൂര്‍(Sauðárkrókur) പട്ടണത്തിലാണ് ഞങ്ങള്‍. പതിമൂന്നാം നൂറ്റാണ്ടില്‍ നടന്ന അഞ്ച് ആഭ്യന്തരയുദ്ധങ്ങളില്‍ ഒന്നവിടെയായിരുന്നുത്രേ. അതാണിതിന്‍റെ ചരിത്രപരമായൊരു പ്രത്യേകത.

 

Old Viking’s Houses

പാറകള്‍ക്കരികിലൂടെ കുത്തനെയുള്ള റോഡാണ്. Interesting Route അതിന്‍റെ ശരിയായ രൂപം കാണിക്കാന്‍ തുടങ്ങി. ചരല്‍, കുണ്ടും കുഴികളും, ഹെയര്‍പിന്‍ വളവുകള്‍ തുടങ്ങി എല്ലാ ചേരുവകളും കൂടുതലുണ്ട്. കൂടാതെ ഒരു വശത്ത് കടലും മറുവശത്ത് പാറകളും.. കയറ്റം കയറുമ്പോള്‍ തിരിഞ്ഞു നോക്കാനെനിക്ക് പേടിയായി. ഇടയ്ക്ക് ടണലുണ്ടാവുമെന്നു ഭൂപടം കൈയില്‍ തരുമ്പോള്‍ ആ സ്ത്രീ പറഞ്ഞിരുന്നു. അങ്ങിനെ ആദ്യത്തെ ടണലെത്തി. അങ്ങോട്ടുമിങ്ങോട്ടും ചീറിപ്പായുന്ന വാഹനങ്ങള്‍ പോകുന്നയെത്ര സുന്ദരന്‍ ടണലുകള്‍ കണ്ടിരിക്കുന്നു. എന്നാല്‍  ഇതിലൂടെ ഒരേയൊരു വാഹനത്തിനു മാത്രമേ പോകാനാവൂ. കാല്‍നടയാത്രക്കാര്‍, കുതിരകള്‍, ട്രക്കുകള്‍ എന്നിവയ്ക്ക് വിലക്കുണ്ട്. അപ്പുറത്ത് നിന്ന് വാഹനം വരുന്നുണ്ടോന്നറിയാന്‍ വഴിയൊന്നുമില്ല. ഞങ്ങള്‍ അതിനകത്ത് കയറി. സ്വാഭാവികമായും ജി.പി.എസിന് സിഗ്നല്‍ ഇല്ല. ആദ്യത്തെ ഏഴ് കി.മി കടമ്പ കടന്ന ആശ്വാസത്തില്‍ ഇരിക്കുമ്പോള്‍, ദേ വരുന്നു അടുത്തത്. ഇവരെന്താണ് ടണലുണ്ടാക്കി കളിക്ക്യായിരുന്നൂന്നാ തോന്നണത്. മൂന്ന് കി.മി. വീതമുള്ള മൂന്നെണ്ണം കൂടി കഴിഞ്ഞ് പുറത്തെത്തിയപ്പോള്‍ ജി.പി.എസ്സും ഉഷാറായി. “Arriving at destination on your left…” ന്നു കേട്ടതും, ഞങ്ങള്‍ ഞെട്ടി! മലമുകളില്‍ നില്‍ക്കുന്ന ഞങ്ങളുടെ, ജി.പി.എസ് പറഞ്ഞ ലെഫ്റ്റ് അറ്റ്ലാന്റിക് സമുദ്രവും റൈറ്റ് കുറ്റന്‍ പാറകളുമാണ്. അതിനോട് പറഞ്ഞ വിലാസം തെറ്റിയിരിക്കുമെന്നാണ് കരുതിയത്‌. സംശയം മാറാന്‍ വീണ്ടും നോക്കി. അതെല്ലാം വളരെ ശരിയായിരുന്നു. നല്ലോണം ഇരുട്ടിയിരുന്നെങ്കില്‍ ജി.പി.എസ് പറഞ്ഞതും കേട്ട് Hyundai-Tucsonഉം ഞങ്ങളും അറ്റ്ലാന്റിക്കില്‍ ക്രൂയിസ് ടൂര്‍ നടത്താന്‍ പോയേനെ… അതിനുശേഷം അതെന്ത് പറഞ്ഞാലും ഞാന്‍ കേള്‍ക്കാതായി, അല്ല പിന്നെ! ഈ യാത്രയില്‍ ലാവാ പാടങ്ങളും, ഹിമപ്പരപ്പുംചൂടുറവകളും, വെള്ളച്ചാട്ടങ്ങളും, ഫിയോര്‍ഡും ഒരു സ്ലൈഡ് ഷോ പോലെ നമുക്ക് മുന്നിലൂടെ കടന്നു പോകും. സാഹസീകമായിരുന്നെങ്കിലും ഐസ് ലാന്‍ഡിന്‍റെ പ്രകൃതി വൈവിധ്യങ്ങള്‍ ശരിക്കും അനുഭവയോഗ്യമാക്കിയ ഡ്രൈവിലേക്കാണ് ഇന്‍ഫോര്‍മേഷന്‍ സെന്‍ററിലെ സുഹൃത്ത്‌ ഞങ്ങളെ വഴിത്തിരിച്ചു വിട്ടത്.                            (തുടരും)                                                                    

