“എഴുതപ്പെട്ട ഓരോ കഥക്കും കവിതക്കും പിന്നില്‍ നീറ്റി നീറ്റി എടുത്ത ഒരുപാട് ഓര്‍മ്മകളും പൊള്ളുന്ന അനുഭവങ്ങളും ഉണ്ട്”.

അധികം കഥകളൊന്നും എഴുതിയിട്ടില്ല ഞാന്‍. കവിതയിലാണെന്റെ ആത്‌മാവ് അലഞ്ഞു നടക്കുന്നത് എന്നതുകൊണ്ട്‌ തന്നെ എഴുതിയ മുപ്പതോളം കഥകളെയും നാല് നോവലുകളെയും വലിയ കവിതകള്‍ എന്ന് വിളിക്കാനാണ് എനിക്കിഷ്‌ടം .

‘അത്‌ഭുത ലോകത്തെ ഒരു ആലീസ്’ ഞാനെഴുതിയതാണെങ്കിലും എനിക്ക് പ്രിയപ്പെട്ട കഥയല്ല. മനപൂര്‍വ്വം മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു കഥ.

അതെഴുതുന്ന കാലത്ത് ഒരുപാട് പെണ്‍കുഞ്ഞുങ്ങള്‍ ആക്രമിക്കപ്പെട്ടു. ആത്‌മനിന്ദകൊണ്ട് തലകുനിഞ്ഞു മനസ്സില്ലാമനസ്സോടെ പ്രഭാതങ്ങളിലേക്ക് ഉണർന്നെണീക്കേണ്ടി വന്ന കാലം. സ്വന്തം ഉടലിനു മേല്‍ കൈയേറ്റം ചെയ്യപ്പെടുമ്പോള്‍ സ്‌ത്രീയുടെ ചെറുത്തു നില്‍പ്പുകള്‍പോലും അപ്രസക്‌തമാകുന്ന കാലത്ത്, ബലാല്‍സംഗമെന്ന ക്രൂര യാഥാര്‍ത്യത്തിനു വിധേയമാകേണ്ടിവരുന്ന കുഞ്ഞുങ്ങളെയോര്‍ത്ത് കുറ്റബോധംകൊണ്ട് ഞാന്‍ മാത്രമല്ല എല്ലാവരും നീറിക്കാണണം.

നിറമുള്ള പൂക്കളും മധുരവും നീട്ടിയും നുണയിച്ചും കുട്ടികളെ ആകര്‍ഷിക്കാന്‍ പലരും കഴുകന്‍ കണ്ണുകളുമായി പതുങ്ങി നില്‍ക്കുകയാണ് എന്നെനിക്കു തോന്നി. അക്കാലത്ത്  എഴുതിയതാണ് ‘അത്‌ഭുത ലോകത്തെ ഒരു ആലീസ്’.

ആ കഥക്ക് ആ വര്‍ഷത്തെ മാതൃഭൂമി-ഗൃഹലക്ഷ്‌മി കഥ പുരസ്‌കാരവും, പുഴ.com കഥാ പുരസ്‌കാരവും ലഭിച്ചു.

സ്വാഭാവികമായി എഴുതപ്പെട്ടതായിരുന്നില്ല ആ കഥ. പ്രതികരണ സ്വഭാവമുള്ള കഥ എന്ന പഴിയും വിമര്‍ശനവും ധാരാളം കേട്ട ഒരു കഥയായിരുന്നു അത്. എഴുതിയ സമയത്തെ തീവ്രവേദനയും വൈകാരികതയും ഏറെക്കാലം എന്നെ പിന്‍തുടര്‍ന്നു. അതിന്‍റെ  തുടര്‍ച്ചയായി ‘കളഞ്ഞുപോയ കുട്ടികള്‍ടെ വിരലുകള്‍’, ‘നാരങ്ങാമിടായികള്‍’ എന്ന രണ്ടു കവിതകളും എഴുതി. ‘കടല്‍ മീനിന്‍റെ  പുറത്തു കുതിക്കുന്ന പെണ്‍കുട്ടി’ എന്ന സമാഹാരത്തില്‍ ഈ രണ്ടു കവിതകളും ഉണ്ട്.

എന്നെ വേദനിപ്പിക്കുന്ന കഥയാണെങ്കിലും ഈ കഥയെക്കുറിച്ച് ഇപ്പോള്‍ ഓര്‍ക്കണമെന്ന് തോന്നുന്നു. കാരണം പെൺകുഞ്ഞുങ്ങള്‍ക്കെതിരെ ആവര്‍ത്തിച്ച് വരുന്ന അക്രമങ്ങള്‍ കൂടുകയാണല്ലോ. വര്‍ത്തമാന കാലത്ത് പീഡിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങളെക്കുറിച്ച് എന്തെഴുതണം എന്ന ആശയക്കുഴപ്പത്തില്‍ ആയിരുന്ന എന്നെ ഈ കഥയിലേക്ക് നയിച്ചത് ഒരു നാല് വയസ്സുകാരിയായിരുന്നു. ഞാന്‍ എപ്പോഴും കാണുന്ന, എന്നോട് സംസാരിക്കാത്ത ഒരു പെണ്‍കുട്ടിയായിരുന്നു അവള്‍. എന്തെങ്കിലും ചോദിച്ചാല്‍ തന്നെ ഉരുണ്ട കണ്ണുകള്‍ തുറിപ്പിച്ച് അവളെന്നെ നോക്കും. എപ്പോഴൊക്കെയോ അടുത്ത് കാണുമ്പോള്‍ ഞാനവളെ ഇണക്കാന്‍ നോക്കാറുണ്ട്. പക്ഷെ എന്‍റെ അഹന്തകളെ കാറ്റില്‍ തട്ടിക്കളഞ്ഞുകൊണ്ട് അവള്‍ തിരിഞ്ഞു നടന്നു. അവളുടെ വീട്ടുകാരുമായി കാണുമ്പോള്‍ ചിരിക്കുന്ന ഒരടുപ്പമേ ഞങ്ങള്‍ക്കുണ്ടായിരുന്നുള്ളു. ഗവേഷണത്തിന്‍റെ എല്ലാ തിരക്കുകള്‍ക്കും ആയാസങ്ങള്‍ക്കും ഇടയില്‍ എന്റെ എഴുത്ത് ജീവിതത്തിന്‍റെ അസന്നിഗ്ദ്ധതകളെ മഴയിലേക്കും വെയിലിലെക്കും ചാര്‍ത്തി ഞാന്‍ അലഞ്ഞു തിരിയുന്ന കാലമായിരുന്നു അത്.

കഥകള്‍ എന്തിനെഴുതണം? കവിതകള്‍ മാത്രം പോരേ? ആളുകളുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ നിസ്സംഗയായി പ്രതികരിച്ചു .

അവളെ കാണുമ്പോള്‍ ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു. എല്ലായ്‌പ്പോഴും അവള്‍ തന്നെ ജയിച്ചു. വാര്‍ത്തകളില്‍ കുഞ്ഞുങ്ങള്‍ വീണ്ടും വീണ്ടും കീറിമുറിക്കപ്പെടുകയായിരുന്നു. ഒന്നും ചെയ്യാനാവാതെ ഞാന്‍ നോക്കി നില്‍ക്കുകയാണ്.

ഞാനെന്‍റെ ചെറുപ്പം ഓര്‍ത്തു. കുട്ടിക്കഥകള്‍ വായിച്ച്, കടല മിഠായി കൊറിച്ച്,  ഒരു പേടിയുമില്ലാതെ കഴിച്ചു കൂട്ടിയ കാലമോര്‍ത്തു. സ്‌കൂളിലോ കലിസ്ഥലത്തോ പോക്കുവരവുകളിലോ ആരെങ്കിലും… എന്തെങ്കിലും..? ഇല്ലല്ലോ …

നിർഭയയായി ചിറകുകള്‍ വിടര്‍ത്തി പറന്നു നടന്ന എന്‍റെ ബാല്യത്തില്‍ നിന്നു എന്തേ ഇക്കാലത്തെ കുരുന്നുകള്‍ക്ക് ഒന്നും സമ്മാനിക്കാന്‍ എനിക്കാവുന്നില്ല?

ഞാന്‍ എന്റെ വായനാമുറിയില്‍ കയറി. പുസ്‌തക ഷെല്‍ഫുകളിലെ ഏറ്റവും അടിയിലത്തെ തട്ടിലെ എന്റെ ചെറുപ്പകാല വായകളെ അത്‌ഭുതപ്പെടുത്തിയ പുസ്‌തകങ്ങള്‍… ലോക ക്ലാസ്സിക്കുകള്‍ എടുത്തു പുറത്തിട്ടു.

എന്‍റെ കയ്യില്‍ തടഞ്ഞത് ആലിസ് ഇന്‍ വണ്ടര്‍ ലാന്‍ഡ്‌. വായിക്കാന്‍ ഒട്ടും ആകര്‍ഷകമല്ലാത്ത, ചിത്രങ്ങള്‍ ഒന്നുമില്ലാത്ത ഒരു പുസ്‌തകം. കണ്ടു മടുത്തത് . ഒരു കുഴിമുയലിനു പിന്നാലെ ഓടുന്ന ആലീസിന്‍റെ കഥ ഞാന്‍ ഒന്ന് കൂടി വായിച്ചു. അടച്ചു വച്ചു.