16 Comments
 1. Sandeep 3 years ago

  ഐസ് ലാൻഡിനെ കുറിച്ചറിയാൻ സാധിച്ചതിൽ സന്തോഷം. പതിവുപോലെ, ഹൃദ്യമായ എഴുത്തും… നന്ദി

  • Author
   Fathima Mubeen 3 years ago

   വളരെ വ്യത്യസ്തമാണ് ഐസ് ലാന്ഡിലെ ഭൂപ്രദേശം… നന്ദി സന്ദീപ്‌. മുടങ്ങാതെ വായിക്കുന്നതില്‍ സന്തോഷം.

 2. Prabha 3 years ago

  വിവരണം അസ്സലായിട്ടുണ്ട്..

 3. Sunil 3 years ago

  Nice travelogue.. beautifully narrated.. thanks.

 4. good article

 5. Haridasan 3 years ago

  good detailing, as usual.. thanks.

  • Author
   Fathima Mubeen 3 years ago

   I have tried my best… Happy to know that readers are getting it. Thanks Haridasan

 6. Rajani chandra 3 years ago

  ഐസ്ലാൻ്റിനെ പറ്റിയുള്ള യാത്രാ വിവരണം ഹ്യദ്യമായി…മനുഷ്യ മനസ്സിലെ അസ്വസ്ഥത. പോലെ ഭൂമി മനസ്സിൻ്റെ അസ്വസ്ഥത. ലാവ എന്ന പ്രക്രിയ….എഴുത്ത് ഹ്യദ്യമായി..നന്ദി

  • Author
   Fathima Mubeen 3 years ago

   നന്ദി രജനി… കമന്റ്‌ ഇമെയിലില്‍ കണ്ടിരുന്നു. ഇവിടെ വന്നു നോക്കിയപ്പോള്‍ കാണാനൂല്യ. എന്ത് പറ്റിയെന്നു കരുതി. മനുഷ്യമനസ്സ് പോലെ സമാനതകള്‍ ഏറെയുണ്ടെന്ന് എനിക്കും തോന്നിയിരുന്നു.

 7. sugathan Velayi 3 years ago

  അയത്നലളിതമായ എഴുത്തൊഴുക്ക്.
  മധുര മനോഹര മനോജ്ഞവർണ്ണനകൾ……
  നന്ദി. അഭിനന്ദനങ്ങൾ….:

 8. Pramod 3 years ago

  ഐസ് ലാൻഡിലെ കാഴ്ചകൾ നേരിൽ കാണുന്ന അനുഭൂതി… അതിലേറെ വിവരണത്തിന്റെ ഭംഗിയും…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account