വെയില്‍ മഴയിലേക്ക് കിനിയുന്ന ഒരു വൈകുന്നേരം ആയിരുന്നു അത്. എന്‍റെ സിറ്റ് ഔട്ടിൽ ഞാന്‍ മഴയും കാത്തിരിക്കുകയായിരുന്നു. ഉരുണ്ട കണ്ണുകള്‍ ഉള്ള പെണ്‍കുട്ടി സ്‌കൂൾ വിട്ടു വരുന്ന സമയം. കുട്ടികള്‍ തിങ്ങി നിറഞ്ഞ ഒരു ഓട്ടോയില്‍ ആണ് അവളുടെ പോക്കും വരവും.

അന്ന് പതിവിനു വിപരീതമായി അവളെ ഒറ്റക്ക് കൊണ്ടിറക്കുന്നു. ഓട്ടോ പോയിക്കഴിഞ്ഞിട്ടും അവള്‍ വീട്ടിലേക്ക് കയറാതെ ഗേറ്റ്നരികില്‍ പതുങ്ങി നില്‍ക്കുന്നത് കണ്ട് ഞാന്‍ മെല്ലെ നടന്നു അവളുടെ അടുത്തെത്തി. എന്നോട് യാതൊരു പരിചയവും കാണിക്കാതെ അവള്‍ പറഞ്ഞു

‘ഇക്ക് സ്‌കൂളില്‍ പോണ്ട ഇനി’

‘എന്തേ’? ഞാന്‍ ചോദിച്ചു .

‘ഇക്ക് ആ ഡ്രൈവര്‍ ഏട്ടനെ ഇഷ്‌ടല്ല. എല്ലാരേം ഇറക്കീട്ടന്നെ ഏറക്ക. ഇക്കയാളെ മടീല്‍ ഇരിക്കണ്ട.’

എന്‍റെ കണ്ണുകള്‍ക്ക് മുന്നിലൂടെ നൂറു കണക്കിന് കുഴിമുയലുകള്‍ ഓടിപ്പോയി. കയ്യില്‍ കൊതിപ്പിക്കുന്ന മണമുള്ള പന്തുകള്‍, പാവകള്‍, മിഠായികള്‍.. ഞാന്‍ അവളെ എന്റെ വീട്ടിലേക്കു കൊണ്ടുവന്നു.

കുഞ്ഞിനെ അന്വേഷിച്ച് വന്ന അമ്മയോട് എന്‍റെ അമ്മ ഓട്ടോ ഡ്രൈവറെ കുറിച്ച് പറഞ്ഞു.

അവള്‍ പിന്നെ അതെക്കുറിച്ച് ഒന്നും പറഞ്ഞില്ല .

കുറച്ച് ദിവസം കൊണ്ട് പഴയത് പോലെയായി. ഇടക്ക് എന്‍റെ വീട്ടു മുറ്റത്ത് ഒളിച്ച് വന്നു പൂ പറിക്കും, ചിരിക്കും.

എനിക്കവളോട് ഒന്നും ചോദിക്കാന്‍ ഇല്ലായിരുന്നു. എത്രയെത്ര കുട്ടികള്‍… പറയാനറിയാത്ത പേടികളില്‍… അങ്ങനെ ഓര്‍ത്തപ്പോഴേ എനിക്ക് വിറച്ചു. എന്‍റെ മുന്നിലൂടെ കുഴിമുയലുകള്‍ വീണ്ടും ഓടി.

ഞാന്‍ ചെറുപ്പത്തില്‍ കണ്ട പലര്‍ക്കും കുഴിമുയലിന്‍റെ മുഖമാണെന്ന് എനിക്ക് തോന്നി. അവള്‍ക്ക് ആലീസിന്‍റെ മുഖമാണെന്ന് എനിക്ക് തോന്നി .

ഒറ്റയടിക്കാണ് അത്‌ഭുതലോകാതെ ഒരു ആലീസ് എഴുതിയത്. കോടതിമുറിയില്‍ വിചാരണയ്ക്ക് നില്‍ക്കുന്ന ആലീസിനെ കുറിച്ച് എഴുതി തീര്‍ന്നപ്പോള്‍ എന്റെ കണ്ണുകള്‍ വിറച്ചു.കഥയെഴുത്തിൽ ഉടനീളം ആലീസ് എന്റെ ഒപ്പം വന്നു.

അവള്‍ക്ക് മിഠായി കൊടുത്ത എല്ലാവരോടും അവള്‍ക്ക് ഇഷ്‌ടമായിരുന്നു. പക്ഷെ മധുരം നുണഞ്ഞു അവള്‍ ഉറങ്ങിപ്പോയിരുന്നു. ഉണരുമ്പോള്‍ വിരലറ്റങ്ങള്‍ പോലും വേദനിക്കുന്നതെന്തേ…? അവള്‍ക്ക് മനസ്സിലായില്ല. പൂച്ചയും കുഴിമുയലും എലികളും കൊക്കുകളും ചേര്‍ന്ന് നടത്തുന്ന ഗൂഢാലോചനയെക്കുറിച്ച് അവള്‍ അറിഞ്ഞില്ലല്ലോ…

അത്‌ഭുത ലോകങ്ങളില്‍ എത്രയോ അലീസുമാര്‍ ഇന്നും ആക്രമിക്കപ്പെടുന്നു, കൊല ചെയ്യപ്പെടുന്നു. അപമാനിക്കപ്പെട്ടിരിക്കുന്നു എന്നുപോലും തിരിച്ചറിയാത്ത എത്രയോ കുരുന്നുകള്‍ എന്റെ മുന്നില്‍ ഇപ്പോള്‍ നിരന്നു നില്‍ക്കുന്നു. പൂച്ചെടി മരങ്ങള്‍ക്ക് പിന്നില്‍ നിന്നവര്‍ എന്നോട് മാത്രം പറഞ്ഞ കാര്യങ്ങള്‍ ആണ് ഞാന്‍ ആ കഥയില്‍ എഴുതിയത്.

ആലീസിന്‍റെ കഥ വായിച്ച് കരുനാഗപ്പള്ളിയില്‍ നിന്ന് ഒരു അമ്മ വിളിച്ച് കരഞ്ഞു. ഏഴു വയസ്സില്‍ മരണപ്പെട്ട അവരുടെ പേരക്കുട്ടിയുടെ കഥയാണ് അതെന്നു പറഞ്ഞു വാവിട്ടു നിലവിളിച്ചു.  എനിക്കൊന്നും മറുത്തുപരയാനുണ്ടായിരുന്നില്ല. ഇന്നും ഇല്ല. എങ്കിലും ഈ കഥ എനിക്ക് ഒരുപാട് അമ്മമാരെ തന്നു. പലയിടങ്ങളില്‍ നിന്നായി എന്നെ വിളിച്ച അമ്മമ്മാര്‍. യുവജനോത്‌സവ വേദിയില്‍ ആലീസിന്‍റെ കഥ നാടകമാക്കിയ വിഷ്‌ണു ദത്തന്‍ എന്ന മാഷ്. വായിക്കുന്തോറും സ്വന്തം പെണ്‍കുട്ടികളെ ഒന്നുകൂടി ചേര്‍ത്തു പിടിക്കാന്‍ തോന്നുന്നു എന്ന് എന്നോട് പറഞ്ഞ സ്‌ത്രീകള്‍.

എനിക്ക് ആരോടും ഒന്നും പറയാനില്ല. എഴുതപ്പെട്ട ഓരോ കഥക്കും കവിതക്കും പിന്നില്‍ നീറ്റി നീറ്റി എടുത്ത ഒരുപാട് ഓര്‍മ്മകളും പൊള്ളുന്ന അനുഭവങ്ങളും ഉണ്ട്. ഒരു കുഴിമുയലിന്റെ പിന്നാലെയും ഓടിപ്പോകാതിരിക്കാന്‍ എല്ലാ പെൺകുഞ്ഞുങ്ങളെയും ചേര്‍ത്തു പിടിക്കാന്‍ ആണ് എനിക്ക് തോന്നുന്നത്. ആലീസിന്റെ കഥ നിങ്ങളും വായിക്കൂ…

– രോഷ്‌നി സ്വപ്‌ന

 

 

3 Comments
  1. Shaajimon 2 years ago

    മനോഹരം , ആശംസകള്‍

  2. Vipin 2 years ago

    കഥയും കഥയുണ്ടായ വഴിയും മനസ്സിൽ തട്ടുന്നു. വളരെ പ്രസക്തമായ കഥ (അനുഭവങ്ങൾ?).

  3. Sunil 2 years ago

    വളരെ പ്രസക്തം. വളരെ നല്ല കഥ. കഥയുടെ പിന്നാമ്പുറവും. അഭിവാദ്യങ്ങൾ.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account